6

എന്റെ ഐഎഫ്‌എഫ്കെ (2010)

കേട്ട് മാത്രം പരിചയമുള്ള ഒന്നായിരുന്നു ഈ അനന്തപുരിയുടെ ചലച്ചിത്രോത്സവം. എന്താണീ സാധനം? എങ്ങനെയിരിക്കും പോയാല്‍? എന്നറിയാന്‍ ഞാനും ഒരു മുന്നൂറു രൂപയെടുത്തു ചലച്ചിത്ര വികസന(?) കോര്‍പ്പറേഷന് ദക്ഷിണയായി വെച്ചു കൊടുത്തു.മേള തുടങ്ങിയ ദിവസം മുതല്‍ എന്നും രാവിലെ തോളില്‍ ഹരിത വര്‍ണ്ണത്തില്‍ ഐഎഫ്‌എഫ്കെ യെ അടയാളപ്പെടുത്തിയ സഞ്ചിയുമെടുത്തു കൂട്ടരോടൊപ്പം യാത്ര തിരിച്ചു തുടങ്ങിയ ഞാന്‍ അഞ്ചു ദിനങ്ങളിലായി പത്തൊന്‍പതു സിനിമകള്‍ തീയേറ്ററുകള്‍ ആയ തീയേറ്ററുകള്‍ കയറിയിറങ്ങി കണ്ടു തീര്‍ത്തു. ആദ്യ ദിനം കൂട്ടരോടോത്തു പുറപ്പെടവേ റോട്ടിലൂടെ പോകുന്ന ഒരാള്‍ 'യെവന്‍മാര്‍ യാരെടെയ്‌' എന്ന ഭാവത്തില്‍ ഒരു നോട്ടം നോക്കിയപ്പോള്‍ സഞ്ചിയും തൂക്കിയിറങ്ങിയതു ജാഡയായിപ്പോയോ എന്ന് തോന്നി.ഒപ്പം, കാണാന്‍ വന്നവര്‍ക്കിടയില്‍ ഒറ്റപ്പെടുമോ എന്ന ആശങ്ക വേറെയും. ഫെസ്റ്റിവലുകള്‍ ഒന്നിലധികം കണ്ടിറങ്ങിയ കൂട്ടാളികള്‍ക്കു ഇതൊന്നും കണ്ട ഭാവമില്ല!. അങ്ങനെ നഗരത്തില്‍ എത്തിയപ്പോഴേക്കും എന്റെ ആശങ്കകള്‍ എല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ട് മുക്കിനും മൂലക്കും തോളില്‍ സഞ്ചിയും തൂക്കി നിറയെ സിനിമാ ഭ്രാന്തന്‍മാര്‍.

അങ്ങനെയൊരു ഏഴു ദിവസം അനന്തപുരിയുടെ സ്വഭാവം തന്നെ മാറുകയായിരുന്നു. പത്തു മണിക്ക് ശേഷം വിരളമായി മാത്രമാണ് ഞാന്‍ അവിടെ ജനക്കൂട്ടത്തെ കണ്ടിരുന്നത് എന്നതാണ് സത്യം.
മത്സര വിഭാഗത്തിലെ സിനിമകള്‍ക്ക് ആളുകള്‍ ഇടിച്ചു കയറുന്നത് രസകരമായ കാഴ്ചയായിരുന്നു. അനന്തപുരിയില്‍ ഒരു മോഹന്‍ലാല്‍ സിനിമക്ക് കിട്ടുന്ന പോലെ ഒരു തള്ളിക്കയറ്റം . 'എ ഡേ ഇന്‍ ഓറഞ്ച്' എന്ന സിനിമക്ക്‌ കയറാന്‍ തുടങ്ങവേ കണ്ണാടിച്ചില്ലും തകര്‍ത്ത്‌ കൂട്ടത്തോടെ എല്ലാവരും വീണു പോകും എന്ന് വരെ തോന്നിയിരുന്നു.സിനിമക്ക്‌ ഒരു ഗുണവും ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു കാര്യം!. അറിയപ്പെടാതെ കിട്ടാന്‍ സാധ്യത കുറവാണ് എന്ന് തോന്നിയതിനാല്‍ തന്നെ അധികം അറിയപ്പെടാത്ത പുതിയ സിനിമകള്‍ കാണാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി റിലീസ്‌ ചെയ്യാനുള്ള മലയാള ചിത്രങ്ങള്‍ എല്ലാം തന്നെ കാണാതെ വിട്ടു.ആദ്യ ദിവസത്തെ ഉല്‍ഘാടന ചിത്രവും പിന്നെ മൂന്നു ദിവസമായി കണ്ട പതിനഞ്ചും പിന്നീടു രണ്ടു ദിവസമായി കണ്ട മൂന്നു സിനിമകളും ഉള്‍പ്പെടെ കണ്ട സിനിമകലില്‍ കൊള്ളാം എന്ന് തോന്നിയത് ഇവയാണ്.

1.ഇന്‍ എ ബെറ്റര്‍ വേള്‍ഡ്‌ :- ആഫ്റ്റര്‍ വെഡിംഗ് എന്ന സിനിമയുടെ സംവിധായികയായ സുസേന്‍ ബിയേര്‍ സംവിധാനം ചെയ്ത ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശം ലഭിച്ച സിനിമ.സിനിമയുടെ ഹൈലൈറ്റ്‌ ആയി തോന്നിയത്‌ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രധാന നടന്‍മാരുടെ അഭിനയമാണ്. 6.5/10.

2.വിമണ്‍ വിത്തൌട്ട് മെന്‍ :- 1950 കളില്‍ ഇറാനിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നാല് സ്ത്രീകളുടെ ജീവിത സാഹചര്യങ്ങള്‍ എങ്ങനെ മാറ്റപ്പെടുന്നു എന്ന് മാജിക്‌ റിയലിസത്തിന്റെ സഹായത്തോടു കൂടി പറയുന്ന സിനിമയുടെ ഹൈലൈറ്റ്‌ ഭ്രമിപ്പിക്കുന്ന ദ്രിശ്യങ്ങളാണു. രാഷ്ട്രീയ സാഹചര്യങ്ങളെ കഥയിലെ ഒരു കഥാപാത്രം ശ്രവിക്കുന്ന റേഡിയോയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകളിലൂടെ അറിയുന്ന പ്രേക്ഷകന്‍ കഥാപാത്രങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുന്നത് ദ്രിശ്യങ്ങളിലൂടെ മാത്രമാണ്.ഒരുപാട് ഇന്‍റര്‍പ്രേട്ടെഷന് സാധ്യതയുള്ള ദ്രിശ്യങ്ങളാണു സംവിധായിക ഷിറിന്‍ നെഷാത് സിനിമയിലൂടെ തരുന്നത്. 8.5/10.

3.സേഫിര്‍ :- ബെല്‍മാ ബാസ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ഹൈലറ്റ്‌ തുര്‍ക്കിയുടെ പ്രകൃതി സൌന്ദര്യം തുളുമ്പുന്ന ഫ്രെയിമുകളും ഒപ്പം ചിത്രത്തിന്‍റെ ക്ലൈമാക്സുമാണ്.അതേസമയം അധികം ഡെവലപ്പ് ചെയ്യാത്ത തിരക്കഥയോടൊപ്പം ഒന്ന് രണ്ടു സ്ഥലത്തെ അനാവശ്യമായ വലിച്ചിലുകള്‍ ചിത്രത്തെ അല്‍പ്പം നിറം കേടുത്തിയതായി അനുഭവപെട്ടു. 7/10.

4.അഡോപ്റ്റഡ് സണ്‍ :- ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റും ഇടക്ക് മാത്രം വരുന്ന കളറും ഉള്ള ഫ്രെയിമുകള്‍ തരുന്നത് ബാല്യത്തില്‍ നിന്നും കൌമാരത്തിലേക്കുള്ള ഒരു അനാഥന്റെ നിറമുള്ളതും മങ്ങിയതുമായ ചിത്രങ്ങളാണ്. 6/10.

5.ഹൌ ഐ എന്‍ഡെഡ് ദിസ്‌ സമ്മര്‍ :- പ്രേക്ഷകന്‍റെ ക്ഷമാപൂര്‍ണമായ വീക്ഷണം ആവശ്യപ്പെടുന്ന സിനിമ നല്ലൊരു അനുഭവമായിരിക്കും. ആര്‍ട്ടിക്ക്‌ മേഖലയില്‍ ഒറ്റപ്പെട്ടു ജോലിയെടുക്കുന്ന രണ്ടു പേരിലൂടെ കടന്നു പോകുന്ന കഥ വല്ലാത്തൊരു തീവ്രത കൊണ്ടുവരുന്നുണ്ട് . ചിലയിടത്തെങ്കിലും ആവശ്യത്തില്‍ കൂടുതല്‍ സിനിമ ഇഴഞ്ഞു നീങ്ങിയില്ലേ എന്നൊരു തോന്നല്‍ മാത്രമേ ഉള്ളു. 6.5/10.

6.ദി ലാസ്റ്റ്‌ സമ്മര്‍ ഓഫ് ലാ ബോയിറ്റ :- ഇപ്രാവശ്യത്തെ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ ഈ സിനിമയ്ക്കാണ്. 6/10.

7.പോര്‍ട്രെയിറ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ്‌ :- ഇപ്രാവശ്യത്തെ മികച്ച സിനിമക്കുള്ള അവാര്‍ഡ്‌ ഈ സിനിമക്കാണ്! . 5.5/10.

8.ആനിമല്‍ ടൌണ്‍ :- മത്സര സിനിമകളില്‍ ഇഷ്ട്ടപ്പെട്ട ക്ലൈമാക്സുകളില്‍ ഒന്ന്. സിനിമയുടെ പ്രമേയം മുന്‍പും വന്നിട്ടുണ്ടെങ്കിലും നല്ലൊരു ക്ലൈമാക്സും ട്രീട്മെന്റും ഇഷ്ട്ടപ്പെടാവുന്നതാണ്. 6/10.


---------------------------------------------------------------------
28

അന്‍വര്‍ (2010) | Anwar














അമല്‍ നീരദ്‌ അന്‍വര്‍ ഉള്‍പ്പെടെ സംവിധാനം ചെയ്ത സിനിമകള്‍ മൂന്ന്‍ . തന്റെ ആദ്യ രണ്ടു സിനിമകളില്‍ നിന്ന് തന്നെ തന്റെതായ ഒരു കയ്യൊപ്പ് മലയാള സിനിമയില്‍ അമല്‍ നീരദ്‌ ഉണ്ടാക്കിയിട്ടുണ്ട് . ആദ്യ സിനിമയായ ബിഗ്‌ ബി യില്‍ കൊണ്ടുവന്ന സ്റ്റൈലിഷ് രംഗങ്ങള്‍ ഒരുപടി കൂടെ സാങ്കേതികത്തികവില്‍ മുന്നിലേക്ക്‌ കടന്നു സാഗര്‍ ഏലിയാസ്‌ ജാക്കിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവയുടെ വിവേചനരഹിതമായ ഉപയോഗം സിനിമയെ പൂര്‍ണമായും തളര്‍ത്തി. പക്ഷെ അന്‍വര്‍ സാങ്കേതികതയിലും അവയുടെ വിവേചന പൂര്‍ണമായ ഉപയോഗത്തിലും ഒരുപടി മുന്നില്‍ നില്‍ക്കുന്നു.


അന്‍വര്‍ കാണാന്‍ പോകുന്ന സിനിമാ പ്രേമികളില്‍ പ്രധാനമായും മൂന്നു തരം ആളുകളെ ആണ് കാണുവാന്‍ കഴിയുക. ഒന്ന് , നല്ലൊരു അടിത്തറ(കഥ, തിരക്കഥ ) ഉണ്ടെങ്കില്‍ ഒരുപക്ഷെ ഞരമ്പുകളെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ ഒരുക്കുവാന്‍ അമല്‍ നീരദിന് കഴിഞ്ഞേക്കും എന്ന് കരുതുന്ന ഒരു കൂട്ടം .ഞാനുള്‍പ്പെടുന്ന ഇത്തരം ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു ട്രെയിലര്‍ എന്ന് പറയേണ്ടതില്ലല്ലോ അല്ലെ?. രണ്ടു, ഒരു പ്രിഥ്വിരാജ് ആക്ഷന്‍ സിനിമ എന്ന രീതിയില്‍ സമീപിക്കുന്നവര്‍ . പുതിയ മുഖത്തെ പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ചത് എന്ന് കരുതി വരുന്ന ആളുകള്‍ ഇവയില്‍പ്പെടും. ഇനി മൂന്നാമത് വിഭാഗം ഒരു കൂട്ടം വിഭാഗങ്ങള്‍ ആണ് . ഇത്തരം ആളുകളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന സിനിമകള്‍ ഒരുക്കുക ബുദ്ധിമുട്ട് തന്നെയാണ് . അന്‍വര്‍ കണ്ടിറങ്ങിയ ശേഷം ഞാന്‍ കേട്ട വാചകങ്ങളിലൊന്നു , പ്രിഥ്വിരാജിന് പകരം ഒരു വയ്ക്കൊലിനെ വെച്ചാലും ഈ സിനിമക്ക് പ്രശ്നമില്ല; മറ്റൊന്ന് ഇത്രയും മോശം സിനിമ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നത് . ഇവരെല്ലാം മൂന്നാം തരത്തില്‍ വരും.

ഞാന്‍ കണ്ട അന്‍വര്‍ എന്ന സിനിമ എന്നിലെ പ്രേക്ഷനെ ഏതാണ്ട് പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ഒന്നായിരുന്നു. ചിത്രത്തില്‍ ഏറ്റവും പരാമര്‍ശമാര്‍ഹിക്കുന്നത് ഇതിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തവര്‍ തന്നെയാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ കാണിക്കുമ്പോള്‍ കാണുന്ന സാങ്കേതികതയുടെ കയ്യൊപ്പ്‌ ചിത്രത്തിലുടനീളം പ്രകടമാണ് . ചിത്രത്തിന്‍റെ ചില ഷോട്ടുകള്‍ ചായാഗ്രാഹകന്‍ ഒരു രാം ഗോപാല്‍ വര്‍മ്മ സിനിമക്ക് വേണ്ടി പഠിക്കുകയാണോ എന്ന് തോന്നിച്ചുവെങ്കിലും പല ഷോട്ടുകളും അത്യുഗ്രന്‍ എന്ന് തന്നെ പറയാതെ തരമില്ല. ചിത്രത്തിലെ നായകന്‍റെ രംഗപ്രവേശം അമല്‍ നീരദിന്റെ സിനിമകളില്‍ വെച്ചു മികച്ചത് തന്നെയായിരുന്നു. പ്രിഥ്വിരാജ് എന്ന നടന്റെ ബോഡി ലാംഗ്വേജ് അതിനു സഹായകമായി എന്നും പറയാം.

മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്തമായി വെളിച്ചത്തെയും ഇരുട്ടിനെയും വളരെക്കൂടുതല്‍ എന്നാല്‍ സമര്‍ത്ഥമായി തന്നെ സിനിമയില്‍ ഉടനീളം ഉപയോഗിക്കുന്നുണ്ട് . തന്റെ ട്രേഡ്‌ മാര്‍ക്കായ 'അള്‍ട്രാ' സ്ലോ മോഷന്‍ രംഗങ്ങളെ ഇത്തരം വെളിച്ചവിന്യാസങ്ങളുമായി കൂട്ടിയോജിപ്പിക്കുക വഴി ചില ഷോട്ടുകള്‍ ഗംഭീരമാക്കുവാനും അമല്‍ നീരദിന് കഴിഞ്ഞിട്ടുണ്ട്. സ്ലോ മോഷന്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നു എങ്കില്‍ അത് സിനിമക്ക് ഒരു അധികപ്പറ്റല്ല . അന്‍വര്‍ എന്ന സിനിമയില്‍ അത് വേണ്ട രീതിയില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട് .

ഓരോ സിനിമകള്‍ കഴിയുന്തോറും തന്റെ മികവ് കൂട്ടുവാന്‍ പ്രിഥ്വിരാജ് എന്ന നടന് കഴിയുന്നുണ്ട് . താന്തോന്നി , പോക്കിരി രാജ തുടങ്ങിയ അടുത്തിറങ്ങിയ സിനിമകള്‍ പ്രിഥ്വി രാജ് എന്ന നടന്റെ മാര്‍ക്കറ്റ്‌ ആണ് ചൂഷണം ചെയ്തതെങ്കില്‍ അന്‍വര്‍ പ്രിഥ്വിരാജ് എന്ന നടനെ ചൂഷണം ചെയ്യുന്ന സിനിമയാണ് . ഒരു പടി കൂടി കടന്നു പറഞ്ഞാല്‍ പ്രിഥ്വിരാജ് എന്ന നടന്റെ ശരീര മികവിനെ ചൂഷണം ചെയ്യുന്നു എന്ന് പറയാം . ഇതിലെ ആക്ഷന്‍ രംഗങ്ങള്‍ പ്രിഥ്വിക്ക് പകരം മറ്റൊരു നടനെ സങ്കല്‍പ്പിക്കുക പ്രയാസം എന്ന രീതിയില്‍ തന്നെയാണ് എടുത്തിട്ടുള്ളത്. ഇത്തരം മാര്‍ഷ്യല്‍ ആര്‍ട്ട് ആക്ഷന്‍ രംഗങ്ങളില്‍ ഉള്ള ടൈമിംഗ് എടുത്തു പറയേണ്ട മറ്റൊന്നാണ് . ഒപ്പം അന്തരീക്ഷത്തിലൂടെയുള്ള ആളുകളുടെ 'പറക്കല്‍ ' സിനിമക്ക് ദൂഷണം ആവാത്ത രീതിയില്‍ ഉപയോഗിക്കുന്ന എഡിറ്റിങ്ങും എടുത്തു പറയേണ്ടത് തന്നെ . ഒപ്പം പറയാമല്ലോ , പാട്ടില്‍ താളത്തിനൊത്ത് മുറിച്ചു മാറ്റി എഫക്ട്സ് കൊണ്ട് വരുന്നത് വളരെ ബോറിംഗ് ആയാണ് തോന്നിയത്.

വര്‍ത്തമാന കാലത്തില്‍ പറഞ്ഞു പോകുന്ന ആദ്യ പകുതി, പിന്നീട് ഫ്ലാഷ് ബാക്കുകളിലൂടെ പുരോഗമിക്കുന്ന രണ്ടാം പകുതി. ഇതിലൂടെ കേരളത്തിലെ അല്ലെങ്കില്‍ ലോകത്തില്‍ എവിടെയും നടക്കുന്ന തീവ്രവാദത്തിന്റെ ഒരു എസന്‍സ്‌ കൊണ്ട് വരാന്‍ ശ്രമിക്കുന്ന അമല്‍ നീരദ്‌ തീവ്രവാദത്തിനു എതിരെ എന്ന രീതിയില്‍ സിനിമയില്‍ കഥയില്‍ അല്‍പ്പം കോമ്പ്രമൈസ് കൊണ്ട് വരുന്നുണ്ട് . അങ്ങനെ നോക്കിയാല്‍ കഥയുടെ ക്ലൈമാക്സ് സിനിമയുമായി ഒരു ചേര്‍ച്ചക്കുറവ് തോന്നിപ്പിച്ചു എന്നതാണ് സത്യം .
--------------------------------------------------------------
ഇനി മറ്റു ചിലത്; സിനിമയുടെ കഥയ്ക്ക് ട്രെയിട്ടര്‍ എന്ന ഇംഗ്ലീഷ് സിനിമയുമായി കഥയില്‍ സാമ്യം ഉണ്ടെന്നു പറഞ്ഞു കേട്ടു . ഉണ്ടാവട്ടെ .

മൊബൈല്‍ ഉള്ള എല്ലാവര്‍ക്കും എസ്എംഎസ് ആയി ഇതിന്റെ കഥയെന്നു പറയുന്ന ഒന്ന് കിട്ടിക്കാണും . അതിന്റെ ബാക്കിപത്രമാണ് എന്ന് തോന്നുന്നു ചില തീയേറ്ററുകളില്‍ ഓരിയിട്ട കുറുക്കന്മാര്‍.

സിനിമയില്‍ അഞ്ചു മിനിറ്റിന്റെ ഇടവേളയില്‍ രണ്ടു പാട്ടുകള്‍ വന്നത് കല്ല്‌കടിയായെങ്കിലും രണ്ടാമത് പാട്ടിന്റെ ലൊക്കേഷന്‍ ശരിക്കും എക്സോട്ടിക് തന്നെയായിരുന്നു . ഈ എക്സോട്ടിക് ലൊക്കേഷന്‍ ക്ലൈമാക്സില്‍ വീണ്ടും കൊണ്ട് വന്നത് സുഖകരമായി തോന്നി

അമല്‍ നീരദ്‌ എന്ന സംവിധായകന്‍ സാങ്കേതികമായി മലയാള സിനിമയെ ഒരു വലിയ ക്യാന്‍വാസില്‍ അവതരിപ്പിക്കുന്നുണ്ട് . മലയാളം എന്ന ചെറിയ ഇട്ടാ വട്ടത്തു നിന്ന് കൊണ്ട് അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്നത് മോശമല്ലേ. അപ്പൊ എങ്ങനെയാ തീയേറ്ററിലേക്കില്ലേ ....
കഥയെ പരിഗണിച്ചു ഒരു റേറ്റിംഗ് ഈ സിനിമക്ക് കൊടുക്കുക ബുദ്ധിമുട്ട് തന്നെ ...കാരണം കഥയില്‍ പുതുമയില്ല.

എന്തായാലും ഒരു 7/10 ഇരിക്കട്ടെ

....
13

ഡോംഗ്മാക്കലില്‍....










Welcome to Dongmakgol(2005)

രണ്ടു ദേശങ്ങള്‍ക്കു വേണ്ടി അണിനിരന്നു പോരടിക്കുന്ന പരസ്പരം കണ്ടാല്‍ കൊല്ലാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകള്‍ അവര്‍ക്ക് ചുറ്റും ഉള്ളത് അവര്‍ അറിഞ്ഞിരുന്നില്ല. ചുറ്റിലും നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി അറിയാവുന്നവരില്‍ ചിലരാകട്ടെ അതിനെക്കുറിച്ചു കൂടുതല്‍ തിരക്കാന്‍ ശ്രമിച്ചുമില്ല. അങ്ങനെ തീര്‍ത്തും കൊറിയന്‍ ജനസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുന്നവരായിരുന്നു ഡോങ്കുമാക്കലിലെ വാസികള്‍. അങ്ങനെയൊരു സ്ഥലം ഭൂപടത്തില്‍ ഉണ്ടെന്നു തന്നെ കൊറിയക്കാര്‍ പലര്‍ക്കും അറിയാത്ത അവസ്ഥ. കൊറിയകള്‍ തമ്മില്‍ യുദ്ധം നടന്നിരുന്ന അമ്പതുകളിലെ കാലഘട്ടങ്ങളില്‍ രണ്ടു ചേരികളില്‍ ആയുള്ള അഞ്ചു പട്ടാളക്കാര്‍ ഡോംഗ്മാക്കലിള്‍ എത്തിച്ചേരുന്നതോടെ അവിടത്തെ കാലാവസ്ഥക്ക് അല്‍പ്പം ഉലച്ചില്‍ സംഭവിക്കുന്നു. ഇവിടെ നിന്നും നര്‍മ്മം നിറഞ്ഞ സന്ദര്‍ഭങ്ങളിലൂടെ മുന്നോട്ട് പോവുന്ന കഥ യുദ്ധം പശ്ചാത്തലമായി അതിനെതിരെ സംസാരിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. പതിവ് കൊറിയന്‍ മെലോഡ്രാമയുടെ ശൈലികള്‍ ചെറിയ തോതില്‍ സിനിമയില്‍ വരുന്നുണ്ട്. യുദ്ധത്തെ അധികം കാണിക്കാതെ തന്നെ(മൊത്തം സിനിമയുടെ ഒരു മുപ്പതു ശതമാനം പോലും വരില്ല യുദ്ധരംഗങ്ങള്‍) യുദ്ധത്തിന്റെ വിനാശകരമായ മുഖത്തെ സ്പര്‍ശിക്കുകയാണു സിനിമ ചെയ്യുന്നത്.

അന്‍പതുകളില്‍ തെക്കന്‍ കൊറിയയും വടക്കന്‍ കൊറിയയിലെ കമ്മ്യൂണിസ്റ്റ്‌ പടയും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. ബാഹ്യശക്തികളായ അമേരിക്ക, റഷ്യ, ചൈന എന്നിവരുടെ ഇടപെടല്‍ നിമിത്തം യുദ്ധം വെറുമൊരു ആഭ്യന്തരകലാപം എന്നതില്‍ ഒതുങ്ങാതെ വളര്‍ന്നു പോവുകയായിരുന്നല്ലോ. ഈ സമയത്ത് യുദ്ധത്തില്‍ നിന്നും രക്ഷ നേടി മൂന്നു കമ്മ്യൂണിസ്റ്റ്‌ പടയാളികള്‍ ഡോംഗ്മാക്കലിലേക്ക് എത്തിച്ചേരുന്നു. ഇവര്‍ക്ക് മുന്‍പേ രണ്ടു വടക്കന്‍ കൊറിയന്‍ പടയാളികളും ഒരു അമേരിക്കന്‍ ബോംബര്‍ വിമാനത്തിന്റെ പൈലറ്റും അവിടെ എത്തിച്ചേര്‍ന്നിരുന്നു.

സിനിമ തുടങ്ങുന്നത് ബോംബര്‍ വിമാനം ഇടിച്ചിറങ്ങുന്ന രംഗത്തോടു കൂടിയായിരുന്നു. വെളുത്ത വലിയ പൂക്കള്‍ തലയില്‍ ചൂടിയ വെളുത്ത വസ്ത്രമണിഞ്ഞ ഒരു പെണ്‍കുട്ടി കൌതുകത്തോടുകൂടി മുകളിലേക്ക് നോക്കി നില്‍ക്കുന്നു . പതിയെ അവളുടെ കണ്ണുകള്‍ വിടരുവാന്‍ തുടങ്ങുകയും മുഖം പ്രകാശിതമാവുകയും ചെയ്തു. അവളുടെ തലയ്ക്കു മുകളിലൂടെ തൊട്ടു തൊട്ടില്ലെന്ന വിധത്തില്‍ ഒരു ബോംബര്‍ വിമാനം പറന്നു പോവുകയായി. പിന്നീടുള്ള ഷോട്ടുകള്‍ വൈമാനികനെ കേന്ദ്രീകരിച്ചായിരുന്നു. തകരാറില്‍ ആയ വിമാനത്തെ എങ്ങനെയും രക്ഷിച്ചെടുക്കാനും സ്വയം രക്ഷപ്പെടാനും ഉള്ള അയാളുടെ പരിശ്രമങ്ങള്‍ നടക്കവേ വിമാനത്തിന് ചുറ്റും ഡോംഗ്മാക്കലിലെ മരിച്ചവരുടെ ആത്മാക്കളുടെ പ്രതീകമായ വെള്ള പൂമ്പാറ്റകള്‍ ഉയര്‍ന്നു വരുന്നു. സമയം പതിയെ നിശ്ചലമാവുകയും പച്ചപ്പുല്ലുകള്‍ നിറഞ്ഞ മൈതാനത്ത് വിമാനം ഇടിച്ചിറങ്ങുകയും ചെയ്യുന്നു. പരിക്ക് പറ്റിയ വൈമാനികനെ ഡോംഗ്മാക്കലിലെ ആളുകള്‍ പരിചരിക്കുന്നു. ഡോംഗ്മാക്കലിലെ ഒരേയൊരു അദ്ധ്യാപകന്‍ മുഖേന അവര്‍ അയാളുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ അത്യന്തം രസകരമായിരുന്നു.

തെക്കന്‍ കൊറിയന്‍ സൈന്യത്തിലെ ഒരാള്‍ യുദ്ധത്തെ പേടിച്ച് കാട്ടിലേക്ക്‌ കയറിയതായിരുന്നു. മറ്റൊരാളാവട്ടെ സാധാരണക്കാരെ യുദ്ധത്തിന്റെ പേരില്‍ കൊല്ലാന്‍ കഴിയില്ലെന്നും പറഞ്ഞു സൈന്യത്തില്‍ നിന്നും മാറി അവിടെയെത്തുകയായിരുന്നു. ചുവപ്പന്‍ സൈന്യത്തിലെ മൂവരും ഉള്ള ജീവനും കൊണ്ട് രക്ഷപ്പെട്ടു പോരുകയായിരുന്നു. ഇതിനിടക്ക് ഇവരുടെ എല്ലാവരുടെയും തോക്കിലെ തിരകളും കഴിഞ്ഞിരുന്നു. അങ്ങനെ ഒരു അഭയസ്ഥാനം എന്ന നിലക്കാണ് ഇവര്‍ ഡോംഗ്മാക്കലില്‍ എത്തിച്ചേര്‍ന്നത്. ഡോംഗ്മാക്കലില്‍ വെച്ചു പരസ്പരം കാണുന്നതോടെ തെക്കന്‍ സൈന്യത്തിലെ രണ്ടു പേരും മറു ചേരിയിലെ മൂന്നു പേരും തോക്ക് ചൂണ്ടി കൊല്ലാന്‍ തയ്യാറെടുക്കുന്നു. ഗ്രാമവാസികളോടെല്ലാം അവര്‍ തങ്ങള്‍ക്കു മധ്യത്തിലായി കൈപൊക്കി നില്‍ക്കുവാനും ആജ്ഞാപിക്കുന്നു. ഒരു ആജ്ഞയെ അനുസരിക്കുക എന്നതില്‍ കവിഞ്ഞു എന്തോ രസകരമായ കാര്യം പറഞ്ഞതായി തോന്നി അവര്‍ എല്ലാവരും അനുസരിക്കുന്നു. എന്നാല്‍ ഒരു ദിവസം മുഴുവന്‍ പരസ്പരം തോക്ക് ചൂണ്ടി നിന്നിട്ടും ഇവര്‍ പരസ്പരം വെടിവെക്കുന്നില്ല. ഇവര്‍ക്കിടയില്‍ ഉറങ്ങാതെ കൈപൊക്കി നിന്ന ഗ്രാമീണരാവട്ടെ രാവിലെ തങ്ങളുടെ പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി വീടുകളിലേക്ക്‌ പോവുകയും ചെയ്യുന്നു. പട്ടാളക്കാര്‍ ആവട്ടെ പരസ്പ്പരം വെടി വെക്കില്ലെന്ന ഉറപ്പില്‍ പിരിയുവാനും തുടങ്ങുന്നു. എന്നാല്‍ ഇതിനിടയില്‍ ഉറങ്ങിപ്പോകുന്ന ഒരു സൈനികന്റെ കയ്യില്‍ നിന്നും ഗ്രനേഡ്‌ തെറിച്ചു പോവുകയും ഒടുവില്‍ ഗ്രാമവാസികള്‍ ഭാവിയിലേക്ക് കരുതി വെച്ച ധാന്യപ്പുര കത്തി നശിക്കുന്നതിനു ഇടയാവുകയും ചെയ്യുന്നു.

തുടക്കത്തില്‍ ഇവരുടെ പ്രവൃത്തികള്‍ ഗ്രാമവാസികള്‍ക്ക്‌ ബുദ്ധിമുട്ടാവുന്നുവെങ്കിലും പതിയെ അവരും ഗ്രാമവാസികളും ഒരു കുടുംബം പോലെ ഒരുമിച്ചു ചേരുന്നു. ധാന്യപ്പുരയിലേക്ക് കൂടുതല്‍ വിഭവങ്ങള്‍ എത്തിക്കുക തുടങ്ങി പല കാര്യങ്ങളിലും പിന്നീട് ഇവര്‍ ഗ്രാമത്തിന് സഹായമായി മാറുന്നു . ഒടുവില്‍ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ഡോംഗ്മാക്കലിനെ ലക്‌ഷ്യം വെക്കുന്നത് വരെ.

ഡോംഗ്മാക്കലിലെ പച്ചപ്പും, വെളുത്ത പൂമ്പാറ്റകളും,പുല്‍മേടുകളും, അല്‍പ്പം ഫാന്റസി നിറഞ്ഞു കാണിക്കുന്ന ചില രംഗങ്ങളും,റൊമാന്‍സും,സിംബോളിസവും ഉള്‍പ്പെടെ നല്ലൊരു അനുഭവമാണ് സിനിമ സൃഷ്ട്ടിക്കുന്നത്. നല്ല ലൊക്കേഷനുകളും ഫോട്ടോഗ്രാഫിയും പാശ്ചാത്തല സംഗീതവും ചിത്രത്തിന്‍റെ മറ്റു സവിശേഷതകളാണ് .ഞാനിവിടെ പറഞ്ഞത് കഥയുടെ പത്തു ശതമാനം പോലും വരില്ല. കൂടുതല്‍ എഴുതുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല. സിനിമ കണ്ടു തന്നെ അറിയണം. ഞാന്‍ കണ്ട മികച്ച കൊറിയന്‍ സിനിമകളില്‍ ഒന്ന്.





9

മിസ്റ്റര്‍ നോബഡി(2009)














നമ്മളെപ്പോലെ മറ്റു ഏഴു പേര്‍ ഉണ്ടെന്നൊക്കെ പലരും പറഞ്ഞു കേള്‍ക്കാറില്ലേ. ഒരു പക്ഷെ നമ്മള്‍ തന്നെ പലതായി പ്രപഞ്ചത്തില്‍ ഒരേ സമയത്ത് ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ. അതായത്‌ എന്റെ തന്നെ കുറെ വേര്‍ഷന്‍സ് പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുവെന്നു കരുതുക. അങ്ങനെയെങ്കില്‍ എന്തെല്ലാം സാധ്യതകളാണ് അത് എനിക്ക് മുന്‍പില്‍ തുറന്നു തരുക. പ്രപഞ്ചം മനുഷ്യന് മുന്‍പില്‍ പ്രഹേളികയായി നില്‍ക്കുന്നിടത്തോളം കാലം ഇത്തരം ഒരു സമാന്തരമായ നിലനില്‍പ്പ്‌ സങ്കല്‍പ്പിക്കാമല്ലോ അല്ലെ?. എങ്കില്‍ അത്തരം ഒരു വേര്‍ഷനിംഗ് തരുന്ന ഒരു സാധ്യത തിരഞ്ഞെടുപ്പ് തന്നെയാണ്. തന്റെ ജീവിതത്തിന്നിടക്ക് ഒരാള്‍ പതിയെ അറിയുന്നു അയാള്‍ ഇതുവരെ ജീവിച്ചു തീര്‍ത്ത ജീവിതം തീര്‍ത്തും മങ്ങിയതും അയാള്‍ വെറുക്കുന്നതും ആണെന്ന്. അപ്പോള്‍ അയാള്‍ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നു. അയാള്‍ക്ക്‌ സമാന്തരമായി മറ്റൊരു സ്പെയ്സില്‍ ജീവിക്കുന്ന സംതൃപ്തമായ മറ്റൊരു വേര്‍ഷനിലേക്ക് അയാള്‍ മാറുന്നു. ജീവിതം അയാളുടെ ഇച്ഛാനുസരണം സുഖകരം സംതൃപ്തം. ഒരു പക്ഷെ ഫിക്ഷനില്‍ എങ്കിലും നമ്മള്‍ക്ക് ആലോചിക്കാവുന്ന ഇത്തരം ഒരു വിചാരത്തിലൂടെ ഈ സിനിമയുടെ സംവിധായകന്‍/കഥാകൃത്ത്/തിരക്കഥാകൃത്തു മുന്നോട്ടു വെക്കുന്നത് നമ്മുടെ ആഗ്രഹത്തിന് അനുസരിച്ചു നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുക എന്നൊരു കാഴ്ചപ്പാടു തന്നെയാണ്. ഫിക്ഷന്‍ ആണെങ്കിലും റണ്‍ ലോല റണ്‍ പോലുള്ള സിനിമകള്‍ പ്രതിനിധീകരിക്കുന്ന 'വാട്ട്‌ ഇഫ്‌' എന്ന ഗണത്തില്‍ വരുന്നു ഈ സിനിമ. മറ്റൊരു രീതിയില്‍ നോക്കിയാല്‍ 'Eternal sunshine of the spotless mind','Memento' തുടങ്ങിയ സിനിമകളുടെ ശ്രേണിയിലും ഈ സിനിമയെ പെടുത്താം. സിനിമയിലെ ചില ഭാഗങ്ങള്‍ 'Lovers in the artic pole ' എന്ന സിനിമയെ അനുസ്മരിപ്പിക്കുന്നുണ്ട്. വാന്‍ ഡോര്‍മല്‍ ആണ് ഈ ബ്രില്യന്‍റ് സിനിമയുടെ കഥ/തിരക്കഥ/സംവിധാനം നിര്‍വഹിച്ചത്. സിനിമയിലെ ഒരു ഭാഗം 2001: A Space Odyssey യില്‍ കാണിച്ചിട്ടുള്ള എല്ലില്‍ കഷണത്തില്‍ നിന്നും സ്പേസ് ഷിപ്പിലേക്ക് മാറുന്ന ഗ്രാഫിക് ഷോട്ടിനെയും അനുസ്മരിപ്പിച്ചു. ഏതാണ്ട് ഏഴു വര്‍ഷക്കാലയളവിലാണ് ഈ ബെല്‍ജിയന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായത് എന്ന് വായിച്ചുകണ്ടു. രണ്ടേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയുടെ സീനുകളുടെ എണ്ണം വളരെ കൂടുതല്‍ ആണ്. മാത്രമല്ല ചില സീനുകള്‍ വ്യത്യസ്ത ക്യാമറ ആംഗിളുകളില്‍ സിനിമയില്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്. പ്രേക്ഷകന്റെ ശ്രദ്ധാപൂര്‍വമായ വീക്ഷണം ഉടനീളം ആവശ്യപ്പെടുന്ന സിനിമ കഥാവസാനം ഏറെ വിശകലനങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. അല്‍പ്പം തലയിട്ടു കറക്കേണ്ടി വരും എന്ന് ചുരുക്കം!.

Jared Leto യാണ് കഥയുടെ കേന്ദ്രകഥാപാത്രമായ നിമോ നോബഡിയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രായം ചെന്ന വേഷത്തില്‍ വരുന്നതും ലെടോ തന്നെയാണ്, എങ്കിലും ഡബ്ബിംഗ് വേറെയാണ് എന്നാണു തോന്നിയത്. കഥ നടക്കുന്നത് 2092 ലാണ്. 120 വയസായ നിമോ ഈ ആധുനിക ലോകത്തെ ഒരേയൊരു നശ്വരനാണ്. ഈ പുതിയ കാലത്തില്‍ നിമോ ഒഴികെ മറ്റാര്‍ക്കും തന്നെ മരണമില്ല. നിമോയാകട്ടെ ഒരാശുപത്രിയില്‍ മരണം/ഒരുപക്ഷെ ദയാവധം കാത്തു കഴിയുന്നു. സത്യത്തില്‍ നിമോക്ക് ഈ ആധുനിക ലോകത്തെക്കുറിച്ചോ അവിടെ അയാള്‍ മാത്രം എങ്ങനെ ഒറ്റപ്പെട്ടു പോയി എന്നോ അറിയില്ല. നിമോയോഴികെ ബാക്കിയുള്ളവര്‍ക്കും അയാളെക്കുറിച്ച് ഒന്നും അറിയില്ല. നിമോയുടെ ഓര്‍മ്മയില്‍ ആകെയുള്ളത് മുപ്പത്തിനാല് വയസ്സ് വരെ മാത്രം ഉള്ള ഓര്‍മ്മകളാണ്. അതാകട്ടെ അവിടെയും ഇവിടെയുമായി ചിതറിയും കിടക്കുന്നു. രണ്ടു സമയങ്ങളിലായി ഒരു ഡോക്ടറും, മറ്റൊരിക്കല്‍ ഒരു പത്രപ്രവര്‍ത്തകനും മുന്നിലായി നിമോ തന്റെ ഓര്‍മയുടെ താളുകളെ അടുക്കി വെച്ച്
നോക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഓരോ കാലവും നിമോയുടെ ഓര്‍മ്മയില്‍ ഒട്ടിച്ചേര്‍ന്നാണ് കിടക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ പരസ്പരം വിപരീതമായ ഓര്‍മ്മകളേയും നിമോ ചേര്‍ത്തു വെക്കുന്നുണ്ട്. ഇത്തരം വിപരീതമായ ഓര്‍മ്മകള്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകനെപ്പോലെ തന്നെ നിമോയില്‍ നിന്നും അയാളുടെ ഭൂതകാലം ചികഞ്ഞെടുക്കുന്ന ജേര്‍ണലിസ്റ്റും 'ഒന്നും മനസ്സിലായില്ലെന്ന്' പറയുന്നുണ്ട്. അത്തരം ചോദ്യങ്ങള്‍ക്ക് നിമോയുടെ മറുപടി രണ്ടു കാര്യങ്ങളും സംഭവിച്ചു എന്നാണു. ഉദാഹരണത്തിന്, നിമോയുടെ അച്ഛനമ്മമാര്‍ വേര്‍പിരിയുന്ന സമയത്ത് അമ്മയുടെ കൂടെ പോകാന്‍ വേണ്ടി നിമോ ട്രെയിനിന് നേരെ ഓടുന്നതും അത് കിട്ടാതെ നില്‍ക്കേണ്ടി വരുന്നതും ഒരു സീനില്‍ കാണുമ്പോള്‍ അതിനോട് ചേര്‍ന്നു വരുന്ന സീനില്‍ അവന്‍ അമ്മയ്ക്കൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുന്നതും അച്ഛന്‍ നോക്കിനില്‍ക്കുന്നതും ആണു കാണുന്നത്. ഇതിനൊക്കെ കാരണങ്ങള്‍ വളരെ വ്യക്തമായ രീതിയില്‍ സംവിധായകന്‍ തരുന്നുണ്ട്.


ചെറിയ കുട്ടിയാവുമ്പോള്‍ നിമോ മൂന്നു പെണ്‍കുട്ടികളെ കാണുന്നുണ്ട്. ഇവരില്‍ മൂന്നു പേരോടോത്തും നിമോക്ക് Parallel existence ഉള്ളതായി സിനിമയില്‍ കാണിക്കുന്നുണ്ട് . ഇവരില്‍ രണ്ടു പേരുടെ കൂടെ ജീവിക്കുമ്പോഴും നിമോയുടെ ജീവിതത്തില്‍ നേരത്തെ മരണം സംഭവിക്കുന്നത് കാണിക്കുന്നുണ്ട്.സിനിമയുടെ ആദ്യ ഷോട്ടുകള്‍ തന്നെ വളരെ ബ്രില്യന്റ് കണ്‍സെപ്റ്റ് ആയിരുന്നു എന്ന് പറയാം. നിമോയുടെ ആദ്യ ഓര്‍മ്മകള്‍ തന്നെ മരണം ആണ്. ആദ്യത്തെ ഓര്‍മ്മയില്‍ നടക്കുന്ന ജീപ്പ് ആക്സിഡന്റ്, മറ്റൊന്നില്‍ വരുന്ന ബൈക്ക്‌ അപകടം, ഇതൊന്നുമല്ലാതെ ബാത്ത് ടബില്‍ നിന്നും എണീക്കുമ്പോള്‍ അയാള്‍ ഇതുവരെ കാണാത്ത ഒരാളുടെ തോക്കിനു മുന്‍പില്‍. ഈ ഓരോ മരണങ്ങള്‍ക്ക് കാരണവും സറിയലിസത്തിന്റെ സഹായത്തോട് കൂടി സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍ (സ്പോയിലര്‍ ആണ്, പക്ഷെ സിനിമ കണ്ട പലരും മനസ്സിലായില്ല എന്ന് പറഞ്ഞു കണ്ടു) ബാത്ത് ടബില്‍ നിന്നും എണീക്കുമ്പോള്‍ നേരിടുന്ന മരണം, അത് തികച്ചും യാദൃശ്ചികം മാത്രമായിരുന്നു. സിനിമക്കിടയില്‍ മറ്റൊരു വ്യക്തിത്വത്തിലേക്ക് മാറി വേറൊരു ജീവിതത്തിലേക്ക്‌ കുറച്ചു നേരമെങ്കിലും മാറാന്‍ കൊതിച്ച നിമോക്ക്‌ ആ വ്യക്തിയെ കൊല്ലാന്‍ ആളെ നിയോഗിച്ച കാര്യം അറിയില്ലായിരുന്നു.

സിനിമ പൂര്‍ണമായും വയസ്സന്‍ നിമോയുടെ ഓര്‍മ്മകളില്‍ ഒരു എട്ടു വയസ്സുകാരന്‍ നിമോയുടെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പ്‌ ആയാണ് കാണിച്ചിരിക്കുന്നത്. അവന്റെ ആദ്യ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് അവന്റെ അച്ഛനും അമ്മയും വേര്‍പിരിയുന്ന സന്ദര്‍ഭം ആണ്. പിന്നീട് ഓരോ തിരഞ്ഞെടുപ്പും അവിടുന്ന് നിമോയുടെ ജീവിതത്തെ പല വഴികളിലൂടെ കൊണ്ട് പോകുന്നുണ്ട്. ചിലപ്പോള്‍ നിമോയുടെ തിരഞ്ഞെടുപ്പ് ഒരു നറുക്കെടുപ്പ് പോലെയായിരുന്നു. ഇതിനൊരു ഉദാഹരണം അവന്റെ ഭാര്യയാവാന്‍ അവന്‍ ഒരാളെ കണ്ടെത്തുന്ന സന്ദര്‍ഭം ആണ്. മറ്റു ചിലപ്പോള്‍ അത് മുന്നിലുള്ള ഓപ്ഷനില്‍ ഏതെങ്കിലും ഒന്ന് എടുത്തേ തീരു എന്ന് നിമോക്ക് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ വരുന്ന തിരഞ്ഞെടുപ്പാണ്. അത്തരം ഒന്നായിരുന്നു, അച്ഛനമ്മമാര്‍ വേര്‍പിരിയുമ്പോള്‍ ഏതെങ്കിലും ഒരാളുടെ കൂടെ ജീവിക്കുവാന്‍ തീരുമാനിക്കുക എന്നത്. എന്നാല്‍ നിമോ കാണാതെ പോയ മറ്റു ചില ചോയിസസും ഉണ്ടായിരുന്നു എന്ന് കഥാവസാനത്തോടെ സിനിമയില്‍ കാണിക്കുന്നുണ്ട്.


--------------------------------
കഥക്കിടയില്‍ ചെറുപ്പക്കാരന്‍ നിമോക്ക് ഒരു ബൈക്ക്‌ അപകടം സംഭവിക്കുന്ന രംഗം ഉണ്ട്. ഒരു ഇലയില്‍ ബൈക്കിന്റെ ടയര്‍ തെന്നിയാണ് ഈ അപകടം നടന്നിരുന്നത്. ഈ ഇലയെ എടുക്കാന്‍ ചെല്ലുന്ന രംഗമുണ്ട്. അത് അവന്റെ ജീവിതത്തില്‍ ഒരു 'perfect choice' ആയിരുന്നു. ഇതോടുകൂടി അവന്റെ ആ വേര്‍ഷനില്‍ ഉള്ള ജീവിതം പാടെ മാറുന്നുണ്ട്. ഈ ഇല പറന്നു ചെല്ലുന്നത് മറ്റൊരു ടൈം/സ്പേസ് യുനിവേര്‍സിലുള്ള നിമോയുടെ അടുത്തേക്കാണ്. ഈ ഇല മാത്രമാണ് വ്യത്യസ്ത ടൈം/സ്പേസിനിടക്ക് കടന്നു വരുന്ന ഒരേയൊരു ഇലമെന്റ്റ്. രണ്ടാമത് ടൈം/സ്പേസില്‍ വരുന്ന ഇല ഉറങ്ങിക്കിടക്കുന്ന നിമോക്ക് അവനു മറ്റൊരു വേര്‍ഷനില്‍ ഇതേ സന്ദര്‍ഭത്തില്‍ കാണാന്‍ സാധിക്കാതെ വന്നിരുന്ന കാമുകിയെ കാണാന്‍ അവനെ സഹായിക്കുന്നുണ്ട്. ഇല വീണ്ടും പറന്നു പോയി മറ്റു മാറ്റങ്ങളും വരുത്തുന്നുണ്ട്. മറ്റൊരിക്കല്‍ വയസ്സന്‍ നിമോ തന്റെ ചെറുപ്പകാലത്തെ മറ്റൊരു വേര്‍ഷന്‍ തിരഞ്ഞെടുക്കുന്ന രസകരമായ രംഗമുണ്ട്. ആദ്യ വേര്‍ഷനില്‍ കടല്‍ തീരത്ത്‌ കുട്ടിയായിരിക്കുമ്പോള്‍ വെച്ചെടുത്ത ഫോട്ടോയെ തന്റെ ചെറുപ്പ കാലത്ത് രണ്ടാമത് വേര്‍ഷനില്‍ വെച്ച് നോക്കുന്ന നിമോ ആദ്യ വെര്‍ഷനിലെ അവന്റെ നുണ പറച്ചിലിനെ തിരുത്തി അവനു നീന്താനറിയില്ലെന്ന് പറയുന്നുണ്ട്. ഇതോടെ ആദ്യ വേര്‍ഷനില്‍ നഷ്ടമായ പ്രണയം അവന്‍ വീണ്ടെടുക്കുന്നുണ്ട്.

സിനിമയില്‍ ഒരുപാട് മറ്റു കാര്യങ്ങളും പ്രതിപാദിക്കുന്നുണ്ട്. String theory, Big bang എന്നിവ അവയില്‍ ചിലത് മാത്രം. ഒരിക്കല്‍ നിമോയുടെ കയ്യില്‍ അവളുടെ കാമുകി ഫോണ്‍ നമ്പര്‍ എഴുതി കൊടുത്ത് മറയുന്ന രംഗമുണ്ട്. അവള്‍ കാഴ്ചയില്‍ നിന്നും മറഞ്ഞ ഉടനെ പെയ്തിറങ്ങിയ ഒരു മഴത്തുള്ളി അവളുടെ ഫോണ്‍ നമ്പര്‍ അവന്റെ കയ്യിലെ കടലാസില്‍ നിന്നും മായ്ച്ചു കളയുന്നു. തിരക്കഥയില്‍ ഈ മഴ വന്നതിനു കാരണം പറയുന്നത് വളരെ രസകരമായിരുന്നു. ഇവിടെ വില്ലന്‍ ആയത് മറ്റൊരു സ്ഥലത്ത് ഒരാള്‍ മുട്ട വേവിച്ചത് ആയിരുന്നു!. സിനിമയില്‍ ആല്‍കെമിസ്റ്റ് എന്ന നോവലിലെ 'conspiring nature' എന്ന കാര്യം ഇടയ്ക്കു ഓര്‍മ്മ വന്നിരുന്നു. സിനിമയുടെ ഡിവിഡി ഈയടുത്ത് ഇറങ്ങിയിട്ടെ ഉള്ളു, മാത്രമല്ല, കൂടുതല്‍ റിലീസിംഗ് ഉണ്ടായതും 2010 ല്‍ ആയിരുന്നു. തീര്‍ച്ചയായും കാണേണ്ട സിനിമയാണ് ഇത്. സിനിമാട്ടോഗ്രഫിയും വിഷ്വല്‍സും, ആര്‍ട്ട് ഡയറക്ഷനും സിനിമയെ വളരെയധികം ആസ്വാദ്യകരമാക്കുന്നുണ്ട്. വാചകങ്ങള്‍ കൊണ്ട് ഈ സിനിമയെ വിവരിക്കുക ബുദ്ധിമുട്ടാണ്. ഒരിക്കല്‍ പോലും കഥ നേര്‍രേഖയില്‍ സഞ്ചരിക്കുന്നില്ല. അത് കൊണ്ട് തന്നെ ഈ കഥയെ ഒന്ന് വിശദീകരിക്കുന്നത് ബുദ്ധിമുട്ടാണ്. സിനിമയുടെ ബ്രില്യന്‍സ് കണ്ടു തന്നെ അറിയണം.

തീര്‍ച്ചയായും കാണേണ്ട പടം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. One of the brilliant movies i have ever seen!.

Web site
http://www.mrnobody-lefilm.com/


ട്രെയിലര്‍

10

വ്യാളിയെ പച്ചകുത്തിയവള്‍ ...















സ്റ്റീഗ് ലാര്‍സന്‍ എഴുതിയ മില്ലേനിയം ത്രയത്തില്‍ വരുന്ന മൂന്നു നോവലുകളും മൂന്നു ഭാഗങ്ങളായി സ്വീഡനില്‍ സിനിമയാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. അദ്ദേഹത്തിന്‍റെ മരണശേഷം ആണ് ഈ മൂന്നു നോവലുകളും പബ്ലിഷ് ചെയ്യപ്പെടുന്നത്. ഈ ത്രയത്തില്‍ വരുന്ന മൂന്നു സിനിമകളും പല രാജ്യങ്ങളിലായി ഇപ്പോഴും തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു വരുന്നു. ഈ ത്രയത്തിന്റെ ഹോളിവുഡ് വെര്‍ഷനും ചിത്രീകരണത്തിന് തയ്യാറെടുക്കുന്നുണ്ട് . മിസ്റ്ററി/ത്രില്ലെര്‍ വിഭാഗത്തില്‍ വരുന്ന ഈ മൂന്നു സിനിമകളും ഒരുപോലെ പ്രേക്ഷകനെ സ്ക്രീനിനു മുന്‍പില്‍ പിടിച്ചിരുത്താന്‍ കഴിവുള്ളവയാണ്. ലിസ്ബെത് സലാണ്ടെര്‍ എന്നു പേരുള്ള, വ്യാളിയെ തന്റെ പുറം ശരീരം മുഴുവനും പച്ച കുത്തിയ പെണ്‍കുട്ടിയാണ് കഥയുടെ കേന്ദ്രബിന്ദു. ഒരു ജേര്‍ണലിസ്റ്റ്‌ ആയ ബ്ലോംകൊവിസ്റ്റിനെ അയാളുടെ അന്വേഷണത്തില്‍ സഹായിച്ചുകൊണ്ട് ആദ്യ നോവലില്‍ കടന്നു വരുന്ന ലിസ്ബെത്ത് എന്ന കഥാപാത്രം മറ്റു നോവലുകളിലൂടെ പോകുന്തോറും രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിക്കുന്ന ഒട്ടേറെ തെളിവുകളുടെ ഉറവിടമായി മാറുന്ന കാഴ്ച്ചയാണ് പ്രേക്ഷകന്‍ കാണുക. അതോടൊപ്പം തന്നെ ഒരുപാട് വ്യക്തിത്വങ്ങളെ കാണിക്കുന്ന സിനിമ, മനുഷ്യന്റെ ഇരുണ്ട വശങ്ങളായ സാഡിസം,ചൈല്‍ഡ്‌ അബുസ്മെന്റ്, ലൈംഗിക പീഡനങ്ങള്‍ ,ഇന്‍സെസ്റ്റ്‌ തുടങ്ങിയവയെ സിനിമയുടെ ഫ്രെയിമുകളില്‍ പച്ചയായി കാണിക്കുന്നുണ്ട്. തീര്‍ച്ചയായും കുട്ടികള്‍ക്ക് പറ്റിയ സിനിമയല്ല...

The girl with the dragon tattoo(2009):-

ഏതാണ്ട് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങര്‍ എന്ന ബിസിനസ്സുകാരന് തന്‍റെ പേരക്കുട്ടിയെ(ഹാരിയറ്റ്) നഷ്ട്ടപ്പെടുന്നു. യാതൊരു തെളിവും അവശേഷിപ്പിക്കാതെ ആയിരുന്നു അവളുടെ തിരോധാനം. സംഭവ ദിവസം ഇവരുടെ കുടുംബം താമസിക്കുന്ന ദ്വീപിനെ ബന്ധിപ്പിക്കുന്ന പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ ഒരു ജനലിലൂടെ കണ്ട അവളുടെ മുഖം, അതാണ്‌ മുത്തച്ഛന്റെ കയ്യിലുള്ള അവളുടെ അവസാനത്തെ ചിത്രം. സംഭവം വെറുമൊരു തിരോധാനം അല്ലെന്നും അതൊരു കൊലപാതകം ആണെന്നും കൊന്നവര്‍ തന്റെ കുടുംബത്തിലെ ആരെങ്കിലും ആയിരിക്കും എന്നും അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ പലരും ഈ കേസ് അന്വേഷിച്ചു തെളിവില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.

മില്ലേനിയം എന്ന മാഗസിനില്‍ ജോലി ചെയ്യുന്ന ബ്ലോംകൊവിസ്റ്റിനെ ഏതാനും മാസങ്ങള്‍ കോടതി തടവിനു ശിക്ഷിക്കുന്നു. ശിക്ഷ ഒരു മൂന്ന് മാസം കൂടി കഴിഞ്ഞു അനുഭവിച്ചു തുടങ്ങിയാല്‍ മതി. ഒരു ബിസിനസ്സുകാരനെതിരെ ബ്ലോംകൊവിസ്റ്റ് തന്റെ മാഗസിനിലൂടെ ആരോപങ്ങള്‍ ഉന്നയിക്കുന്നു. ഇവ തെളിയിക്കാന്‍ ഉള്ള തെളിവുകള്‍ അയാള്‍ക്ക്‌ ഹാജരാക്കാന്‍ കഴിയാതെ വരുന്നതും അയാള്‍ക്ക്‌ ഈ ശിക്ഷ ലഭിക്കുന്നതിനു കാരണം ആവുകയായിരുന്നു. വിധി വന്നതോട് കൂടി മാഗസിനില്‍ നിന്നും രാജിവെക്കാന്‍ അയാള്‍ സന്നദ്ധനാവുന്നു. ഇതേ സമയം വാങ്ങര്‍ ഒരു ഹാക്കര്‍ കൂടിയായ സലാണ്ടറിന്റെ സഹായത്തോടുകൂടി ബ്ലോംകോവിസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും അയാളെ ഈ അന്വേഷണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ബ്ലോംകോവിസ്റ്റിനെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ സഹായം നല്‍കിക്കൊണ്ട് സാലാണ്ടറും അന്വേഷണത്തില്‍ പങ്കാളിയാവുന്നു. അന്വേഷണം സൂചനകളില്‍ നിന്ന് സൂചനകളിലേക്കും അവിടെ നിന്നും തിരോധാനത്തിനു പിന്നിലെ രഹസ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന രഹസ്യങ്ങളിലെക്കും എത്തുന്നതോടെ വാങ്ങര്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പലരുടെയും ഇരുണ്ട മുഖങ്ങള്‍ വെളിച്ചത്തു വരുന്നു. ബ്ലോംകോവിസ്റ്റിനു വാങ്ങറുടെ കുടുംബവുമായി കുട്ടിക്കാലത്തുള്ള പരിചയം ഉണ്ട്. ഈ പരിചയം ഒന്ന് രണ്ടു സന്ദര്‍ഭങ്ങളില്‍ അന്വേഷണത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നുണ്ട്‌. ഒരിക്കല്‍ അത് അയാളുടെ ജീവന് വരെ ഭീഷണിയാവുന്നുമുണ്ട്. ക്ലൈമാക്സില്‍ ഒരു ട്വിസ്റ്റ്‌ ഉണ്ട്. സത്യത്തില്‍ ഒരു ട്വിസ്റ്റ്‌ എന്ന് പറയാന്‍ പറ്റില്ല, എന്നാല്‍ ഒരു സര്‍പ്രൈസ് തന്നെ ആണ്.

സാലണ്ടര്‍ എന്ന കഥാപാത്രത്തിന്റെ സവിശേഷത തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്‌. ശരീരത്തില്‍ തുളകളിട്ട് അവയില്‍ റിങ്ങുകള്‍ കൊളുത്തിയിട്ടു നടക്കുന്ന പുറം മുഴുവനായും വ്യാളിയെ പച്ച കുത്തിയ, കറുത്ത ജാക്കറ്റും ജീന്‍സും ധരിച്ചു, അളന്നു മുറിച്ച രീതിയില്‍ നടക്കുന്ന,നന്ദി പ്രകടിപ്പിക്കാന്‍ അറിയാത്ത, തന്റേടിയായ ഒരു പെണ്‍കുട്ടി. അവളുടെ ചിരികള്‍ പോലും വളരെ മിതമാണ്. അവളെ ചിരിച്ചു കാണുന്നത് സിനിമാ ത്രയത്തിന്റെ അവസാന ഭാഗത്ത്‌ മാത്രമാണ്. കുട്ടിക്കാലത്ത് തന്റെ അച്ഛന്റെ മുഖത്ത് തീ കൊളുത്തിയ ഇവള്‍ കുറേക്കാലം ഒരു ഡോക്ടറുടെ കീഴില്‍ മാനസിക പരിചരണത്തിലായിരുന്നു. അവിടെ അവള്‍ക്കു ഒരുപാട് ലൈംഗിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. അവിടെ നിന്ന് ഇറങ്ങിയ ശേഷം കോടതി അവള്‍ക്കു വിധിച്ച സംരക്ഷകന്റെ അടുത്തു നിന്നും പീഡനങ്ങള്‍ അവള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇവരെല്ലാം തന്നെ ഒരു രഹസ്യം പേറുന്ന ചങ്ങലയിലെ കണ്ണികളാണെന്ന് മറ്റു രണ്ടു സിനിമകളും കാണിക്കുന്നുണ്ട്‌.

The girl who played with fire(2009):-

ആദ്യ സിനിമയില്‍ നിന്നും വ്യത്യസ്തമായി അന്വേഷണമാണ് ഈ സിനിമയില്‍ അധികവും. ലിസ്ബെത്തിനു എതിരായി ചില ആരോപണങ്ങള്‍ വരുന്നു. ഈ ആരോപങ്ങള്‍ക്ക് അവളുടെ പേരിലെ സലാണ്ടാര്‍ എന്ന ഭാഗവുമായി ഒരു ബന്ധം ഉണ്ട്. സലാണ്ടറിന്റെ പിതാവും അവരുള്‍പ്പെട്ടിരുന്ന ഒരു രഹസ്യ സംഘവും മറ നീക്കി പുറത്തു വരുന്നു. ഇത്തവണ ലിസ്ബെത്തിനെ സഹായിച്ചു കൊണ്ട് ബ്ലോംകൊവിസ്റ്റ്‌ ആണ് വരുന്നത് . സിനിമ മുഴുവനായും ഒരു ത്രില്ലെര്‍ തന്നെയാണ്. ആദ്യ ഭാഗം അല്‍പ്പം ഡ്രാമ കൂടി ഉണ്ടായിരുന്നു എന്ന് പറയാം.

The girl who kicked the Hornet's nest(2009):-

പൂര്‍ണമായും ലിസ്ബെത്ത് എന്ന കഥാപാത്രത്തെ ചുറ്റിയാണ് ഇത്തവണ കഥയുടെ പോക്ക്. രണ്ടാം ഭാഗത്തില്‍ നായിക നിയമത്തിനു മുന്‍പില്‍ അദൃശ്യയായിരുന്നെന്കില്‍ ഇത്തവണ അവള്‍ ജയിലിലാണ്. അവള്‍ക്കെതിരെ നീക്കവുമായി ഉള്ളത് സ്വീഡനിലെ രഹസ്യാന്വേഷണവിഭാഗങ്ങളില്‍ മുന്‍നിരയില്‍ ജോലി ചെയ്തിരുന്നവരും. ആദ്യ രണ്ടു സിനിമകള്‍ കണ്ടാല്‍ തീര്‍ച്ചയായും ഇത് കണ്ടിരിക്കണം. മറ്റു സിനിമകളിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ ചുരുളഴിയുന്നത് ഇവിടെയാണ്‌.

-----------
ഇവിടെ കഥ ഒരിക്കല്‍പ്പോലും അനാവശ്യമായ വേഗതയില്‍ പോകുന്നില്ല. ക്യാമറയുടെ ചലനങ്ങളും അങ്ങനെ തന്നെ. സിനിമയില്‍ ഇടയ്ക്കു വരുന്ന കാര്‍ ചെയ്സ് പോലും വളരെ കയ്യടക്കത്തോട് കൂടിയാണ് കാണിക്കുന്നത്. സാധാരണ മനുഷ്യരുടെ കഥകള്‍ ആയത്കൊണ്ട് തന്നെ അമാനുഷികമായതോ സങ്കല്‍പ്പിക്കാന്‍ പ്രയാസമുള്ളതോ ഒന്നും തന്നെ ഇവര്‍ ചെയ്യുന്നില്ല. ഓരോ ക്യാരക്ടറിനും പ്രത്യേക അസ്ഥിത്വം ഉണ്ട്. ചിലരുടെ ഇരുണ്ട വശങ്ങള്‍ മൂടി വയ്ക്കപ്പെട്ടിട്ടുണ്ട് എന്ന് മാത്രം. നല്ലൊരു കഥ അതിനൊത്ത തിരനാടകം ഒപ്പം കഥയുടെ ആത്മാവ് കൈവിടാതെയുള്ള സംവിധാനവും. അഭിനേതാക്കളെ തിരഞ്ഞെടുത്തതില്‍ പോലും പ്രശംസയര്‍ഹിക്കുന്നു. സിനിമ കണ്ടു കഴിഞ്ഞ ആര്‍ക്കാണ് ലിസ്ബെത്തിനെ അവതരിപ്പിച്ച നൂമി റാപെസിനെ മറക്കാന്‍ കഴിയുക. സിനിമക്ക് വേണ്ടി ആറു മാസത്തിലധികം നീണ്ടു നിന്ന കഠിനപ്രയത്നം തന്നെ നടത്തിയിരുന്നു ഈ നടി. മറ്റു കഥാപാത്രങ്ങളുടെ അഭിനയവും അങ്ങനെ തന്നെ. ലിസ്ബെത്തിന്റെ ഗാര്‍ഡിയന്‍ ആയി വരുന്ന കഥാപാത്രം തുടക്കത്തില്‍ ലിസ്ബെത്തിനെ തന്റെ കാല്‍ക്കീഴില്‍ ചവിട്ടിയരക്കുന്നതായാണ് കാണിക്കുന്നത്. കഥയുടെ പിന്നീടുള്ള മാറ്റത്തില്‍ ലിസ്ബെത്തിനെ പേടിക്കുന്നയാളായുള്ള അയാളുടെ സ്വഭാവ മാറ്റം വളരെ കണ്‍വിന്‍സിംഗ് ആയിരുന്നു.

വാല്:- പതിവ് തെറ്റുന്നില്ല. ഈ സിനിമകള്‍ക്കും ഒരു ഹോളിവുഡ് വേര്‍ഷന്‍ വരുന്നു. എന്നാല്‍ ഇത് ഈ സിനിമാ ത്രയത്തെ ബേസ് ചെയതല്ല മറിച്ചു മില്ലേനിയം ത്രയത്തെ ആധാരമാക്കിയാണ്. ചിലപ്പോള്‍ കൂടുതല്‍ ആയുധങ്ങള്‍, കാര്‍ ചെയ്സ് അങ്ങനെയൊക്കെ ആകുമോ?!. എന്തായാലും ഹോളിവുഡ് സിനിമകളുടെ ബഡ്ജറ്റിനു ഒരു സിനിമയെ നന്നാക്കാനും കൊല്ലാനും കഴിവുണ്ടല്ലോ. കാത്തിരുന്നു കാണാം.

തീര്‍ച്ചയായും കണ്ടിരിക്കേണ്ടുന്ന ഒരു ത്രില്ലര്‍.
10

മീശ













La Moustache(2005)

2005 ലെ കാന്‍സ്‌ ഫെസ്റ്റിവലില്‍ 'Quinzaine des Réalisateurs'(Directors FortNight) വിഭാഗത്തിലാണ് ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത് . സിനിമയിലെ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ വിഭാഗം ഒരു മത്സര വിഭാഗമല്ല. ഒരു മീശയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഇവിടെ. ഫിക്ഷന്‍ ഏതാണ് യാഥാര്‍ത്ഥ്യം ഏതാണ് എന്ന് തിരിച്ചറിയാന്‍ പ്രയാസമുള്ള രീതിയിലാണ് കഥയുടെ പോക്ക്. ഒരു മീശ കാരണം കഥാനായകന് സംഭവിക്കുന്ന ദുരന്തങ്ങള്‍ ഇനിയെന്ത്‌ എന്ന് ആകാംക്ഷ ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇമ്മാനുവല്‍ കാരെറുടെ തിരക്കഥക്ക് അദ്ദേഹം തന്നെ സംവിധാനവും നിര്‍വഹിക്കുന്നു. അദ്ദേഹത്തിന്‍റെ തന്നെ നോവലിനെ ആധാരമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഒരു ദിവസം രാവിലെ മാര്‍ക് തന്റെ മീശ വടിക്കുന്നതിനെക്കുറിച്ച് ഭാര്യ ആഗ്നെസിനോട് അഭിപ്രായം ആരായുന്നു. ജീവിതത്തില്‍ ഇന്നേ വരെ തന്റെ ഭര്‍ത്താവിനെ മീശ വടിച്ചു കണ്ടിട്ടില്ലാത്തതിനാല്‍ അവള്‍ക്ക് ഒരു നല്ല മറുപടി പറയാന്‍ കഴിയുന്നില്ല. എങ്കിലും അയാള്‍ തന്റെ മീശ വടിക്കുന്നു--മീശ പ്രധാന കാഥാപാത്രമായതുകൊണ്ട് തന്നെ മീശ വടിക്കുന്നത് ഏതാണ്ട് മുഴുവനായും ക്ലോസപ്പ് ഷോട്ടില്‍ തന്നെ കാണിച്ചിട്ടുണ്ട്.--താന്‍ കൂടുതല്‍ സുന്ദരനായതായി അയാള്‍ക്ക്‌ അനുഭവപ്പെടുന്നു. ഭാര്യയുടെ അഭിപ്രായത്തിനായി അയാള്‍ അവളുടെ മുന്നിലേക്ക്‌ ചെല്ലുന്നു. മീശ വടിച്ചെന്നു കാണിക്കത്തക്ക വിധത്തില്‍ അയാള്‍ അവളുടെ മുന്‍പില്‍ പെരുമാറുന്നു. എന്നാല്‍ അയാള്‍ക്ക്‌ യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ഭാര്യ അയാളുടെ മുന്‍പിലൂടെ നടന്നകലുന്നു. അതില്‍ അയാള്‍ക്ക്‌ അല്‍പ്പം നീരസവും അത്ഭുതവും തോന്നുന്നു. എങ്കിലും തന്റെ മാറ്റത്തെ കൂടെ ജോലി ചെയ്യുന്നവര്‍ എങ്ങനെ വിലയിരുത്തുന്നു എന്നത് അറിയാനുള്ള ആകാംക്ഷ അയാളിലുണ്ടാവുന്നു. എന്നാല്‍ അയാള്‍ ഇവിടെയും പരാജിതനാവുന്നു. അയാള്‍ക്ക്‌ യാതൊരു മാറ്റവും സംഭവിക്കാത്ത രീതിയില്‍ തന്നെ അവരും പെരുമാറുന്നു. ഓഫീസിനു തൊട്ടു മുന്‍പിലെ കോഫി ഷോപ്പിലും ഇതേ അവസ്ഥ. ഒരുപക്ഷെ അയാള്‍ ഒരു സ്വപ്നത്തിലായിരുന്നെങ്കിലോ? അതോ ഇനി ഇവര്‍ തന്നെ പറ്റിക്കുകയാണോ?...ആല്‍പ്പം തമാശ നിറഞ്ഞ രംഗങ്ങളിലൂടെ കഥ വികസിക്കുന്നു.

തിരിച്ചു വീട്ടിലെത്തിയ ശേഷം ഭാര്യയോട് ഒന്നിച്ചു അയാള്‍ കുടുംബസുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ചെല്ലുന്നു. തന്റെ സുഹൃത്തുക്കള്‍ താന്‍ മീശ വടിച്ചതിനെക്കുറിച്ച് എന്തായാലും പ്രതികരിക്കുമെന്ന് അയാള്‍ വിചാരിക്കുന്നു. പക്ഷെ അവരും അയാളുടെ പരാജയത്തിന്റെ ആക്കം കൂട്ടുന്നു. ഇത് അയാളെ കൂടുതല്‍ വിഷമത്തിലാക്കുന്നു. തിരച്ചു വീട്ടിലേക്കു സഞ്ചരിക്കവേ ദേഷ്യവും സങ്കടവും ഇട കലര്‍ന്ന ഒരു നിമിഷത്തില്‍ അയാള്‍ തന്റെ ഭാര്യയോട് പൊട്ടിത്തെറിക്കുന്നു. മീശ വടിച്ചതിനെ ആരും ഗൌനിക്കാത്തതില്‍ അയാള്‍ക്ക്‌ വിഷമമുണ്ടെന്നും പറയുന്നു. ഇത് അവളെ തെല്ല് അത്ഭുതപ്പെടുത്തുന്നു.എന്നാല്‍ തിരികെ വീട്ടിലെത്തിയ ശേഷം അയാള്‍ കാര്യമായി തന്നെയാണ് മീശയെക്കുറിച്ചു ചോദിച്ചത് എന്നറിഞ്ഞ നിമിഷം അവളുടെ അത്ഭുതം ഭയപ്പാടിലേക്ക് വഴിമാറുന്നു. അയാള്‍ ഇന്നേ വരെ ഒരിക്കല്‍ പോലും മീശ വെച്ച് കണ്ടില്ലെന്ന സത്യം അവള്‍ പറയുന്നു. തന്റെ ഭാര്യ കള്ളം പറയുകയാണ്‌ എന്ന് അയാള്‍ വിശ്വസിക്കുന്നു. എങ്കിലും അവളുടെ ഭയം അയാളെ തെല്ലൊന്നു അമ്പരപ്പിക്കുകയും ചെയ്യുന്നു. ശരിക്കും തനിക്ക് മീശയില്ലേ?! ...എങ്കിലും പിന്നീട് ഇതിനെക്കുറിച്ച് തല്‍ക്കാലം ചര്‍ച്ച ചെയ്യേണ്ടെന്ന് തന്നെ അയാള്‍ തീരുമാനിക്കുന്നു.

അവര്‍ രണ്ടു പേരും അടുത്ത ദിവസം സ്വരച്ചേര്‍ച്ചയിലെത്താന്‍ ശ്രമിക്കുന്നു. കൊമാളികള്‍ക്ക് അനുയോജ്യം എന്ന് മാര്‍ക് സ്വയം വിലയിരുത്തിയ കുപ്പായം ഭാര്യയുടെ ഇഷ്ട്ടപ്രകാരം വാങ്ങിക്കുന്നു. അങ്ങനെ നടക്കുന്ന കാര്യങ്ങളെല്ലാം ഭാര്യയുടെ ഇഷ്ട്ടത്തിനു. ഭാര്യയുടെ സന്തോഷത്തിന് ഒരു മനശാസ്ത്രജ്ഞ്ജനെ കാണാം എന്നും അയാള്‍ സമ്മതിക്കുന്നു.സിനിമയുടെ തുടക്കം മുതല്‍ പാശ്ചാത്തലത്തില്‍ വരുന്ന ഗ്ലൂമി മൂഡിലുള്ള പിയാനോയുടെ സംഗീതം വീണ്ടും മുറുകുന്നു. സഹീറില്‍ പൌലോ കൊയലോ പറയുന്നുണ്ട് ദാമ്പത്യ ജീവിതത്തില്‍ സ്ത്രീ പുരുഷന്‍മാര്‍ റെയില്‍പ്പാളത്തിലെ റെയിലുകള്‍ പോലെയാണെന്ന്. ഒരു നിശ്ചിത അകലത്തില്‍ നില്‍ക്കുമ്പോള്‍ മാത്രം സന്തോഷകരമായ ജീവിതം. ഇപ്പോള്‍ ഒരു മീശയില്‍ നിന്നും തുടങ്ങിയ പ്രശ്നങ്ങള്‍ സങ്കീര്‍ണമാവുകയാണ് . അയാള്‍ ബാലിയിലെ വിനോദസഞ്ചാരവേളകളില്‍ എടുത്ത ചിത്രങ്ങളിലൂടെ കണ്ണോടിക്കുന്നു. താന്‍ ഉള്‍പ്പെട്ട എല്ലാ ചിത്രങ്ങളും നോക്കുന്ന അയാള്‍ തനിക്കും ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാവുന്നു;എല്ലാ ചിത്രത്തിലും തനിക്ക് മീശയുണ്ട്. അതോ ഒരു പക്ഷെ തനിക്ക് തോന്നുന്നതാണോ? അതോ തന്റെ ഭാര്യ ഇപ്പോള്‍ സംശയിക്കാന്‍ തുടങ്ങുന്നത് പോലെ തനിക്ക് മാനസികമായ എന്തെങ്കിലും പ്രശ്നമുണ്ടോ?പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ട് അടുത്ത ദിവസം മറ്റൊരു കാര്യം കൂടി മാര്‍ക് ആഗ്നെസില്‍ നിന്നും അറിയുന്നു. തന്റെ അച്ഛന്‍ കഴിഞ്ഞ വര്‍ഷം മരിച്ചിരിക്കുന്നു. തന്റെ ഭാര്യ കള്ളം പറയുന്നുവെന്നു അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം തൊട്ടു മുന്‍പേയാണ് ഫോണിലെ അച്ഛന്റെ സന്ദേശം അയാള്‍ വായിച്ചത്.

അടുത്ത ദിവസം മാര്‍കിന്റെ ജീവിതത്തില്‍ നടക്കുന്ന രണ്ടു സംഭവങ്ങള്‍ ഭാര്യ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു എന്ന് അയാളെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഒടുവില്‍ തന്റെ വ്യക്തിത്വത്തെ തിരിച്ചറിയാന്‍ പോലും കഴിയാത്ത ഒരു അവസ്ഥയില്‍ അയാള്‍ പാരീസില്‍ നിന്നും ഹോങ്കോങ്ങിലെക്ക് പുറപ്പെടുന്നു. ഒടുവില്‍ കുറെ നാളുകള്‍ അവിടെ. അയാള്‍ക്ക്‌ മീശയും താടിയും വളരുന്നു.അവിടത്തെ ജനങ്ങളുമായി അയാള്‍ ഇടപഴകുന്നു. തീര്‍ത്തും പുതിയ ജീവിതം.ഒടുവില്‍ സിനിമ അതിന്റെ ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ കഥയില്‍ ഒരു വഴിതിരിവുണ്ടാക്കുന്നു. ഒരുപാട് വിശകലങ്ങള്‍ക്ക് വഴി തുറന്നിട്ടുകൊണ്ട് സിനിമ അവസാനിക്കുമ്പോള്‍ ഏതൊരു പ്രേക്ഷകനും കഥയില്‍ ഇതുവരെ നടന്ന സംഭവങ്ങളെ ഓര്‍ത്തെടുത്ത് ഫിക്ഷനും റിയാലിറ്റിയും തമ്മില്‍ വേര്‍തിരിക്കുവാന്‍ ശ്രമിച്ചേക്കും. പക്ഷെ അങ്ങനെ ഒരു വേര്‍തിരിവ് സിനിമയില്‍ ഇല്ലെന്നതാണ് സത്യം. സംവിധായകന്‍ പറയുന്നത് അങ്ങനെയൊരു വിശകലനത്തിനു വഴി തുറന്നിടുന്നു എന്നല്ലാതെ കഥയിലെ ക്ലൈമാക്സിനു പ്രേക്ഷകര്‍ക്ക്‌ ഉള്ള വിശദീകരണങ്ങള്‍ മാത്രമേ പടം മുന്നോട്ടു വെക്കുന്നുള്ളു എന്നാണ്. സന്തോഷകരമല്ലാത്ത ഒരു ദാമ്പത്യ ജീവിതത്തെ ഒടുവില്‍ സുഖകരമായ രീതിയില്‍ ആണ് സിനിമയില്‍ കാണിക്കുന്നത്. പുതുതായി വളര്‍ത്തി വന്ന മീശയെ വടിച്ചാല്‍ മാര്‍ക്കിനെ എങ്ങനെയിരിക്കും കാണാന്‍ എന്ന് ജിജ്ഞാസയോടെ ചോദിക്കുന്ന ഭാര്യ....ഈ പുതിയ ഷര്‍ട്ട് കോമാളികള്‍ക്ക് ധരിക്കാന്‍ കൊള്ളാം എന്ന് പറയുന്ന ഭാര്യ...അങ്ങനെ ഒരുപക്ഷെ അയാളുടെ താല്‍പര്യങ്ങളെ അതെ കോണിലൂടെ തന്നെ നോക്കി കാണുന്ന ഒരു ഭാര്യ...

ഇവിടെ പ്രേക്ഷകന്‍ കാണുന്ന കാഴ്ചകള്‍ മാര്‍കിലൂടെയാണ്.മറ്റുള്ളവര്‍ മാര്‍കിനെക്കുറിച്ച് അവരുടെ സ്വകാര്യസന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും പറഞ്ഞിരിക്കുമോ എന്ന് അറിയുന്നില്ല. അതുകൊണ്ട് തന്നെ മാര്‍കിനെപ്പോലെ തന്നെ സംശയങ്ങള്‍ പ്രേക്ഷകനും ഉണ്ടാവും. മാര്‍കിനു അനുഭവപ്പെടുന്ന അത്ഭുതവും നിരാശയും എല്ലാം പ്രേക്ഷകനും അനുഭവപ്പെടാം. വളരെ നിസ്സാരമെന്നു തോന്നുന്ന ഒരു മീശ എങ്ങനെ ജീവിതത്തില്‍ വില്ലനാവുന്നു എന്ന് അതിശയോക്തി ഒട്ടും ഇല്ലാതെയാണ് അവതരിപ്പിക്കുന്നത്‌. കഥക്കനുയോജ്യമായ രീതിയിലുള്ള വേഗതയിലാണ് സിനിമയുടെ സഞ്ചാരം. പതുക്കെയാണ് പോക്കെങ്കിലും കഥയുടെ ഗതി ഒട്ടും ബോറടിപ്പിച്ചില്ല എന്ന് പറയാം. ഫ്രഞ്ച് സിനിമകളും പരീക്ഷണ സിനിമകളും ഇഷ്ട്ടപ്പെടുന്നവര്‍ക്കായിരിക്കും സിനിമയെ കൂടുതല്‍ ഇഷ്ട്ടപ്പെടുക. ചിലരെയെങ്കിലും ക്ലൈമാക്സിലെ ട്വിസ്റ്റ്‌ ആലോസരപ്പെടുത്തിയെന്നും വരാം.



8

ഇന്നസന്‍റ് വോയിസസ്











1980 മുതല്‍ പന്ത്രണ്ടു വര്‍ഷം എല്‍ സാല്‍വഡോര്‍ എന്ന രാജ്യത്ത്‌ നടന്ന സിവിലിയന്‍ യുദ്ധം, ചാവ എന്ന് പേരുള്ള ഒരാണ്‍കുട്ടിയുടെ വിവരണങ്ങളിലൂടെ നോക്കിക്കാണുന്ന ഈ സിനിമ യുദ്ധത്തിനെതിരെ സംസാരിക്കുന്ന ഒന്നാണ്. കര്‍ഷകരും പട്ടാളക്കാരും തമ്മില്‍ ഉണ്ടായ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പിന്നീട് കര്‍ഷകരെ FMLN എന്ന ഗറില്ല സംഘടന രൂപം കൊടുക്കന്നതില്‍ ചെന്നെത്തിക്കുകയും പിന്നീടത് പട്ടാളക്കാരുമായി വര്‍ഷങ്ങളോളം നീണ്ടു നിന്ന യുദ്ധാവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.എന്നാല്‍ ഇതൊരു യുദ്ധ ചിത്രം അല്ല.ഗറില്ലകളും പട്ടാളക്കാരും തമ്മിലുള്ള ആക്രമണങ്ങള്‍ പലപ്പോഴായി കാണിക്കുന്നുണ്ടെന്നാലും വൈകാരികമായി എന്നാല്‍ അല്‍പ്പം നര്‍മ്മം കലര്‍ത്തിയും ആണ് സിനിമയെ അവതരിപ്പിക്കുന്നത്‌.

സിനിമയുടെ തുടക്കത്തില്‍ കാണുന്ന രംഗം തന്നെയാണ് ഇവിടെ പോസ്റ്റിന്റെ തുടക്കം കാണിച്ചിരിക്കുന്ന ചിത്രം. മഴ ശക്തിയായി വീണുകൊണ്ടിരിക്കുന്ന ചെളിവെള്ളം നിറഞ്ഞ വഴികളിലൂടെ നടന്നു നീങ്ങുന്ന തോക്കുധാരികളായ പട്ടാളക്കാര്‍ക്കിടയില്‍ കൈകള്‍ തലയ്ക്കു പിന്നില്‍ ചേര്‍ത്തു വെച്ച് നടന്നു നീങ്ങുന്ന പന്ത്രണ്ടു വയസ്സില്‍ താഴെ മാത്രം പ്രായം വരുന്ന മൂന്ന് ആണ്‍കുട്ടികള്‍. അവരെ കാണുന്നതും വീട്ടിലെ ആണ്‍കുട്ടിയെ എടുത്തു മാറോടു ചേര്‍ത്ത് വെക്കുന്ന ഒരമ്മയെയും കാണാം.പാശ്ചാത്തലസംഗീതത്തിന്റെയൊപ്പം മഴയുടെ ശബ്ദം മാത്രം. ആ കുരുന്നുകള്‍ക്കറിയാം അവരെ പട്ടാളക്കാര്‍ കൊണ്ടുപോകുന്നത് കൊല്ലാനാണെന്ന് .കുട്ടികളിലൊരാളായ ചാവയുടെ ജീവിതത്തിലൂടെ ഫ്ലാഷ് ബാക്ക് ആയി സിനിമ തുടങ്ങുന്നു.

യുദ്ധം ബാല്യത്തിലെ തന്നെ കണ്മുന്‍പില്‍ കണ്ടുവളരുന്നവരായിരുന്നു ചാവയുള്‍പ്പെടെയുള്ള ആ പ്രദേശത്തെ കുട്ടികള്‍. ദൈനംദിന ജീവിതത്തെ അവര്‍ അതിനനുസരിച്ചു പാകപ്പെടുത്തിയിരിക്കുന്നു.വീടുകള്‍ക്ക് പുറത്തും സ്കൂളിന് ചുറ്റും വഴിയോരങ്ങളിലും അങ്ങനെ ഒരു പ്രദേശം മുഴുവന്‍ ചുറ്റിക്കറങ്ങുന്ന പട്ടാളക്കാര്‍. രാത്രിയില്‍ എല്ലാ ദിവസവും കേള്‍ക്കുന്ന വെടിയൊച്ചകള്‍. അവ ഇടയ്ക്കു വീടിന്റെ ഭിത്തി തുളച്ചു വന്നെന്നും വാരാം.ഗറില്ലകളും പട്ടാളവും തമ്മിലുള്ള യുദ്ധം കാരണം പട്ടാളം രാത്രികളില്‍ അവിടെ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു മുന്‍പേ വീടണയുക എന്നതാണ് കുട്ടികള്‍ക്ക് വീട്ടില്‍ നിന്നുമുള്ള നിര്‍ദേശം. ഒരിക്കല്‍ ഗറില്ലകളും പട്ടാളവും തമ്മിലുള്ള യുദ്ധം നടന്നത് ഒരധ്യയനദിവസം സ്കൂള്‍ കേന്ദ്രീകരിച്ചായിരുന്നു.കണ്മുന്പിലൂടെ പോകുന്ന തോക്കുധാരികളായ പട്ടാളക്കാര്‍. ചിതറിത്തെറിക്കുന്ന ക്ലാസ്സ്‌ മുറികളിലെ ജനാലച്ചില്ലുകള്‍. ചുരുക്കത്തില്‍ സ്കൂള്‍ അന്തരീക്ഷം പലപ്പോഴും കുട്ടികള്‍ക്ക് ഭീതി നിറഞ്ഞവയായി മാറിക്കൊണ്ടിരുന്നു.

പന്ത്രണ്ടു വയസ്സായാല്‍ ആണ്‍കുട്ടികളെ നിര്‍ബന്ധമായും പട്ടാളത്തില്‍ ചേര്‍ക്കുക എന്നതായിരുന്നു അവിടുത്തെ പട്ടാളനിയമം.പട്ടാളം അവിടുത്തെ സ്കൂളില്‍ എത്തി പന്ത്രണ്ടു വയസ്സ് തികയുന്നവരെ പേര് വിളിക്കുന്ന രംഗം കുട്ടികളുടെ ഭീതി നിറഞ്ഞ മുഖങ്ങളിലൂടെ പകര്‍ത്തുന്നുണ്ട് സിനിമ.ആ കൂട്ടത്തില്‍ ചാവയുടെ രണ്ടു കൂട്ടുകാരും ഉള്‍പ്പെട്ടിരുന്നു. കുട്ടികളെ ബാല്യത്തിലെ സൈന്യത്തില്‍ ചേര്‍ത്തില്ലെങ്കില്‍ അവരും മറ്റുള്ളവരെപ്പോലെ ഗറില്ല പോരാളികളുടെ കൂട്ടത്തില്‍ ചേര്‍ന്നേക്കാം എന്ന കാരണത്താലാവാം അത്. ഒരിക്കല്‍ ചാവയുടെ അമ്മ തന്റെ സഹോദരനായ പോരാളിയോടു അവരുടെ കൂട്ടത്തിലേക്കും അവര്‍ നിര്‍ബന്ധിച്ചല്ലെന്കിലും ചെര്‍ക്കുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട്. തന്റെ മക്കളെ കാര്‍ഡ്‌ബോര്‍ഡിന്റെ മേല്‍ക്കൂരയുള്ള വീട്ടിനുള്ളില്‍ ചീറിയെത്തുന്ന തോക്കിന്റെ തിരകളില്‍ നിന്ന് രക്ഷിക്കണം ചാവയുടെ അമ്മമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക്. ആണുങ്ങള്‍ പലരും അലസരോ അല്ലെങ്കില്‍ ഗറില്ലകളില്‍ ഒരാളോ ആയി മാറിക്കഴിഞ്ഞിരുന്നു.കുട്ടികളാവട്ടെ ബാല്യത്തിലെ സൈന്യത്തിലേക്കും. തന്റെ മക്കളെ കരുതലോടെ സൂക്ഷിച്ചു വെക്കാന്‍ ചാവയുടെ അമ്മക്ക് വേണ്ടി വരുന്ന പ്രയാസങ്ങള്‍ മനസ്സില്‍ തട്ടുന്ന രീതിയില്‍ തന്നെ ലിയോനോര്‍ വരേല അഭിനയിച്ചു പ്രതിഫലിപ്പിച്ചിരിക്കുന്നു. ഒപ്പം ചാവയുടെ വേഷം അണിഞ്ഞ കുട്ടിയും.

സിനിമ പലപ്പോഴും പട്ടാളക്കാരുടെ എതിരെ നിന്ന് കൊണ്ടാണ് സംസാരിക്കുന്നത്. ഒരുപക്ഷെ ചാവയുടെ കാഴ്ചപ്പാട്‌ എന്നതുകൊണ്ടാവാം അങ്ങനെ.സിനിമ, എഴുത്തുകാരനായ ഓസ്കാര്‍ ടോറസ് എല്‍ സാല്‍വഡോറിലെ തന്റെ ബാല്യത്തെക്കുറിച്ചു എഴുതിയത് ആധാരമാക്കിയാണ് എടുത്തിട്ടുള്ളത്‌. ചാവ പ്രതിനിധീകരിക്കുന്നത് ഒസ്കാറിനെ തന്നെയാണ്.

12

ഇന്‍ ജൂലൈ

Im Juli(2000)











റൊമാന്‍സ് എന്ന വിഷയം കൈകാര്യം ചെയ്യുന്നുന്ടെകിലും ഒരു റോഡ്‌ മൂവി എന്ന വിശേഷണം ആവും കൂടുതല്‍ ചേര്‍ച്ച. എന്നാല്‍ ആ വിശേഷണവും പൂര്‍ണമല്ല. ഒരു 'അബ്സ്യുര്‍ഡ്' ആന്‍ഡ്‌ 'ക്രേസി' എന്ന ലേബല്‍ ആവും നല്ലത്. സിനിമയെ അങ്ങനെ ഒരു ലേബല്‍ ഒട്ടിച്ചു മുന്‍വിധിയോടെ കാണണം എന്നതുകൊണ്ട് അല്ല പറഞ്ഞത്.

ദാസ്‌ എക്സ്പിരിമെന്റ്റ്‌, റണ്‍ ലോല റണ്‍ എന്നീ സിനിമകള്‍ ഓര്‍മ്മയില്ലേ? ഏറ്റവും മികച്ച രണ്ടു ജര്‍മ്മന്‍ സിനിമകളായിരുന്നു അവ. ഈ സിനിമകളിലെ നായകനാണ് ഇവിടെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. എങ്കിലും അത്തരം ഫിലിമുകളുടെ ഒരു നിലവാരം അല്ല. അതാണ്‌ നേരത്തെ ഒരു ലേബല്‍ ഒട്ടിച്ചത്.പക്ഷെ അത്യന്തം ആസ്വാദ്യകരമായ ഒരു നല്ല സിനിമയാണ് ഇന്‍ ജൂലായ്‌.

ടീച്ചിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന ആളാണ്‌ ഡാനിയല്‍. ക്ലാസിന്റെ അവസാന ദിവസം അവന്‍ ജുലായി എന്ന് പേരുള്ള ഒരു പെണ്ണിനെ കാണുന്നു. അവള്‍ അവന്റെ കാമുകിയെ കാണിച്ചു കൊടുക്കാന്‍ പറ്റുന്ന ഒരു മോതിരം അവനു വില്‍ക്കുന്നു.ആ മോതിരത്തില്‍ കാണുന്ന സൂര്യനെ അടയാളം കാണിക്കുന്ന പെണ്ണായിരിക്കും അവന്റെ കാമുകി. സത്യത്തില്‍ അവനെ പതിവായി കാണുന്ന അവള്‍ക്കു അവനോടു സ്നേഹമുണ്ട്.അത് നേരിട്ട് പറയാതിരിക്കാന്‍ ചെയ്യുന്ന ഒരു സൂത്രം മാത്രമായിരുന്നു ഈ മോതിരം. അന്ന് തന്നെ രാത്രി സൂര്യന്റെ ചിഹ്നം അടയാളമായുള്ള ഒരു ഉടുപ്പും ധരിച്ചു അവള്‍ രാത്രി അവന്റെ അടുത്തേക്ക് എത്തുന്നു.

സ്വാഭാവികമായും മറ്റു സിനിമകളില്‍ സംഭവിക്കാറുള്ള പോലെ തന്നെ അവന്‍ മറ്റൊരു പെണ്‍കുട്ടിയെ ഇതേ അടയാളവുമായി കാണുകയും അവളെ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതു പ്രേക്ഷകന്‍ കാണുന്നു,ഒപ്പം പ്രണയം പറയാന്‍ കഴിയാതെ ജൂലൈ മടങ്ങിപ്പോകുന്നതും.പിറ്റേ ദിവസം അവള്‍ അവനെയും ഉപേക്ഷിച്ചു ഇസ്താംബൂളിലേക്ക് പോകുന്നു.ജൂലൈ മോതിര അടയാളത്തെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ അന്ധമായി വിശ്വസിക്കുകയും അതോടൊപ്പം തന്റെ മുറിയില്‍ ഒരു ദിവസമെന്കിലും തങ്ങിയ അവളോട്‌ പ്രണയം തോന്നുകയും ചെയ്യുന്ന അവന്‍ ഒരു കാറും എടുത്തു അവന്‍ ഇപ്പോള്‍ താമസിക്കുന്ന ജര്‍മ്മനിയിലെ ഹംബര്‍ഗ്ഗില്‍ നിന്നും ഇസ്താംബൂളിലേക്ക് യാത്ര പോകാന്‍ തുടങ്ങുന്നു(യുറോട്രിപ്പില്‍ നായികയെത്തേടിയുള്ള നായകന്‍റെ രസകരമായ യാത്ര ഓര്‍മ്മയില്ലേ).ഡാനിയെലിനോട് പ്രണയം പറയാന്‍ കഴിയാതിരുന്ന ജൂലൈ മറ്റൊരു ദേശത്തേക്ക് പോകാന്‍ യാത്ര തിരിക്കുന്നു. യാദ്രിശ്ചികമായി(അതെ തികച്ചും യാദ്രിശ്ചികമായി!) അവള്‍ പോകാന്‍ കൈ കാണിക്കുന്ന വണ്ടി അവന്റെ ആയിരുന്നു. ഇതോടെ ഒരു യാത്ര രസകരമായ സന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്നു.

നേരത്തെ ഒരു ലേബല്‍ ഈ സിനിമക്ക് ഒട്ടിച്ചു കൊടുക്കാന്‍ കാരണം അതിലെ ഒരുപാട് സീനുകള്‍ തന്നെയാണ്.കഥയുടെ ആദ്യത്തെ ഷോട്ട് മുതലുണ്ട് ഈ സിനിമയുടെ ക്രേസി അല്ലെങ്കില്‍ ഒരു മണ്ടന്‍ സ്വഭാവം. ഒരു ശവശരീരവും കാറിന്റെ ഡിക്കിയില്‍ വെച്ച് രാജ്യാതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് അത്തരത്തിലൊന്ന്. രാജ്യതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും ആയി കസേരയും ഇട്ടു ചെസ്സ്‌ കളിക്കുന്ന പട്ടാളക്കാരെ കാണാം. അതിര്‍ത്തി കടക്കാന്‍ വേണ്ടി മാത്രം താല്‍ക്കാലികമായി മാത്രം പാസ്പ്പോര്‍ട്ട് ഉള്ളവളെ കല്യാണം കഴിക്കുന്നത്‌ കാണാം.

ഇങ്ങനെ പോകുന്നു സിനിമയിലെ കാര്യങ്ങള്‍. ഇതെല്ലാം വളരെ ആസ്വാദ്യകരമായ രീതിയില്‍ ആണ് സിനിമയില്‍ അവതരിപ്പിക്കുന്നത്‌.ഒരു ഫീല്‍ ഗുഡ്‌ മൂവി എന്ന് പറയാം.
0

ഇന്‍ ദി നെയിം ഓഫ് ദി ഫാദര്‍(1993)













ചെയ്യാത്ത കുറ്റത്തിന് കുറ്റസമ്മതം നടത്തേണ്ടി വരികയും ശേഷം ബ്രിട്ടനില്‍ ജയിലിലടക്കപ്പെടുകയും ചെയ്ത ഒരു ഐറിഷുകാരന്റെ കഥ പറയുന്നു ഈ ചിത്രം. ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ('Guildford Four') ആധാരമാക്കിയാണ്.ജെറി കൊണ്ലോന്‍ എഴുതിയ ആത്മകഥ 'Proved Innocent' ആണ് ഒരു നല്ല തിരക്കഥയാക്കി മാറ്റിയിരിക്കുന്നത്.എങ്കിലും കഥയിലെ ചില കാര്യങ്ങള്‍ ഫിക്ഷന്‍ ആണ്.അല്‍പ്പം ഞെട്ടലോടെയാണ് സിനിമ കണ്ടു തീര്‍ത്തത് എന്ന് പറയാം.ജീവിതത്തിന്റെ യൌവനാവസ്ഥകള്‍ ഭൂരിഭാഗവും ജയിലറകള്‍ക്കുള്ളില്‍ ഒരു കുറ്റവും ചെയാതെ കഴിയേണ്ടി വരിക.ഒന്നോര്‍ത്തു നോക്കു.അങ്ങനെ ശിക്ഷയുടെ ഏതാണ്ട് മുക്കാല്‍ പങ്കും ജയിലില്‍ കഴിയേണ്ടി വരുന്ന നാല് പേരുടെ കഥ.

സിനിമ തുടങ്ങുന്നത് 'ഇന്‍ ദി നെയിം ഓഫ് വിസ്കി' എന്ന് തുടങ്ങുന്ന കുറെ വാചകങ്ങള്‍ പറഞ്ഞുകൊണ്ടാണ്. പടം അവസാനിക്കുന്നത് 'ഇന്‍ ദി നെയിം ഓഫ് ഫാദര്‍' എന്ന് പറഞ്ഞു കൊണ്ടും.കഥയുടെ തുടക്കത്തിലുള്ള ഈ വാചകങ്ങള്‍ തന്നെയാണ് കഥയുടെ പള്‍സും.മോഷണം നടത്തി പണം ഉണ്ടാക്കുന്ന ജെറി കൊണ്ലോന്‍ ഒരു ദിവസം സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍ കാണിക്കുന്നതിലൂടെയാണ് സിനിമ തുടങ്ങുന്നത്.മോഷണം നടത്തുകയായിരുന്ന ജെറിയുടെ കയ്യില്‍ ഒരു സ്നൈപ്പര്‍ റൈഫിള്‍ ആണെന്ന് തെറ്റിധരിക്കുകയായിരുന്നു ബെല്‍ഫാസ്റ്റില്‍ തമ്പടിച്ചിരുന്ന ബ്രിട്ടീഷ്‌ പട്രോളിംഗ്‍.ഒരുപക്ഷെ IRAയുടെ തോക്കുധാരികളില്‍ ഒരാളാണെന്ന് തെറ്റിദ്ധരിക്കുന്ന പട്ടാളം അവനു നേരെ വെടിയുതിര്‍ക്കുന്നു.മോഷണ വസ്തുവും ഉപേക്ഷിച്ചു അവിടെ നിന്നും ഓടുന്ന ജെറിയെ പിന്തുടര്‍ന്ന് പട്ടാളം മുഴുവനും ടാങ്കറുകളുടെയും മറ്റും അകമ്പടിയോടെ എത്തുന്നു. എന്നാല്‍ 'IRA'യുടെ സ്വതന്ത്ര്യപ്പോരാളികളില്‍ ഒരാളെന്ന് കരുതി ഐറിഷ് ജനക്കൂട്ടം അവനെ രക്ഷപ്പെടുവാന്‍ സഹായിക്കുന്നു.ഒപ്പം കുട്ടികളടക്കമുള്ളവര്‍ അവന്റെയൊപ്പം നിന്ന് ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ കല്ലെറിഞ്ഞും 'molotov cocktail' ടാങ്കറുകള്‍ക്കു മുകളിലേക്ക് ചുഴറ്റിയെറിഞ്ഞും പ്രതിരോധിക്കുന്നു.പിന്നീട് അവന്‍ ഒരു കള്ളന്‍ മാത്രമാണെന്ന് അവര്‍ തിരിച്ചറിയുന്നു.കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ജെറിയെ അച്ഛന്‍ ഗ്യുസ്സെപ്പെ കൊണ്ലോന്‍ അവന്റെ ആന്റിയുടെ ബ്രിട്ടനിലെ വീട്ടിലേക്കു അയക്കുന്നു. ഇവിടെ വെച്ചാണ് വളരെ അപ്രതീക്ഷിതമായി ജെറിയുടെ ജീവിതം മാറുന്നത്.

ബ്രിട്ടനില്‍ എത്തുന്ന ജെറി ആന്റിയുടെ വീട്ടില്‍ താമസിക്കാതെ സുഹൃത്തുക്കളുടെ കൂടെ കഴിയാന്‍ തീരുമാനിക്കുന്നു. അങ്ങനെ ഒരു ദിവസം കയ്യിലുള്ള പണം മുഴുവന്‍ ചിലവിട്ട ശേഷം സുഹൃത്തിനോത്ത് യാത്ര ചെയ്യവേ അവനു ഒരു വേശ്യയുടെ പേര്‍സ് കളഞ്ഞു കിട്ടുകയും,അതിലെ അവളുടെ വീട്ടിന്റെ കീയെടുത്തു വീട്ടില്‍ കയറി ആവശ്യത്തിന് പണം കട്ടെടുത്തു തിരികെ പോരുകയും ചെയ്യുന്നു. ദിവസം സമീപസ്ഥലത്ത് ഒരു പബ്ബില്‍ ഉണ്ടായ സ്പോടനം ഏതാനും പോലീസുകാരും ഒരു സിവിലിയനും
മരിക്കാനിടയാക്കുന്നു. സംഭവത്തില്‍ 'IRA' ടെററിസ്റ്റുകള്‍ക്കു പങ്കുണ്ടെന്ന് മനസ്സിലാവുകയും സംശയാസ്പദമായി ജെറിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. പിന്നീട് സംഭവുമായി ബന്ധപ്പെട്ടു ബ്രിട്ടനിലെ അവന്റെ സുഹൃത്തുകളെയും ആന്റിയും അച്ഛനെയും എല്ലാം പ്രതി ചേര്‍ക്കുന്നു.പോലീസിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ കുറ്റം സമ്മതിച്ചതായി പേപ്പറില്‍ ഒപ്പ് വെക്കുന്ന ജെറി പിന്നീട് കോടതിയില്‍ അത് നിഷേധിക്കുന്നുവെങ്കിലും ഫലമില്ലാതാവുന്നു. അങ്ങനെ അവന്റെ ഒപ്പം മൂന്ന് പേര്‍ കൂടി ജീവപര്യന്തത്തിന് ശിക്ഷിക്കപെടുന്നു. കുട്ടികള്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് 5 വര്‍ഷം മുതലുള്ള തടവ്‌ ശിക്ഷകള്‍ ലഭിക്കുന്നു.

നേരത്തെ പറഞ്ഞ കഥയുടെ തുടക്കത്തിലെ വാചകം ജെറിയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു.കഴിക്കുക,കുടിക്കുക,മയക്കുമരുന്ന്, കഞ്ചാവ് അങ്ങനെ വളരെ സ്വാതന്ത്ര്യം നിറഞ്ഞ ജീവിതം.അത് പിന്നീട് self belief എന്നത് തീരെ ഇല്ലാത്ത സ്വാതന്ത്ര്യം സ്വപ്നം കാണാന്‍ പോലും കഴിയില്ലെന്ന് വിചാരിക്കുന്ന അവസ്ഥയിലേക്ക് അവനെ മാറ്റുന്നു. കുട്ടിക്കാലം തൊട്ടു വെറുത്ത അച്ഛന്റെ കൂടെ സ്വന്തം ജയിലറ പങ്കു വെക്കേണ്ടി വരുന്നു.അവന്റെ കാഴ്ചപ്പാടുകള്‍ പതിയെ മാറുന്നു.ജീവിത ചിന്തകളില്‍ മാറ്റം വരുന്നു.ആത്മവിശ്വാസം വീണ്ടെടുക്കുന്നു. ശുഭാപ്തിവിശ്വാസം അവനില്‍ ഉടലെടുക്കുന്നു.തന്റെ വക്കീലുമായി ചേര്‍ന്ന് ഒരു മൂവ്മെന്റ് തുടങ്ങാനും അതുവഴി തങ്ങളെല്ലാവരും നിരപരാധികള്‍ എന്ന് സ്ഥാപിക്കാനായി അവന്‍ ശ്രമിക്കുന്നു.അവന്റെ അച്ഛന്റെ വിശ്വാസപ്രമാണങ്ങളും രീതികളും ജയിലിലെ വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള എല്ലാവര്ക്കും ഇഷ്ട്ടമായിരുന്നു. ഗ്യുസ്സെപ്പെയുടെ മരണത്തില്‍ തടവുകാര്‍ അനുശോചിച്ച രംഗം നല്ലൊരു കാഴ്ചയായിരുന്നു.തീ കൊളുത്തിയ കടലാസുകെട്ടു തങ്ങളുടെ തടവറയുടെ ജനാലയിലൂടെ പുറത്തേക്ക് എറിയുക.ഒരു കെട്ടിടത്തിനു മേല്‍ തീപ്പന്തങ്ങള്‍ വര്‍ഷിച്ച പോലുണ്ടായിരുന്നു.

നിയമത്തെ കണ്ണടപ്പിച്ചത് ചില പോലീസുകാരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളായിരുന്നു. എന്നാല്‍ നിയമത്തിനു പിന്നീട് തെറ്റ് തിരുത്തേണ്ടി വരുന്നു. ഡാനിയേല്‍ ഡേ ലെവിസിന്റെ ഒരു മികച്ച അഭിനയം തന്നെയാണ് കഥയെ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും നന്നായത്. ഒരു പക്ഷെ കഥയുടെ ഒരു പഞ്ചിനു പലപ്പോഴും സഹായകമായത് ഡാനിയേലിന്റെ അഭിനയമെന്നു വരെ തോന്നിയ സന്ദര്‍ഭങ്ങളുണ്ടായിരുന്നു.ഗ്രേറ്റ്‌ ആക്ടിംഗ്. 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ അവസാന അര മണിക്കൂര്‍ പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി. ഒരു പക്ഷെ കുറച്ചു കൂടി സമയം സിനിമക്കുണ്ടായിരുന്നെന്കില്‍ നന്നായിരുന്നെന്നു തോന്നി. പ്രത്യേകിച്ചും ജയിലിലെ പല സീക്കെന്സുകളും ലെങ്ങ്തി ആണെന്നിരിക്കെ അതില്‍ നിന്നും മാറി അവസാനത്തെക്കുള്ള സീനുകള്‍ ചെറുതായ പോലെ. പ്രത്യേകിച്ച് നാല് പേരുടെയും മോചനം ആവശ്യപ്പെട്ടു നടത്തിയ ജാഥയൊന്നും രണ്ടു സെക്കന്‍ഡ്‌ പോലും തികച്ചു കണ്ടില്ല.ഒരു പക്ഷെ കത്രിക വെച്ചതായിരിക്കും.

ഓഫ്:-ബെല്‍ഫാസ്റ്റ്‌ വടക്കന്‍ അയര്‍ലന്‍ഡിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നാണ്. ടൈറ്റാനിക്‌ എന്ന കപ്പലിന്റെ നിര്‍മ്മാണം നടന്നത് ഇവിടെയുള്ള ഷിപ്‌യാര്‍ഡില്‍ ആയിരുന്നു.IRA എന്നാല്‍ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി.ബ്രിട്ടന്റെ അധികാരത്തിന്‍ കീഴിലുള്ള സ്ഥലം ആയിരുന്നു കഥ നടക്കുന്ന കാലഘട്ടങ്ങളില്‍ വടക്കന്‍ അയര്‍ലണ്ട്.
4

13 Tzameti(2004)













2004 ല്‍ ഇറങ്ങിയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചലച്ചിത്രം. ചിത്രം 13 പേര്‍ തമ്മില്‍ നടക്കുന്ന ഒരു കളിയെ സൂചിപ്പിക്കുന്നു. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗെല ബാബ്ലുവാനി.ഇവിടെ തുടക്കത്തിലെ കഥ ഞാനല്‍പ്പം പറയുന്നുണ്ട്. അതില്ലാതെ ഒരു വിവരണം അസാധ്യം എന്ന് തോന്നിയതുകൊണ്ടാണ്. എങ്കിലും മുഴുവന്‍ കഥയൊന്നും പറയുന്നില്ല.

കഥയിങ്ങനെ;ലഹരിക്കടിമപ്പെട്ടു നടക്കുന്ന ഒരാളുടെ വീട്ടിലെ അറ്റകുറ്റപ്പണികള്‍ക്ക് കഥാനായകന്‍ നിയോഗിക്കപ്പെടുന്നു. അവിടെ വച്ച് പലപ്പോഴായി നടക്കുന്ന സംഭാഷണങ്ങള്‍ അയാള്‍ കേള്‍ക്കുന്നു. വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാനുള്ള ഒരു സാധാരണ ജിജ്ഞാസ മാത്രമാണയാള്‍ക്ക്. എന്നാല്‍ ഇവര്‍ അറിയാതെ ഇവരെയെല്ലാം പോലിസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.അവിടെ വെച്ച് ഗൃഹനാഥന്‍ തനിക്കു ലഭിക്കാന്‍ പോകുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് അയാള്‍ കേള്‍ക്കുന്നു. ഇത് പിന്നീട് തന്റെ ജീവിതത്തിനു വഴിത്തിരിവുണ്ടാക്കുമെന്നു അയാള്‍ കരുതിയിരുന്നില്ല. ഒരു ദിവസം ഗൃഹനാഥന് ഒരു എഴുത്തും കൂടെ ഒരു ഹോട്ടെലിന്റെ മുന്‍‌കൂര്‍ തുക അടച്ച ബില്ലും ലഭിക്കുന്നു. എഴുത്ത് കിട്ടി അധികം താമസിയാതെ തന്നെ ലഹരിയുടെ അമിത ഉപയോഗം മൂലം അയാള്‍ മരണപ്പെടുന്നു. ഇത് നമ്മുടെ കഥാനായകന്റെ ജോലി നഷ്ട്ടപ്പെടുന്നതിനു ഇടയാക്കുന്നു. ഇതിനിടക്ക്‌ യാദൃശ്ചികമായി ആ ബില്ല് കഥാനായകന്റെ കൈവശം എത്തുന്നു. ഇതുകൊണ്ട് എന്ത് ചെയ്യണം എന്നറിയില്ലെങ്കിലും ഒരുപക്ഷെ ഗൃഹനാഥന് ലഭിക്കാന്‍ പോകുന്നു എന്നറിഞ്ഞ പണവുമായി ബന്ധപ്പെട്ടതായിരിക്കാം എന്നയാള്‍ കരുതുന്നു. കഥയറിയാതെ ആട്ടം കാണാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു.

അവന്‍ ആ ബില്ലില്‍ പറഞ്ഞ ഹോട്ടെലില്‍ പറഞ്ഞ ദിവസം തന്നെ എത്തിച്ചേരുന്നു.കുറെക്കഴിഞ്ഞു അവന്റെ ഹോട്ടല്‍ മുറിയില്‍ ഒരു ഫോണ്‍ സന്ദേശം എത്തുന്നു. അതിന്‍ പടി അവനു ചില നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നു. അതനുസരിക്കാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു. ഇതുവരെ ഒരു സാധാരണ ഡ്രാമയുടെ മട്ടില്‍ മാത്രം സഞ്ചരിക്കുന്ന സിനിമ മറ്റു തലങ്ങളിലേക്ക് മാറുന്നു. താന്‍ നിയോഗിക്കപ്പെടുന്നത് 13 കളിക്കാരില്‍ ഒരാളായാണ് എന്ന് നായകന്‍ മനസ്സിലാക്കുന്നു. നഗരത്തില്‍ നിന്നും മാറി കാട്ടിനടുത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ അന്‍പതിലധികം ആളുകള്‍. എല്ലാവരും വന്നിരുക്കന്നത് കളിക്കാന്‍. ഈ കളി വഴി കോടികള്‍ സമ്പാദിക്കാന്‍ . ഓരോ കളിക്കാരന്റെ മേലും അവിടെ കൂടിയവര്‍ക്ക് വാതുവെക്കാം. കളിയേക്കുറിച്ചും നിയമത്തെക്കുറിച്ചും കഥാനായകന്‍ അറിയുന്നത് അവസാന നിമിഷം മാത്രം. താന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലൂടെയാണെന്നു അയാള്‍ മനസ്സിലാക്കുന്നു. അയാളെ രക്ഷിക്കാന്‍ കഴിയുന്നത്‌ ഒന്നിന് മാത്രം, ഭാഗ്യം.ആ ഒറ്റപ്പെട്ട കെട്ടിടത്തില്‍ നടക്കുന്ന അത്യന്തം ക്രൂരമായ കളിയില്‍ അയാളും പങ്കാളിയാവുന്നു. ഭാഗ്യ നിര്‍ഭാഗ്യങ്ങളിലൂടെ കളി തുടരുന്നു...

ഓരോ റൌണ്ടും ഓരോ കളിക്കാര്‍ക്കും വേദനാജനകമായിരുന്നു. പലരും മോര്‍ഫിന്‍ കുത്തി വെച്ചായിരുന്നു തങ്ങളുടെ വികാര വിചാരങ്ങളെയും മാനുഷ്യത്വത്തെയും ബലി കഴിക്കാന്‍ തയ്യാറായത്. ഇരകളും വേട്ടക്കാരും മനുഷ്യരാവുമ്പോള്‍, ഇരയും വേട്ടക്കാരനും മാറി മാറി വരുന്ന ഈ ഗെയിമില്‍ വിധി നിര്‍ണ്ണയിക്കാന്‍ തയ്യാറായി നിന്നത് മരണം.ഓരോ റൌണ്ട് പിന്നിടുമ്പോഴും അറ്റ് വീഴുന്ന ജീവനേക്കാള്‍ കുമിഞ്ഞു കൂടുന്ന പണത്തിനായിരുന്നു അവിടെ പ്രാധാന്യം. കളിക്കാര്‍ക്ക്‌ മാനസിക വേദനയെങ്കില്‍ കളി നടത്തുന്നവര്‍ക്ക് അവന്റെ കളിക്കാരന്റെ ജീവന്‍ നില നില്‍ക്കേണ്ടത് കുമിഞ്ഞു കൂടുന്ന പണത്തിനു മുകളില്‍ ഒരട്ടി കൂടി വെക്കാന്‍ വേണ്ടി മാത്രം.സിനിമയില്‍ പന്തയം വെക്കുന്നതില്‍ നിന്നും ഒരാളെ വിലക്കിക്കൊണ്ട് മറ്റുള്ളവര്‍ പറയുന്നതിതാണ്, 'നിനക്ക് ഭാഗ്യമില്ല'. കാരണം അയാള്‍ കളിക്കാന്‍ നിര്‍ത്തിയതും പന്തയം വെച്ചതുമായ കളിക്കാര്‍ എല്ലാവരും മരണത്തിലേക്ക് വേഗം നടന്നു നീങ്ങിയവര്‍.

ആദ്യ പകുതിയില്‍ ഒരു സാധാരണ സിനിമയുടെ പ്രതീതി ഉണര്ത്തുന്നുവെങ്കിലും, രണ്ടാം പകുതിയില്‍ ഒരു ത്രില്ലെര്‍ എന്ന രീതിയിലേക്ക് സിനിമ പതുക്കെ മാറുന്നു. അതേസമയം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ വൈകാരികതലങ്ങളെ ഉദ്ദീപിപ്പിക്കുന്ന രീതിയിലാണ് കഥയുടെ പോക്ക്. ഒരേ സമയം കഥയില്‍ എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസ തോന്നുമ്പോള്‍ തന്നെ ഈ കളിയൊന്നു പെട്ടെന്ന് കഴിഞ്ഞെങ്കില്‍ എന്നും തോന്നിയേക്കാം. ഹോസ്റ്റല്‍ എന്ന രണ്ടു ഭാഗങ്ങള്‍ ആയി ഇറങ്ങിയിട്ടുള്ള സിനിമ വയലന്‍സിന്റെ അതിപ്രസരമായിരുന്നു. അവിടെ പണം മുടക്കി ആളുകളെ കൊല്ലാനെത്തിയെരുന്നെങ്കില്‍, ഇവിടെ നേരെ തിരിച്ചാണ്. മാത്രമല്ല നിലവാരം വച്ച് നോക്കിയാല്‍ അതിനേക്കാള്‍ ഏറെ മുന്നിലും. സിനിമ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ എടുത്തത് കൊണ്ട് ചോരയുടെ കടുത്ത നിറം ഒഴിവായി എന്ന് മാത്രമേ ഉള്ളു. എത്രത്തോളം വയലന്‍സ് ഉണ്ട് സീനുകളില്‍ എന്ന് കാണിക്കുവാന്‍ ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. അവസാന നിമിഷം വരെ കഥയില്‍ എന്ത് സംഭവിക്കുവാന്‍ പോകുന്നു എന്നറിയാനുള്ള ഒരു ജിജ്ഞാസ നില നിര്‍ത്താന്‍ സിനിമക്ക് കഴിയുന്നു.

ഒരു ത്രില്ലെര്‍ എന്നാല്‍ കാര്‍ ചെയ്സും ക്രിസ്പ് എഡിറ്റിങ്ങും വിറപ്പിച്ചുകൊണ്ടുള്ള ക്യാമറയുടെ ചലനങ്ങളും വന്‍ മാന്‍ ഷോയും ഒന്നും വേണമെന്നില്ല എന്ന് മനസ്സിലാക്കിത്തരുന്ന മറ്റൊരു ചിത്രം. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആണെന്ന് വിചാരിച്ചു സിനിമ കാണാത്തവര്‍ കാണാതിരിക്കരുത്.വളരെ നല്ല സിനിമകളുടെ വിഭാഗത്തില്‍ എന്തായാലും പെടുത്താം.

വാല്:- നല്ലൊരു വിദേശ സിനിമ ഇറങ്ങിയാല്‍ അതിനെ റീമെയ്ക് ചെയ്യുക എന്ന രീതി ഹോളിവുഡില്‍ പണ്ട് മുതലേ ഉണ്ട്. ചിലത് നന്നാവാറുണ്ടെങ്കില്‍ക്കൂടിയും മിക്കവാറും സിനിമകള്‍ മോശമാവുകയാണ് പതിവ്. 'Il Mare','Shutter' തുടങ്ങിയവയുടെ റീമേക്കുകള്‍ ഇത്തരത്തില്‍ മോശമായവയാണ്. '13 Tzameti' എന്ന ഈ സിനിമക്കും റീമേക്ക് വരുന്നു. പേര് '13' . പക്ഷെ ഇവിടെ സംവിധായകന്‍ ആകുന്നതു ഈ സിനിമയുടെ സംവിധായകന്‍ തന്നെയാണ് എന്ന വ്യത്യാസമുണ്ട്. അത് അല്‍പ്പം പ്രതീക്ഷ നല്‍കുന്നുണ്ട്.
17

ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി











2010 ല്‍ ഇതുവരെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച സിനിമ. ഈയൊരു സിനിമയില്‍ മുന്‍നിര അഭിനേതാക്കളൊന്നും തന്നെ പ്രധാന വേഷങ്ങളിലില്ല. ഒരു പക്ഷെ ആ ഒരു പോരായ്മയായിരിക്കാം ഇപ്പോഴും തീയെട്ടറില്‍ ആളുകള്‍ വളരെ കുറവ്. എന്തായാലും കൂക്ക് വിളികളും ശബ്ദകോലാഹലങ്ങളും ഒന്നുമില്ലാതെ ഒരു സിനിമ കാണാന്‍ കഴിഞ്ഞു. അപ്പോള്‍ ഇനി സിനിമയിലേക്ക് ആഴ്ന്നിറങ്ങാം...

മോഹന്‍ രാഘവന്‍ എന്ന പുതുമുഖം കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ.ശ്രീവത്സന്‍ ജെ മേനോന്‍ ആണ് റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയത്. വെഞ്ചാമാരക്കാറ്റെ...എന്ന് തുടങ്ങുന്ന ഗാനം വളരെ ഹൃദ്യമായിരുന്നു. രണ്ടു കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിയാണ് കഥ സഞ്ചരിക്കുന്നത്. രണ്ടു കുട്ടികളും വളരെ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. അല്പം പോലും അതിഭാവുകത്വം ഉണ്ടായിരുന്നില്ല അവരുടെ അഭിനയത്തിനു. (ഭ്രമരത്തിലെ ബാലികയുടെ എക്സാജെറേഷന്‍ കലര്‍ന്ന അഭിനയം ഓര്‍ത്ത്‌ പോയി!). ചിത്രത്തിലെ ഒരു കഥാപാത്രം പോലും മോശമാക്കിയില്ല എന്നതും ശ്രദ്ധേയമാണ്. ചെറിയ ചെറിയ റോളുകളില്‍ വരുന്നവര്‍ പോലും തങ്ങളുടെ ഭാഗം നന്നായി തന്നെ അവതരിപ്പിച്ചു.

ബാങ്ക്ലൂരില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയും പാലക്കാട് ചിറ്റൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു ആണ്‍കുട്ടിയും തമ്മിലുള്ള കത്തിടപാടുകളാണ് കഥയുടെ പ്രമേയം. തനിക്കു ഒന്നര വയസ്സായപ്പോള്‍ ഉപേക്ഷിച്ചു പോയ അച്ഛന്റെ മേല്‍വിലാസം ദാസന്‍ കണ്ടെടുക്കുന്നു. അച്ഛന് അവന്‍ ഒരു കത്തയക്കുന്നു. എന്നാല്‍ അവന്റെ അച്ഛന്‍ കുറേക്കാലം മുന്‍പ് അവിടെ താമസിച്ച ആളുടെ ഡ്രൈവര്‍ മാത്രമായിരുന്നു. ഇപ്പോള്‍ അവിടെ താമസിക്കുന്നത് അമ്മുവും അവളുടെ അച്ഛനും മാത്രം. ആദ്യം എത്തിയ കത്ത് അവള്‍ അവിടെ സൂക്ഷിച്ചു വെക്കുന്നു. രണ്ടാമതൊരു എഴുത്ത് കൂടി എത്തുമ്പോള്‍ അവള്‍ അവനു മറുപടി അയക്കാന്‍ തീരുമാനിക്കുന്നു. അവള്‍ അവന്റെ അച്ഛന്‍ എഴുതുന്നതായിത്തന്നെ ഭാവിച്ചു അവനു കത്തുകളയച്ചു തുടങ്ങുന്നു. അവന്‍ അവന്റെ അച്ഛനും തിരിച്ചു കത്തുകളയക്കുന്നു. അവനറിയില്ല അത് അയക്കുന്നത് അമ്മുവാണെന്ന്. അവന്റെ കത്തുകളിലൂടെ അമ്മു അവനെക്കുറിച്ചറിയുന്നു അവന്റെ കുടുംബത്തെയും. അവന്റെ കത്തുകളില്‍ അവന്‍ സുഹൃത്തിന്റെ പേന പൊട്ടിച്ചതും കോള കമ്പനിക്കെതിരെ ഗ്രാമം പ്രതിഷേധിക്കുന്നതും എല്ലാം എഴുതുന്നു.
ഇതേ സമയം അമ്മുവിന്‍റെ അച്ഛന്‍ ഈ വഴിതെറ്റിവന്ന എഴുത്തിനെ പ്രമേയമാക്കി ഒരു സിനിമയെക്കുറിച്ച് ആലോചിക്കുന്നു. സുഹൃത്തുക്കളുമായി അയാള്‍ ഈ എഴുത്തിന്റെ ഭാവിയെക്കുറിച്ച് ഒരു ദ്രിശ്യഭാഷ്യം ചമയ്ക്കുന്നു. അവിടെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്. 'ജീവിതത്തില്‍ യാദ്രിശ്ചികതയുണ്ടാവം പക്ഷെ സിനിമക്ക് അത് ചേരില്ല'. നായകന്‍ പറയുന്നത് വില്ലന്റെ ചാരന്‍ യാദ്രിശ്ചികമായി കേള്‍ക്കാനിടവരുന്ന സിനിമകള്‍ ഓര്‍ക്കുക. മറ്റൊരു സന്ദര്‍ഭത്തില്‍ സിനിമകളിലെ ക്ലീഷേകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഈ സിനിമയില്‍ ഒരു ക്ലീഷേ പോലും ഞാന്‍ കണ്ടില്ല. ഉണ്ടെങ്കില്‍ തന്നെ ശ്രദ്ധിച്ചിട്ടുമില്ല.

സിനിമയില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ഇവ:-
കുട്ടികളുടെ വളരെ മികച്ച അഭിനയം. വളരെ ഹൃദ്യമായ പാട്ട്. ഒരു മുത്തശ്ശിക്കഥ പറയുന്ന പോലെ കരിമ്പനകളെക്കുറിച്ച് പറഞ്ഞു തുടങ്ങി അവയിലൂടെ തന്നെ അവസാനിപ്പിച്ചത്. പ്രമേയത്തില്‍ നിന്നു അല്‍പ്പം പോലും വ്യതിചലിച്ചില്ല എന്നത്. സറിയലിസം ആയി തോന്നിയ ഒരു ഭാഗം( കുട്ടിയുടെ ഉപബോധ മനസ്സില്‍ വരുന്ന വളയിട്ട അച്ഛന്റെ ചിത്രം, അതിനെ കുട്ടി നോക്കുന്നതായി സിനിമക്കുള്ളിലെ സിനിമയില്‍ ചിത്രീകരിച്ചത്). ആവശ്യത്തിന് മാത്രം വരുന്ന പാശ്ചാത്തല സംഗീതം(ഇന്നത്തെ സിനിമകള്‍ക്കിടയില്‍ ഇത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു). കഥയിലെ സിനിമയില്‍ കാണിക്കുന്ന രംഗങ്ങള്‍ 35 mm വലിപ്പത്തില്‍ കാണിച്ചത്. കത്തുകളുടെ ഉള്ളടക്കം നേരിട്ട് പ്രതിപാദിക്കാതെ പല കഥാപാത്രങ്ങളിലൂടെ അവയെ പ്രതിപാദിച്ചതും രസകരമായി.
ഇഷ്ട്ടപ്പെടാത്തത്:-
കഥയെ കീറി മുറിച്ചു പരിശോധിച്ചാല്‍ എന്തെങ്കിലും കിട്ടിയേക്കും. പക്ഷെ അങ്ങനെ വേണോ. ഒരു നല്ല ചിത്രത്തെ അങ്ങനെ നോക്കണോ. വേണ്ട എന്നാണ് എന്‍റെ അഭിപ്രായം. എങ്കിലും ഒന്നുണ്ട്. ലോങ്ങ്‌ ഷോട്ടുകളില്‍ ഒബ്ജെക്ട്സ് കൂടുതല്‍ കാണിക്കുമ്പോള്‍ ഫ്രെയിമുകള്‍ അല്‍പ്പം വ്യക്തത കുറഞ്ഞു കണ്ടു. ഒരു പക്ഷെ തീയെറ്ററിന്റെ കുഴപ്പമായിരിക്കാം.

തീയെറ്ററുകളില്‍ 'സ്വന്തമായി പ്രമാണം ഉള്ളവനും','പേടിപ്പെടുത്തുന്ന തമാശയും','ഒടച്ചു കയ്യിത്തരുന്നവനും' ഒക്കെ ഓടുന്ന കൂട്ടത്തില്‍ ചെറുതെങ്കിലും സമ്പന്നമായ ഈ ചിത്രം ഓടുമെന്ന കാര്യം സംശയമാണ്. ഞാന്‍ കണ്ട തീയെറ്റരില്‍ 40 പേര്‍. തീയെറ്ററിന്റെ 30 ശതമാനം മാത്രമേ ഇത് വരൂ. ഇത്തരം നല്ല സിനിമകള്‍ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പക്ഷെ എങ്ങനെ? നല്ല സിനിമകള്‍ വരുന്നില്ല എന്ന് പറയുന്നവര്‍ തന്നെ സൂപ്പര്‍സ്റ്റാറുകള്‍ ഇല്ലെങ്കില്‍ തീയെറ്ററിലേക്ക് കയറാത്ത പ്രവണതയാണ്. ഒന്നുകൂടി പറയട്ടെ, ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഇതുവരെ ഇത് മാത്രമേ ഏറ്റവും മികച്ചത് എന്ന പരാമര്‍ശം എല്ലാ തരത്തിലും അര്‍ഹിക്കുന്നുള്ളൂ. പറ്റുമെങ്കില്‍ അടുത്ത ആഴ്ച കൂടി സിനിമക്ക് ആയുസ്സുന്ടെകില്‍ ഈ സിനിമ കാണണം. നിരാശപ്പെടില്ല.

9/10.
5

Ink(2009)













'A great wonderful movie and best among 2009 films'

2009 ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിലൊന്ന് എന്ന് നിസ്സംശയം പറയാം. പ്രദര്‍ശന ശാലകളില്‍ റിലീസ്‌ ചെയ്യാന്‍ സാധിക്കാതിരുന്ന ഈ സിനിമ ഡിവിഡിയില്‍ നേരിട്ടിറക്കുകയായിരുന്നു(ഓഫ്‌ ശ്രദ്ധിക്കുക). റാബിറ്റ്റിവ്യൂവ്സില്‍ നിന്നാണ് ആദ്യമായി ഈ സിനിമയെക്കുറിച്ച് മനസ്സിലാക്കുന്നത്.അതല്ലാതെ ആ സമയം കൂടുതല്‍ ആധികാരികമായി ഒന്നും തന്നെ കേട്ടിരുന്നില്ല.പടത്തെക്കുറിച്ചു അറിയുന്നവര്‍ തന്നെ ആരും ഇല്ലെന്നു പിന്നീട് മനസ്സിലായി.സിനിമ കണ്ട ശേഷം തോന്നിയത് ഒന്ന് മാത്രം, തീര്‍ച്ചയായും ഈ സിനിമ അറിയപ്പെടും സംശയമില്ല. അത്രയ്ക്ക് മികച്ച ഒരു പുതുമയുള്ള കഥയായിരുന്നു ഇങ്ക് എന്ന സിനിമക്കുണ്ടായിരുന്നത്. പ്രതീക്ഷ തെറ്റിയില്ല ഇതെഴുതുന്ന ഈ സമയത്ത് ഇങ്ക് വളരെ പോപ്പുലര്‍ ആയിക്കഴിഞ്ഞു.

സംവിധായകന്‍ ജാമിന്‍ വിനാന്‍സ് -ന്റെ രണ്ടാമത്തെ സിനിമയാണ് ഇത്. അതിനും മുന്‍പ് ഹ്രസ്വചിത്രങ്ങളിലൂടെ വളരെ ശ്രദ്ധേയനായിരുന്നു ജാമിന്‍. സ്പിന്‍ എന്ന 8 മിനിട്ട് മാത്രം ദൈര്‍ഘ്യം ഉള്ള ഇദ്ദേഹത്തിന്റെ ഹ്രസ്വചിത്രം വളരെ പ്രശസ്തമായ ഒന്നായിരുന്നു. ഏതാണ്ട് നാല്‍പ്പതിലധികം അവാര്‍ഡുകള്‍ ഈ ഹ്രസ്വചിത്രം നേടിയിരുന്നു. ഇവിടെ സിനിമയുടെ എഴുത്തും അദ്ദേഹത്തിന്‍റെ തന്നെയാണ്.

ഇങ്ക് എന്നത് സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ്. എന്നാല്‍ അതൊരു യഥാര്‍ത്ഥ കഥാപാത്രമല്ല. അതെന്താണെന്ന് വഴിയെ പറയാം. ഇവിടെ നല്ലതും ചീത്തയും അല്ലെങ്കില്‍ ദൈവവും ചെകുത്താനും തമ്മിലുള്ള സാങ്കല്‍പ്പികമായ ഒരു ഏറ്റുമുട്ടല്‍ ആണ് വിഷയം. ഇത്തരം വിഷയങ്ങള്‍ പല ഭാഷകളിലായുള്ള സിനിമകളില്‍ പല രീതികളില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതെപ്രകാരമാണ് ഇവിടെ ആവിഷ്ക്കരിക്കരിക്കുന്നത് എന്നത് സിനിമയെ വേറിട്ട്‌ നിര്ത്തുന്നു. ആദമും ഹവ്വയും ആപ്പിളും ഒക്കെ ഓര്‍മയില്ലേ..മനുഷ്യനുണ്ടായ കാലം തൊട്ടു നന്മയും തിന്മയും ഒക്കെ ഉണ്ട്. ഇതാ ഇപ്പോഴും അതുണ്ട്. ഇപ്പൊ തിന്മക്കാണ് മാര്‍ക്കെറ്റ് കൂടുതല്‍ എന്ന് മാത്രം. സ്വപ്‌നങ്ങള്‍ എപ്രകാരമാണ്? നല്ലതും ചീത്തയുമുണ്ട് അല്ലെ. സ്വപ്നങ്ങളും ദുസ്വപ്നങ്ങളും തമ്മിലുള്ള പോരാടലാണ് ഇവിടെ സിനിമയില്‍ കാണുന്നത് . ഒടുവില്‍ ദുസ്വപ്നങ്ങള്‍ക്ക് മേല്‍ എങ്ങനെ സ്വപ്‌നങ്ങള്‍ വിജയം വരിക്കുന്നു എന്നതും കാണിക്കുന്നു. ഇവിടെ ദുസ്വപ്നങ്ങള്‍ക്ക് ഹേതുവായവരെ 'incubators' എന്നും സ്വപ്നങ്ങളെ നയിക്കുന്നവരെ 'story tellers' ആയും പറഞ്ഞിരിക്കുന്നു. അതായത് നമ്മള്‍ കാണുന്ന സ്വപ്നങ്ങള്‍ക്കും ദുസ്വപ്നങ്ങള്‍ക്കും മറ്റൊരു തലമുണ്ടെന്നും അവിടെ ഈ രണ്ടു തരം ആളുകളുണ്ടെന്നും സിനിമയില്‍ പറയുന്നു. ഇവരാണത്രേ നമ്മുടെ സ്വപ്നങ്ങളെ നിയന്ത്രിക്കുന്നത്‌.

കഥ തുടങ്ങുന്നത് ഒരു പെണ്‍കുട്ടി(എമ്മ എന്ന് അവളുടെ പേര്) സ്വപ്നം കാണുന്നതും സ്വപ്നത്തില്‍ അവളുടെ അച്ഛന്‍ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവളുടെ കൂടെ കളിക്കാന്‍ ഒരുങ്ങുന്നതുമാണ് .( മഞ്ഞനിറം കലര്‍ന്ന സീനുകളാണ് ഇവിടെ ഉപയോഗിച്ചത്. അത്തരം മിക്ക സീനുകളും നേരിയ തോതില്‍ മങ്ങിയതായി(a kind of blurred) കാണിച്ചിട്ടുണ്ട് ). അവള്‍ ഉറങ്ങുമ്പോള്‍ അടുത്ത്‌ വന്നിരിക്കാറുള്ള അവളുടെ സ്റ്റോറി ടെല്ലെര്‍ അവളുടെ നെറ്റിയില്‍ തോടുന്നതോടെ അവള്‍ നിറമുള്ള സ്വപ്നങ്ങളുടെ മായിക ലോകത്തിലൂടെ നടന്നു പോകുന്നു. അവളോടൊത്ത് കളിക്കാന്‍ വരാത്ത അച്ഛന്‍ അവളുടെ സ്വപ്നങ്ങളില്‍ കളിക്കാന്‍ വരുന്നു. അവളുടെ കൂടെ എപ്പൊഴും ഇരിക്കുന്നു. എന്നാല്‍ ഒരു ദിവസം അവളുടെ നിറമുള്ള സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു. അവ ദുസ്വപ്നങ്ങള്‍ക്ക് വഴി മാറുവാന്‍ തുടങ്ങുന്നു. ഇതിനു കാരണമാകുന്നത് ഇങ്കാണ്. അവളുടെ സ്റ്റോറി ടെല്ലെര്‍ക്ക് അവളെ രക്ഷിക്കാനാവുന്നില്ല. സഹായത്തിനായി മറ്റു സ്റ്റോറി ടെല്ലെര്‍സ് കൂടി എത്തുന്നതോടെ ഒരു ആക്ഷന്‍ സിനിമയുടെ പ്രതീതിയുണര്‍ത്തുന്ന രീതിയിലുള്ള സംഘട്ടന രംഗങ്ങളും ഉണ്ടാവുന്നു. എന്നാല്‍ അവരെ ഒറ്റയ്ക്ക് നേരിട്ട് ഇങ്ക് അവളെയും എടുത്തു രക്ഷപ്പെടുന്നു. പനിച്ചു വിറച്ചു കിടക്കുന്ന എമ്മയെ ഉടനെ തന്നെ മുത്തശ്ശി ആശുപത്രിയാലാക്കുന്നു. എമ്മയെ രക്ഷിക്കുവാനുള്ള ഒരേയൊരു മാര്‍ഘം ഇങ്കിനെ കീഴ്പ്പെടുത്തുക എന്നത് മാത്രമാകുന്നു. ഇതിനു വേണ്ടി സ്റ്റോറി ടെല്ലെര്സിനെ സഹായിക്കാന്‍ പാത്ത് ഫൈന്ടെര്‍ എന്നൊരാള്‍ വരുന്നു. കണ്ണുകള്‍ മൂടിക്കെട്ടി ശബ്ദ സഹായത്താലാണ് അയാളുടെ സഞ്ചാരം. ഇയാളുടെ സഹായത്താല്‍ ദുസ്വപ്നങ്ങളുടെ ലോകത്ത് നിന്ന് എമ്മയെ രക്ഷിച്ചെടുക്കാന്‍ സ്റ്റോറി ടെല്ലേര്‍സ് ശ്രമിക്കുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം.

ഇങ്കിന്റെ യാത്ര ദുസ്വപ്നങ്ങളിലെക്കാണ് . അയാള്‍ സ്വപ്നങ്ങള്‍ക്കും ദുസ്വപ്നങ്ങള്‍ക്കും ഇടയില്‍ മാത്രം ജീവിക്കുന്നു. നേരത്തെ പറഞ്ഞല്ലോ ഇങ്കുബേട്ടെര്സിനെക്കുറിച്ച് .അവരുടെ സഹായത്തിനാണ് ഇങ്ക് എമ്മയെ തട്ടിക്കൊണ്ടു വരുന്നത്. എന്തിനാണ് അവളിലെ ദുസ്വപ്നങ്ങളെ ഇങ്ക് ഉണര്‍ത്തിയത്? എമ്മ എന്ന കുട്ടിയുമായി ഇങ്ക് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ഇതെല്ലാം ഒരുപക്ഷെ തുടക്കത്തില്‍ സിനിമ കാണുമ്പോള്‍ തോന്നാന്‍ സാധ്യതയില്ല. കാരണം ഇവിടെ ഒരു കഥാപാത്ര സൃഷ്ടി പല കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഇല്ല എന്നതാണ്. എന്നാല്‍ സീനുകള്‍ കഴിയുന്തോറും അത്തരം ചോദ്യങ്ങള്‍ ഏതൊരു പ്രേക്ഷകനും ചോദിക്കും. കഥയുടെ ഏതാണ്ട് കുറെ ഭാഗങ്ങള്‍ക്ക് ശേഷം മാത്രമാണ് ഇങ്ക് എന്നാ കഥാപാത്രം ആരാണെന്നു മനസ്സിലാവുക. തീര്‍ച്ചയായും കഥയിലെ ഒരു റിയല്‍ കഥാപാത്രം തന്നെയാണ് ഇങ്ക്. അപ്പോള്‍ എങ്ങനെ അയാള്‍ സ്വപ്നങ്ങള്‍ക്കും ദുസ്വപ്ങ്ങള്‍ക്കും ഇടയിലെത്തി? സറിയലിസത്തിന്റെ മേമ്പൊടിയോടുകൂടി ഇത്തരം കാര്യങ്ങള്‍ വ്യക്തമായി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു.

സറിയലിസം വളരെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയ സിനിമയാണ് ഇങ്ക്. ഫിക്ഷന്‍ എന്നോ ത്രില്ലെര്‍ എന്നോ ചേര്‍ത്ത് പറയാം എന്നല്ലാതെ ഇത് അത്തരം ഒരു സിനിമയെ അല്ലെ. ഒരുപാട് കാലമായി കണ്ടും കേട്ടും പരിചയമുള്ള നന്മയുടെയും തിന്മയുടെയും ത്രെഡ് വളരെ രസകരമായ രീതിയില്‍ പുതുമയോടു കൂടി അവതരിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ചെറിയ തോതിലെങ്കിലും കല്ലുകടിപോലെ തോന്നിയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ താല്പര്യമില്ല. എമ്മയുടെ വേഷം അവതരിപ്പിച്ച കുട്ടി വളരെ സ്വതസിദ്ധമായ അഭിനയം കാഴ്ചവെച്ചു. ചെലവ് കുറച്ചു നിര്‍മിച്ച സിനിമയില്‍ കാണുന്ന വിഷ്വലുകള്‍ മിക്കതും വളരെ മികച്ചതായിരുന്നു.നല്ല സിനിമകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് മറ്റൊരു നല്ല സിനിമ.

ഓഫ്‌:- പൊതുവേ സിനിമയിലെ പ്രവര്‍ത്തകരെല്ലാം 'പൈറസി'ക്ക് എതിരാണ് അല്ലെ...എന്നാല്‍ ഇവിടെ ഈ സിനിമയുടെ കാര്യത്തില്‍ സംഗതി കുറച്ചു വ്യത്യാസമുണ്ട്. അതിനെക്കുറിച്ച് ഒരു ലേഖനമുണ്ട് അത് ഇവിടെ വായിക്കാം...




4

The Lovers on the bridge(1991)













പ്രണയമാണ് പ്രമേയമെന്നും പശ്ചാത്തലം പാലം ആയിരിക്കാം എന്നും പേരില്‍ നിന്ന് തന്നെ ഊഹിക്കാമല്ലോ അല്ലെ.പാരിസിലെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന 'Du Pont-Neuf' ബ്രിഡ്ജില്‍ അന്തിയുറങ്ങിയിരുന്ന രണ്ടു പേരുടെ ഇടയിലുണ്ടാവുന്ന പ്രണയമാണ് ഇവിടെ കഥാതന്തു. എങ്കിലും പൂര്‍ണ്ണമായി ഒരു പ്രണയകഥ എന്ന് വിശേഷിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.സ്നേഹം ചിലപ്പോള്‍ പോസ്സെസ്സിവ്‌നെസ്സുമാണല്ലോ.നായകനു നായികയോട് തോന്നുന്നതായി ഇവിടെ കാണിക്കുന്നത് സ്നേഹത്തില്‍ നിന്നുണ്ടാകുന്ന പോസ്സെസ്സിവ്‌നെസ്സ് തന്നെയാണ്.

നായികയായി വരുന്ന ജൂലിയെറ്റ്‌ ബിനോചെയും ഡെനിസ് ലെവാന്റെയും നല്ല രീതിയില്‍ തന്നെ അധ്വാനിച്ചിട്ടുണ്ട് (അഭിനയമല്ലാതെ തന്നെ).അതിന്റെ ഒരു പ്രതിഫലനം ചില സീനുകളില്‍ കാണാം. പടത്തിന്റെ തുടക്കത്തില്‍ കാണിക്കുന്നത് അലക്സ്‌ ഡ്രഗ് ഉപയോഗിച്ച് അബോധാവസ്ഥയില്‍ തെരുവിലൂടെ ഉഴറി നടക്കുന്ന കാഴ്ചയാണ്.പെത്തെഡിന്റെ അമിതമായ ഉപയോഗമാകാം കാല്‍പ്പാദത്തിനു മുകളിലൂടെ കയറിപ്പോകുന്ന വണ്ടിയുടെ ചക്രങ്ങള്‍ക്ക് അയാളിലെ വേദനയെ ഉണര്‍ത്താനാവുന്നില്ല. സമയമാണ് പെയിന്റിങ്ങും പിടിച്ചു വഴി വരുന്ന മിഷേലിന്റെ മുന്നില്‍ അയാള്‍ പെടുന്നത്. മൃതപ്രാണനായി കരുതുന്ന അയാളുടെ മുഖം അവള്‍ തന്റെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നു.അതേ സമയം അവിടെ വരുന്ന തെരുവില്‍ ജീവിക്കുന്നവരെയും പിടിച്ചു കൊണ്ടുപോകുന്ന വാഹനം അലെക്സിനെയും എടുത്തു മാറ്റി കൊണ്ടുപോകുന്നു.

അലക്സും മറ്റൊരാളും(അവനു പെത്തെഡിന്‍ എന്നും കൊടുത്തിരുന്നത് അവിടത്തെ പല കെട്ടിടങ്ങളിലും പണ്ട് കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന പ്രായം ചെന്ന മനുഷ്യനായിരുന്നു) മാത്രം അന്തിയുറങ്ങിയിരുന്ന പാലത്തിനു മുകളില്‍ അവളും എത്തിപ്പെടുന്നു. ഇതിനിടയില്‍ അലക്സ് തന്നെ പാര്‍പ്പിച്ചിരുന്ന ഭിക്ഷാടകര്‍ക്ക് വേണ്ടിയുള്ള താമസ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു വീണ്ടും തെരുവിലേക്കു തിരിച്ചെത്തുന്നു. അയാള്‍ കാണുന്നത് അവിടെ ഉറങ്ങുന്ന മിഷേലിനെയാണ്. അവളുടെ കയ്യില്‍ അവന്റെ ഒരു ചിത്രവും വരച്ചു വെച്ചിരിക്കുന്നു. അലെക്സ് പ്രായം ചെന്നയാളോട് അവള്‍ക്കും അവിടെ ഉറങ്ങാനുള്ള അനുവാദം കൊടുക്കണം എന്നപേക്ഷിക്കുന്നു. അലക്സിനു മിഷേലിനോടും അവള്‍ക്കു പിന്നീട് അവനോടും പ്രണയം തോന്നുന്നു. ദിവസം ചെല്ലുന്തോറും അന്ധയായി മാറിക്കൊണ്ടിരിക്കുന്ന മിഷേല്‍ എപ്പോഴും തന്റെ കൂടെയുണ്ടാവും എന്ന അവന്റെ തോന്നലുകള്‍ക്ക്‌ തടസ്സം നേരിടാന്‍ തുടങ്ങുമ്പോള്‍ അവന്‍ അതിനെതിരെ എന്തും ചെയ്യാനുള്ള അവസ്ഥയിലേക്ക് മാറുന്നു. ഇതിനു വേണ്ടി ഒരിക്കല്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ഒട്ടിച്ചു വച്ചിരുന്ന അവളുടെ പോസ്റ്ററുകള്‍ അവന്‍ കത്തിക്കുന്നതിന് വരെ ഇടയാക്കുന്നു. ഇത് പോസ്റ്ററൊട്ടിച്ചു കൊണ്ടിരുന്ന ജോലിക്കാരന് തീ പിടിക്കുന്നതിനു കാരണമാകുന്നു. പിന്നെയും ഒരുപാട് ശ്രമങ്ങള്‍ അലക്സ് നടത്തുന്നു. ഒരിക്കല്‍ അവര്‍ രണ്ടു പേരും കൂടി സമ്പാതിച്ച പണപ്പെട്ടി അവളറിയാതെ അവന്‍ തട്ടിത്തെറിപ്പിക്കുക വരെ ചെയ്യുന്നു.

പാലത്തിന്റെ പൂര്‍ണമായ ദ്രിശ്യമൊന്നും പലപ്പോഴും സംവിധായകന്‍ കാണിച്ചു തരുന്നില്ല. സംഗതി 'Du Pont-Neuf' പാലം ആണ് ആധാരമെങ്കിലും കാണിക്കുന്നത് പാലം അല്ലത്രേ...ചിത്രീകരണത്തിന് പാലം ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം കെട്ടിയുണ്ടാക്കിയ സെറ്റാണ് നമ്മള്‍ കാണുന്നത്. ഒരു പക്ഷെ ഉപയോഗിച്ചിരിക്കുന്ന ചില സ്റ്റൈലന്‍ ദ്രിശ്യങ്ങളുടെ പേരിലാവും സിനിമയെ കൂടുതല്‍ ഓര്‍മിക്കുക. പുതുവര്‍ഷത്തലേന്നു രാത്രി ഒരു പാറാവുകാരനെ തലയ്ക്കു അടിച്ചു വീഴ്ത്തി പാലത്തിനടിയില്‍ നിന്നും അലെക്സും മിഷേലും ഒരു ബോട്ട് കൈക്കലാക്കുന്നു. എന്നിട്ട് ബോട്ടും കൊണ്ട് പാലത്തിന്നടിയിലെ കനാലിലൂടെ അതോടിച്ചു കൊണ്ട് പോകുന്ന ഒരു സീനുണ്ട്. അതേപോലെ ഒരു നല്ല പാശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ പാലത്തിനു മുകളില്‍ ഇരുവരും നൃത്തം വെച്ചുകൊണ്ട് പോകുന്ന മറ്റൊരു സീനും. പിന്നെയും അങ്ങനെ കുറെ സീനുകള്‍. ഇവയെല്ലാം വളരെ നല്ല ഫ്രെയിമുകളാല്‍ സമ്പന്നം.

1991 ല്‍ ഫ്രാന്‍സില്‍ റിലീസ് ചെയ്യപ്പെട്ട സിനിമ പിന്നീട് ഒരു 9 വര്‍ഷക്കാലയളവിനുള്ളിലാണ് മറ്റു രാജ്യങ്ങളില്‍ റിലീസ് ചെയ്തത്.അന്നിതൊരു ചിലവേറിയ സിനിമയായിരുന്നു. സിനിമയില്‍ ബെനോചെയുടെ അഭിനയമാണ് കൂടുതല്‍ ഇഷ്ട്ടപ്പെട്ടത്‌. അത് ഒരുപക്ഷെ അലെക്സിന്റെ ക്യാരക്റ്റര്‍ സമാന സ്വഭാവത്തില്‍ മുന്‍പും ലെവന്റെ ചെയ്തു കണ്ടിരുന്നു എന്നതുകൊണ്ടാവാം(ടോക്കിയോ എന്ന സിനിമയിലെ രണ്ടാം ഹ്രസ്വചിത്രത്തില്‍ നായകനും ഇദ്ദേഹമാണല്ലോ). പടത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒന്ന് രണ്ടു രംഗങ്ങളുണ്ട്. സത്യം പറഞ്ഞാല്‍ അതിപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. ഉദാഹരണത്തിന് തന്റെ കാമുകനെ കാണാന്‍ തോക്കുമായി പോകുന്ന ജൂലിയെറ്റിന്റെ സീന്‍. അവിടെ അവള്‍ കാണുന്നത് സ്വപ്നമായിരിക്കും എന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്...
7

നായകന്‍ (2010)










'
വ്യത്യസ്തമായ ആവിഷ്ക്കാരം'.

നായകന്‍ എന്നത് സംവിധായകന്‍ തന്നെക്കുറിച്ച് തന്നെയാണോ പറഞ്ഞത്? തീര്‍ച്ചയായും ഭാവിയിലെ മലയാള സിനിമക്ക് പുതുമകള്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ള സംവിധായകന്‍ എന്ന് നിസ്സംശയം ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് പറയാം. നല്ല കഥകള്‍ സമ്മാനിക്കുവാന്‍ കെല്‍പ്പുള്ളവര്‍ കൂടി വേണം എന്ന് മാത്രം.

ചിത്രം കണ്ടിറങ്ങിയ ശേഷം ഇപ്പോഴും മായാതെ നില്‍ക്കുന്ന ചിലതുണ്ട്, സംവിധായകനും ചായാഗ്രഹകനും ചേര്‍ന്ന് നല്‍കുന്ന മിഴിവുറ്റ കുറെ ദ്രിശ്യങ്ങളും അതിനൊത്ത കലാസംവിധാനവും. എന്നിരുന്നാലും ഇതിനെ പൂര്‍ണമായി ഒരു നല്ല സിനിമ എന്ന് വിശേഷിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ചില ഘടകങ്ങളുമുണ്ട്. ചിത്രത്തിന്റെ ഏറ്റവും മികച്ചതെന്നു പറയാവുന്നത് സിദ്ധിക്ക് എന്ന കലാകാരന്‍ അതിമനോഹരമായി ചെയ്ത ചെകുത്താന്റെ പ്രതിരൂപമായ മെജീഷ്യന്‍ തന്നെ. പിന്നൊന്ന് മികച്ച സ്ടണ്ട് രംഗങ്ങള്‍. പിന്നൊന്ന് ഇരുട്ടിനെ സിനിമയില്‍ സമര്‍ത്ഥമായി ഉപയോഗിച്ച രീതി(ഇത് സിനിമ കാണുമ്പോള്‍ മനസ്സിലാവും).

പിന്നെയും ഒരുപാടു അതിശയിപ്പിച്ച ചില ദ്രിശ്യങ്ങളുണ്ട്. ക്ലൈമാക്സിലെ ചില സീനുകള്‍ അത്തരത്തിലൊന്നാണ്. പിന്നൊന്ന്;മജീഷ്യന്‍ വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ തന്റെ ഭാര്യയെ വട്ടം ചുറ്റിപ്പിടിച്ചു ആലിംഗനം ചെയ്യുന്നത്. ഈയൊരു സീന്‍ വിഷ്വലും സിദ്ധിക്കിന്റെ അഭിനയ പ്രതിഭയും ഒന്ന് ചേരുമ്പോള്‍ മറക്കാനാവത്തതാവുന്നു. മറ്റൊന്ന്; ചെകുത്താനെ നീ കണ്ടോ എന്ന് ചോദിച്ചു വരുന്ന വിജയ രാഘവന്റെ കഥാപാത്രത്തിന്റെ മുന്നില്‍ ഒരു തൂക്കുവിളക്കിന്റെ താഴെയായി അരണ്ടവെളിച്ചത്തില്‍ പ്രത്യക്ഷനാവുന്ന വരദനുണ്ണി എന്ന കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്ന രീതി. അങ്ങനെ പലതും.

വരദനുണ്ണി എന്ന കഥകളി നടന്‍ തന്റെ സാത്വിക ഭാവങ്ങള്‍ വെടിഞ്ഞു രൌദ്ര ഭാവത്തിലൂടെ സഞ്ചരിക്കുന്നതാണ് ഇവിടെ ഇതിവൃത്തം. സിനിമയില്‍ ജഗതിയുടെ കഥാപാത്രം പറയുന്ന ഒരു സംഭാഷണമുണ്ട്. ഒരു കഥകളിക്കാരന് കൈമുതലായുള്ളതു സാത്വിക ഭാവം മാത്രമാണ് രൌദ്രഭാവങ്ങള്‍ അണിയറയില്‍ മാത്രം. എന്നാല്‍ നീയിനി രൌദ്രഭാവങ്ങള്‍ കേട്ടിയാടെണ്ടത് ജീവിതത്തിലാണ്. ഇവിടെ കഥാപാത്രത്തിന്റെ ഒരു ട്രാന്സിഷനെ സൂചിപ്പിക്കുന്നു. സാത്വികനായിരുന്ന തന്റെ അച്ഛനെയും അനിയത്തിയെയും വകവരുത്തിയ മനുഷ്യനോടുള്ള പ്രതികാരത്തിനു വേണ്ടിയുള്ള യാത്രകളാണ് ചിത്രത്തില്‍. കഥ പഴകിയതും മറ്റും തന്നെ. നേരത്തെ പറഞ്ഞ സംവിധായകന്റെ ഒരു സിഗ്നേച്ചര്‍ തന്നെയാണ് ഇവിടെ സിനിമയ്ക്ക് വ്യത്യസ്ഥത നല്‍കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും
കഥ പറച്ചിലുകളില്‍ ആണ് ഏറ്റവും വലിയ പോരായ്മകള്‍ കണ്ടത്. ചിലത് ചില സ്ഥലങ്ങളില്‍ ചേരാത്ത പോലെ. പൊതുവേ മെല്ലെപ്പോക്കാണ് സംവിധായകന്‍ പടത്തിലുടനീളം സ്വീകരിക്കുന്നത്. എന്നാല്‍ ചില ഭാഗങ്ങളില്‍ വേഗതയായിരുന്നു നല്ലത് എന്ന് തോന്നിപ്പോകും. ഒരു പക്ഷെ ശരാശരി നിലവരത്തിനടുത് മാത്രം നില്‍ക്കുന്ന തിരക്കഥ ചിലപ്പോളൊക്കെ ഒരു നല്ല സിനിമയെ നശിപ്പിക്കുന്നത് പോലെ തോന്നി.

അഭിനയത്തിന്റെ കാര്യമെടുത്താല്‍ സിദ്ദിക്കും ഇന്ദ്രജിത്തും മികച്ചു നിന്നു. ഇന്ദ്രജിത്തിന്റെയും ഏറ്റവും മികച്ച കഥാപാത്രം എന്ന് പറയാം. കഥാപാത്രത്തിന് വേണ്ടി നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് മനസ്സിലാവും. തീരെ ഇഷ്ട്ടപ്പെടത്തത് ധന്യ മേരി കുര്യന്‍ എന്ന നായികയുടെ അഭിനയം മാത്രം. പതിവ് പോലെ ഇത്തവണയും മോശമാക്കി.

ഇംഗ്ലീഷ് സിനിമ 'പ്രസ്ടീജ്' എന്നതിന്റെ ഒരു നേരിയ അംശം ഇതില്‍ സംവിധായകന്‍ കടമെടുത്തിട്ടുണ്ട്. മജീഷ്യന്‍മാരെക്കുറിച്ചുള്ള സിനിമയായിരുന്നു അത്. ഇവിടെയും ആ ഭാഗങ്ങള്‍ മികവുറ്റ രീതിയില്‍ ചെയ്തിട്ടുണ്ട്.


വ്യത്യസ്ഥത ഇഷ്ട്ടപ്പെടുമെങ്കില്‍ കാണാം.പിന്നെ കഥ ക്ലീഷേ ആണെന്ന് പരാതി പറയരുതെന്ന് മാത്രം!.

7.5/10.