Showing posts with label French. Show all posts
Showing posts with label French. Show all posts
10

മീശ













La Moustache(2005)

2005 ലെ കാന്‍സ്‌ ഫെസ്റ്റിവലില്‍ 'Quinzaine des Réalisateurs'(Directors FortNight) വിഭാഗത്തിലാണ് ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത് . സിനിമയിലെ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ വിഭാഗം ഒരു മത്സര വിഭാഗമല്ല. ഒരു മീശയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഇവിടെ. ഫിക്ഷന്‍ ഏതാണ് യാഥാര്‍ത്ഥ്യം ഏതാണ് എന്ന് തിരിച്ചറിയാന്‍ പ്രയാസമുള്ള രീതിയിലാണ് കഥയുടെ പോക്ക്. ഒരു മീശ കാരണം കഥാനായകന് സംഭവിക്കുന്ന ദുരന്തങ്ങള്‍ ഇനിയെന്ത്‌ എന്ന് ആകാംക്ഷ ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇമ്മാനുവല്‍ കാരെറുടെ തിരക്കഥക്ക് അദ്ദേഹം തന്നെ സംവിധാനവും നിര്‍വഹിക്കുന്നു. അദ്ദേഹത്തിന്‍റെ തന്നെ നോവലിനെ ആധാരമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഒരു ദിവസം രാവിലെ മാര്‍ക് തന്റെ മീശ വടിക്കുന്നതിനെക്കുറിച്ച് ഭാര്യ ആഗ്നെസിനോട് അഭിപ്രായം ആരായുന്നു. ജീവിതത്തില്‍ ഇന്നേ വരെ തന്റെ ഭര്‍ത്താവിനെ മീശ വടിച്ചു കണ്ടിട്ടില്ലാത്തതിനാല്‍ അവള്‍ക്ക് ഒരു നല്ല മറുപടി പറയാന്‍ കഴിയുന്നില്ല. എങ്കിലും അയാള്‍ തന്റെ മീശ വടിക്കുന്നു--മീശ പ്രധാന കാഥാപാത്രമായതുകൊണ്ട് തന്നെ മീശ വടിക്കുന്നത് ഏതാണ്ട് മുഴുവനായും ക്ലോസപ്പ് ഷോട്ടില്‍ തന്നെ കാണിച്ചിട്ടുണ്ട്.--താന്‍ കൂടുതല്‍ സുന്ദരനായതായി അയാള്‍ക്ക്‌ അനുഭവപ്പെടുന്നു. ഭാര്യയുടെ അഭിപ്രായത്തിനായി അയാള്‍ അവളുടെ മുന്നിലേക്ക്‌ ചെല്ലുന്നു. മീശ വടിച്ചെന്നു കാണിക്കത്തക്ക വിധത്തില്‍ അയാള്‍ അവളുടെ മുന്‍പില്‍ പെരുമാറുന്നു. എന്നാല്‍ അയാള്‍ക്ക്‌ യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ഭാര്യ അയാളുടെ മുന്‍പിലൂടെ നടന്നകലുന്നു. അതില്‍ അയാള്‍ക്ക്‌ അല്‍പ്പം നീരസവും അത്ഭുതവും തോന്നുന്നു. എങ്കിലും തന്റെ മാറ്റത്തെ കൂടെ ജോലി ചെയ്യുന്നവര്‍ എങ്ങനെ വിലയിരുത്തുന്നു എന്നത് അറിയാനുള്ള ആകാംക്ഷ അയാളിലുണ്ടാവുന്നു. എന്നാല്‍ അയാള്‍ ഇവിടെയും പരാജിതനാവുന്നു. അയാള്‍ക്ക്‌ യാതൊരു മാറ്റവും സംഭവിക്കാത്ത രീതിയില്‍ തന്നെ അവരും പെരുമാറുന്നു. ഓഫീസിനു തൊട്ടു മുന്‍പിലെ കോഫി ഷോപ്പിലും ഇതേ അവസ്ഥ. ഒരുപക്ഷെ അയാള്‍ ഒരു സ്വപ്നത്തിലായിരുന്നെങ്കിലോ? അതോ ഇനി ഇവര്‍ തന്നെ പറ്റിക്കുകയാണോ?...ആല്‍പ്പം തമാശ നിറഞ്ഞ രംഗങ്ങളിലൂടെ കഥ വികസിക്കുന്നു.

തിരിച്ചു വീട്ടിലെത്തിയ ശേഷം ഭാര്യയോട് ഒന്നിച്ചു അയാള്‍ കുടുംബസുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ചെല്ലുന്നു. തന്റെ സുഹൃത്തുക്കള്‍ താന്‍ മീശ വടിച്ചതിനെക്കുറിച്ച് എന്തായാലും പ്രതികരിക്കുമെന്ന് അയാള്‍ വിചാരിക്കുന്നു. പക്ഷെ അവരും അയാളുടെ പരാജയത്തിന്റെ ആക്കം കൂട്ടുന്നു. ഇത് അയാളെ കൂടുതല്‍ വിഷമത്തിലാക്കുന്നു. തിരച്ചു വീട്ടിലേക്കു സഞ്ചരിക്കവേ ദേഷ്യവും സങ്കടവും ഇട കലര്‍ന്ന ഒരു നിമിഷത്തില്‍ അയാള്‍ തന്റെ ഭാര്യയോട് പൊട്ടിത്തെറിക്കുന്നു. മീശ വടിച്ചതിനെ ആരും ഗൌനിക്കാത്തതില്‍ അയാള്‍ക്ക്‌ വിഷമമുണ്ടെന്നും പറയുന്നു. ഇത് അവളെ തെല്ല് അത്ഭുതപ്പെടുത്തുന്നു.എന്നാല്‍ തിരികെ വീട്ടിലെത്തിയ ശേഷം അയാള്‍ കാര്യമായി തന്നെയാണ് മീശയെക്കുറിച്ചു ചോദിച്ചത് എന്നറിഞ്ഞ നിമിഷം അവളുടെ അത്ഭുതം ഭയപ്പാടിലേക്ക് വഴിമാറുന്നു. അയാള്‍ ഇന്നേ വരെ ഒരിക്കല്‍ പോലും മീശ വെച്ച് കണ്ടില്ലെന്ന സത്യം അവള്‍ പറയുന്നു. തന്റെ ഭാര്യ കള്ളം പറയുകയാണ്‌ എന്ന് അയാള്‍ വിശ്വസിക്കുന്നു. എങ്കിലും അവളുടെ ഭയം അയാളെ തെല്ലൊന്നു അമ്പരപ്പിക്കുകയും ചെയ്യുന്നു. ശരിക്കും തനിക്ക് മീശയില്ലേ?! ...എങ്കിലും പിന്നീട് ഇതിനെക്കുറിച്ച് തല്‍ക്കാലം ചര്‍ച്ച ചെയ്യേണ്ടെന്ന് തന്നെ അയാള്‍ തീരുമാനിക്കുന്നു.

അവര്‍ രണ്ടു പേരും അടുത്ത ദിവസം സ്വരച്ചേര്‍ച്ചയിലെത്താന്‍ ശ്രമിക്കുന്നു. കൊമാളികള്‍ക്ക് അനുയോജ്യം എന്ന് മാര്‍ക് സ്വയം വിലയിരുത്തിയ കുപ്പായം ഭാര്യയുടെ ഇഷ്ട്ടപ്രകാരം വാങ്ങിക്കുന്നു. അങ്ങനെ നടക്കുന്ന കാര്യങ്ങളെല്ലാം ഭാര്യയുടെ ഇഷ്ട്ടത്തിനു. ഭാര്യയുടെ സന്തോഷത്തിന് ഒരു മനശാസ്ത്രജ്ഞ്ജനെ കാണാം എന്നും അയാള്‍ സമ്മതിക്കുന്നു.സിനിമയുടെ തുടക്കം മുതല്‍ പാശ്ചാത്തലത്തില്‍ വരുന്ന ഗ്ലൂമി മൂഡിലുള്ള പിയാനോയുടെ സംഗീതം വീണ്ടും മുറുകുന്നു. സഹീറില്‍ പൌലോ കൊയലോ പറയുന്നുണ്ട് ദാമ്പത്യ ജീവിതത്തില്‍ സ്ത്രീ പുരുഷന്‍മാര്‍ റെയില്‍പ്പാളത്തിലെ റെയിലുകള്‍ പോലെയാണെന്ന്. ഒരു നിശ്ചിത അകലത്തില്‍ നില്‍ക്കുമ്പോള്‍ മാത്രം സന്തോഷകരമായ ജീവിതം. ഇപ്പോള്‍ ഒരു മീശയില്‍ നിന്നും തുടങ്ങിയ പ്രശ്നങ്ങള്‍ സങ്കീര്‍ണമാവുകയാണ് . അയാള്‍ ബാലിയിലെ വിനോദസഞ്ചാരവേളകളില്‍ എടുത്ത ചിത്രങ്ങളിലൂടെ കണ്ണോടിക്കുന്നു. താന്‍ ഉള്‍പ്പെട്ട എല്ലാ ചിത്രങ്ങളും നോക്കുന്ന അയാള്‍ തനിക്കും ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാവുന്നു;എല്ലാ ചിത്രത്തിലും തനിക്ക് മീശയുണ്ട്. അതോ ഒരു പക്ഷെ തനിക്ക് തോന്നുന്നതാണോ? അതോ തന്റെ ഭാര്യ ഇപ്പോള്‍ സംശയിക്കാന്‍ തുടങ്ങുന്നത് പോലെ തനിക്ക് മാനസികമായ എന്തെങ്കിലും പ്രശ്നമുണ്ടോ?പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ട് അടുത്ത ദിവസം മറ്റൊരു കാര്യം കൂടി മാര്‍ക് ആഗ്നെസില്‍ നിന്നും അറിയുന്നു. തന്റെ അച്ഛന്‍ കഴിഞ്ഞ വര്‍ഷം മരിച്ചിരിക്കുന്നു. തന്റെ ഭാര്യ കള്ളം പറയുന്നുവെന്നു അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം തൊട്ടു മുന്‍പേയാണ് ഫോണിലെ അച്ഛന്റെ സന്ദേശം അയാള്‍ വായിച്ചത്.

അടുത്ത ദിവസം മാര്‍കിന്റെ ജീവിതത്തില്‍ നടക്കുന്ന രണ്ടു സംഭവങ്ങള്‍ ഭാര്യ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു എന്ന് അയാളെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഒടുവില്‍ തന്റെ വ്യക്തിത്വത്തെ തിരിച്ചറിയാന്‍ പോലും കഴിയാത്ത ഒരു അവസ്ഥയില്‍ അയാള്‍ പാരീസില്‍ നിന്നും ഹോങ്കോങ്ങിലെക്ക് പുറപ്പെടുന്നു. ഒടുവില്‍ കുറെ നാളുകള്‍ അവിടെ. അയാള്‍ക്ക്‌ മീശയും താടിയും വളരുന്നു.അവിടത്തെ ജനങ്ങളുമായി അയാള്‍ ഇടപഴകുന്നു. തീര്‍ത്തും പുതിയ ജീവിതം.ഒടുവില്‍ സിനിമ അതിന്റെ ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ കഥയില്‍ ഒരു വഴിതിരിവുണ്ടാക്കുന്നു. ഒരുപാട് വിശകലങ്ങള്‍ക്ക് വഴി തുറന്നിട്ടുകൊണ്ട് സിനിമ അവസാനിക്കുമ്പോള്‍ ഏതൊരു പ്രേക്ഷകനും കഥയില്‍ ഇതുവരെ നടന്ന സംഭവങ്ങളെ ഓര്‍ത്തെടുത്ത് ഫിക്ഷനും റിയാലിറ്റിയും തമ്മില്‍ വേര്‍തിരിക്കുവാന്‍ ശ്രമിച്ചേക്കും. പക്ഷെ അങ്ങനെ ഒരു വേര്‍തിരിവ് സിനിമയില്‍ ഇല്ലെന്നതാണ് സത്യം. സംവിധായകന്‍ പറയുന്നത് അങ്ങനെയൊരു വിശകലനത്തിനു വഴി തുറന്നിടുന്നു എന്നല്ലാതെ കഥയിലെ ക്ലൈമാക്സിനു പ്രേക്ഷകര്‍ക്ക്‌ ഉള്ള വിശദീകരണങ്ങള്‍ മാത്രമേ പടം മുന്നോട്ടു വെക്കുന്നുള്ളു എന്നാണ്. സന്തോഷകരമല്ലാത്ത ഒരു ദാമ്പത്യ ജീവിതത്തെ ഒടുവില്‍ സുഖകരമായ രീതിയില്‍ ആണ് സിനിമയില്‍ കാണിക്കുന്നത്. പുതുതായി വളര്‍ത്തി വന്ന മീശയെ വടിച്ചാല്‍ മാര്‍ക്കിനെ എങ്ങനെയിരിക്കും കാണാന്‍ എന്ന് ജിജ്ഞാസയോടെ ചോദിക്കുന്ന ഭാര്യ....ഈ പുതിയ ഷര്‍ട്ട് കോമാളികള്‍ക്ക് ധരിക്കാന്‍ കൊള്ളാം എന്ന് പറയുന്ന ഭാര്യ...അങ്ങനെ ഒരുപക്ഷെ അയാളുടെ താല്‍പര്യങ്ങളെ അതെ കോണിലൂടെ തന്നെ നോക്കി കാണുന്ന ഒരു ഭാര്യ...

ഇവിടെ പ്രേക്ഷകന്‍ കാണുന്ന കാഴ്ചകള്‍ മാര്‍കിലൂടെയാണ്.മറ്റുള്ളവര്‍ മാര്‍കിനെക്കുറിച്ച് അവരുടെ സ്വകാര്യസന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും പറഞ്ഞിരിക്കുമോ എന്ന് അറിയുന്നില്ല. അതുകൊണ്ട് തന്നെ മാര്‍കിനെപ്പോലെ തന്നെ സംശയങ്ങള്‍ പ്രേക്ഷകനും ഉണ്ടാവും. മാര്‍കിനു അനുഭവപ്പെടുന്ന അത്ഭുതവും നിരാശയും എല്ലാം പ്രേക്ഷകനും അനുഭവപ്പെടാം. വളരെ നിസ്സാരമെന്നു തോന്നുന്ന ഒരു മീശ എങ്ങനെ ജീവിതത്തില്‍ വില്ലനാവുന്നു എന്ന് അതിശയോക്തി ഒട്ടും ഇല്ലാതെയാണ് അവതരിപ്പിക്കുന്നത്‌. കഥക്കനുയോജ്യമായ രീതിയിലുള്ള വേഗതയിലാണ് സിനിമയുടെ സഞ്ചാരം. പതുക്കെയാണ് പോക്കെങ്കിലും കഥയുടെ ഗതി ഒട്ടും ബോറടിപ്പിച്ചില്ല എന്ന് പറയാം. ഫ്രഞ്ച് സിനിമകളും പരീക്ഷണ സിനിമകളും ഇഷ്ട്ടപ്പെടുന്നവര്‍ക്കായിരിക്കും സിനിമയെ കൂടുതല്‍ ഇഷ്ട്ടപ്പെടുക. ചിലരെയെങ്കിലും ക്ലൈമാക്സിലെ ട്വിസ്റ്റ്‌ ആലോസരപ്പെടുത്തിയെന്നും വരാം.



4

13 Tzameti(2004)













2004 ല്‍ ഇറങ്ങിയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചലച്ചിത്രം. ചിത്രം 13 പേര്‍ തമ്മില്‍ നടക്കുന്ന ഒരു കളിയെ സൂചിപ്പിക്കുന്നു. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗെല ബാബ്ലുവാനി.ഇവിടെ തുടക്കത്തിലെ കഥ ഞാനല്‍പ്പം പറയുന്നുണ്ട്. അതില്ലാതെ ഒരു വിവരണം അസാധ്യം എന്ന് തോന്നിയതുകൊണ്ടാണ്. എങ്കിലും മുഴുവന്‍ കഥയൊന്നും പറയുന്നില്ല.

കഥയിങ്ങനെ;ലഹരിക്കടിമപ്പെട്ടു നടക്കുന്ന ഒരാളുടെ വീട്ടിലെ അറ്റകുറ്റപ്പണികള്‍ക്ക് കഥാനായകന്‍ നിയോഗിക്കപ്പെടുന്നു. അവിടെ വച്ച് പലപ്പോഴായി നടക്കുന്ന സംഭാഷണങ്ങള്‍ അയാള്‍ കേള്‍ക്കുന്നു. വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാനുള്ള ഒരു സാധാരണ ജിജ്ഞാസ മാത്രമാണയാള്‍ക്ക്. എന്നാല്‍ ഇവര്‍ അറിയാതെ ഇവരെയെല്ലാം പോലിസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.അവിടെ വെച്ച് ഗൃഹനാഥന്‍ തനിക്കു ലഭിക്കാന്‍ പോകുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് അയാള്‍ കേള്‍ക്കുന്നു. ഇത് പിന്നീട് തന്റെ ജീവിതത്തിനു വഴിത്തിരിവുണ്ടാക്കുമെന്നു അയാള്‍ കരുതിയിരുന്നില്ല. ഒരു ദിവസം ഗൃഹനാഥന് ഒരു എഴുത്തും കൂടെ ഒരു ഹോട്ടെലിന്റെ മുന്‍‌കൂര്‍ തുക അടച്ച ബില്ലും ലഭിക്കുന്നു. എഴുത്ത് കിട്ടി അധികം താമസിയാതെ തന്നെ ലഹരിയുടെ അമിത ഉപയോഗം മൂലം അയാള്‍ മരണപ്പെടുന്നു. ഇത് നമ്മുടെ കഥാനായകന്റെ ജോലി നഷ്ട്ടപ്പെടുന്നതിനു ഇടയാക്കുന്നു. ഇതിനിടക്ക്‌ യാദൃശ്ചികമായി ആ ബില്ല് കഥാനായകന്റെ കൈവശം എത്തുന്നു. ഇതുകൊണ്ട് എന്ത് ചെയ്യണം എന്നറിയില്ലെങ്കിലും ഒരുപക്ഷെ ഗൃഹനാഥന് ലഭിക്കാന്‍ പോകുന്നു എന്നറിഞ്ഞ പണവുമായി ബന്ധപ്പെട്ടതായിരിക്കാം എന്നയാള്‍ കരുതുന്നു. കഥയറിയാതെ ആട്ടം കാണാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു.

അവന്‍ ആ ബില്ലില്‍ പറഞ്ഞ ഹോട്ടെലില്‍ പറഞ്ഞ ദിവസം തന്നെ എത്തിച്ചേരുന്നു.കുറെക്കഴിഞ്ഞു അവന്റെ ഹോട്ടല്‍ മുറിയില്‍ ഒരു ഫോണ്‍ സന്ദേശം എത്തുന്നു. അതിന്‍ പടി അവനു ചില നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നു. അതനുസരിക്കാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു. ഇതുവരെ ഒരു സാധാരണ ഡ്രാമയുടെ മട്ടില്‍ മാത്രം സഞ്ചരിക്കുന്ന സിനിമ മറ്റു തലങ്ങളിലേക്ക് മാറുന്നു. താന്‍ നിയോഗിക്കപ്പെടുന്നത് 13 കളിക്കാരില്‍ ഒരാളായാണ് എന്ന് നായകന്‍ മനസ്സിലാക്കുന്നു. നഗരത്തില്‍ നിന്നും മാറി കാട്ടിനടുത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ അന്‍പതിലധികം ആളുകള്‍. എല്ലാവരും വന്നിരുക്കന്നത് കളിക്കാന്‍. ഈ കളി വഴി കോടികള്‍ സമ്പാദിക്കാന്‍ . ഓരോ കളിക്കാരന്റെ മേലും അവിടെ കൂടിയവര്‍ക്ക് വാതുവെക്കാം. കളിയേക്കുറിച്ചും നിയമത്തെക്കുറിച്ചും കഥാനായകന്‍ അറിയുന്നത് അവസാന നിമിഷം മാത്രം. താന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലൂടെയാണെന്നു അയാള്‍ മനസ്സിലാക്കുന്നു. അയാളെ രക്ഷിക്കാന്‍ കഴിയുന്നത്‌ ഒന്നിന് മാത്രം, ഭാഗ്യം.ആ ഒറ്റപ്പെട്ട കെട്ടിടത്തില്‍ നടക്കുന്ന അത്യന്തം ക്രൂരമായ കളിയില്‍ അയാളും പങ്കാളിയാവുന്നു. ഭാഗ്യ നിര്‍ഭാഗ്യങ്ങളിലൂടെ കളി തുടരുന്നു...

ഓരോ റൌണ്ടും ഓരോ കളിക്കാര്‍ക്കും വേദനാജനകമായിരുന്നു. പലരും മോര്‍ഫിന്‍ കുത്തി വെച്ചായിരുന്നു തങ്ങളുടെ വികാര വിചാരങ്ങളെയും മാനുഷ്യത്വത്തെയും ബലി കഴിക്കാന്‍ തയ്യാറായത്. ഇരകളും വേട്ടക്കാരും മനുഷ്യരാവുമ്പോള്‍, ഇരയും വേട്ടക്കാരനും മാറി മാറി വരുന്ന ഈ ഗെയിമില്‍ വിധി നിര്‍ണ്ണയിക്കാന്‍ തയ്യാറായി നിന്നത് മരണം.ഓരോ റൌണ്ട് പിന്നിടുമ്പോഴും അറ്റ് വീഴുന്ന ജീവനേക്കാള്‍ കുമിഞ്ഞു കൂടുന്ന പണത്തിനായിരുന്നു അവിടെ പ്രാധാന്യം. കളിക്കാര്‍ക്ക്‌ മാനസിക വേദനയെങ്കില്‍ കളി നടത്തുന്നവര്‍ക്ക് അവന്റെ കളിക്കാരന്റെ ജീവന്‍ നില നില്‍ക്കേണ്ടത് കുമിഞ്ഞു കൂടുന്ന പണത്തിനു മുകളില്‍ ഒരട്ടി കൂടി വെക്കാന്‍ വേണ്ടി മാത്രം.സിനിമയില്‍ പന്തയം വെക്കുന്നതില്‍ നിന്നും ഒരാളെ വിലക്കിക്കൊണ്ട് മറ്റുള്ളവര്‍ പറയുന്നതിതാണ്, 'നിനക്ക് ഭാഗ്യമില്ല'. കാരണം അയാള്‍ കളിക്കാന്‍ നിര്‍ത്തിയതും പന്തയം വെച്ചതുമായ കളിക്കാര്‍ എല്ലാവരും മരണത്തിലേക്ക് വേഗം നടന്നു നീങ്ങിയവര്‍.

ആദ്യ പകുതിയില്‍ ഒരു സാധാരണ സിനിമയുടെ പ്രതീതി ഉണര്ത്തുന്നുവെങ്കിലും, രണ്ടാം പകുതിയില്‍ ഒരു ത്രില്ലെര്‍ എന്ന രീതിയിലേക്ക് സിനിമ പതുക്കെ മാറുന്നു. അതേസമയം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ വൈകാരികതലങ്ങളെ ഉദ്ദീപിപ്പിക്കുന്ന രീതിയിലാണ് കഥയുടെ പോക്ക്. ഒരേ സമയം കഥയില്‍ എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസ തോന്നുമ്പോള്‍ തന്നെ ഈ കളിയൊന്നു പെട്ടെന്ന് കഴിഞ്ഞെങ്കില്‍ എന്നും തോന്നിയേക്കാം. ഹോസ്റ്റല്‍ എന്ന രണ്ടു ഭാഗങ്ങള്‍ ആയി ഇറങ്ങിയിട്ടുള്ള സിനിമ വയലന്‍സിന്റെ അതിപ്രസരമായിരുന്നു. അവിടെ പണം മുടക്കി ആളുകളെ കൊല്ലാനെത്തിയെരുന്നെങ്കില്‍, ഇവിടെ നേരെ തിരിച്ചാണ്. മാത്രമല്ല നിലവാരം വച്ച് നോക്കിയാല്‍ അതിനേക്കാള്‍ ഏറെ മുന്നിലും. സിനിമ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ എടുത്തത് കൊണ്ട് ചോരയുടെ കടുത്ത നിറം ഒഴിവായി എന്ന് മാത്രമേ ഉള്ളു. എത്രത്തോളം വയലന്‍സ് ഉണ്ട് സീനുകളില്‍ എന്ന് കാണിക്കുവാന്‍ ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. അവസാന നിമിഷം വരെ കഥയില്‍ എന്ത് സംഭവിക്കുവാന്‍ പോകുന്നു എന്നറിയാനുള്ള ഒരു ജിജ്ഞാസ നില നിര്‍ത്താന്‍ സിനിമക്ക് കഴിയുന്നു.

ഒരു ത്രില്ലെര്‍ എന്നാല്‍ കാര്‍ ചെയ്സും ക്രിസ്പ് എഡിറ്റിങ്ങും വിറപ്പിച്ചുകൊണ്ടുള്ള ക്യാമറയുടെ ചലനങ്ങളും വന്‍ മാന്‍ ഷോയും ഒന്നും വേണമെന്നില്ല എന്ന് മനസ്സിലാക്കിത്തരുന്ന മറ്റൊരു ചിത്രം. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആണെന്ന് വിചാരിച്ചു സിനിമ കാണാത്തവര്‍ കാണാതിരിക്കരുത്.വളരെ നല്ല സിനിമകളുടെ വിഭാഗത്തില്‍ എന്തായാലും പെടുത്താം.

വാല്:- നല്ലൊരു വിദേശ സിനിമ ഇറങ്ങിയാല്‍ അതിനെ റീമെയ്ക് ചെയ്യുക എന്ന രീതി ഹോളിവുഡില്‍ പണ്ട് മുതലേ ഉണ്ട്. ചിലത് നന്നാവാറുണ്ടെങ്കില്‍ക്കൂടിയും മിക്കവാറും സിനിമകള്‍ മോശമാവുകയാണ് പതിവ്. 'Il Mare','Shutter' തുടങ്ങിയവയുടെ റീമേക്കുകള്‍ ഇത്തരത്തില്‍ മോശമായവയാണ്. '13 Tzameti' എന്ന ഈ സിനിമക്കും റീമേക്ക് വരുന്നു. പേര് '13' . പക്ഷെ ഇവിടെ സംവിധായകന്‍ ആകുന്നതു ഈ സിനിമയുടെ സംവിധായകന്‍ തന്നെയാണ് എന്ന വ്യത്യാസമുണ്ട്. അത് അല്‍പ്പം പ്രതീക്ഷ നല്‍കുന്നുണ്ട്.
4

The Lovers on the bridge(1991)













പ്രണയമാണ് പ്രമേയമെന്നും പശ്ചാത്തലം പാലം ആയിരിക്കാം എന്നും പേരില്‍ നിന്ന് തന്നെ ഊഹിക്കാമല്ലോ അല്ലെ.പാരിസിലെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന 'Du Pont-Neuf' ബ്രിഡ്ജില്‍ അന്തിയുറങ്ങിയിരുന്ന രണ്ടു പേരുടെ ഇടയിലുണ്ടാവുന്ന പ്രണയമാണ് ഇവിടെ കഥാതന്തു. എങ്കിലും പൂര്‍ണ്ണമായി ഒരു പ്രണയകഥ എന്ന് വിശേഷിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.സ്നേഹം ചിലപ്പോള്‍ പോസ്സെസ്സിവ്‌നെസ്സുമാണല്ലോ.നായകനു നായികയോട് തോന്നുന്നതായി ഇവിടെ കാണിക്കുന്നത് സ്നേഹത്തില്‍ നിന്നുണ്ടാകുന്ന പോസ്സെസ്സിവ്‌നെസ്സ് തന്നെയാണ്.

നായികയായി വരുന്ന ജൂലിയെറ്റ്‌ ബിനോചെയും ഡെനിസ് ലെവാന്റെയും നല്ല രീതിയില്‍ തന്നെ അധ്വാനിച്ചിട്ടുണ്ട് (അഭിനയമല്ലാതെ തന്നെ).അതിന്റെ ഒരു പ്രതിഫലനം ചില സീനുകളില്‍ കാണാം. പടത്തിന്റെ തുടക്കത്തില്‍ കാണിക്കുന്നത് അലക്സ്‌ ഡ്രഗ് ഉപയോഗിച്ച് അബോധാവസ്ഥയില്‍ തെരുവിലൂടെ ഉഴറി നടക്കുന്ന കാഴ്ചയാണ്.പെത്തെഡിന്റെ അമിതമായ ഉപയോഗമാകാം കാല്‍പ്പാദത്തിനു മുകളിലൂടെ കയറിപ്പോകുന്ന വണ്ടിയുടെ ചക്രങ്ങള്‍ക്ക് അയാളിലെ വേദനയെ ഉണര്‍ത്താനാവുന്നില്ല. സമയമാണ് പെയിന്റിങ്ങും പിടിച്ചു വഴി വരുന്ന മിഷേലിന്റെ മുന്നില്‍ അയാള്‍ പെടുന്നത്. മൃതപ്രാണനായി കരുതുന്ന അയാളുടെ മുഖം അവള്‍ തന്റെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നു.അതേ സമയം അവിടെ വരുന്ന തെരുവില്‍ ജീവിക്കുന്നവരെയും പിടിച്ചു കൊണ്ടുപോകുന്ന വാഹനം അലെക്സിനെയും എടുത്തു മാറ്റി കൊണ്ടുപോകുന്നു.

അലക്സും മറ്റൊരാളും(അവനു പെത്തെഡിന്‍ എന്നും കൊടുത്തിരുന്നത് അവിടത്തെ പല കെട്ടിടങ്ങളിലും പണ്ട് കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന പ്രായം ചെന്ന മനുഷ്യനായിരുന്നു) മാത്രം അന്തിയുറങ്ങിയിരുന്ന പാലത്തിനു മുകളില്‍ അവളും എത്തിപ്പെടുന്നു. ഇതിനിടയില്‍ അലക്സ് തന്നെ പാര്‍പ്പിച്ചിരുന്ന ഭിക്ഷാടകര്‍ക്ക് വേണ്ടിയുള്ള താമസ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു വീണ്ടും തെരുവിലേക്കു തിരിച്ചെത്തുന്നു. അയാള്‍ കാണുന്നത് അവിടെ ഉറങ്ങുന്ന മിഷേലിനെയാണ്. അവളുടെ കയ്യില്‍ അവന്റെ ഒരു ചിത്രവും വരച്ചു വെച്ചിരിക്കുന്നു. അലെക്സ് പ്രായം ചെന്നയാളോട് അവള്‍ക്കും അവിടെ ഉറങ്ങാനുള്ള അനുവാദം കൊടുക്കണം എന്നപേക്ഷിക്കുന്നു. അലക്സിനു മിഷേലിനോടും അവള്‍ക്കു പിന്നീട് അവനോടും പ്രണയം തോന്നുന്നു. ദിവസം ചെല്ലുന്തോറും അന്ധയായി മാറിക്കൊണ്ടിരിക്കുന്ന മിഷേല്‍ എപ്പോഴും തന്റെ കൂടെയുണ്ടാവും എന്ന അവന്റെ തോന്നലുകള്‍ക്ക്‌ തടസ്സം നേരിടാന്‍ തുടങ്ങുമ്പോള്‍ അവന്‍ അതിനെതിരെ എന്തും ചെയ്യാനുള്ള അവസ്ഥയിലേക്ക് മാറുന്നു. ഇതിനു വേണ്ടി ഒരിക്കല്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ഒട്ടിച്ചു വച്ചിരുന്ന അവളുടെ പോസ്റ്ററുകള്‍ അവന്‍ കത്തിക്കുന്നതിന് വരെ ഇടയാക്കുന്നു. ഇത് പോസ്റ്ററൊട്ടിച്ചു കൊണ്ടിരുന്ന ജോലിക്കാരന് തീ പിടിക്കുന്നതിനു കാരണമാകുന്നു. പിന്നെയും ഒരുപാട് ശ്രമങ്ങള്‍ അലക്സ് നടത്തുന്നു. ഒരിക്കല്‍ അവര്‍ രണ്ടു പേരും കൂടി സമ്പാതിച്ച പണപ്പെട്ടി അവളറിയാതെ അവന്‍ തട്ടിത്തെറിപ്പിക്കുക വരെ ചെയ്യുന്നു.

പാലത്തിന്റെ പൂര്‍ണമായ ദ്രിശ്യമൊന്നും പലപ്പോഴും സംവിധായകന്‍ കാണിച്ചു തരുന്നില്ല. സംഗതി 'Du Pont-Neuf' പാലം ആണ് ആധാരമെങ്കിലും കാണിക്കുന്നത് പാലം അല്ലത്രേ...ചിത്രീകരണത്തിന് പാലം ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം കെട്ടിയുണ്ടാക്കിയ സെറ്റാണ് നമ്മള്‍ കാണുന്നത്. ഒരു പക്ഷെ ഉപയോഗിച്ചിരിക്കുന്ന ചില സ്റ്റൈലന്‍ ദ്രിശ്യങ്ങളുടെ പേരിലാവും സിനിമയെ കൂടുതല്‍ ഓര്‍മിക്കുക. പുതുവര്‍ഷത്തലേന്നു രാത്രി ഒരു പാറാവുകാരനെ തലയ്ക്കു അടിച്ചു വീഴ്ത്തി പാലത്തിനടിയില്‍ നിന്നും അലെക്സും മിഷേലും ഒരു ബോട്ട് കൈക്കലാക്കുന്നു. എന്നിട്ട് ബോട്ടും കൊണ്ട് പാലത്തിന്നടിയിലെ കനാലിലൂടെ അതോടിച്ചു കൊണ്ട് പോകുന്ന ഒരു സീനുണ്ട്. അതേപോലെ ഒരു നല്ല പാശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ പാലത്തിനു മുകളില്‍ ഇരുവരും നൃത്തം വെച്ചുകൊണ്ട് പോകുന്ന മറ്റൊരു സീനും. പിന്നെയും അങ്ങനെ കുറെ സീനുകള്‍. ഇവയെല്ലാം വളരെ നല്ല ഫ്രെയിമുകളാല്‍ സമ്പന്നം.

1991 ല്‍ ഫ്രാന്‍സില്‍ റിലീസ് ചെയ്യപ്പെട്ട സിനിമ പിന്നീട് ഒരു 9 വര്‍ഷക്കാലയളവിനുള്ളിലാണ് മറ്റു രാജ്യങ്ങളില്‍ റിലീസ് ചെയ്തത്.അന്നിതൊരു ചിലവേറിയ സിനിമയായിരുന്നു. സിനിമയില്‍ ബെനോചെയുടെ അഭിനയമാണ് കൂടുതല്‍ ഇഷ്ട്ടപ്പെട്ടത്‌. അത് ഒരുപക്ഷെ അലെക്സിന്റെ ക്യാരക്റ്റര്‍ സമാന സ്വഭാവത്തില്‍ മുന്‍പും ലെവന്റെ ചെയ്തു കണ്ടിരുന്നു എന്നതുകൊണ്ടാവാം(ടോക്കിയോ എന്ന സിനിമയിലെ രണ്ടാം ഹ്രസ്വചിത്രത്തില്‍ നായകനും ഇദ്ദേഹമാണല്ലോ). പടത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒന്ന് രണ്ടു രംഗങ്ങളുണ്ട്. സത്യം പറഞ്ഞാല്‍ അതിപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. ഉദാഹരണത്തിന് തന്റെ കാമുകനെ കാണാന്‍ തോക്കുമായി പോകുന്ന ജൂലിയെറ്റിന്റെ സീന്‍. അവിടെ അവള്‍ കാണുന്നത് സ്വപ്നമായിരിക്കും എന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്...
0

Swing(2002) by Tony Gatlif









ഞാന്‍ വെറുതെ ഒരു രസതിനാണ് ഒരു ബ്ലോഗ്‌ തുടങ്ങാം എന്ന് വെച്ചത്. എന്തെഴുതണം എന്ന് അറിയില്ല എന്ന് മാത്രം. പക്ഷെ പരിചയമുള്ള ഏതെങ്കിലും മേഖലയാവണം. സിനിമകള്‍ ധാരാളം കാണാറുണ്ട്. ഒരുതരം ആവേശത്തോടുകൂടി കണ്ടു തീര്‍ക്കാറുമുണ്ട്. അതാണ് ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയത്. മലയാളത്തില്‍ എഴുതാനുള്ള ഒരു ധൈര്യം ഇല്ലാത്തതുകൊണ്ടാണ് ഇംഗ്ലീഷില്‍ തുടങ്ങിയത്. അല്ലാതെ ഇംഗ്ലീഷ് അറിഞ്ഞിട്ടല്ല. ഇടയ്ക്കു ചില പരീക്ഷണങ്ങള്‍ മലയാളത്തില്‍ നടത്തി നോക്കി. പക്ഷെ പോര. ഒരു ശ്രമം കൂടി നടത്തി നോക്കുന്നു.

സ്വിംഗ് സംവിധാനം ചെയ്തത് ടോണി ഗാട്ളിഫ് . ഒരു വികിപീടിയയോ ഐഎംഡിബിയോ എടുത്താല്‍ സംവിധായകനെ കുറിച്ച് കൂടുതല്‍ മനസിലാക്കാം എന്നെനിക്കറിയാം. എന്നാലും ഒരു വാക്ക് ഇവിടെ. ടോണി ഗാട്ളിഫ് ജിപ്സീസ് എന്ന വിഭാഗത്തെ മുന്‍നിര്‍ത്തിയാണ് പടങ്ങള്‍ എടുക്കാറുള്ളത്. അത്കൊണ്ടുതന്നെ എല്ലാ സിനിമകളിലും കാണാവുന്ന ഒരു പൊതുവായ സ്വഭാവം ഈ സിനിമകളിലെ സംഗീതവും അവരുടെ ഭാഷയും പിന്നെ കാഴ്ചയുടെ തീവ്രതയ്ക്ക് വേണ്ടി ചില ഫ്രെയിമുകളില്‍ ഉപയോഗിക്കുന്ന അതിമനോഹരമായ സ്ഥലങ്ങളുമാണ്.അതുകൊണ്ട് തന്നെ ഒരു സിനിമ കണ്ടു കഴിഞ്ഞാല്‍ അതിലെ പാട്ടുകളുടെ ഈണവും ലോകേഷനുകളും മനസ്സില്‍ മായാതെ കിടക്കും. അതാണ് വീണ്ടും വീണ്ടും ഗാട്ളിഫിന്റെ പടങ്ങള്‍ കാണാനുള്ള പ്രേരണ. ജിപ്സികളെക്കുറിച്ചുള്ള ഒരു വിവരണം ഇവിടെ വായിക്കാം.

കഥ മുഴുവനായി പറയുന്നത് ഒരു നല്ല സിനിമയുടെ രസച്ചരട് പോട്ടിക്കുകയോന്നുമില്ല. എന്നിരുന്നാലും ഒരു മുഴുവന്‍ കഥ പറയാന്‍ തല്പര്യമില്ലാത്തതുകൊണ്ട് അങ്ങനെ പറയുന്നില്ല. ഇവിടെ മാക്സ് തന്റെ വേനലവധിക്കാലം ചിലവഴിക്കാന്‍ വരുമ്പോള്‍ കണ്ടു മുട്ടുന്ന സ്വിംഗ് എന്ന പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയത്തെയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്‌. രണ്ടു കുട്ടികള്‍ക്കിടയില്‍ മൊട്ടിടുന്ന പ്രണയത്തെ ഒട്ടും അതിഭാവുകത്വമില്ലാതെ സംവിധായകന്‍ അവതരിപ്പിക്കുന്നു. തീര്‍ച്ചയായും പടം ഒരു മെലോഡ്രാമ അല്ല. മാക്സിനു സ്വിങ്ങിനോട് തോന്നുന്ന പ്രണയം ആണ് വിഷയമെന്ന് തോന്നാമെങ്കിലും ജിപ്സികളുടെ സംസ്കാരത്തെക്കുറിച്ച് പരിചയപ്പെടുത്തുക തന്നെയാണ് ചെയ്യുന്നത്. ഒരു പക്ഷെ അവര്‍ക്കും അസ്തിത്വമുണ്ട് യൂറോപ്പില്‍ എന്ന് വിളിച്ചു പറയാതെ പറയുന്നു എന്നതു പോലെ തോന്നി.

തന്റെ വേനലവധിക്കാലത്ത് നാട്ടിലെത്തിയ മാക്സിനു ഗിറ്റാര്‍ വാങ്ങണമെന്നും പഠിക്കണമെന്നും തോന്നുന്നു. മാക്സിനെ കണ്ടാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഒരെണ്ണം സംഘടിപ്പിക്കാം എന്ന് അറിഞാവണം അവന്‍ സ്വിങ്ങിനെ തേടി ജിപ്സികള്‍ തങ്ങുന്ന സ്ഥലത്തെത്തുന്നു. സ്വിംഗ് അവളുടെ അച്ഛന്റെ അടുത്ത് നിന്നും ഒരു കമ്പി പൊട്ടിയ ഗിറ്റാര്‍ എടുത്തു കൊണ്ട് വന്നു കൊടുക്കുന്നു. പൊട്ടിയ കമ്പിക്കു പകരം സൈക്കിളില്‍ നിന്നും പൊട്ടിച്ചെടുത്ത ഒരു കമ്പി വെച്ച് കൊടുക്കുന്നു. ഇതിനു പകരമായി അവന്‍ ഉപയോഗിക്കുന്ന വാക്മാന്‍ അവള്‍ക്കു കൊടുക്കുന്നു. ഗിറ്റാര്‍ പഠിക്കാന്‍ വേണ്ടി നടക്കുന്ന മാക്സ് പിന്നീടു സ്വിങ്ങിന്റെ അച്ഛന്‍ ഒരു ആള്കൂട്ടത്തിനു മുന്‍പില്‍ ഗിറ്റാര്‍ അവതരിപ്പിക്കുന്നത്‌ കണ്ടു തന്റെ ആവശ്യവുമായി ചെല്ലുന്നു. ഫ്രഞ്ച് ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നത് തനിക്കു സഹായമാവും എന്ന് കരുതി അയാള്‍ അങ്ങനെ അവനെ ഗിറ്റാര്‍ പഠനത്തിനായി തങ്ങളുടെ ഇടയിലേക്ക് ക്ഷണിക്കുന്നു. അങ്ങനെ വീണ്ടും സ്വിങ്ങിന്റെ വീട്ടിലേക്കു. ഇവിടെ സ്വിങ്ങിന്റെ അച്ഛന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ജിപ്സി ജാസ് ഗിട്ടാറിസ്റ്റ് 'Tchavolo Schmitt'.

ഇവിടെ വെച്ചാണ്‌ മാക്സ് ജിപ്സികളെപ്പറ്റി മനസ്സിലാക്കുന്നത്‌. അവരുടെ ചില സംഗീത സായാഹ്നങ്ങളില്‍ അവനും സംഗീതം കേള്‍ക്കാന്‍ പോകുന്നു. അവരുടെ ഭാഷയിലെ സംഗീതവും മറ്റും അവനെ ആകര്‍ഷിക്കുന്നു. ഇതിനിടയില്‍ അവനു സ്വിങ്ങിനോട് പ്രണയം തോന്നുന്നു. ചില കള്ളങ്ങള്‍ പറഞ്ഞു ക്ലാസ്സില്‍ നിന്നും വിട്ടു നില്‍ക്കുന്ന അവന്‍ സ്വിങ്ങിന്റെ കൂടെ സമയം ചിലവഴിക്കുന്നു. ഒരു കുടുംബത്തിന്റെ ചട്ടക്കൂടുകളില്‍ കുടുങ്ങിയുള്ള നിയന്ത്രങ്ങള്‍ അവനു അവളോടൊത്ത് കറങ്ങി നടക്കുവാനുള്ള ആഗ്രഹത്തിന് വിലക്കിടുന്നു. എന്നാല്‍ പിന്നീടു തന്റെ നിയന്ത്രണങ്ങള്‍ പൊട്ടിച്ചെറിഞ്ഞു അവളോടൊത്ത് അവന്‍ സഞ്ചരിക്കുന്നു. ചളി നിറഞ്ഞ വഴികളില്‍ നടന്നും , വെള്ളം ചീറ്റിയടിക്കുന്ന സ്ഥലങ്ങളില്‍ വെള്ളത്തില്‍ നനഞ്ഞും, തോണിയില്‍ ഗ്രാമഫോണില്‍ പാട്ടുവെച്ചു തടാകത്തിലൂടെ സഞ്ചരിച്ചും ദിവസങ്ങള്‍ പോയപ്പോള്‍ അവന്റെ ഒഴിവു ദിനങ്ങള്‍ പുതുമയര്‍ന്നത്‌ പോലെ അവനു തോന്നി. ഈ ഫ്രെയിമുകളിലെല്ലാം കാണിച്ചു തരുന്ന സ്ഥലങ്ങള്‍ ഒരു നോസ്ടാല്‍ജിക്ക് ഫീല്‍ ഉണര്‍ത്താന്‍ പോന്നവയാണ്. ഒരു നിമിഷനേരത്തെക്കെങ്കിലും 'freewheeling' ആയി മാറാന്‍ തോന്നുന്ന തരത്തില്‍.

കഥയുടെ അവസാന സീനുകളില്‍ കാണുന്നത് സ്വിങ്ങിന്റെ അച്ഛന്റെ നേത്രിത്വത്തില്‍ നടത്താനിരുന്ന ഒരു പരിപാടിയെ കുറിച്ചാണ് . വൈകാരികമായ രീതിയില്‍ ആ പരിപാടിയോട് ഇടപെടുന്ന സ്വിങ്ങിന്റെ അച്ഛനെ കാണാം. ഈ അവസാന സന്ദര്ഭങ്ങലെല്ലാം മുഴുവനായും സംഗീതത്തിലൂടെ മാത്രമാണ് പലപ്പോഴും സഞ്ചരിക്കുന്നത്. 'French','Arabic','Algerian' ഭാഷകിലുള്ള സംഗീതമാണെന്ന് ഇടകലര്‍ന്നു വരുന്നത്. പാട്ടിനു വേണ്ടി അവര്‍ ചില ഫ്രഞ്ച് ഗായികകളെ 'Arabic' അതോ 'Algerian' ഭാഷയില്‍ സംഗീതം പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്നത്‌ രസകരമായ ഒരു സീനായി തോന്നി. സീനിനോപ്പം പാടി ഞാനും കുറച്ചു പഠിച്ചു! .

ഇത്രയും പറഞ്ഞത് കഥയുടെ ഒരു ചുരുങ്ങിയ രൂപം മാത്രം. ജിപ്സികലെക്കുരിച്ചു കൂടുതല്‍ കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. രസകരമയവയോടൊപ്പം തന്നെ വേദനയോട് കൂടി അവരെപ്പറ്റി പറയുന്ന കാര്യങ്ങളുമുണ്ട്. കഥയുടെ അവസാനം ലേശം വിഷമം വരുമോ എന്നൊരു സംശയം.

8/10.
0

Entre les murs aka The Class(2008)

It had won the Palme d’Or at the Cannes Film Festival. The story is completely concentrated inside a french school class room. The original title of the film is "Between the walls".The film depicts the attitude of different students and teachers, how different parents are concerned about their children going to school, how the culture differentiates a student's character from another etc. The standout thing about the film is the observation, and how it contributes to make a genuine film about a class that truly escape from being a documentary and becomes a thoroughly entertaining film. Most of the film is the discussion between the teacher Francois and his students where topic change from study to normal day to day things to social concerned matters. At one time the teacher bursts out and we see the students unite in protest.In one scene we can the Japanese student telling his teacher that he is ashamed of telling the private things here as his culture doesn't teach him to be shameless. The restless nature of the junior high school students make the film more of an entertainer. The one tiresome thing for me was to read through the subtitles. During discussions voices came from different subjects and were speedy so that subtitles changed fast from scene to scene. In short I thoroughly enjoyed the film.

Oneline: It is a real class room.

7/10