9

മിസ്റ്റര്‍ നോബഡി(2009)














നമ്മളെപ്പോലെ മറ്റു ഏഴു പേര്‍ ഉണ്ടെന്നൊക്കെ പലരും പറഞ്ഞു കേള്‍ക്കാറില്ലേ. ഒരു പക്ഷെ നമ്മള്‍ തന്നെ പലതായി പ്രപഞ്ചത്തില്‍ ഒരേ സമയത്ത് ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ. അതായത്‌ എന്റെ തന്നെ കുറെ വേര്‍ഷന്‍സ് പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുവെന്നു കരുതുക. അങ്ങനെയെങ്കില്‍ എന്തെല്ലാം സാധ്യതകളാണ് അത് എനിക്ക് മുന്‍പില്‍ തുറന്നു തരുക. പ്രപഞ്ചം മനുഷ്യന് മുന്‍പില്‍ പ്രഹേളികയായി നില്‍ക്കുന്നിടത്തോളം കാലം ഇത്തരം ഒരു സമാന്തരമായ നിലനില്‍പ്പ്‌ സങ്കല്‍പ്പിക്കാമല്ലോ അല്ലെ?. എങ്കില്‍ അത്തരം ഒരു വേര്‍ഷനിംഗ് തരുന്ന ഒരു സാധ്യത തിരഞ്ഞെടുപ്പ് തന്നെയാണ്. തന്റെ ജീവിതത്തിന്നിടക്ക് ഒരാള്‍ പതിയെ അറിയുന്നു അയാള്‍ ഇതുവരെ ജീവിച്ചു തീര്‍ത്ത ജീവിതം തീര്‍ത്തും മങ്ങിയതും അയാള്‍ വെറുക്കുന്നതും ആണെന്ന്. അപ്പോള്‍ അയാള്‍ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നു. അയാള്‍ക്ക്‌ സമാന്തരമായി മറ്റൊരു സ്പെയ്സില്‍ ജീവിക്കുന്ന സംതൃപ്തമായ മറ്റൊരു വേര്‍ഷനിലേക്ക് അയാള്‍ മാറുന്നു. ജീവിതം അയാളുടെ ഇച്ഛാനുസരണം സുഖകരം സംതൃപ്തം. ഒരു പക്ഷെ ഫിക്ഷനില്‍ എങ്കിലും നമ്മള്‍ക്ക് ആലോചിക്കാവുന്ന ഇത്തരം ഒരു വിചാരത്തിലൂടെ ഈ സിനിമയുടെ സംവിധായകന്‍/കഥാകൃത്ത്/തിരക്കഥാകൃത്തു മുന്നോട്ടു വെക്കുന്നത് നമ്മുടെ ആഗ്രഹത്തിന് അനുസരിച്ചു നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുക എന്നൊരു കാഴ്ചപ്പാടു തന്നെയാണ്. ഫിക്ഷന്‍ ആണെങ്കിലും റണ്‍ ലോല റണ്‍ പോലുള്ള സിനിമകള്‍ പ്രതിനിധീകരിക്കുന്ന 'വാട്ട്‌ ഇഫ്‌' എന്ന ഗണത്തില്‍ വരുന്നു ഈ സിനിമ. മറ്റൊരു രീതിയില്‍ നോക്കിയാല്‍ 'Eternal sunshine of the spotless mind','Memento' തുടങ്ങിയ സിനിമകളുടെ ശ്രേണിയിലും ഈ സിനിമയെ പെടുത്താം. സിനിമയിലെ ചില ഭാഗങ്ങള്‍ 'Lovers in the artic pole ' എന്ന സിനിമയെ അനുസ്മരിപ്പിക്കുന്നുണ്ട്. വാന്‍ ഡോര്‍മല്‍ ആണ് ഈ ബ്രില്യന്‍റ് സിനിമയുടെ കഥ/തിരക്കഥ/സംവിധാനം നിര്‍വഹിച്ചത്. സിനിമയിലെ ഒരു ഭാഗം 2001: A Space Odyssey യില്‍ കാണിച്ചിട്ടുള്ള എല്ലില്‍ കഷണത്തില്‍ നിന്നും സ്പേസ് ഷിപ്പിലേക്ക് മാറുന്ന ഗ്രാഫിക് ഷോട്ടിനെയും അനുസ്മരിപ്പിച്ചു. ഏതാണ്ട് ഏഴു വര്‍ഷക്കാലയളവിലാണ് ഈ ബെല്‍ജിയന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായത് എന്ന് വായിച്ചുകണ്ടു. രണ്ടേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയുടെ സീനുകളുടെ എണ്ണം വളരെ കൂടുതല്‍ ആണ്. മാത്രമല്ല ചില സീനുകള്‍ വ്യത്യസ്ത ക്യാമറ ആംഗിളുകളില്‍ സിനിമയില്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്. പ്രേക്ഷകന്റെ ശ്രദ്ധാപൂര്‍വമായ വീക്ഷണം ഉടനീളം ആവശ്യപ്പെടുന്ന സിനിമ കഥാവസാനം ഏറെ വിശകലനങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. അല്‍പ്പം തലയിട്ടു കറക്കേണ്ടി വരും എന്ന് ചുരുക്കം!.

Jared Leto യാണ് കഥയുടെ കേന്ദ്രകഥാപാത്രമായ നിമോ നോബഡിയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രായം ചെന്ന വേഷത്തില്‍ വരുന്നതും ലെടോ തന്നെയാണ്, എങ്കിലും ഡബ്ബിംഗ് വേറെയാണ് എന്നാണു തോന്നിയത്. കഥ നടക്കുന്നത് 2092 ലാണ്. 120 വയസായ നിമോ ഈ ആധുനിക ലോകത്തെ ഒരേയൊരു നശ്വരനാണ്. ഈ പുതിയ കാലത്തില്‍ നിമോ ഒഴികെ മറ്റാര്‍ക്കും തന്നെ മരണമില്ല. നിമോയാകട്ടെ ഒരാശുപത്രിയില്‍ മരണം/ഒരുപക്ഷെ ദയാവധം കാത്തു കഴിയുന്നു. സത്യത്തില്‍ നിമോക്ക് ഈ ആധുനിക ലോകത്തെക്കുറിച്ചോ അവിടെ അയാള്‍ മാത്രം എങ്ങനെ ഒറ്റപ്പെട്ടു പോയി എന്നോ അറിയില്ല. നിമോയോഴികെ ബാക്കിയുള്ളവര്‍ക്കും അയാളെക്കുറിച്ച് ഒന്നും അറിയില്ല. നിമോയുടെ ഓര്‍മ്മയില്‍ ആകെയുള്ളത് മുപ്പത്തിനാല് വയസ്സ് വരെ മാത്രം ഉള്ള ഓര്‍മ്മകളാണ്. അതാകട്ടെ അവിടെയും ഇവിടെയുമായി ചിതറിയും കിടക്കുന്നു. രണ്ടു സമയങ്ങളിലായി ഒരു ഡോക്ടറും, മറ്റൊരിക്കല്‍ ഒരു പത്രപ്രവര്‍ത്തകനും മുന്നിലായി നിമോ തന്റെ ഓര്‍മയുടെ താളുകളെ അടുക്കി വെച്ച്
നോക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഓരോ കാലവും നിമോയുടെ ഓര്‍മ്മയില്‍ ഒട്ടിച്ചേര്‍ന്നാണ് കിടക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ പരസ്പരം വിപരീതമായ ഓര്‍മ്മകളേയും നിമോ ചേര്‍ത്തു വെക്കുന്നുണ്ട്. ഇത്തരം വിപരീതമായ ഓര്‍മ്മകള്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകനെപ്പോലെ തന്നെ നിമോയില്‍ നിന്നും അയാളുടെ ഭൂതകാലം ചികഞ്ഞെടുക്കുന്ന ജേര്‍ണലിസ്റ്റും 'ഒന്നും മനസ്സിലായില്ലെന്ന്' പറയുന്നുണ്ട്. അത്തരം ചോദ്യങ്ങള്‍ക്ക് നിമോയുടെ മറുപടി രണ്ടു കാര്യങ്ങളും സംഭവിച്ചു എന്നാണു. ഉദാഹരണത്തിന്, നിമോയുടെ അച്ഛനമ്മമാര്‍ വേര്‍പിരിയുന്ന സമയത്ത് അമ്മയുടെ കൂടെ പോകാന്‍ വേണ്ടി നിമോ ട്രെയിനിന് നേരെ ഓടുന്നതും അത് കിട്ടാതെ നില്‍ക്കേണ്ടി വരുന്നതും ഒരു സീനില്‍ കാണുമ്പോള്‍ അതിനോട് ചേര്‍ന്നു വരുന്ന സീനില്‍ അവന്‍ അമ്മയ്ക്കൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുന്നതും അച്ഛന്‍ നോക്കിനില്‍ക്കുന്നതും ആണു കാണുന്നത്. ഇതിനൊക്കെ കാരണങ്ങള്‍ വളരെ വ്യക്തമായ രീതിയില്‍ സംവിധായകന്‍ തരുന്നുണ്ട്.


ചെറിയ കുട്ടിയാവുമ്പോള്‍ നിമോ മൂന്നു പെണ്‍കുട്ടികളെ കാണുന്നുണ്ട്. ഇവരില്‍ മൂന്നു പേരോടോത്തും നിമോക്ക് Parallel existence ഉള്ളതായി സിനിമയില്‍ കാണിക്കുന്നുണ്ട് . ഇവരില്‍ രണ്ടു പേരുടെ കൂടെ ജീവിക്കുമ്പോഴും നിമോയുടെ ജീവിതത്തില്‍ നേരത്തെ മരണം സംഭവിക്കുന്നത് കാണിക്കുന്നുണ്ട്.സിനിമയുടെ ആദ്യ ഷോട്ടുകള്‍ തന്നെ വളരെ ബ്രില്യന്റ് കണ്‍സെപ്റ്റ് ആയിരുന്നു എന്ന് പറയാം. നിമോയുടെ ആദ്യ ഓര്‍മ്മകള്‍ തന്നെ മരണം ആണ്. ആദ്യത്തെ ഓര്‍മ്മയില്‍ നടക്കുന്ന ജീപ്പ് ആക്സിഡന്റ്, മറ്റൊന്നില്‍ വരുന്ന ബൈക്ക്‌ അപകടം, ഇതൊന്നുമല്ലാതെ ബാത്ത് ടബില്‍ നിന്നും എണീക്കുമ്പോള്‍ അയാള്‍ ഇതുവരെ കാണാത്ത ഒരാളുടെ തോക്കിനു മുന്‍പില്‍. ഈ ഓരോ മരണങ്ങള്‍ക്ക് കാരണവും സറിയലിസത്തിന്റെ സഹായത്തോട് കൂടി സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍ (സ്പോയിലര്‍ ആണ്, പക്ഷെ സിനിമ കണ്ട പലരും മനസ്സിലായില്ല എന്ന് പറഞ്ഞു കണ്ടു) ബാത്ത് ടബില്‍ നിന്നും എണീക്കുമ്പോള്‍ നേരിടുന്ന മരണം, അത് തികച്ചും യാദൃശ്ചികം മാത്രമായിരുന്നു. സിനിമക്കിടയില്‍ മറ്റൊരു വ്യക്തിത്വത്തിലേക്ക് മാറി വേറൊരു ജീവിതത്തിലേക്ക്‌ കുറച്ചു നേരമെങ്കിലും മാറാന്‍ കൊതിച്ച നിമോക്ക്‌ ആ വ്യക്തിയെ കൊല്ലാന്‍ ആളെ നിയോഗിച്ച കാര്യം അറിയില്ലായിരുന്നു.

സിനിമ പൂര്‍ണമായും വയസ്സന്‍ നിമോയുടെ ഓര്‍മ്മകളില്‍ ഒരു എട്ടു വയസ്സുകാരന്‍ നിമോയുടെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പ്‌ ആയാണ് കാണിച്ചിരിക്കുന്നത്. അവന്റെ ആദ്യ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് അവന്റെ അച്ഛനും അമ്മയും വേര്‍പിരിയുന്ന സന്ദര്‍ഭം ആണ്. പിന്നീട് ഓരോ തിരഞ്ഞെടുപ്പും അവിടുന്ന് നിമോയുടെ ജീവിതത്തെ പല വഴികളിലൂടെ കൊണ്ട് പോകുന്നുണ്ട്. ചിലപ്പോള്‍ നിമോയുടെ തിരഞ്ഞെടുപ്പ് ഒരു നറുക്കെടുപ്പ് പോലെയായിരുന്നു. ഇതിനൊരു ഉദാഹരണം അവന്റെ ഭാര്യയാവാന്‍ അവന്‍ ഒരാളെ കണ്ടെത്തുന്ന സന്ദര്‍ഭം ആണ്. മറ്റു ചിലപ്പോള്‍ അത് മുന്നിലുള്ള ഓപ്ഷനില്‍ ഏതെങ്കിലും ഒന്ന് എടുത്തേ തീരു എന്ന് നിമോക്ക് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ വരുന്ന തിരഞ്ഞെടുപ്പാണ്. അത്തരം ഒന്നായിരുന്നു, അച്ഛനമ്മമാര്‍ വേര്‍പിരിയുമ്പോള്‍ ഏതെങ്കിലും ഒരാളുടെ കൂടെ ജീവിക്കുവാന്‍ തീരുമാനിക്കുക എന്നത്. എന്നാല്‍ നിമോ കാണാതെ പോയ മറ്റു ചില ചോയിസസും ഉണ്ടായിരുന്നു എന്ന് കഥാവസാനത്തോടെ സിനിമയില്‍ കാണിക്കുന്നുണ്ട്.


--------------------------------
കഥക്കിടയില്‍ ചെറുപ്പക്കാരന്‍ നിമോക്ക് ഒരു ബൈക്ക്‌ അപകടം സംഭവിക്കുന്ന രംഗം ഉണ്ട്. ഒരു ഇലയില്‍ ബൈക്കിന്റെ ടയര്‍ തെന്നിയാണ് ഈ അപകടം നടന്നിരുന്നത്. ഈ ഇലയെ എടുക്കാന്‍ ചെല്ലുന്ന രംഗമുണ്ട്. അത് അവന്റെ ജീവിതത്തില്‍ ഒരു 'perfect choice' ആയിരുന്നു. ഇതോടുകൂടി അവന്റെ ആ വേര്‍ഷനില്‍ ഉള്ള ജീവിതം പാടെ മാറുന്നുണ്ട്. ഈ ഇല പറന്നു ചെല്ലുന്നത് മറ്റൊരു ടൈം/സ്പേസ് യുനിവേര്‍സിലുള്ള നിമോയുടെ അടുത്തേക്കാണ്. ഈ ഇല മാത്രമാണ് വ്യത്യസ്ത ടൈം/സ്പേസിനിടക്ക് കടന്നു വരുന്ന ഒരേയൊരു ഇലമെന്റ്റ്. രണ്ടാമത് ടൈം/സ്പേസില്‍ വരുന്ന ഇല ഉറങ്ങിക്കിടക്കുന്ന നിമോക്ക് അവനു മറ്റൊരു വേര്‍ഷനില്‍ ഇതേ സന്ദര്‍ഭത്തില്‍ കാണാന്‍ സാധിക്കാതെ വന്നിരുന്ന കാമുകിയെ കാണാന്‍ അവനെ സഹായിക്കുന്നുണ്ട്. ഇല വീണ്ടും പറന്നു പോയി മറ്റു മാറ്റങ്ങളും വരുത്തുന്നുണ്ട്. മറ്റൊരിക്കല്‍ വയസ്സന്‍ നിമോ തന്റെ ചെറുപ്പകാലത്തെ മറ്റൊരു വേര്‍ഷന്‍ തിരഞ്ഞെടുക്കുന്ന രസകരമായ രംഗമുണ്ട്. ആദ്യ വേര്‍ഷനില്‍ കടല്‍ തീരത്ത്‌ കുട്ടിയായിരിക്കുമ്പോള്‍ വെച്ചെടുത്ത ഫോട്ടോയെ തന്റെ ചെറുപ്പ കാലത്ത് രണ്ടാമത് വേര്‍ഷനില്‍ വെച്ച് നോക്കുന്ന നിമോ ആദ്യ വെര്‍ഷനിലെ അവന്റെ നുണ പറച്ചിലിനെ തിരുത്തി അവനു നീന്താനറിയില്ലെന്ന് പറയുന്നുണ്ട്. ഇതോടെ ആദ്യ വേര്‍ഷനില്‍ നഷ്ടമായ പ്രണയം അവന്‍ വീണ്ടെടുക്കുന്നുണ്ട്.

സിനിമയില്‍ ഒരുപാട് മറ്റു കാര്യങ്ങളും പ്രതിപാദിക്കുന്നുണ്ട്. String theory, Big bang എന്നിവ അവയില്‍ ചിലത് മാത്രം. ഒരിക്കല്‍ നിമോയുടെ കയ്യില്‍ അവളുടെ കാമുകി ഫോണ്‍ നമ്പര്‍ എഴുതി കൊടുത്ത് മറയുന്ന രംഗമുണ്ട്. അവള്‍ കാഴ്ചയില്‍ നിന്നും മറഞ്ഞ ഉടനെ പെയ്തിറങ്ങിയ ഒരു മഴത്തുള്ളി അവളുടെ ഫോണ്‍ നമ്പര്‍ അവന്റെ കയ്യിലെ കടലാസില്‍ നിന്നും മായ്ച്ചു കളയുന്നു. തിരക്കഥയില്‍ ഈ മഴ വന്നതിനു കാരണം പറയുന്നത് വളരെ രസകരമായിരുന്നു. ഇവിടെ വില്ലന്‍ ആയത് മറ്റൊരു സ്ഥലത്ത് ഒരാള്‍ മുട്ട വേവിച്ചത് ആയിരുന്നു!. സിനിമയില്‍ ആല്‍കെമിസ്റ്റ് എന്ന നോവലിലെ 'conspiring nature' എന്ന കാര്യം ഇടയ്ക്കു ഓര്‍മ്മ വന്നിരുന്നു. സിനിമയുടെ ഡിവിഡി ഈയടുത്ത് ഇറങ്ങിയിട്ടെ ഉള്ളു, മാത്രമല്ല, കൂടുതല്‍ റിലീസിംഗ് ഉണ്ടായതും 2010 ല്‍ ആയിരുന്നു. തീര്‍ച്ചയായും കാണേണ്ട സിനിമയാണ് ഇത്. സിനിമാട്ടോഗ്രഫിയും വിഷ്വല്‍സും, ആര്‍ട്ട് ഡയറക്ഷനും സിനിമയെ വളരെയധികം ആസ്വാദ്യകരമാക്കുന്നുണ്ട്. വാചകങ്ങള്‍ കൊണ്ട് ഈ സിനിമയെ വിവരിക്കുക ബുദ്ധിമുട്ടാണ്. ഒരിക്കല്‍ പോലും കഥ നേര്‍രേഖയില്‍ സഞ്ചരിക്കുന്നില്ല. അത് കൊണ്ട് തന്നെ ഈ കഥയെ ഒന്ന് വിശദീകരിക്കുന്നത് ബുദ്ധിമുട്ടാണ്. സിനിമയുടെ ബ്രില്യന്‍സ് കണ്ടു തന്നെ അറിയണം.

തീര്‍ച്ചയായും കാണേണ്ട പടം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. One of the brilliant movies i have ever seen!.

Web site
http://www.mrnobody-lefilm.com/


ട്രെയിലര്‍