'Simple unique and lifeful'
2008 അവസാനം ഇറങ്ങിയ മജീദ് മജിദിയുടെ സിനിമ. ഒട്ടുമിക്ക സിനിമകളിലും എന്ന പോലെ ഇത്തവണയും ഇറാനിലെ ഒരു പാവപ്പെട്ട കുടുംബത്തിലേക്ക് തന്റെ കാമറ തിരിച്ചു വെച്ചിരിക്കുന്നു. ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമീര്‍ നജി. 2009 ലെ നല്ല സിനിമകളുടെ കൂടെ ഇതും ചേര്‍ത്തു വായിക്കാം.
ഒട്ടകപ്പക്ഷികളെ പരിപാലിക്കുന്നതില്‍ മേല്‍നോട്ടം വഹിക്കുകയായിരുന്നു അയാളുടെ ജോലി. ഒരു വലിയ മൈതാനത്ത് ഒരു വേലിക്കെട്ടിന് അകത്തായി ആയിരുന്നു ഈ ഒട്ടകപ്പക്ഷികളെ പാര്‍പ്പിച്ചിരുന്നത്. ഒരു ദിവസം തന്റെ മകളുടെ ശ്രാവ്യോപകരണം കളഞ്ഞു പോയി എന്നറിഞ്ഞു അത് കണ്ടെത്താനായി എത്തുന്ന അയാള്‍ക്ക് അതു ശരിയാക്കാന്‍ ആവാത്ത വണ്ണം കേടായതായി മനസ്സിലാവുന്നു. പുതിയതിന് വില കൂടുതലും ആണ്. ഇതിനിടെ മകളുടെ പരീക്ഷ അടുത്തു വരുന്നു എന്നത് അയാളെ ഏറെ വേദനിപ്പിക്കുന്നു. അയാള്‍ തന്റെ മേല്നോട്ടക്കാരനോടു ചെന്ന് തനിക്കു കുറച്ചു പണം മുന്‍കൂര്‍ ആയി വേണ്ടി വരും എന്ന് പറയുന്നു. എന്നാല്‍ ഇതിനിടയില്‍ അയാളുടെ അശ്രദ്ധയാല്‍ ഒരു പക്ഷി അവിടെ നിന്ന് രക്ഷപ്പെടാനിട വരുന്നു. ഇത് കാരണം അയാള്‍ക്ക് പുതിയ ജോലി തേടേണ്ട അവസ്ഥ വരുന്നു.ഒരു പക്ഷെ പട്ടണത്തിലേക്ക് പോയാല്‍ ഉപകരണം ശരിയാക്കാന്‍ പറ്റിയേക്കും എന്ന തോന്നല്‍ അയാളെ ഒരു ദിവസം പട്ടണത്തിലേക്കെത്തിക്കുന്നു.അങ്ങനെ ടെഹ്‌റാന്‍ പട്ടണത്തിലെത്തുന്ന അയാളെ ടാക്സി ഡ്രൈവര്‍ എന്ന് തെറ്റിദ്ധരിച്ചു ഒരാള്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുവാന്‍ പറയുന്നു. ഇത് അയാളെ ഒരു പുതിയ ജോലിയിലേക്കെത്തിക്കുന്നു. കൂടുതല്‍ പണം നേടുവാനും അതുവഴി തന്റെ മകളുടെ കേള്‍വിക്കുറവു മാറ്റാനുള്ള ഉപകരണം വാങ്ങിക്കമെന്നും അയാള്‍ കണക്കു കൂട്ടുന്നു. എന്നാല്‍ പിന്നീട് പട്ടണത്തിലെ ജോലി അയാളുടെ സ്വഭാവത്തില്‍ വരുത്തുന്ന മാറ്റങ്ങളെ ആണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഗ്രാമീണരുടെ നിഷ്കളങ്കതയും സത്യസന്ധതയും ചെറുതായി അയാളെ വിട്ടകലുന്ന കാഴ്ചകള്‍.
ഇതിനിടയില്‍ അയാളുടെ മകന്‍ മറ്റു കുട്ടികളോടൊപ്പം സ്വര്‍ണ മീനുകളെ വാങ്ങിച്ചു വളര്‍ത്താന്‍ ഒരു പദ്ധതി തയ്യാറാക്കുന്നു. അവന്റെ സഹോദരങ്ങളും കൂട്ടുകാരും അമ്മയുമെല്ലാം അവന്റെ സഹായത്തിനു ചേരുന്നു. കുട്ടികളെല്ലാവരും പലതരം ജോലികളിലേര്‍പ്പെട്ടു മീന്‍ വാങ്ങിക്കുന്നതിനുള്ള പണം കണ്ടെത്തുന്നു. ഈ സംഭവങ്ങളും അയാളുടെ ജോലി സംബന്ധമായ കാര്യങ്ങളും ഒരു നാണയത്തിന്റെ ഇരു വശമെന്ന പോലെ പരസ്പര പൂരകങ്ങളായ സ്വഭാവത്തെ കാണിച്ചുതരുന്നു. ഒന്നില്‍ മനുഷ്യന്‍ സമൂഹ ജീവിയാണെന്ന് മറക്കുന്നതാണെങ്കില്‍ മറ്റൊന്നില്‍ അവന്‍ സമൂഹ ജീവിയാണെന്നു ഓര്‍മിപ്പിക്കുന്നു.
മറ്റു പടങ്ങളെ പോലെ തന്നെ ഇവിടെയും ക്ലൈമാക്സ് വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു. ഓരോ പ്രേക്ഷകനും ഓരോ രീതിയില്‍ വേണമെങ്കില്‍ അനുമാനിക്കാം. എങ്കിലും ചില്ഡ്ര൯ ഓഫ് ഹെവന്‍ പോലെയോ ചില്ഡ്ര൯ ഓഫ് പാരദൈസ് പോലെയോ ഒരു സംശയം ജനിപ്പിക്കുന്ന രീതി ഇല്ല. വളരെ ലളിതമായ രീതിയില്‍ ഒരു നല്ല ആത്മാവുള്ള കഥ പറഞ്ഞിരിക്കുന്നു. നായകനായി അഭിനയിക്കുന്ന നജിയുടെ പ്രകടനം ഉയര്‍ന്ന നിലവാരം പുലര്‍ത്തി. അതുപോലെ തന്നെയായിരുന്നു മറ്റു കഥാപാത്രങ്ങളും. ഇവരില്‍ പലരും അഭിനേതാക്കള്‍ ആയി സിനിമകളില്‍ കാണുന്നവര്‍ ഒന്നും അല്ല. ഒരു പടത്തില്‍ അഭിനയിച്ചു കഴിഞ്ഞ ഇവരെയൊന്നും പിന്നെ ഒരു പടത്തിലും കണ്ടിട്ടുള്ളതായി കേട്ടിട്ടില്ല. മജീദിയുടെ സിനിമകളില്‍ അഭിനയിക്കുന്ന കുട്ടികള്‍ എല്ലാവരും തന്നെ ജീവിക്കുന്നത് പോലെയേ തോന്നുകയുള്ളൂ. ഇവിടെയും അങ്ങനെ തന്നെ.
ഇറാനിയന്‍ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളായി മാറുന്ന മജിദ് മജിദിയുടെ പടങ്ങള്‍ തീര്‍ച്ചയായും ഏതൊരു സിനിമാ പ്രേമിയും കണ്ടിരിക്കേണ്ട ഒന്നാണ്. ഇദ്ദേഹത്തിന്റെ കൂടെ അബ്ബാസ് കിയരോസ്ടമിയെന്ന സംവിധായകനെയും ചേര്‍ത്ത് വായിക്കാം. മഖ്മാല്ബാഫിന്റെ പടങ്ങള്‍ കാണാത്തതുകൊണ്ട് അതിനെ കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷെ നല്ലത് എന്ന് കേട്ടിട്ടുണ്ട്.
ഇങ്ങനെ അല്ലാതെയും കുറെ അധികം നല്ല പടങ്ങള്‍ വേറെയും ഇറാനില്‍ ഇറങ്ങിയിട്ടുണ്ട്. ജാഫര്‍ പനാഹിയുടെ ദി വൈറ്റ് ബലൂണ്‍ പോലെ ചില നല്ല പടങ്ങള്‍.
9/10.
1 comments:
thank u nikhi...
Post a Comment