മീശ

La Moustache(2005)

2005 ലെ കാന്‍സ്‌ ഫെസ്റ്റിവലില്‍ 'Quinzaine des Réalisateurs'(Directors FortNight) വിഭാഗത്തിലാണ് ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത് . സിനിമയിലെ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ വിഭാഗം ഒരു മത്സര വിഭാഗമല്ല. ഒരു മീശയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഇവിടെ. ഫിക്ഷന്‍ ഏതാണ് യാഥാര്‍ത്ഥ്യം ഏതാണ് എന്ന് തിരിച്ചറിയാന്‍ പ്രയാസമുള്ള രീതിയിലാണ് കഥയുടെ പോക്ക്. ഒരു മീശ കാരണം കഥാനായകന് സംഭവിക്കുന്ന ദുരന്തങ്ങള്‍ ഇനിയെന്ത്‌ എന്ന് ആകാംക്ഷ ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇമ്മാനുവല്‍ കാരെറുടെ തിരക്കഥക്ക് അദ്ദേഹം തന്നെ സംവിധാനവും നിര്‍വഹിക്കുന്നു. അദ്ദേഹത്തിന്‍റെ തന്നെ നോവലിനെ ആധാരമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഒരു ദിവസം രാവിലെ മാര്‍ക് തന്റെ മീശ വടിക്കുന്നതിനെക്കുറിച്ച് ഭാര്യ ആഗ്നെസിനോട് അഭിപ്രായം ആരായുന്നു. ജീവിതത്തില്‍ ഇന്നേ വരെ തന്റെ ഭര്‍ത്താവിനെ മീശ വടിച്ചു കണ്ടിട്ടില്ലാത്തതിനാല്‍ അവള്‍ക്ക് ഒരു നല്ല മറുപടി പറയാന്‍ കഴിയുന്നില്ല. എങ്കിലും അയാള്‍ തന്റെ മീശ വടിക്കുന്നു--മീശ പ്രധാന കാഥാപാത്രമായതുകൊണ്ട് തന്നെ മീശ വടിക്കുന്നത് ഏതാണ്ട് മുഴുവനായും ക്ലോസപ്പ് ഷോട്ടില്‍ തന്നെ കാണിച്ചിട്ടുണ്ട്.--താന്‍ കൂടുതല്‍ സുന്ദരനായതായി അയാള്‍ക്ക്‌ അനുഭവപ്പെടുന്നു. ഭാര്യയുടെ അഭിപ്രായത്തിനായി അയാള്‍ അവളുടെ മുന്നിലേക്ക്‌ ചെല്ലുന്നു. മീശ വടിച്ചെന്നു കാണിക്കത്തക്ക വിധത്തില്‍ അയാള്‍ അവളുടെ മുന്‍പില്‍ പെരുമാറുന്നു. എന്നാല്‍ അയാള്‍ക്ക്‌ യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ഭാര്യ അയാളുടെ മുന്‍പിലൂടെ നടന്നകലുന്നു. അതില്‍ അയാള്‍ക്ക്‌ അല്‍പ്പം നീരസവും അത്ഭുതവും തോന്നുന്നു. എങ്കിലും തന്റെ മാറ്റത്തെ കൂടെ ജോലി ചെയ്യുന്നവര്‍ എങ്ങനെ വിലയിരുത്തുന്നു എന്നത് അറിയാനുള്ള ആകാംക്ഷ അയാളിലുണ്ടാവുന്നു. എന്നാല്‍ അയാള്‍ ഇവിടെയും പരാജിതനാവുന്നു. അയാള്‍ക്ക്‌ യാതൊരു മാറ്റവും സംഭവിക്കാത്ത രീതിയില്‍ തന്നെ അവരും പെരുമാറുന്നു. ഓഫീസിനു തൊട്ടു മുന്‍പിലെ കോഫി ഷോപ്പിലും ഇതേ അവസ്ഥ. ഒരുപക്ഷെ അയാള്‍ ഒരു സ്വപ്നത്തിലായിരുന്നെങ്കിലോ? അതോ ഇനി ഇവര്‍ തന്നെ പറ്റിക്കുകയാണോ?...ആല്‍പ്പം തമാശ നിറഞ്ഞ രംഗങ്ങളിലൂടെ കഥ വികസിക്കുന്നു.

തിരിച്ചു വീട്ടിലെത്തിയ ശേഷം ഭാര്യയോട് ഒന്നിച്ചു അയാള്‍ കുടുംബസുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ചെല്ലുന്നു. തന്റെ സുഹൃത്തുക്കള്‍ താന്‍ മീശ വടിച്ചതിനെക്കുറിച്ച് എന്തായാലും പ്രതികരിക്കുമെന്ന് അയാള്‍ വിചാരിക്കുന്നു. പക്ഷെ അവരും അയാളുടെ പരാജയത്തിന്റെ ആക്കം കൂട്ടുന്നു. ഇത് അയാളെ കൂടുതല്‍ വിഷമത്തിലാക്കുന്നു. തിരച്ചു വീട്ടിലേക്കു സഞ്ചരിക്കവേ ദേഷ്യവും സങ്കടവും ഇട കലര്‍ന്ന ഒരു നിമിഷത്തില്‍ അയാള്‍ തന്റെ ഭാര്യയോട് പൊട്ടിത്തെറിക്കുന്നു. മീശ വടിച്ചതിനെ ആരും ഗൌനിക്കാത്തതില്‍ അയാള്‍ക്ക്‌ വിഷമമുണ്ടെന്നും പറയുന്നു. ഇത് അവളെ തെല്ല് അത്ഭുതപ്പെടുത്തുന്നു.എന്നാല്‍ തിരികെ വീട്ടിലെത്തിയ ശേഷം അയാള്‍ കാര്യമായി തന്നെയാണ് മീശയെക്കുറിച്ചു ചോദിച്ചത് എന്നറിഞ്ഞ നിമിഷം അവളുടെ അത്ഭുതം ഭയപ്പാടിലേക്ക് വഴിമാറുന്നു. അയാള്‍ ഇന്നേ വരെ ഒരിക്കല്‍ പോലും മീശ വെച്ച് കണ്ടില്ലെന്ന സത്യം അവള്‍ പറയുന്നു. തന്റെ ഭാര്യ കള്ളം പറയുകയാണ്‌ എന്ന് അയാള്‍ വിശ്വസിക്കുന്നു. എങ്കിലും അവളുടെ ഭയം അയാളെ തെല്ലൊന്നു അമ്പരപ്പിക്കുകയും ചെയ്യുന്നു. ശരിക്കും തനിക്ക് മീശയില്ലേ?! ...എങ്കിലും പിന്നീട് ഇതിനെക്കുറിച്ച് തല്‍ക്കാലം ചര്‍ച്ച ചെയ്യേണ്ടെന്ന് തന്നെ അയാള്‍ തീരുമാനിക്കുന്നു.

അവര്‍ രണ്ടു പേരും അടുത്ത ദിവസം സ്വരച്ചേര്‍ച്ചയിലെത്താന്‍ ശ്രമിക്കുന്നു. കൊമാളികള്‍ക്ക് അനുയോജ്യം എന്ന് മാര്‍ക് സ്വയം വിലയിരുത്തിയ കുപ്പായം ഭാര്യയുടെ ഇഷ്ട്ടപ്രകാരം വാങ്ങിക്കുന്നു. അങ്ങനെ നടക്കുന്ന കാര്യങ്ങളെല്ലാം ഭാര്യയുടെ ഇഷ്ട്ടത്തിനു. ഭാര്യയുടെ സന്തോഷത്തിന് ഒരു മനശാസ്ത്രജ്ഞ്ജനെ കാണാം എന്നും അയാള്‍ സമ്മതിക്കുന്നു.സിനിമയുടെ തുടക്കം മുതല്‍ പാശ്ചാത്തലത്തില്‍ വരുന്ന ഗ്ലൂമി മൂഡിലുള്ള പിയാനോയുടെ സംഗീതം വീണ്ടും മുറുകുന്നു. സഹീറില്‍ പൌലോ കൊയലോ പറയുന്നുണ്ട് ദാമ്പത്യ ജീവിതത്തില്‍ സ്ത്രീ പുരുഷന്‍മാര്‍ റെയില്‍പ്പാളത്തിലെ റെയിലുകള്‍ പോലെയാണെന്ന്. ഒരു നിശ്ചിത അകലത്തില്‍ നില്‍ക്കുമ്പോള്‍ മാത്രം സന്തോഷകരമായ ജീവിതം. ഇപ്പോള്‍ ഒരു മീശയില്‍ നിന്നും തുടങ്ങിയ പ്രശ്നങ്ങള്‍ സങ്കീര്‍ണമാവുകയാണ് . അയാള്‍ ബാലിയിലെ വിനോദസഞ്ചാരവേളകളില്‍ എടുത്ത ചിത്രങ്ങളിലൂടെ കണ്ണോടിക്കുന്നു. താന്‍ ഉള്‍പ്പെട്ട എല്ലാ ചിത്രങ്ങളും നോക്കുന്ന അയാള്‍ തനിക്കും ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാവുന്നു;എല്ലാ ചിത്രത്തിലും തനിക്ക് മീശയുണ്ട്. അതോ ഒരു പക്ഷെ തനിക്ക് തോന്നുന്നതാണോ? അതോ തന്റെ ഭാര്യ ഇപ്പോള്‍ സംശയിക്കാന്‍ തുടങ്ങുന്നത് പോലെ തനിക്ക് മാനസികമായ എന്തെങ്കിലും പ്രശ്നമുണ്ടോ?പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ട് അടുത്ത ദിവസം മറ്റൊരു കാര്യം കൂടി മാര്‍ക് ആഗ്നെസില്‍ നിന്നും അറിയുന്നു. തന്റെ അച്ഛന്‍ കഴിഞ്ഞ വര്‍ഷം മരിച്ചിരിക്കുന്നു. തന്റെ ഭാര്യ കള്ളം പറയുന്നുവെന്നു അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം തൊട്ടു മുന്‍പേയാണ് ഫോണിലെ അച്ഛന്റെ സന്ദേശം അയാള്‍ വായിച്ചത്.

അടുത്ത ദിവസം മാര്‍കിന്റെ ജീവിതത്തില്‍ നടക്കുന്ന രണ്ടു സംഭവങ്ങള്‍ ഭാര്യ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു എന്ന് അയാളെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഒടുവില്‍ തന്റെ വ്യക്തിത്വത്തെ തിരിച്ചറിയാന്‍ പോലും കഴിയാത്ത ഒരു അവസ്ഥയില്‍ അയാള്‍ പാരീസില്‍ നിന്നും ഹോങ്കോങ്ങിലെക്ക് പുറപ്പെടുന്നു. ഒടുവില്‍ കുറെ നാളുകള്‍ അവിടെ. അയാള്‍ക്ക്‌ മീശയും താടിയും വളരുന്നു.അവിടത്തെ ജനങ്ങളുമായി അയാള്‍ ഇടപഴകുന്നു. തീര്‍ത്തും പുതിയ ജീവിതം.ഒടുവില്‍ സിനിമ അതിന്റെ ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ കഥയില്‍ ഒരു വഴിതിരിവുണ്ടാക്കുന്നു. ഒരുപാട് വിശകലങ്ങള്‍ക്ക് വഴി തുറന്നിട്ടുകൊണ്ട് സിനിമ അവസാനിക്കുമ്പോള്‍ ഏതൊരു പ്രേക്ഷകനും കഥയില്‍ ഇതുവരെ നടന്ന സംഭവങ്ങളെ ഓര്‍ത്തെടുത്ത് ഫിക്ഷനും റിയാലിറ്റിയും തമ്മില്‍ വേര്‍തിരിക്കുവാന്‍ ശ്രമിച്ചേക്കും. പക്ഷെ അങ്ങനെ ഒരു വേര്‍തിരിവ് സിനിമയില്‍ ഇല്ലെന്നതാണ് സത്യം. സംവിധായകന്‍ പറയുന്നത് അങ്ങനെയൊരു വിശകലനത്തിനു വഴി തുറന്നിടുന്നു എന്നല്ലാതെ കഥയിലെ ക്ലൈമാക്സിനു പ്രേക്ഷകര്‍ക്ക്‌ ഉള്ള വിശദീകരണങ്ങള്‍ മാത്രമേ പടം മുന്നോട്ടു വെക്കുന്നുള്ളു എന്നാണ്. സന്തോഷകരമല്ലാത്ത ഒരു ദാമ്പത്യ ജീവിതത്തെ ഒടുവില്‍ സുഖകരമായ രീതിയില്‍ ആണ് സിനിമയില്‍ കാണിക്കുന്നത്. പുതുതായി വളര്‍ത്തി വന്ന മീശയെ വടിച്ചാല്‍ മാര്‍ക്കിനെ എങ്ങനെയിരിക്കും കാണാന്‍ എന്ന് ജിജ്ഞാസയോടെ ചോദിക്കുന്ന ഭാര്യ....ഈ പുതിയ ഷര്‍ട്ട് കോമാളികള്‍ക്ക് ധരിക്കാന്‍ കൊള്ളാം എന്ന് പറയുന്ന ഭാര്യ...അങ്ങനെ ഒരുപക്ഷെ അയാളുടെ താല്‍പര്യങ്ങളെ അതെ കോണിലൂടെ തന്നെ നോക്കി കാണുന്ന ഒരു ഭാര്യ...

ഇവിടെ പ്രേക്ഷകന്‍ കാണുന്ന കാഴ്ചകള്‍ മാര്‍കിലൂടെയാണ്.മറ്റുള്ളവര്‍ മാര്‍കിനെക്കുറിച്ച് അവരുടെ സ്വകാര്യസന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും പറഞ്ഞിരിക്കുമോ എന്ന് അറിയുന്നില്ല. അതുകൊണ്ട് തന്നെ മാര്‍കിനെപ്പോലെ തന്നെ സംശയങ്ങള്‍ പ്രേക്ഷകനും ഉണ്ടാവും. മാര്‍കിനു അനുഭവപ്പെടുന്ന അത്ഭുതവും നിരാശയും എല്ലാം പ്രേക്ഷകനും അനുഭവപ്പെടാം. വളരെ നിസ്സാരമെന്നു തോന്നുന്ന ഒരു മീശ എങ്ങനെ ജീവിതത്തില്‍ വില്ലനാവുന്നു എന്ന് അതിശയോക്തി ഒട്ടും ഇല്ലാതെയാണ് അവതരിപ്പിക്കുന്നത്‌. കഥക്കനുയോജ്യമായ രീതിയിലുള്ള വേഗതയിലാണ് സിനിമയുടെ സഞ്ചാരം. പതുക്കെയാണ് പോക്കെങ്കിലും കഥയുടെ ഗതി ഒട്ടും ബോറടിപ്പിച്ചില്ല എന്ന് പറയാം. ഫ്രഞ്ച് സിനിമകളും പരീക്ഷണ സിനിമകളും ഇഷ്ട്ടപ്പെടുന്നവര്‍ക്കായിരിക്കും സിനിമയെ കൂടുതല്‍ ഇഷ്ട്ടപ്പെടുക. ചിലരെയെങ്കിലും ക്ലൈമാക്സിലെ ട്വിസ്റ്റ്‌ ആലോസരപ്പെടുത്തിയെന്നും വരാം.10 comments:

ഉപാസന || Upasana said...

നല്ല ഉദ്യമമാണ് ഭായി
കാണുവാനുള്ള ഒരു ചോദന ഉളവാക്കും. നല്ല സിനിമകള്‍ അല്ലെങ്കിലും അങ്ങിനെയല്ലേ
:-)

ശ്രീ said...

ശ്ശെടാ... എന്നാല്‍ ഇതൊന്നു കാണണമല്ലോ

ചാണ്ടിക്കുഞ്ഞ് said...

കൊള്ളാമല്ലോ വിവരണം....ഇത് ഞാന്‍ പണ്ട് ഞാന്‍ താടിയും മീശയും വെച്ച പോലെയായി...ആര്‍ക്കും കണ്ടിട്ട് മനസ്സിലായില്ല, താടിയും മീശയും വെച്ചിട്ടുണ്ടെന്ന്....പിന്നെ എല്ലാവരോടും പറഞ്ഞു നടക്കേണ്ടി വന്നു, ഞാന്‍ ഇങ്ങനെയൊരു കൃത്യം ചെയ്തിട്ടുണ്ടെന്ന്...അവസാനം മുഖം ചൊറിഞ്ഞു നടന്നപ്പോള്‍ വടിച്ചിറക്കി....ഇതെന്റെ ഒരു പോസ്റ്റില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്...
ഈ പടങ്ങളൊക്കെ കാണണമെങ്കില്‍ എന്ത് ചെയ്യണമെന്നു കൂടി പറയൂ വിനയാ...

വിനയന്‍ said...

@ഉപാസന,@ശ്രീ ... :)
@ചാണ്ടിക്കുഞ്ഞ് ... ഹ ഹ ഹ എനിക്ക് നേരെ തിരിച്ചാണ് സംഭവിച്ചത്. വടിച്ച ശേഷം സംഗതി അബദ്ധമായിപ്പോയി എന്ന് എനിക്ക് തോന്നി...എന്ത് കാര്യം! സ്കൂളില്‍ എല്ലാവരും കളിയാക്കി കൊന്നു...പിന്നെ മീശയില്‍ തൊട്ടിട്ടില്ല.
വിദേശസിനിമകള്‍ നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്താണ് കാണാറ്.അല്ലാതെ ഇത്തരം സിനിമകളൊന്നും കിട്ടില്ല.ക്ലാസ്സിക്‌ സിനിമകള്‍ ആണെങ്കില്‍ ചിലപ്പോള്‍ ഡിവിഡിയില്‍ വാങ്ങാന്‍ കിട്ടിയേക്കും. ടോറന്റ് സൈറ്റുകള്‍ ഉപയോഗിക്കാം ഡൌണ്‍ലോഡ് ചെയ്യാന്‍. അവ ഇന്ത്യയില്‍ ഇല്ലീഗല്‍ അല്ല എന്നാണ് കേട്ടത്.പക്ഷെ ഇന്ത്യക്ക് പുറത്തു പ്രശനമാണ്.

Sreedev said...

വിനയാ...
നന്നായി. നല്ല ഉള്‍ക്കാഴ്ച്ചയുള്ള നിരൂപണം.അത്‌ പ്രത്യക്ഷത്തില്‍ കാണുന്ന ഒരു വെറും മീശയല്ല എന്നു മനസ്സിലായി..ആ മീശയെ പല തരം മാനസികാവസ്ഥകളുടെ ഒരു പ്രതീകമായി കാണാം അല്ലേ..? ഒരുപാടു സിനിമളുണ്ട്‌ ഇങ്ങനെ...വളരെ ലളിതമായ ഒരു ഫ്രെയിം കൊണ്ടോ ഒബ്ജക്റ്റ്‌ കൊണ്ടോ, വളരെ വലിയ ചില സത്യങ്ങള്‍ പറയുന്നത്‌...

(പിന്നെ, ഫാക്റ്റം ഫോസ്‌ വളമിട്ടു വളര്‍ത്തുന്ന, താങ്കളുടെ ആ ഭയങ്കരന്‍ മീശയുടെ ബലത്തിലല്ലേ..ഇതെഴുതിയത്‌..:)

വഷളന്‍ | Vashalan said...

ഹോ, എന്റെ മനസ്സു വായിച്ച പോലെ. ഞാനും ഇതോപോലെ മീശരാഹിത്യതിന്റെ വികാര വിക്ഷോഭങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. പക്ഷെ കാഴ്ചക്കാരുടെ നിസ്സംഗത എന്നെ അമ്പരപ്പെടുത്തിയിട്ടുണ്ട്.
പറ്റിയാല്‍ ഒന്നു കാണണം.

Abdulkader kodungallur said...

നല്ല നിരൂപണം. സിനിമാ നിരൂപണത്തിന്റെ വൈദഗ്ദ്യമേറിയ കെട്ടും മട്ടും നന്നായിരിക്കുന്നു. ഭാവുകങ്ങള്‍

വിനയന്‍ said...

@ശ്രീദേവ് ...ഫാക്റ്റം ഫോസിനുള്ള മറുപടി ഞാന്‍ നേരിട്ട് പറയാം...:)).
@വഷളന്‍,@Abdulkader... അഭിപ്രായങ്ങള്‍ക്ക് നന്ദി.

vimal said...

hey wanted to c this..really intersting ...good post

Afsal m n said...

പ്രിയ സുഹ്രുത്തേ...
ബൂലോകത്തേക്കു പുതിയ ഒരു അഗ്രിഗറ്റര്‍ കൂടി എത്തുന്നു... ഇവിടെ


സ്നേഹത്തോടെ..
Afsal m n

Post a Comment