The Lovers on the bridge(1991)













പ്രണയമാണ് പ്രമേയമെന്നും പശ്ചാത്തലം പാലം ആയിരിക്കാം എന്നും പേരില്‍ നിന്ന് തന്നെ ഊഹിക്കാമല്ലോ അല്ലെ.പാരിസിലെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന 'Du Pont-Neuf' ബ്രിഡ്ജില്‍ അന്തിയുറങ്ങിയിരുന്ന രണ്ടു പേരുടെ ഇടയിലുണ്ടാവുന്ന പ്രണയമാണ് ഇവിടെ കഥാതന്തു. എങ്കിലും പൂര്‍ണ്ണമായി ഒരു പ്രണയകഥ എന്ന് വിശേഷിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.സ്നേഹം ചിലപ്പോള്‍ പോസ്സെസ്സിവ്‌നെസ്സുമാണല്ലോ.നായകനു നായികയോട് തോന്നുന്നതായി ഇവിടെ കാണിക്കുന്നത് സ്നേഹത്തില്‍ നിന്നുണ്ടാകുന്ന പോസ്സെസ്സിവ്‌നെസ്സ് തന്നെയാണ്.

നായികയായി വരുന്ന ജൂലിയെറ്റ്‌ ബിനോചെയും ഡെനിസ് ലെവാന്റെയും നല്ല രീതിയില്‍ തന്നെ അധ്വാനിച്ചിട്ടുണ്ട് (അഭിനയമല്ലാതെ തന്നെ).അതിന്റെ ഒരു പ്രതിഫലനം ചില സീനുകളില്‍ കാണാം. പടത്തിന്റെ തുടക്കത്തില്‍ കാണിക്കുന്നത് അലക്സ്‌ ഡ്രഗ് ഉപയോഗിച്ച് അബോധാവസ്ഥയില്‍ തെരുവിലൂടെ ഉഴറി നടക്കുന്ന കാഴ്ചയാണ്.പെത്തെഡിന്റെ അമിതമായ ഉപയോഗമാകാം കാല്‍പ്പാദത്തിനു മുകളിലൂടെ കയറിപ്പോകുന്ന വണ്ടിയുടെ ചക്രങ്ങള്‍ക്ക് അയാളിലെ വേദനയെ ഉണര്‍ത്താനാവുന്നില്ല. സമയമാണ് പെയിന്റിങ്ങും പിടിച്ചു വഴി വരുന്ന മിഷേലിന്റെ മുന്നില്‍ അയാള്‍ പെടുന്നത്. മൃതപ്രാണനായി കരുതുന്ന അയാളുടെ മുഖം അവള്‍ തന്റെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നു.അതേ സമയം അവിടെ വരുന്ന തെരുവില്‍ ജീവിക്കുന്നവരെയും പിടിച്ചു കൊണ്ടുപോകുന്ന വാഹനം അലെക്സിനെയും എടുത്തു മാറ്റി കൊണ്ടുപോകുന്നു.

അലക്സും മറ്റൊരാളും(അവനു പെത്തെഡിന്‍ എന്നും കൊടുത്തിരുന്നത് അവിടത്തെ പല കെട്ടിടങ്ങളിലും പണ്ട് കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന പ്രായം ചെന്ന മനുഷ്യനായിരുന്നു) മാത്രം അന്തിയുറങ്ങിയിരുന്ന പാലത്തിനു മുകളില്‍ അവളും എത്തിപ്പെടുന്നു. ഇതിനിടയില്‍ അലക്സ് തന്നെ പാര്‍പ്പിച്ചിരുന്ന ഭിക്ഷാടകര്‍ക്ക് വേണ്ടിയുള്ള താമസ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു വീണ്ടും തെരുവിലേക്കു തിരിച്ചെത്തുന്നു. അയാള്‍ കാണുന്നത് അവിടെ ഉറങ്ങുന്ന മിഷേലിനെയാണ്. അവളുടെ കയ്യില്‍ അവന്റെ ഒരു ചിത്രവും വരച്ചു വെച്ചിരിക്കുന്നു. അലെക്സ് പ്രായം ചെന്നയാളോട് അവള്‍ക്കും അവിടെ ഉറങ്ങാനുള്ള അനുവാദം കൊടുക്കണം എന്നപേക്ഷിക്കുന്നു. അലക്സിനു മിഷേലിനോടും അവള്‍ക്കു പിന്നീട് അവനോടും പ്രണയം തോന്നുന്നു. ദിവസം ചെല്ലുന്തോറും അന്ധയായി മാറിക്കൊണ്ടിരിക്കുന്ന മിഷേല്‍ എപ്പോഴും തന്റെ കൂടെയുണ്ടാവും എന്ന അവന്റെ തോന്നലുകള്‍ക്ക്‌ തടസ്സം നേരിടാന്‍ തുടങ്ങുമ്പോള്‍ അവന്‍ അതിനെതിരെ എന്തും ചെയ്യാനുള്ള അവസ്ഥയിലേക്ക് മാറുന്നു. ഇതിനു വേണ്ടി ഒരിക്കല്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ഒട്ടിച്ചു വച്ചിരുന്ന അവളുടെ പോസ്റ്ററുകള്‍ അവന്‍ കത്തിക്കുന്നതിന് വരെ ഇടയാക്കുന്നു. ഇത് പോസ്റ്ററൊട്ടിച്ചു കൊണ്ടിരുന്ന ജോലിക്കാരന് തീ പിടിക്കുന്നതിനു കാരണമാകുന്നു. പിന്നെയും ഒരുപാട് ശ്രമങ്ങള്‍ അലക്സ് നടത്തുന്നു. ഒരിക്കല്‍ അവര്‍ രണ്ടു പേരും കൂടി സമ്പാതിച്ച പണപ്പെട്ടി അവളറിയാതെ അവന്‍ തട്ടിത്തെറിപ്പിക്കുക വരെ ചെയ്യുന്നു.

പാലത്തിന്റെ പൂര്‍ണമായ ദ്രിശ്യമൊന്നും പലപ്പോഴും സംവിധായകന്‍ കാണിച്ചു തരുന്നില്ല. സംഗതി 'Du Pont-Neuf' പാലം ആണ് ആധാരമെങ്കിലും കാണിക്കുന്നത് പാലം അല്ലത്രേ...ചിത്രീകരണത്തിന് പാലം ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം കെട്ടിയുണ്ടാക്കിയ സെറ്റാണ് നമ്മള്‍ കാണുന്നത്. ഒരു പക്ഷെ ഉപയോഗിച്ചിരിക്കുന്ന ചില സ്റ്റൈലന്‍ ദ്രിശ്യങ്ങളുടെ പേരിലാവും സിനിമയെ കൂടുതല്‍ ഓര്‍മിക്കുക. പുതുവര്‍ഷത്തലേന്നു രാത്രി ഒരു പാറാവുകാരനെ തലയ്ക്കു അടിച്ചു വീഴ്ത്തി പാലത്തിനടിയില്‍ നിന്നും അലെക്സും മിഷേലും ഒരു ബോട്ട് കൈക്കലാക്കുന്നു. എന്നിട്ട് ബോട്ടും കൊണ്ട് പാലത്തിന്നടിയിലെ കനാലിലൂടെ അതോടിച്ചു കൊണ്ട് പോകുന്ന ഒരു സീനുണ്ട്. അതേപോലെ ഒരു നല്ല പാശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ പാലത്തിനു മുകളില്‍ ഇരുവരും നൃത്തം വെച്ചുകൊണ്ട് പോകുന്ന മറ്റൊരു സീനും. പിന്നെയും അങ്ങനെ കുറെ സീനുകള്‍. ഇവയെല്ലാം വളരെ നല്ല ഫ്രെയിമുകളാല്‍ സമ്പന്നം.

1991 ല്‍ ഫ്രാന്‍സില്‍ റിലീസ് ചെയ്യപ്പെട്ട സിനിമ പിന്നീട് ഒരു 9 വര്‍ഷക്കാലയളവിനുള്ളിലാണ് മറ്റു രാജ്യങ്ങളില്‍ റിലീസ് ചെയ്തത്.അന്നിതൊരു ചിലവേറിയ സിനിമയായിരുന്നു. സിനിമയില്‍ ബെനോചെയുടെ അഭിനയമാണ് കൂടുതല്‍ ഇഷ്ട്ടപ്പെട്ടത്‌. അത് ഒരുപക്ഷെ അലെക്സിന്റെ ക്യാരക്റ്റര്‍ സമാന സ്വഭാവത്തില്‍ മുന്‍പും ലെവന്റെ ചെയ്തു കണ്ടിരുന്നു എന്നതുകൊണ്ടാവാം(ടോക്കിയോ എന്ന സിനിമയിലെ രണ്ടാം ഹ്രസ്വചിത്രത്തില്‍ നായകനും ഇദ്ദേഹമാണല്ലോ). പടത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒന്ന് രണ്ടു രംഗങ്ങളുണ്ട്. സത്യം പറഞ്ഞാല്‍ അതിപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. ഉദാഹരണത്തിന് തന്റെ കാമുകനെ കാണാന്‍ തോക്കുമായി പോകുന്ന ജൂലിയെറ്റിന്റെ സീന്‍. അവിടെ അവള്‍ കാണുന്നത് സ്വപ്നമായിരിക്കും എന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്...

4 comments:

വിനയന്‍ said...

നല്ല സിനിമ. ചില വിഷ്വലുകളുടെ മനോഹാരിതയാണ് കൂടുതലിഷ്ട്ടപ്പെട്ടത്‌.

Nat said...

കിം കി ഡുക്കിന്റെ ക്രൊക്കൊഡൈൽ കണ്ടിട്ടുണ്ടോ?

വിനയന്‍ said...

ഇതുവരെ ഇല്ല...dvd version ഇറങാത്തതുകൊണ്ട് കാണാന്‍ ശ്രമിച്ചില്ല.

വിനയന്‍ said...

ഞാനിപ്പോഴാണ് ക്രൊക്കൊഡൈലിന്റെ ഒരു സിനോപ്സ് വായിച്ചത്.. Striking similarity in stories...Oh!..പക്ഷെ ക്രൊക്കൊഡൈൽ റിലീസ് ചെയ്ത വര്ഷം നോക്കിയോ? ഇത് റിലീസ് ചെയ്ത വര്ഷം നോക്കിയോ..ഇതിനും 5 വര്‍ഷത്തിനു ശേഷമാണ് അത്...എന്തായാലും കഥയിലെ സാമ്യം ആകസ്മികം ആണെന്ന് വിചാരിക്കാം.

Post a Comment