Ink(2009)

'A great wonderful movie and best among 2009 films'

2009 ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിലൊന്ന് എന്ന് നിസ്സംശയം പറയാം. പ്രദര്‍ശന ശാലകളില്‍ റിലീസ്‌ ചെയ്യാന്‍ സാധിക്കാതിരുന്ന ഈ സിനിമ ഡിവിഡിയില്‍ നേരിട്ടിറക്കുകയായിരുന്നു(ഓഫ്‌ ശ്രദ്ധിക്കുക). റാബിറ്റ്റിവ്യൂവ്സില്‍ നിന്നാണ് ആദ്യമായി ഈ സിനിമയെക്കുറിച്ച് മനസ്സിലാക്കുന്നത്.അതല്ലാതെ ആ സമയം കൂടുതല്‍ ആധികാരികമായി ഒന്നും തന്നെ കേട്ടിരുന്നില്ല.പടത്തെക്കുറിച്ചു അറിയുന്നവര്‍ തന്നെ ആരും ഇല്ലെന്നു പിന്നീട് മനസ്സിലായി.സിനിമ കണ്ട ശേഷം തോന്നിയത് ഒന്ന് മാത്രം, തീര്‍ച്ചയായും ഈ സിനിമ അറിയപ്പെടും സംശയമില്ല. അത്രയ്ക്ക് മികച്ച ഒരു പുതുമയുള്ള കഥയായിരുന്നു ഇങ്ക് എന്ന സിനിമക്കുണ്ടായിരുന്നത്. പ്രതീക്ഷ തെറ്റിയില്ല ഇതെഴുതുന്ന ഈ സമയത്ത് ഇങ്ക് വളരെ പോപ്പുലര്‍ ആയിക്കഴിഞ്ഞു.

സംവിധായകന്‍ ജാമിന്‍ വിനാന്‍സ് -ന്റെ രണ്ടാമത്തെ സിനിമയാണ് ഇത്. അതിനും മുന്‍പ് ഹ്രസ്വചിത്രങ്ങളിലൂടെ വളരെ ശ്രദ്ധേയനായിരുന്നു ജാമിന്‍. സ്പിന്‍ എന്ന 8 മിനിട്ട് മാത്രം ദൈര്‍ഘ്യം ഉള്ള ഇദ്ദേഹത്തിന്റെ ഹ്രസ്വചിത്രം വളരെ പ്രശസ്തമായ ഒന്നായിരുന്നു. ഏതാണ്ട് നാല്‍പ്പതിലധികം അവാര്‍ഡുകള്‍ ഈ ഹ്രസ്വചിത്രം നേടിയിരുന്നു. ഇവിടെ സിനിമയുടെ എഴുത്തും അദ്ദേഹത്തിന്‍റെ തന്നെയാണ്.

ഇങ്ക് എന്നത് സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ്. എന്നാല്‍ അതൊരു യഥാര്‍ത്ഥ കഥാപാത്രമല്ല. അതെന്താണെന്ന് വഴിയെ പറയാം. ഇവിടെ നല്ലതും ചീത്തയും അല്ലെങ്കില്‍ ദൈവവും ചെകുത്താനും തമ്മിലുള്ള സാങ്കല്‍പ്പികമായ ഒരു ഏറ്റുമുട്ടല്‍ ആണ് വിഷയം. ഇത്തരം വിഷയങ്ങള്‍ പല ഭാഷകളിലായുള്ള സിനിമകളില്‍ പല രീതികളില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതെപ്രകാരമാണ് ഇവിടെ ആവിഷ്ക്കരിക്കരിക്കുന്നത് എന്നത് സിനിമയെ വേറിട്ട്‌ നിര്ത്തുന്നു. ആദമും ഹവ്വയും ആപ്പിളും ഒക്കെ ഓര്‍മയില്ലേ..മനുഷ്യനുണ്ടായ കാലം തൊട്ടു നന്മയും തിന്മയും ഒക്കെ ഉണ്ട്. ഇതാ ഇപ്പോഴും അതുണ്ട്. ഇപ്പൊ തിന്മക്കാണ് മാര്‍ക്കെറ്റ് കൂടുതല്‍ എന്ന് മാത്രം. സ്വപ്‌നങ്ങള്‍ എപ്രകാരമാണ്? നല്ലതും ചീത്തയുമുണ്ട് അല്ലെ. സ്വപ്നങ്ങളും ദുസ്വപ്നങ്ങളും തമ്മിലുള്ള പോരാടലാണ് ഇവിടെ സിനിമയില്‍ കാണുന്നത് . ഒടുവില്‍ ദുസ്വപ്നങ്ങള്‍ക്ക് മേല്‍ എങ്ങനെ സ്വപ്‌നങ്ങള്‍ വിജയം വരിക്കുന്നു എന്നതും കാണിക്കുന്നു. ഇവിടെ ദുസ്വപ്നങ്ങള്‍ക്ക് ഹേതുവായവരെ 'incubators' എന്നും സ്വപ്നങ്ങളെ നയിക്കുന്നവരെ 'story tellers' ആയും പറഞ്ഞിരിക്കുന്നു. അതായത് നമ്മള്‍ കാണുന്ന സ്വപ്നങ്ങള്‍ക്കും ദുസ്വപ്നങ്ങള്‍ക്കും മറ്റൊരു തലമുണ്ടെന്നും അവിടെ ഈ രണ്ടു തരം ആളുകളുണ്ടെന്നും സിനിമയില്‍ പറയുന്നു. ഇവരാണത്രേ നമ്മുടെ സ്വപ്നങ്ങളെ നിയന്ത്രിക്കുന്നത്‌.

കഥ തുടങ്ങുന്നത് ഒരു പെണ്‍കുട്ടി(എമ്മ എന്ന് അവളുടെ പേര്) സ്വപ്നം കാണുന്നതും സ്വപ്നത്തില്‍ അവളുടെ അച്ഛന്‍ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവളുടെ കൂടെ കളിക്കാന്‍ ഒരുങ്ങുന്നതുമാണ് .( മഞ്ഞനിറം കലര്‍ന്ന സീനുകളാണ് ഇവിടെ ഉപയോഗിച്ചത്. അത്തരം മിക്ക സീനുകളും നേരിയ തോതില്‍ മങ്ങിയതായി(a kind of blurred) കാണിച്ചിട്ടുണ്ട് ). അവള്‍ ഉറങ്ങുമ്പോള്‍ അടുത്ത്‌ വന്നിരിക്കാറുള്ള അവളുടെ സ്റ്റോറി ടെല്ലെര്‍ അവളുടെ നെറ്റിയില്‍ തോടുന്നതോടെ അവള്‍ നിറമുള്ള സ്വപ്നങ്ങളുടെ മായിക ലോകത്തിലൂടെ നടന്നു പോകുന്നു. അവളോടൊത്ത് കളിക്കാന്‍ വരാത്ത അച്ഛന്‍ അവളുടെ സ്വപ്നങ്ങളില്‍ കളിക്കാന്‍ വരുന്നു. അവളുടെ കൂടെ എപ്പൊഴും ഇരിക്കുന്നു. എന്നാല്‍ ഒരു ദിവസം അവളുടെ നിറമുള്ള സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു. അവ ദുസ്വപ്നങ്ങള്‍ക്ക് വഴി മാറുവാന്‍ തുടങ്ങുന്നു. ഇതിനു കാരണമാകുന്നത് ഇങ്കാണ്. അവളുടെ സ്റ്റോറി ടെല്ലെര്‍ക്ക് അവളെ രക്ഷിക്കാനാവുന്നില്ല. സഹായത്തിനായി മറ്റു സ്റ്റോറി ടെല്ലെര്‍സ് കൂടി എത്തുന്നതോടെ ഒരു ആക്ഷന്‍ സിനിമയുടെ പ്രതീതിയുണര്‍ത്തുന്ന രീതിയിലുള്ള സംഘട്ടന രംഗങ്ങളും ഉണ്ടാവുന്നു. എന്നാല്‍ അവരെ ഒറ്റയ്ക്ക് നേരിട്ട് ഇങ്ക് അവളെയും എടുത്തു രക്ഷപ്പെടുന്നു. പനിച്ചു വിറച്ചു കിടക്കുന്ന എമ്മയെ ഉടനെ തന്നെ മുത്തശ്ശി ആശുപത്രിയാലാക്കുന്നു. എമ്മയെ രക്ഷിക്കുവാനുള്ള ഒരേയൊരു മാര്‍ഘം ഇങ്കിനെ കീഴ്പ്പെടുത്തുക എന്നത് മാത്രമാകുന്നു. ഇതിനു വേണ്ടി സ്റ്റോറി ടെല്ലെര്സിനെ സഹായിക്കാന്‍ പാത്ത് ഫൈന്ടെര്‍ എന്നൊരാള്‍ വരുന്നു. കണ്ണുകള്‍ മൂടിക്കെട്ടി ശബ്ദ സഹായത്താലാണ് അയാളുടെ സഞ്ചാരം. ഇയാളുടെ സഹായത്താല്‍ ദുസ്വപ്നങ്ങളുടെ ലോകത്ത് നിന്ന് എമ്മയെ രക്ഷിച്ചെടുക്കാന്‍ സ്റ്റോറി ടെല്ലേര്‍സ് ശ്രമിക്കുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം.

ഇങ്കിന്റെ യാത്ര ദുസ്വപ്നങ്ങളിലെക്കാണ് . അയാള്‍ സ്വപ്നങ്ങള്‍ക്കും ദുസ്വപ്നങ്ങള്‍ക്കും ഇടയില്‍ മാത്രം ജീവിക്കുന്നു. നേരത്തെ പറഞ്ഞല്ലോ ഇങ്കുബേട്ടെര്സിനെക്കുറിച്ച് .അവരുടെ സഹായത്തിനാണ് ഇങ്ക് എമ്മയെ തട്ടിക്കൊണ്ടു വരുന്നത്. എന്തിനാണ് അവളിലെ ദുസ്വപ്നങ്ങളെ ഇങ്ക് ഉണര്‍ത്തിയത്? എമ്മ എന്ന കുട്ടിയുമായി ഇങ്ക് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ഇതെല്ലാം ഒരുപക്ഷെ തുടക്കത്തില്‍ സിനിമ കാണുമ്പോള്‍ തോന്നാന്‍ സാധ്യതയില്ല. കാരണം ഇവിടെ ഒരു കഥാപാത്ര സൃഷ്ടി പല കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഇല്ല എന്നതാണ്. എന്നാല്‍ സീനുകള്‍ കഴിയുന്തോറും അത്തരം ചോദ്യങ്ങള്‍ ഏതൊരു പ്രേക്ഷകനും ചോദിക്കും. കഥയുടെ ഏതാണ്ട് കുറെ ഭാഗങ്ങള്‍ക്ക് ശേഷം മാത്രമാണ് ഇങ്ക് എന്നാ കഥാപാത്രം ആരാണെന്നു മനസ്സിലാവുക. തീര്‍ച്ചയായും കഥയിലെ ഒരു റിയല്‍ കഥാപാത്രം തന്നെയാണ് ഇങ്ക്. അപ്പോള്‍ എങ്ങനെ അയാള്‍ സ്വപ്നങ്ങള്‍ക്കും ദുസ്വപ്ങ്ങള്‍ക്കും ഇടയിലെത്തി? സറിയലിസത്തിന്റെ മേമ്പൊടിയോടുകൂടി ഇത്തരം കാര്യങ്ങള്‍ വ്യക്തമായി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു.

സറിയലിസം വളരെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയ സിനിമയാണ് ഇങ്ക്. ഫിക്ഷന്‍ എന്നോ ത്രില്ലെര്‍ എന്നോ ചേര്‍ത്ത് പറയാം എന്നല്ലാതെ ഇത് അത്തരം ഒരു സിനിമയെ അല്ലെ. ഒരുപാട് കാലമായി കണ്ടും കേട്ടും പരിചയമുള്ള നന്മയുടെയും തിന്മയുടെയും ത്രെഡ് വളരെ രസകരമായ രീതിയില്‍ പുതുമയോടു കൂടി അവതരിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ചെറിയ തോതിലെങ്കിലും കല്ലുകടിപോലെ തോന്നിയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ താല്പര്യമില്ല. എമ്മയുടെ വേഷം അവതരിപ്പിച്ച കുട്ടി വളരെ സ്വതസിദ്ധമായ അഭിനയം കാഴ്ചവെച്ചു. ചെലവ് കുറച്ചു നിര്‍മിച്ച സിനിമയില്‍ കാണുന്ന വിഷ്വലുകള്‍ മിക്കതും വളരെ മികച്ചതായിരുന്നു.നല്ല സിനിമകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് മറ്റൊരു നല്ല സിനിമ.

ഓഫ്‌:- പൊതുവേ സിനിമയിലെ പ്രവര്‍ത്തകരെല്ലാം 'പൈറസി'ക്ക് എതിരാണ് അല്ലെ...എന്നാല്‍ ഇവിടെ ഈ സിനിമയുടെ കാര്യത്തില്‍ സംഗതി കുറച്ചു വ്യത്യാസമുണ്ട്. അതിനെക്കുറിച്ച് ഒരു ലേഖനമുണ്ട് അത് ഇവിടെ വായിക്കാം...
5 comments:

Vinayan said...

ഈ സിനിമ കണ്ടവരുണ്ടെങ്കില്‍ അഭിപ്രായം രേഖപ്പെടുത്തണെ...

Anoop said...

ടോറന്റ് സൈറ്റുകളിലൂടെ ഒരുപാടു പ്രചരിക്കപ്പെട്ട സിനിമ.
ഡൌണ്‍ലോഡ് ചെയ്തു, കാണാന്‍ പറ്റിയിട്ടില്ല.

സാദാ ഹോളിവുഡ് ത്രില്ലറുകളില്‍ നിന്ന് നല്ല സിനിമയിലേക്കുള്ള transition-ഇല്‍ ആണ്. ഈ സിനിമയെ പരിചയപ്പെടുത്തിയതിനു നന്ദി. ലേഖനം വളരെ നന്നായിട്ടുണ്ട്.

Off-topic:

ഇതേ രീതിയില്‍ പ്രചാരം ലഭിച്ച മറ്റൊരു സിനിമയാണ് 'The Man from Earth'. ജെറോം ബിക്സ്ബിയുടെ science fiction കഥയെ ആസ്പദമാക്കി എടുത്തത്. രസകരമായ അനുഭവമായിരുന്നു. '12 Angry Men'-ഇന്റെ അത്രയുമില്ലെങ്കിലും കൊള്ളാവുന്ന one-room thriller.

Vinayan said...

Thanks for the info...ആ സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല ഇതുവരെ. എന്തായാലും കാണണം. ലേഖനം നന്നായി എന്ന് പറഞ്ഞതില്‍ സന്തോഷം. ഈ സിനിമയുടെ പശ്ചാത്തലം എഴുതി ഫലിപ്പിക്കുക ബുദ്ധിമുട്ടായിരുന്നു, അതുകൊണ്ട് തന്നെ എഴുത്ത് സിനിമയെക്കുറിച്ച് മനസ്സിലാക്കുവാന്‍ സഹായിക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.

വഷളന്‍ (Vashalan) said...

വിനയാ, നല്ല റിവ്യൂ.
മൂവി ഞാന്‍ കണ്ടില്ല. ഫാന്റസി സിനിമകള്‍ പൊതുവേ ഇഷ്ടമാണ്. മൂവിയില്‍ ഉപയോഗിച്ചിരിക്കുന്ന കളര്‍ തീം പറഞ്ഞു തന്നതിന് നന്ദി. കാണുമ്പോള്‍ അത് സഹായകമാകും.

Vinayan said...

:)

Post a Comment