ഇന്നസന്‍റ് വോയിസസ്1980 മുതല്‍ പന്ത്രണ്ടു വര്‍ഷം എല്‍ സാല്‍വഡോര്‍ എന്ന രാജ്യത്ത്‌ നടന്ന സിവിലിയന്‍ യുദ്ധം, ചാവ എന്ന് പേരുള്ള ഒരാണ്‍കുട്ടിയുടെ വിവരണങ്ങളിലൂടെ നോക്കിക്കാണുന്ന ഈ സിനിമ യുദ്ധത്തിനെതിരെ സംസാരിക്കുന്ന ഒന്നാണ്. കര്‍ഷകരും പട്ടാളക്കാരും തമ്മില്‍ ഉണ്ടായ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പിന്നീട് കര്‍ഷകരെ FMLN എന്ന ഗറില്ല സംഘടന രൂപം കൊടുക്കന്നതില്‍ ചെന്നെത്തിക്കുകയും പിന്നീടത് പട്ടാളക്കാരുമായി വര്‍ഷങ്ങളോളം നീണ്ടു നിന്ന യുദ്ധാവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.എന്നാല്‍ ഇതൊരു യുദ്ധ ചിത്രം അല്ല.ഗറില്ലകളും പട്ടാളക്കാരും തമ്മിലുള്ള ആക്രമണങ്ങള്‍ പലപ്പോഴായി കാണിക്കുന്നുണ്ടെന്നാലും വൈകാരികമായി എന്നാല്‍ അല്‍പ്പം നര്‍മ്മം കലര്‍ത്തിയും ആണ് സിനിമയെ അവതരിപ്പിക്കുന്നത്‌.

സിനിമയുടെ തുടക്കത്തില്‍ കാണുന്ന രംഗം തന്നെയാണ് ഇവിടെ പോസ്റ്റിന്റെ തുടക്കം കാണിച്ചിരിക്കുന്ന ചിത്രം. മഴ ശക്തിയായി വീണുകൊണ്ടിരിക്കുന്ന ചെളിവെള്ളം നിറഞ്ഞ വഴികളിലൂടെ നടന്നു നീങ്ങുന്ന തോക്കുധാരികളായ പട്ടാളക്കാര്‍ക്കിടയില്‍ കൈകള്‍ തലയ്ക്കു പിന്നില്‍ ചേര്‍ത്തു വെച്ച് നടന്നു നീങ്ങുന്ന പന്ത്രണ്ടു വയസ്സില്‍ താഴെ മാത്രം പ്രായം വരുന്ന മൂന്ന് ആണ്‍കുട്ടികള്‍. അവരെ കാണുന്നതും വീട്ടിലെ ആണ്‍കുട്ടിയെ എടുത്തു മാറോടു ചേര്‍ത്ത് വെക്കുന്ന ഒരമ്മയെയും കാണാം.പാശ്ചാത്തലസംഗീതത്തിന്റെയൊപ്പം മഴയുടെ ശബ്ദം മാത്രം. ആ കുരുന്നുകള്‍ക്കറിയാം അവരെ പട്ടാളക്കാര്‍ കൊണ്ടുപോകുന്നത് കൊല്ലാനാണെന്ന് .കുട്ടികളിലൊരാളായ ചാവയുടെ ജീവിതത്തിലൂടെ ഫ്ലാഷ് ബാക്ക് ആയി സിനിമ തുടങ്ങുന്നു.

യുദ്ധം ബാല്യത്തിലെ തന്നെ കണ്മുന്‍പില്‍ കണ്ടുവളരുന്നവരായിരുന്നു ചാവയുള്‍പ്പെടെയുള്ള ആ പ്രദേശത്തെ കുട്ടികള്‍. ദൈനംദിന ജീവിതത്തെ അവര്‍ അതിനനുസരിച്ചു പാകപ്പെടുത്തിയിരിക്കുന്നു.വീടുകള്‍ക്ക് പുറത്തും സ്കൂളിന് ചുറ്റും വഴിയോരങ്ങളിലും അങ്ങനെ ഒരു പ്രദേശം മുഴുവന്‍ ചുറ്റിക്കറങ്ങുന്ന പട്ടാളക്കാര്‍. രാത്രിയില്‍ എല്ലാ ദിവസവും കേള്‍ക്കുന്ന വെടിയൊച്ചകള്‍. അവ ഇടയ്ക്കു വീടിന്റെ ഭിത്തി തുളച്ചു വന്നെന്നും വാരാം.ഗറില്ലകളും പട്ടാളവും തമ്മിലുള്ള യുദ്ധം കാരണം പട്ടാളം രാത്രികളില്‍ അവിടെ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു മുന്‍പേ വീടണയുക എന്നതാണ് കുട്ടികള്‍ക്ക് വീട്ടില്‍ നിന്നുമുള്ള നിര്‍ദേശം. ഒരിക്കല്‍ ഗറില്ലകളും പട്ടാളവും തമ്മിലുള്ള യുദ്ധം നടന്നത് ഒരധ്യയനദിവസം സ്കൂള്‍ കേന്ദ്രീകരിച്ചായിരുന്നു.കണ്മുന്പിലൂടെ പോകുന്ന തോക്കുധാരികളായ പട്ടാളക്കാര്‍. ചിതറിത്തെറിക്കുന്ന ക്ലാസ്സ്‌ മുറികളിലെ ജനാലച്ചില്ലുകള്‍. ചുരുക്കത്തില്‍ സ്കൂള്‍ അന്തരീക്ഷം പലപ്പോഴും കുട്ടികള്‍ക്ക് ഭീതി നിറഞ്ഞവയായി മാറിക്കൊണ്ടിരുന്നു.

പന്ത്രണ്ടു വയസ്സായാല്‍ ആണ്‍കുട്ടികളെ നിര്‍ബന്ധമായും പട്ടാളത്തില്‍ ചേര്‍ക്കുക എന്നതായിരുന്നു അവിടുത്തെ പട്ടാളനിയമം.പട്ടാളം അവിടുത്തെ സ്കൂളില്‍ എത്തി പന്ത്രണ്ടു വയസ്സ് തികയുന്നവരെ പേര് വിളിക്കുന്ന രംഗം കുട്ടികളുടെ ഭീതി നിറഞ്ഞ മുഖങ്ങളിലൂടെ പകര്‍ത്തുന്നുണ്ട് സിനിമ.ആ കൂട്ടത്തില്‍ ചാവയുടെ രണ്ടു കൂട്ടുകാരും ഉള്‍പ്പെട്ടിരുന്നു. കുട്ടികളെ ബാല്യത്തിലെ സൈന്യത്തില്‍ ചേര്‍ത്തില്ലെങ്കില്‍ അവരും മറ്റുള്ളവരെപ്പോലെ ഗറില്ല പോരാളികളുടെ കൂട്ടത്തില്‍ ചേര്‍ന്നേക്കാം എന്ന കാരണത്താലാവാം അത്. ഒരിക്കല്‍ ചാവയുടെ അമ്മ തന്റെ സഹോദരനായ പോരാളിയോടു അവരുടെ കൂട്ടത്തിലേക്കും അവര്‍ നിര്‍ബന്ധിച്ചല്ലെന്കിലും ചെര്‍ക്കുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട്. തന്റെ മക്കളെ കാര്‍ഡ്‌ബോര്‍ഡിന്റെ മേല്‍ക്കൂരയുള്ള വീട്ടിനുള്ളില്‍ ചീറിയെത്തുന്ന തോക്കിന്റെ തിരകളില്‍ നിന്ന് രക്ഷിക്കണം ചാവയുടെ അമ്മമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക്. ആണുങ്ങള്‍ പലരും അലസരോ അല്ലെങ്കില്‍ ഗറില്ലകളില്‍ ഒരാളോ ആയി മാറിക്കഴിഞ്ഞിരുന്നു.കുട്ടികളാവട്ടെ ബാല്യത്തിലെ സൈന്യത്തിലേക്കും. തന്റെ മക്കളെ കരുതലോടെ സൂക്ഷിച്ചു വെക്കാന്‍ ചാവയുടെ അമ്മക്ക് വേണ്ടി വരുന്ന പ്രയാസങ്ങള്‍ മനസ്സില്‍ തട്ടുന്ന രീതിയില്‍ തന്നെ ലിയോനോര്‍ വരേല അഭിനയിച്ചു പ്രതിഫലിപ്പിച്ചിരിക്കുന്നു. ഒപ്പം ചാവയുടെ വേഷം അണിഞ്ഞ കുട്ടിയും.

സിനിമ പലപ്പോഴും പട്ടാളക്കാരുടെ എതിരെ നിന്ന് കൊണ്ടാണ് സംസാരിക്കുന്നത്. ഒരുപക്ഷെ ചാവയുടെ കാഴ്ചപ്പാട്‌ എന്നതുകൊണ്ടാവാം അങ്ങനെ.സിനിമ, എഴുത്തുകാരനായ ഓസ്കാര്‍ ടോറസ് എല്‍ സാല്‍വഡോറിലെ തന്റെ ബാല്യത്തെക്കുറിച്ചു എഴുതിയത് ആധാരമാക്കിയാണ് എടുത്തിട്ടുള്ളത്‌. ചാവ പ്രതിനിധീകരിക്കുന്നത് ഒസ്കാറിനെ തന്നെയാണ്.

8 comments:

വിനയന്‍ said...

'ഇവിടുത്തെ കുട്ടികള്‍ക്ക് ഈ പ്രദേശത്തിന്റെ പാടുകള്‍ നിറഞ്ഞ നിറമായിരിക്കുന്നു'. 'ഇവര്‍ക്ക് നിഷ്ക്കളങ്കത നഷ്ട്ടപ്പെട്ടിരിക്കുന്നു, കണ്ണുകളില്‍ ഭയം മാത്രം....'...സിനിമയില്‍ നിന്നും എടുത്ത വരികള്‍.

Sreedev said...

നല്ല നിരൂപണം.എല്ലാ യുദ്ധങ്ങളും വിജയങ്ങളിലല്ല, വേദനകളിലാണ്‌ അവസാനിക്കുന്നത്‌ എന്നതാണ്‌ സത്യം..

ചാണ്ടിക്കുഞ്ഞ് said...

കുറച്ചു കൂടി വിശദമായി എഴുതാമായിരുന്നില്ലേ എന്ന് തോന്നുന്നു...

വിനയന്‍ said...

ശ്രീദേവ് ,സത്യം സത്യമായി നിലനില്‍ക്കുന്നു, യുദ്ധങ്ങള്‍ തുടരുന്നു!...
ചാണ്ടിക്കുഞ്ഞ് ,യുദ്ധത്തെക്കുറിച്ചുള്ള സിനിമയായത് കൊണ്ട് കണ്ടു തന്നെ ആവണം എന്ന് തോന്നി. പിന്നെ കൂടുതല്‍ എഴുതി തുടങ്ങിയാല്‍ പരന്നു പോകും എന്നും തോന്നി...മലയാള ഭാഷ കൈവിട്ടിട്ടു കുറെ കാലമായിരുന്നു. ഇപ്പോള്‍ എഴുതി തെളിഞ്ഞു വരുന്നേയുള്ളൂ. :)

വഷളന്‍ | Vashalan said...

വിനയാ, ഇഷ്ടപ്പെട്ടു. ചാണ്ടിക്കുഞ്ഞ് പറഞ്ഞ പോലെ കുറച്ചൂടെ എഴുതാമായിരുന്നു.
മലയാളത്തില്‍ ഇപ്പൊ കാണാന്‍ കൊള്ളാവുന്ന ഒരു സിനിമയും ഇറങ്ങുന്നില്ലല്ലോ എന്നോര്‍ത്ത് വിഷമം. രണ്ടു ദിവസം മുമ്പാണ് കേരള കഫെ കണ്ടത്. അസ്സലായിട്ടങ്ങു പിടിച്ചു. ഇത്തരം മൂവികള്‍ വന്നാല്‍ കാണാന്‍ ആളില്ലെന്നാ കേട്ടത്.

വിനയന്‍ said...

അടുത്ത പോസ്റ്റ്‌ മുതല്‍ ശ്രദ്ധിക്കാം. :). കഴിഞ്ഞ വര്‍ഷം പാസഞ്ചറും,കേരള കഫെയും ഒക്കെ തന്നെയേ ഉള്ളു നല്ലത് എന്ന് പറയാന്‍. നല്ലൊരു സിനിമ ഇറങ്ങിയാല്‍ ആളില്ല എന്നതു തന്നെയാണ് സത്യം. തമിഴ്‌ സിനിമയാണെങ്കില്‍ ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. ഒരുപിടി നല്ല ചിത്രങ്ങള്‍ എല്ലാ വര്‍ഷവും ഇറങ്ങുന്നുണ്ട്. പാസഞ്ചര്‍ പോലുള്ള സിനിമകള്‍ കൂടുതല്‍ ആളുകളുമായി സംവേദിക്കാന്‍ കഴിവുള്ളവയാണ്(കേരള കഫെ അങ്ങനെയല്ല). അത്തരം സിനിമകളിറങ്ങുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആളുകള്‍ കാണും എന്ന് വിചാരിക്കാം. പക്ഷെ ഇറങ്ങണം!.

കുമാരന്‍ | kumaran said...

:)‌

(കൊലുസ്) said...

എന്റെ ബ്ലോഗില്‍ നല്ല കമന്റിടുന്നു.പ്രോല്‍സാഹിപ്പിക്കുന്നു.എന്നിട്ടും മാഷിന്റെ ബ്ലോഗില്‍ എന്താ ഒന്നും പോസ്റ്റ്‌ ചെയ്യാത്തെ?
Lazy ആണോ? രണ്ടാമത്തെ ബ്ലോഗില്‍ no articles! pls active and keep blogging. thanx 4 giving motivative comments on my blog.

Post a Comment