ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി2010 ല്‍ ഇതുവരെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച സിനിമ. ഈയൊരു സിനിമയില്‍ മുന്‍നിര അഭിനേതാക്കളൊന്നും തന്നെ പ്രധാന വേഷങ്ങളിലില്ല. ഒരു പക്ഷെ ആ ഒരു പോരായ്മയായിരിക്കാം ഇപ്പോഴും തീയെട്ടറില്‍ ആളുകള്‍ വളരെ കുറവ്. എന്തായാലും കൂക്ക് വിളികളും ശബ്ദകോലാഹലങ്ങളും ഒന്നുമില്ലാതെ ഒരു സിനിമ കാണാന്‍ കഴിഞ്ഞു. അപ്പോള്‍ ഇനി സിനിമയിലേക്ക് ആഴ്ന്നിറങ്ങാം...

മോഹന്‍ രാഘവന്‍ എന്ന പുതുമുഖം കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ.ശ്രീവത്സന്‍ ജെ മേനോന്‍ ആണ് റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയത്. വെഞ്ചാമാരക്കാറ്റെ...എന്ന് തുടങ്ങുന്ന ഗാനം വളരെ ഹൃദ്യമായിരുന്നു. രണ്ടു കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിയാണ് കഥ സഞ്ചരിക്കുന്നത്. രണ്ടു കുട്ടികളും വളരെ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. അല്പം പോലും അതിഭാവുകത്വം ഉണ്ടായിരുന്നില്ല അവരുടെ അഭിനയത്തിനു. (ഭ്രമരത്തിലെ ബാലികയുടെ എക്സാജെറേഷന്‍ കലര്‍ന്ന അഭിനയം ഓര്‍ത്ത്‌ പോയി!). ചിത്രത്തിലെ ഒരു കഥാപാത്രം പോലും മോശമാക്കിയില്ല എന്നതും ശ്രദ്ധേയമാണ്. ചെറിയ ചെറിയ റോളുകളില്‍ വരുന്നവര്‍ പോലും തങ്ങളുടെ ഭാഗം നന്നായി തന്നെ അവതരിപ്പിച്ചു.

ബാങ്ക്ലൂരില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയും പാലക്കാട് ചിറ്റൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു ആണ്‍കുട്ടിയും തമ്മിലുള്ള കത്തിടപാടുകളാണ് കഥയുടെ പ്രമേയം. തനിക്കു ഒന്നര വയസ്സായപ്പോള്‍ ഉപേക്ഷിച്ചു പോയ അച്ഛന്റെ മേല്‍വിലാസം ദാസന്‍ കണ്ടെടുക്കുന്നു. അച്ഛന് അവന്‍ ഒരു കത്തയക്കുന്നു. എന്നാല്‍ അവന്റെ അച്ഛന്‍ കുറേക്കാലം മുന്‍പ് അവിടെ താമസിച്ച ആളുടെ ഡ്രൈവര്‍ മാത്രമായിരുന്നു. ഇപ്പോള്‍ അവിടെ താമസിക്കുന്നത് അമ്മുവും അവളുടെ അച്ഛനും മാത്രം. ആദ്യം എത്തിയ കത്ത് അവള്‍ അവിടെ സൂക്ഷിച്ചു വെക്കുന്നു. രണ്ടാമതൊരു എഴുത്ത് കൂടി എത്തുമ്പോള്‍ അവള്‍ അവനു മറുപടി അയക്കാന്‍ തീരുമാനിക്കുന്നു. അവള്‍ അവന്റെ അച്ഛന്‍ എഴുതുന്നതായിത്തന്നെ ഭാവിച്ചു അവനു കത്തുകളയച്ചു തുടങ്ങുന്നു. അവന്‍ അവന്റെ അച്ഛനും തിരിച്ചു കത്തുകളയക്കുന്നു. അവനറിയില്ല അത് അയക്കുന്നത് അമ്മുവാണെന്ന്. അവന്റെ കത്തുകളിലൂടെ അമ്മു അവനെക്കുറിച്ചറിയുന്നു അവന്റെ കുടുംബത്തെയും. അവന്റെ കത്തുകളില്‍ അവന്‍ സുഹൃത്തിന്റെ പേന പൊട്ടിച്ചതും കോള കമ്പനിക്കെതിരെ ഗ്രാമം പ്രതിഷേധിക്കുന്നതും എല്ലാം എഴുതുന്നു.
ഇതേ സമയം അമ്മുവിന്‍റെ അച്ഛന്‍ ഈ വഴിതെറ്റിവന്ന എഴുത്തിനെ പ്രമേയമാക്കി ഒരു സിനിമയെക്കുറിച്ച് ആലോചിക്കുന്നു. സുഹൃത്തുക്കളുമായി അയാള്‍ ഈ എഴുത്തിന്റെ ഭാവിയെക്കുറിച്ച് ഒരു ദ്രിശ്യഭാഷ്യം ചമയ്ക്കുന്നു. അവിടെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്. 'ജീവിതത്തില്‍ യാദ്രിശ്ചികതയുണ്ടാവം പക്ഷെ സിനിമക്ക് അത് ചേരില്ല'. നായകന്‍ പറയുന്നത് വില്ലന്റെ ചാരന്‍ യാദ്രിശ്ചികമായി കേള്‍ക്കാനിടവരുന്ന സിനിമകള്‍ ഓര്‍ക്കുക. മറ്റൊരു സന്ദര്‍ഭത്തില്‍ സിനിമകളിലെ ക്ലീഷേകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഈ സിനിമയില്‍ ഒരു ക്ലീഷേ പോലും ഞാന്‍ കണ്ടില്ല. ഉണ്ടെങ്കില്‍ തന്നെ ശ്രദ്ധിച്ചിട്ടുമില്ല.

സിനിമയില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ഇവ:-
കുട്ടികളുടെ വളരെ മികച്ച അഭിനയം. വളരെ ഹൃദ്യമായ പാട്ട്. ഒരു മുത്തശ്ശിക്കഥ പറയുന്ന പോലെ കരിമ്പനകളെക്കുറിച്ച് പറഞ്ഞു തുടങ്ങി അവയിലൂടെ തന്നെ അവസാനിപ്പിച്ചത്. പ്രമേയത്തില്‍ നിന്നു അല്‍പ്പം പോലും വ്യതിചലിച്ചില്ല എന്നത്. സറിയലിസം ആയി തോന്നിയ ഒരു ഭാഗം( കുട്ടിയുടെ ഉപബോധ മനസ്സില്‍ വരുന്ന വളയിട്ട അച്ഛന്റെ ചിത്രം, അതിനെ കുട്ടി നോക്കുന്നതായി സിനിമക്കുള്ളിലെ സിനിമയില്‍ ചിത്രീകരിച്ചത്). ആവശ്യത്തിന് മാത്രം വരുന്ന പാശ്ചാത്തല സംഗീതം(ഇന്നത്തെ സിനിമകള്‍ക്കിടയില്‍ ഇത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു). കഥയിലെ സിനിമയില്‍ കാണിക്കുന്ന രംഗങ്ങള്‍ 35 mm വലിപ്പത്തില്‍ കാണിച്ചത്. കത്തുകളുടെ ഉള്ളടക്കം നേരിട്ട് പ്രതിപാദിക്കാതെ പല കഥാപാത്രങ്ങളിലൂടെ അവയെ പ്രതിപാദിച്ചതും രസകരമായി.
ഇഷ്ട്ടപ്പെടാത്തത്:-
കഥയെ കീറി മുറിച്ചു പരിശോധിച്ചാല്‍ എന്തെങ്കിലും കിട്ടിയേക്കും. പക്ഷെ അങ്ങനെ വേണോ. ഒരു നല്ല ചിത്രത്തെ അങ്ങനെ നോക്കണോ. വേണ്ട എന്നാണ് എന്‍റെ അഭിപ്രായം. എങ്കിലും ഒന്നുണ്ട്. ലോങ്ങ്‌ ഷോട്ടുകളില്‍ ഒബ്ജെക്ട്സ് കൂടുതല്‍ കാണിക്കുമ്പോള്‍ ഫ്രെയിമുകള്‍ അല്‍പ്പം വ്യക്തത കുറഞ്ഞു കണ്ടു. ഒരു പക്ഷെ തീയെറ്ററിന്റെ കുഴപ്പമായിരിക്കാം.

തീയെറ്ററുകളില്‍ 'സ്വന്തമായി പ്രമാണം ഉള്ളവനും','പേടിപ്പെടുത്തുന്ന തമാശയും','ഒടച്ചു കയ്യിത്തരുന്നവനും' ഒക്കെ ഓടുന്ന കൂട്ടത്തില്‍ ചെറുതെങ്കിലും സമ്പന്നമായ ഈ ചിത്രം ഓടുമെന്ന കാര്യം സംശയമാണ്. ഞാന്‍ കണ്ട തീയെറ്റരില്‍ 40 പേര്‍. തീയെറ്ററിന്റെ 30 ശതമാനം മാത്രമേ ഇത് വരൂ. ഇത്തരം നല്ല സിനിമകള്‍ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പക്ഷെ എങ്ങനെ? നല്ല സിനിമകള്‍ വരുന്നില്ല എന്ന് പറയുന്നവര്‍ തന്നെ സൂപ്പര്‍സ്റ്റാറുകള്‍ ഇല്ലെങ്കില്‍ തീയെറ്ററിലേക്ക് കയറാത്ത പ്രവണതയാണ്. ഒന്നുകൂടി പറയട്ടെ, ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഇതുവരെ ഇത് മാത്രമേ ഏറ്റവും മികച്ചത് എന്ന പരാമര്‍ശം എല്ലാ തരത്തിലും അര്‍ഹിക്കുന്നുള്ളൂ. പറ്റുമെങ്കില്‍ അടുത്ത ആഴ്ച കൂടി സിനിമക്ക് ആയുസ്സുന്ടെകില്‍ ഈ സിനിമ കാണണം. നിരാശപ്പെടില്ല.

9/10.

17 comments:

vimal said...

Bangalore relase cheyumo ennu enikariyilla...vannal sure kandirikkum.

Vinayan said...

നല്ല മൌത്ത് പബ്ലിസിറ്റി കിട്ടി വരുന്നുണ്ട്. ചിലപ്പോ മള്‍ടിപ്ലെക്സുകള്‍ എടുത്തേക്കാം...അവര്‍ക്കുള്ള സ്കോപ്പ് ഉണ്ട്...

Haree said...

"ഈയൊരു സിനിമയില്‍ മുന്‍നിര അഭിനേതാക്കളോ ഒന്നും തന്നെയില്ല." - അഭിനേതാക്കളോടൊപ്പം എന്താണ് ഉദ്ദേശിച്ചത്?

മെല്ലെയാണെങ്കിലും പടം ശ്രദ്ധ നേടുന്നുണ്ട് എന്നു തന്നെ കരുതാം.
--

Vinayan said...

അത് ഒരു പ്രൂഫ്‌ റീഡിംഗ് ചെയ്യാത്തതിന്റെ കുഴപ്പമാണ്. അഭിനേതാക്കളോ ഒന്നും എന്നത് ചേര്‍ത്ത് അഭിനേതാക്കളൊന്നും എന്ന് വായിച്ചാല്‍ മതി. അതായത് എഴുതിയത് അങ്ങനെയാണെങ്കിലും വായിക്കേണ്ടത് അങ്ങനെയല്ല എന്ന്!...എന്തായാലും തിരുത്തുന്നു.

Vinayan said...

പടം ശ്രദ്ധ നേടുന്നുണ്ട്. പക്ഷെ അടുത്ത ആഴ്ച വരെ ആയുസ്സ്!.അത് സംശയം തന്നെയാണ്.

അനൂപ് :: anoop said...

ട്രെയിലര്‍ കണ്ടോപ്പോഴെ കാണണം എന്ന് കരുതിയതാണ് . ഇതെന്നണാവോ ബാംഗളൂരില്‍ എത്തുന്നത്‌. നല്ല റിവ്യൂ . എന്തായാലും കാണണം.

NANZ said...

കൊമേഴ്സ്യല്‍ ചേരുവകളില്ലാതെ ഒരു നല്ല സിനിമ ചെയ്യാന്‍ ശ്രമിച്ച ആര്‍ജ്ജവത്തിനും അതിന്റെ പരിശ്രമത്തിനും മോഹന്‍ രാഘവനേയും ഈ സിനിമയേയും നമുക്ക് അഭിനന്ദിക്കാം. (20-25 വര്‍ഷമായി സിനിമ ചെയ്യുന്ന ലബ്ധപ്രതിഷ്ഠരായ സംവിധായകര്‍ ഇപ്പോഴും ചവറ്റുകൊട്ടയില്‍ തള്ളേണ്ട പല സാധനങ്ങളും പടച്ചു വിടുന്നതിനിടയിലാണല്ലോ ഒരു പുതു സംവിധായകന്‍ ഒരു നല്ല സിനിമ എന്ന പരിശ്രമവുമായി വരുന്നത്)

Rakesh | രാകേഷ് said...

നമ്മളൊക്കെ ചെയ്യുന്ന മാര്‍ക്കറ്റിംങ്ങാണ് ചിത്രത്തെ ഒരാഴ്ച എന്ന കടമ്പയെങ്കിലും കടത്തിയതെന്ന് പറയാം. അല്ലെങ്കില്‍ ആശ്വസിക്കാം :)

അത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറച്ചുപേര്‍ക്കൂടി പടം കണ്ടേനെ.

Vinayan said...

@Rakesh, അങ്ങനെ പറയാം. ആശ്വസിക്കാം. ഇപ്പോള്‍ മോഹന്‍ രാഘവന്റെ നമ്പര്‍ കിട്ടിയപ്പോള്‍ വിളിച്ചിരുന്നു. He says Sibi Malayil and Suresh kumar are gonna promote the film. ഹോ.അവര്‍ക്ക് ബുദ്ധി ഉദിച്ചു...

Vinayan said...

@NANZ, അങ്ങനെ 2 നല്ല പുതുമുഖങ്ങളെ ഇതുവരെ കിട്ടി. നായകന്‍റെ സംവിധായകന്‍ ജോസ് പെല്ലിശ്ശേരി, പിന്നെ ഇപ്പോള്‍ മോഹന്‍ രാഘവനും.

Vinayan said...

@അനൂപ്‌ ബാംഗളൂരില്‍ എത്താന്‍ സാധ്യത കുറവാണ് എന്ന് കേട്ടു. എന്തായാലും എത്തിയാല്‍ കാണണം.

വഷളന്‍ (Vashalan) said...

വിനയാ, ഒരു നല്ല സിനിമ പരിചയപ്പെടുത്തിയതിനു നന്ദി.

താരങ്ങളുടെ കെട്ടുകാഴ്ചയും, "ഭാവാ"ഭിനയവും, കൊച്ചുങ്ങളുടെ വല്യ വര്‍ത്തമാനവും, ഐറ്റം നമ്പര്‍ ആട്ടവും ചാട്ടവും, പൊള്ളാച്ചിദൃശ്യങ്ങളും, മനകളും, തമ്പ്രാക്കളും, ഇംഗ്ലീഷ് പറയുന്ന വില്ലനും കണ്ടു മലയാള സിനിമ തല്ക്കാലം കാണണ്ട എന്ന് കരുതിയിരിക്കുന്ന എനിക്ക് ഇത്തരം സിനിമകള്‍ ആശ്വാസമാണ്.

Vinayan said...

:)

Rakesh | രാകേഷ് said...

ആ നമ്പര്‍ ഒന്നു തരുമോ. മെയിലിലേക്ക് അയച്ചാല്‍ മതി: rakeshkonni@gmail.com

Sreedev said...

വിനയന്‍, സിനിമ ഇതു വരെ കാണാന്‍ പറ്റിയില്ല.അതിയായ അഗ്രഹമുണ്ട്‌.വല്ലപ്പോഴും ഇത്തരം ഒരു ചിത്രം വരുന്നത്‌ വേനലില്‍ ഒരു മഴ വരുന്നതു പൊലെ ആശ്വാസകരമാണ്‌. നമ്മോടു തന്നെ വെറുപ്പു തോന്നിപ്പിക്കുന്ന സിനിമകളാണെങ്ങും..

വളരെ നന്നായി വിനയന്റെ ആസ്വാദനം. തെളിഞ്ഞ ഭാഷ.
അഭിനന്ദനങ്ങള്‍...

ഏറനാടന്‍ said...

ഈ നല്ല പ്രമേയം തമിഴില്‍ എടുത്തിരുന്നെങ്കില്‍ നിര്‍മാതാവും സംവിധായകനും അഭിനേതാക്കളും സിനിമയും ഒക്കെ രക്ഷപ്പെട്ടേനെ. മലയാളത്തിലെ ഇന്നത്തെ കൂതറ ഫാന്‍സ്‌ ഭ്രാന്തന്മാരുടെ കരവലയത്തില്‍ ആയിപ്പോയ തീയേറ്ററുകള്‍ അടക്കി ഭരിക്കുന്ന പോളിപ്പടങ്ങളുടെ ഒച്ച്ചപ്പാടിനിടയില്‍ ഇത്തരം നല്ല സിനിമകള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കാണുമ്പോള്‍ അങ്ങനെ ചിന്തിച്ചു പോകുക അല്ലാതെ എന്ത് ചെയ്യാം..

വിനയന്‍ said...

@ഏറനാടന്‍ ...ശരിയാണ്, കാണി എന്ന് പറഞ്ഞാല്‍ ഇന്ന് ഫാന്‍സ്‌ ആണ്...അവരില്ലെന്കില്‍ സിനിമ ഇല്ല എന്നത്പോലെയാണ് കാര്യങ്ങളുടെ കിടപ്പ്. ഈയൊരു സിനിമ പരാജയപ്പെട്ടു എന്നതുകൊണ്ട് ചെറിയ നല്ല സിനിമകള്‍ വരാനുള്ള സാധ്യതയെത്തന്നെയാണ് പ്രേക്ഷകര്‍ തള്ളിക്കളഞ്ഞത്. അവര്‍ക്ക് പോക്കിരി രാജയോക്കെ മതി എന്ന് തോന്നുന്നു. അഭിപ്രായത്തിന് നന്ദി.

Post a Comment