10

ചാപ്പാ കുരിശു (2011)


ചാപ്പയോ കുരിശോ(?)
















വീടുകളില്‍ ചടഞ്ഞിരുന്ന് ഡിവിഡികളില്‍ മാത്രം സിനിമയെ ഒതുക്കിയ മലയാളിയെ തീയേറ്ററില്‍ എത്തിക്കാന്‍ സാധിച്ച സിനിമയായിരുന്നു ട്രാഫിക്‌ . നായകന്‍റെ ഇടിവെട്ട് രംഗപ്രവേശവും കസറുന്ന സംഭാഷണങ്ങളും മാത്രമാണ് ത്രില്ലര്‍ സിനിമ എന്ന് കരുതുന്ന മലയാളിക്ക് അതിനപ്പുറത്ത് നിന്നും ഒരു ത്രില്ലര്‍ ഒരുക്കിയെടുക്കാം എന്ന് ട്രാഫിക്ക് കാണിച്ചു തരാന്‍ ശ്രമിച്ചു(സംഭാഷണങ്ങള്‍ ഇല്ലാതെയില്ല എങ്കിലും) .ഒരു നല്ല സിനിമയെന്നതിനേക്കാള്‍ ഒരു വാണിജ്യസിനിമ എങ്ങനെ വേണം എന്ന വ്യാകരണം പൊളിച്ചെഴുതുകയാണ് ട്രാഫിക്‌ ചെയ്തത് .ഒപ്പം അത്തരം ഒരു സംരംഭത്തിനു തിരി കൊളുത്തിയെന്ന പേരില്‍ നിര്‍മ്മാതാവും പ്രശസ്തമായത്തോടെ അദ്ദേഹത്തിന്‍റെ രണ്ടാമത്തെ സിനിമക്കും ലേബല്‍ അടിച്ചു കിട്ടി - ട്രാഫിക്‌ പോലെ മറ്റൊരു ത്രില്ലര്‍ .സിനിമയെ ഗൌരവപൂര്‍വം വീക്ഷിക്കുന്ന പ്രേക്ഷകന് സിനിമ ചാപ്പയായപ്പോള്‍ നേരമ്പോക്കിനു തീയേറ്ററില്‍ കയറുന്നവന് സിനിമ കുരിശായി . സീനുകള്‍ സമയമെടുത്തു തങ്ങളുടെ ദൌത്യം
പൂര്‍ത്തിയാക്കാന്‍ തുടങ്ങിയപ്പോള്‍ സിനിമയെന്ന കാഴ്ചയെ മനസ്സിലാക്കാന്‍ കഴിയാത്ത പ്രേക്ഷകന് കുരിശിന്റെ ഭാരം വര്‍ദ്ധിച്ചു വന്നു ഒപ്പം തീയേറ്റര്‍ അവനെ അസ്വസ്ഥനാക്കുകയും ചെയ്തു .ആദ്യ രണ്ടു ദിനങ്ങളില്‍ കുരിശു ചുമന്നവര്‍ സിനിമ എന്താണ് നല്‍കുവാന്‍ ശ്രമിക്കുന്നത് എന്ന് അറിയാതെ വന്നവരെങ്കില്‍ പിന്നീട് തീയേറ്റര്‍ കണ്ട യേശുക്രിസ്തുമാരില്‍ പലരും മൊബൈല്‍ ക്ലിപ്പ് മാത്രം അന്വേഷിച്ചു വന്നവരെന്നതാണ് ഈയുള്ളവന്‍ മനസ്സിലാകിയത്‌ .ശരിക്കും സിനിമ കുരിശാണോ?!

സിനിമയെ ഞാനുള്‍പ്പെടെ മലയാളി ഗൌരവപൂര്‍ണമായി വീക്ഷിക്കുവാന്‍ തുടങിയത് അടുത്ത കാലങ്ങളില്‍ മാത്രമാണ് . പ്രത്യേകിച്ച് വിലകുറഞ്ഞ അതിവേഗ ഇന്റെര്‍നെറ്റ് വന്നതോട് കൂടി .ടോറന്റുകളിലൂടെയും മറ്റും വിദേശ സിനിമകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ കുറെ പേരെങ്കിലും നല്ല സിനിമകള്‍ എന്താണെന്ന് മനസ്സിലാക്കുവാന്‍ തുടങ്ങി .ബ്ലോഗുകള്‍ ഉള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ നല്ല സിനിമയെ മനസ്സിലാക്കുവാനും അവയെക്കുറിച്ച് പഠിക്കാനുമുള്ള അവസരങ്ങള്‍ നല്‍കി . ഒപ്പം മലയാള സിനിമ ഇപ്പോഴും വിളമ്പുന്നത് പഴം കഞ്ഞി തന്നെയാണ് എന്ന ബോധം പതിയെ ഉണ്ടാവാനും തുടങ്ങി . മറ്റു ഭാഷകളില്‍ വാണിജ്യ സിനിമകളുടെ മുഖം മാറി വരുന്നത് മലയാള സംവിധായകരെ 'പുതുമ' എന്ന ലേബല്‍ തന്റെ പടത്തിനു മുന്‍പേ ഒട്ടിച്ചു വെക്കാന്‍ പ്രേരിപ്പിച്ചു .പക്ഷെ അവ ലേബല്‍ മാത്രമായി ഒതുങ്ങി . പിന്നീട് പുതുമകള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടമാണ് വിജയിച്ച /നന്നായ വിദേശചിത്രങ്ങളുടെ നേര്‍പതിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് സിനിമയിലെ അണിയറക്കാരെ എത്തിച്ചത് (മുന്‍പുണ്ടായ പ്രിയദര്‍ശന്‍ , ശ്രീനിവാസന്‍ ബ്രാന്‍ഡ്‌ പതിപ്പ് സിനിമകള്‍ വിസ്മരിക്കുന്നില്ല ) .അന്‍വറും , പച്ചവെള്ളം എടുത്ത്‌ കോക്ക്ടെയില്‍ എന്ന് പറഞ്ഞു ഒഴിച്ച് തന്ന സിനിമയുമൊക്കെ ഈ പുതിയ ജനുസ്സില്‍ പിറന്നതായിരുന്നു . ഈ ജനുസ്സില്‍ വരുന്ന പുതിയവനാണ് ചാപ്പാ കുരിശ് .മറ്റുള്ള സിനിമകള്‍ വിനോദത്തിനു വേണ്ട കാഴ്ചകള്‍ മാത്രമായി നില നിന്നപ്പോള്‍ ചാപ്പാ കുരിശു നട്ടെല്ലുള്ള സിനിമയായി തന്നെ നിവര്‍ന്നു നില്‍ക്കുന്നുണ്ട് . അത് തന്നെയാവാം ഒരു സാധാരണ പ്രേക്ഷകന്റെ മുന്‍പില്‍ സിനിമ പരാജയപ്പെടുന്നതിനു കാരണവും.

വ്യത്യസ്ത ജീവിതധ്രുവങ്ങളില്‍ ജീവിക്കുന്ന രണ്ടു പേരെയാണ് ചാപ്പ കുരിശു അടയാളപ്പെടുത്തുന്നത് .സമ്പന്നനായ അര്‍ജുനും പാവപ്പെട്ടവനും അന്തര്‍മുഖനുമായ അന്‍സാരിയും. അര്‍ജുന്റെ മൊബൈല്‍ അന്‍സാരിയുടെ കയ്യില്‍ എത്തിപ്പെടുന്നത് മൂലം ഉണ്ടാവുന്ന സംഭവങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത് .ടെക്നോളജി, അത് ഉപയോഗിക്കാന്‍ അറിയാത്തവന്റെ കയ്യിലെത്തിയാലും ദുരുപയോഗപ്പെട്ടെക്കാം എന്ന് സിനിമ പറയുന്നുണ്ട്. പുതിയതരം മൊബൈല്‍ കയ്യില്‍ കിട്ടുന്ന അന്‍സാരിക്ക് അത് ഉപയോഗിക്കാന്‍ അറിയില്ലെങ്കിലും indirect ആയി അയാളുടെ മനോധൈര്യത്തെ ഊട്ടി ഉറപ്പിക്കുവാന്‍ മൊബൈല്‍ ഫോണിനു കഴിയുന്നുണ്ട്.ഒപ്പം അയാള്‍ വഴി direct ആയി അര്‍ജുന് പ്രശ്നങ്ങള്‍ ഉണ്ടാവുന്നുമില്ല. നാണയത്തിന്റെ ഇരുപുറവും ആയാണ് ഇരുവരും എന്നത് തന്നെയാണ് സിനിമയില്‍ പല സന്ദര്‍ഭങ്ങളിലും വ്യക്തമാകുന്നത് . ക്യാരക്റ്റര്‍ ഡെവലപ്പ്മെന്‍റ് എന്നതില്‍ ഊന്നിയാണ് സിനിമ സഞ്ചരിക്കുന്നത് .അതുകൊണ്ട് തന്നെ ഓരോ കഥാപാത്രവും ഏറ്റവും റിയലിസ്റ്റിക് ആയ രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് . റിയലിസ്റ്റിക് എന്ന സമീപനം കഥാപാത്രനിര്‍മ്മിതിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല .സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉള്ള വേഷവിധാനവും ,ഓരോ കഥാപാത്രത്തിന്റെ വ്യത്യസ്ഥതക്കും സന്ദര്‍ഭത്തിനു അനുസരിച്ച് ഉള്ള subtle expressions തുടങ്ങി പല കാര്യങ്ങള്‍ സിനിമ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു സിനിമ കണ്ടിറങ്ങുമ്പോള്‍ കഥാപാത്രങ്ങള്‍ മനസ്സില്‍ നില്‍ക്കുന്നവണ്ണം വളരെ നന്നായി അഭിനേതാക്കളും അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കുന്നതോടെ സിനിമ കണ്ടിറങ്ങുമ്പോള്‍ ഒരു സിനിമാപ്രേമിക്കു ഒരുഗ്രന്‍ സിനിമ കണ്ട പ്രതീതിയായിരിക്കും .മൂന്നു പ്രധാന അഭിനേതാക്കളില്‍ ഏതെങ്കിലും ഒരാള്‍ പോലും തന്‍റെ ഭാഗം മോശമാക്കിയില്ല . ഒപ്പം ചെറിയ ചെറിയ റോളുകളില്‍ വരുന്നവര്‍ പോലും തങ്ങളുടെ ഭാഗം നന്നാക്കുകയും ചെയ്തു എന്ന് പറയുമ്പോള്‍ ഒരു സീന്‍ പോലും നന്നാക്കാന്‍ എത്ര മാത്രം സംവിധായകനും കൂട്ടാളികളും യത്നിച്ചുവെന്നു മനസ്സിലാക്കാം.

ഒന്ന് പൊളിച്ചു നോക്കിയാല്‍ സിനിമ ഒരുപാട് പുതുമകള്‍ സമ്മാനിക്കുന്നുണ്ട് എന്ന് കാണാം. അവയില്‍ ചിലത് .
ഇരയും വേട്ടക്കാരനും തമ്മിലുള്ള അവസാന സംഘട്ടനം :- ഒന്നിലധികം 7D ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച രംഗം ആ സന്ദര്‍ഭത്തിന്റെ തീവ്രത മുഴുവന്‍ പുറത്തു കൊണ്ട് വരുന്നതായിരുന്നു . ഒപ്പം അപാരമായ കണ്ടിന്യുവിറ്റിയും .വയലന്‍സ്‌ വേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ അങ്ങനെ മലയാളത്തില്‍ കണ്ടിട്ടില്ല ഉണ്ടെങ്കില്‍ നന്നായി ചെയ്യാന്‍ ശ്രമിച്ചതും കണ്ടിട്ടില്ല.അതേപോലെ വടിയും കുന്തവും കുടച്ചക്രവും ഒന്നും ഇവിടെ ഉപയോഗിച്ചിട്ടില്ല(ഒരു സംഘട്ടനം വരുമ്പോള്‍ കത്തിയോ വടിയോ ഉള്ള സ്ഥലത്തു വേണ്ടേ കയറാന്‍ !. ) . ഉദാ:- കുതറി മാറാനുള്ള തീവ്രമായ പ്രയത്നത്തില്‍ അര്‍ജുന്റെ കവിള് കടിച്ചു മുറിക്കുകയാണ് അന്‍സാരി ചെയ്യുന്നത്. പിന്നീട് ആകട്ടെ നേരത്തെ പൊട്ടിച്ചിതറിയ ഒരു ടൈലിന്റെ കഷണം വെച്ച് കൈ കുത്തി മുറിവേല്‍പ്പിക്കുവാനും;ദ്രിശ്യങ്ങള്‍ കഥ പറയുമ്പോള്‍ :- പശ്ചാത്തലത്തില്‍ സംഭാഷണവും പിന്നെ അതിനോപ്പിച്ചു ഫ്രെയിമുകള്‍ അല്ലെങ്കില്‍ കഥാപാത്രങ്ങളുടെ ഭൂതകാലം പറഞ്ഞു /ഫ്ലാഷ്ബാക്കില്‍ കാണിച്ചു അവരെ പരിചയപ്പെടുത്തുക എന്ന പതിവ് രീതിയില്ല(ആദാമിന്റെ മകന്‍ അബു പോലും പണ്ട് കെട്ടിയിട്ട കുറ്റിക്ക് ചുറ്റും കറങ്ങുകയായിരുന്നല്ലോ) .കഥാപാത്രത്തിന്റെ പശ്ചാത്തലവും അവയുടെ ഡെവലപ്പ്മെന്റും എല്ലാം ദ്രിശ്യങ്ങളിലൂടെ മനസ്സിലാക്കുക തന്നെ വേണം .സിനിമയുടെ വേഗത :- സിനിമ ദ്രിശ്യങ്ങളായി തന്നെ പറയാന്‍ ശ്രമിക്കുന്നു എന്നത് കൊണ്ട് തന്നെ സീനുകള്‍ അതിനൊത്ത വേഗത മാതമേ കൈവരിക്കുന്നുള്ളൂ . അനാവശ്യമായ എഡിറ്റിംങ്ങോ ഒന്നും തന്നെയില്ല .ഭൂരിപക്ഷത്തിനും അസഹനീയമായി മാറിയത്‌ ഈ വേഗത തന്നെ!.

സിനിമക്ക് ചില്ലറ ന്യൂനതകളും ഉണ്ട് .പക്ഷെ അവയൊന്നും സിനിമയുടെ മാറ്റ് കുറയ്ക്കുന്നതായി തോന്നിയില്ല . ഇനി നിരൂപിക്കണം എന്നുള്ളവര്‍ക് കൊട്ടാന്‍ ഈ സിനിമയും കുറച്ചൊക്കെ കരുതിവെച്ചിട്ടുണ്ട് . സിനിമയെന്നത് വെറുമൊരു വിനോദോപാധി മാത്രമല്ലോ .ഒരു നല്ല സിനിമ കണ്ടു അതില്‍ നിന്നും ത്രില്ലടിക്കുന്നവര്‍ക്ക് (സിനിമ ത്രില്ലര്‍ എന്ന ജെനര്‍ ആണെന്ന് കരുതുന്നില്ല , കാരണം ഒരു ത്രില്ലര്‍ ഒരുക്കുവാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഒന്നും കണ്ടില്ല) ഈ സിനിമ നല്ലൊരു അനുഭവം ആയിരിക്കും മറിച്ചു ഒരു ത്രില്ലര്‍ കാണാന്‍ വേണ്ടി മാത്രം പോകുന്നവര്‍ക്ക്‌ സിനിമയുടെ വേഗത രസിച്ചെന്നു വരില്ല .സിനിമയെ ഗൌരവപൂര്‍ണമായി വീക്ഷിക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ ചെറുതെങ്കിലും അര്‍ത്ഥവത്തായ ശ്രമങ്ങള്‍ക്ക് നേരെ ചെളി വാരിയെറിയരുതെ. ചെളിവാരി എറിഞ്ഞോളൂ എന്നും പറഞ്ഞു പടച്ചു വിടുന്ന സിനിമകളെ വരെ കൊള്ളില്ല എന്നൊരു വാക്കില്‍ നിര്‍ത്തുമ്പോള്‍ ഇത്തരം ശ്രമങ്ങള്‍ക്ക് നേരെ നൂറു നാവു എന്ന രീതിയില്‍ തുടങ്ങിയാല്‍ സിനിമയുടെ തുടക്കം അര്‍ജുന്‍ പറയുന്ന പോലെ 'നിനക്ക് അങ്ങനെ തന്നെ വേണം ' എന്ന ഗതിയാവും . പിന്നെ സിബി ഉദയകൃഷ്ണന്‍മാര്‍ പുളക്കുന്ന ചെളി വെള്ളത്തില്‍ വീണു നമ്മളും കൈകാലിട്ടടിക്കേണ്ടി വരും. ട്രാഫിക്‌ ,സിറ്റി ഓഫ് ഗോഡ്‌ , മേല്‍വിലാസം, സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ഇപ്പോള്‍ ചാപ്പാ കുരിശും .ഇനി കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളുമായി ഒന്ന് താരതമ്യം ചെയ്തു നോക്കിയെ . എന്തെങ്കിലും കാണുന്നുണ്ടോ?

റേറ്റിംഗ് :- 8/10
8

ഉറുമി | Urumi (2011)














ഉറുമി :-

ഒരു വര്‍ഷം മുന്‍പ് വളരെ കൊട്ടിഘോഷിച്ചു ഒരു മലയാള സിനിമ ഇറങ്ങിയിരുന്നു . പേര് പഴശ്ശിരാജ . ശരത് കുമാര്‍ എന്നൊരു മസില്‍ കാണിക്കാന്‍ മാത്രം ഇപ്പോഴും അറിയാവുന്ന ഒരു നടനെ മലയാളിക്ക് സമ്മാനിച്ചു എന്നല്ലാതെ ഒരു ഗുണവും സിനിമയില്‍ കണ്ടില്ല. ഞാന്‍ കാണാത്ത പലതും സിനിമയില്‍ കണ്ടതു കൊണ്ടാവണം പലരും അതിനെ വാഴ്ത്തിയത് . ഇന്നിതാ ചരിത്രത്തെക്കുറിച്ച് പറയുവാന്‍ ഉറുമി. സന്തോഷ്‌ ശിവന്റെ ചായാഗ്രഹണത്തിനു അനന്തഭദ്രത്തെക്കാളോ തൊട്ടുമുന്‍പിറങ്ങിയ ബിഫോര്‍ ദി റെയിന്‍ എന്ന സിനിമയേക്കാളോ മികവുണ്ടോ എന്ന് പറയാന്‍ ഞാന്‍ ആളല്ലെങ്കിലും സംവിധാനത്തില്‍ ഒരു ശരാശരി പോലും അല്ലെന്നു തെളിയിക്കാന്‍ ഈ സിനിമയിലൂടെ അദ്ദേഹത്തിനു കഴിയുന്നുണ്ട് എന്ന് എനിക്ക് പറയാന് കഴിയും. എങ്കിലും ഫ്രെയിമുകളുടെ മനോഹാരിത അതൊന്നു മാത്രം ഈ സിനിമയെ നല്ലൊരു ദ്രിശ്യാനുഭവം ആക്കി മാറ്റുന്നുണ്ട് .ഒപ്പം അതുകൊണ്ട് മാത്രം പഴശ്ശിരാജയെ കാതങ്ങള്‍ പിന്നിലാക്കുന്നുമുണ്ട്. സിനിമ നല്‍കുന്ന ദ്രിശ്യാനുഭവം അതിന്റെ വൈഡ്‌ ആംഗിള്‍ ക്യാമറാവര്‍ക്കില്‍ മാത്രം ഒതുങ്ങുന്നതല്ല .അതിനു കടപ്പാട് സിനിമയുടെ ആഫ്റ്റര്‍ എഫക്റ്റ്സിനു കൂടി നല്‍കേണ്ടതുണ്ട് . സിനിമ ഒരു ബോറടി അല്ലെങ്കില്‍ കൂടിയും ശിഥിലമായ തിരക്കഥയും അത് ചേര്‍ത്തു വെക്കാന്‍ ഉള്ള സംവിധാന മികവില്ലായ്മയും നല്ല രീതിയില്‍ തന്നെ കല്ലു കടിയാവുന്നുണ്ട് എന്നതാണ് വാസ്തവം. എടുത്തു പറയാവുന്ന ഒന്ന് സിനിമയുടെ പാശ്ചാത്തല സംഗീതമാണ് .അത് വളരെ ചേര്‍ന്ന് പോകുന്നതായി തോന്നി.

ആരുടെ അഭിനയവും പ്രത്യേകിച്ച് എടുത്തു പറയാന്‍ മാത്രം ഇല്ല. വിദ്യാ ബാലന്‍റെ the so called glamour show വള്‍ഗര്‍ മാത്രം എന്നേ പറയേണ്ടു.

പിന്നെ ഈ സിനിമ കാണണം എന്നുണ്ടെങ്കില്‍ അത് തീയേറ്ററില്‍ തന്നെ പോയി വേണം കാണാന്‍ . നല്ല ദൃശ്യാനുഭവങ്ങളുടെ പേരില്‍ കാണേണ്ടുന്ന ഒരു സിനിമ.സിനിമ നല്‍കുന്ന ദൃശ്യാനുഭവങ്ങള്‍ ഇഷ്ട്ടപ്പെടുന്നുവെങ്കില്‍ ഈ സിനിമ കാണേണ്ടുന്നത് തന്നെ. ചുരുക്കത്തില്‍ സിനിമയുടെ സാങ്കേതിക (ക്യാമറ ,എഡിറ്റിംഗ് ,സംഗീതം etc...) തുടങ്ങിയ ഡിപ്പാര്‍ട്ടുകള്‍ക്ക് ഒരു കയ്യടി .

ഒരു രസത്തിന് ഒരു പിരിച്ചു വച്ചൊരു റേറ്റിംഗ് :-

ടെക്നിക്കല്‍ :- 9/10 -> ഈയൊരു പെര്‍ഫെക്ഷന്‍ ഒരു നല്ല മലയാള സിനിമയില്‍ കാണണം എന്നുണ്ട് . ടെക്നിക്കല്‍ ഗിമ്മിക്ക് കാണിക്കാന്‍ വേണ്ടി കാണിക്കുന്നത് ആവാതെ.
സംവിധാനം :- 4/10.
കഥ/തിരക്കഥ/കഥാപാത്രങ്ങള്‍ :- 4/10.
25

ട്രാഫിക്‌ | Traffic (2011)













കൊച്ചിയിലെ ഒരു ട്രാഫിക് ഐലന്റില്‍ ഒരു ദിവസം ഉണ്ടാവുന്ന വാഹനാപകടം . ആ അപകടം നേരിട്ടും അല്ലാതെയും ഒരുപാട് ജീവിതങ്ങളെ കൂട്ടിച്ചേര്‍ക്കുന്നു . ആ കൂട്ടിച്ചേര്‍ക്കലില്‍ നഷ്ട്ടപ്പെടലുണ്ട് , അതിന്റെ വേദനയുണ്ട് , തിരിച്ചറിവുണ്ട് , പ്രതികാരമുണ്ട് , തെറ്റുതിരുത്തലുണ്ട് . ഈ ജീവിതങ്ങളിലൂടെ രണ്ടു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ഇവയെല്ലാം കാണാം കേള്‍ക്കാം ഒപ്പം മറ്റു കാണികള്‍ക്ക്‌ ഒപ്പം ചേര്‍ന്ന് സിനിമ കഴിഞ്ഞു ഒരു കയ്യടി പാസ്സാക്കുകയും ചെയ്യാം ; സംവിധായകന് ,തിരക്കഥാകൃത്തുക്കള്‍ക്ക് , എഡിറ്റര്‍ക്ക്‌ , അഭിനേതാക്കള്‍ക്ക് , എന്ന് വേണ്ട ഈ സിനിമയെ ഒരു മികച്ച സിനിമയാക്കി മാറ്റുന്നതില്‍ പങ്കു വഹിച്ച എല്ലാവര്‍ക്കു വേണ്ടിയും. മലയാളിയുടെ അയല്‍പക്കക്കാരന്‍ തമിഴന്‍ പുതുമയാര്‍ന്ന പരീക്ഷണങ്ങളുമായി വരുമ്പോഴും മലയാളി കാലങ്ങളായി ഒരു 'ക്ലീഷേ' എന്ന ചട്ടക്കൂടിനുള്ളില്‍ ആയിരുന്നു . ഇനി വരുന്ന പരീക്ഷണങ്ങളായ ചില സിനിമകളാകട്ടെ ഹോളിവുഡില്‍ നിന്ന് കടമെടുത്തു വരുന്നവയും. ഒപ്പം മലയാളി പ്രേക്ഷകനെ സംബന്ധിച്ച് ത്രില്ലര്‍ എന്നാല്‍ നായകന്‍റെ വാചകമടിയും , ആക്ഷന്‍ രംഗങ്ങളും മാത്രമായി ഒതുങ്ങിക്കൂടി . അതിനൊരപവാദം ആയി വന്നത് ഈയിടെ ഇറങ്ങിയ പാസഞ്ചര്‍ മാത്രം ആയിരുന്നു . ഇതാ മറ്റൊരു സിനിമ; ഒരു ദശാബ്ദ കണക്കെടുപ്പില്‍ ഏറ്റവും മികച്ച മലയാള സിനിമകളുടെ കൂട്ടത്തില്‍ സ്ഥാനം പിടിക്കുവാന്‍ കഴിയുന്ന ഒന്ന് .

മലയാള സിനിമയില്‍ ഈയൊരു ത്രെഡ് ആദ്യമായി ആണ് കൈകാര്യം ചെയ്യുന്നത് എന്ന് വേണം പറയാന്‍ . ബാബേല്‍ ഉള്‍പ്പെടുന്ന ത്രയം, കഥകളുടെ ഈ രീതിയിലുള്ള കൂടിച്ചേരല്‍ മുന്‍പ് പരീക്ഷിച്ചിട്ടുണ്ട് . എങ്കിലും ത്രെഡിന്റെ പുതുമയും ബ്രില്ല്യന്‍റ്റ് എന്ന് പറയാവുന്ന സ്ക്രിപ്റ്റും , സംവിധാന മികവും , പ്രേക്ഷകന്റെ പള്‍സ് ഉയര്‍ത്താന്‍ പോകുന്ന തരത്തിലുള്ള പാശ്ചാത്തല സംഗീതവും സിനിമയെ പുതിയ ഒരു അനുഭവം ആക്കി മാറ്റും എന്ന് തീര്‍ച്ച . സിനിമയുടെ ഏതെങ്കിലും ഒരു വിഭാഗത്തെക്കുറിച്ചു പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല; കാരണം പുതുമുഖ താരങ്ങളുടെ അഭിനയം മുതല്‍ സിനിമയുടെ ഓരോ വിഭാഗവും വളരെ മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു .

കഥയെക്കുറിച്ച് എന്തെങ്കിലും എഴുതുന്നത്‌ ഈ സിനിമയെ നശിപ്പിക്കുന്നതിന് തുല്യമാണ് . അതുകൊണ്ട് അത് വേണ്ട.

സിനിമയുടെ കുറവുകള്‍ക്ക് നേരെ കണ്ണടച്ചു കൊണ്ട് ചുരുക്കത്തില്‍ , 7.5/10(Edited)

Miss this film at your own risk :)