13 Tzameti(2004)













2004 ല്‍ ഇറങ്ങിയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചലച്ചിത്രം. ചിത്രം 13 പേര്‍ തമ്മില്‍ നടക്കുന്ന ഒരു കളിയെ സൂചിപ്പിക്കുന്നു. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗെല ബാബ്ലുവാനി.ഇവിടെ തുടക്കത്തിലെ കഥ ഞാനല്‍പ്പം പറയുന്നുണ്ട്. അതില്ലാതെ ഒരു വിവരണം അസാധ്യം എന്ന് തോന്നിയതുകൊണ്ടാണ്. എങ്കിലും മുഴുവന്‍ കഥയൊന്നും പറയുന്നില്ല.

കഥയിങ്ങനെ;ലഹരിക്കടിമപ്പെട്ടു നടക്കുന്ന ഒരാളുടെ വീട്ടിലെ അറ്റകുറ്റപ്പണികള്‍ക്ക് കഥാനായകന്‍ നിയോഗിക്കപ്പെടുന്നു. അവിടെ വച്ച് പലപ്പോഴായി നടക്കുന്ന സംഭാഷണങ്ങള്‍ അയാള്‍ കേള്‍ക്കുന്നു. വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാനുള്ള ഒരു സാധാരണ ജിജ്ഞാസ മാത്രമാണയാള്‍ക്ക്. എന്നാല്‍ ഇവര്‍ അറിയാതെ ഇവരെയെല്ലാം പോലിസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.അവിടെ വെച്ച് ഗൃഹനാഥന്‍ തനിക്കു ലഭിക്കാന്‍ പോകുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് അയാള്‍ കേള്‍ക്കുന്നു. ഇത് പിന്നീട് തന്റെ ജീവിതത്തിനു വഴിത്തിരിവുണ്ടാക്കുമെന്നു അയാള്‍ കരുതിയിരുന്നില്ല. ഒരു ദിവസം ഗൃഹനാഥന് ഒരു എഴുത്തും കൂടെ ഒരു ഹോട്ടെലിന്റെ മുന്‍‌കൂര്‍ തുക അടച്ച ബില്ലും ലഭിക്കുന്നു. എഴുത്ത് കിട്ടി അധികം താമസിയാതെ തന്നെ ലഹരിയുടെ അമിത ഉപയോഗം മൂലം അയാള്‍ മരണപ്പെടുന്നു. ഇത് നമ്മുടെ കഥാനായകന്റെ ജോലി നഷ്ട്ടപ്പെടുന്നതിനു ഇടയാക്കുന്നു. ഇതിനിടക്ക്‌ യാദൃശ്ചികമായി ആ ബില്ല് കഥാനായകന്റെ കൈവശം എത്തുന്നു. ഇതുകൊണ്ട് എന്ത് ചെയ്യണം എന്നറിയില്ലെങ്കിലും ഒരുപക്ഷെ ഗൃഹനാഥന് ലഭിക്കാന്‍ പോകുന്നു എന്നറിഞ്ഞ പണവുമായി ബന്ധപ്പെട്ടതായിരിക്കാം എന്നയാള്‍ കരുതുന്നു. കഥയറിയാതെ ആട്ടം കാണാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു.

അവന്‍ ആ ബില്ലില്‍ പറഞ്ഞ ഹോട്ടെലില്‍ പറഞ്ഞ ദിവസം തന്നെ എത്തിച്ചേരുന്നു.കുറെക്കഴിഞ്ഞു അവന്റെ ഹോട്ടല്‍ മുറിയില്‍ ഒരു ഫോണ്‍ സന്ദേശം എത്തുന്നു. അതിന്‍ പടി അവനു ചില നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നു. അതനുസരിക്കാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു. ഇതുവരെ ഒരു സാധാരണ ഡ്രാമയുടെ മട്ടില്‍ മാത്രം സഞ്ചരിക്കുന്ന സിനിമ മറ്റു തലങ്ങളിലേക്ക് മാറുന്നു. താന്‍ നിയോഗിക്കപ്പെടുന്നത് 13 കളിക്കാരില്‍ ഒരാളായാണ് എന്ന് നായകന്‍ മനസ്സിലാക്കുന്നു. നഗരത്തില്‍ നിന്നും മാറി കാട്ടിനടുത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ അന്‍പതിലധികം ആളുകള്‍. എല്ലാവരും വന്നിരുക്കന്നത് കളിക്കാന്‍. ഈ കളി വഴി കോടികള്‍ സമ്പാദിക്കാന്‍ . ഓരോ കളിക്കാരന്റെ മേലും അവിടെ കൂടിയവര്‍ക്ക് വാതുവെക്കാം. കളിയേക്കുറിച്ചും നിയമത്തെക്കുറിച്ചും കഥാനായകന്‍ അറിയുന്നത് അവസാന നിമിഷം മാത്രം. താന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലൂടെയാണെന്നു അയാള്‍ മനസ്സിലാക്കുന്നു. അയാളെ രക്ഷിക്കാന്‍ കഴിയുന്നത്‌ ഒന്നിന് മാത്രം, ഭാഗ്യം.ആ ഒറ്റപ്പെട്ട കെട്ടിടത്തില്‍ നടക്കുന്ന അത്യന്തം ക്രൂരമായ കളിയില്‍ അയാളും പങ്കാളിയാവുന്നു. ഭാഗ്യ നിര്‍ഭാഗ്യങ്ങളിലൂടെ കളി തുടരുന്നു...

ഓരോ റൌണ്ടും ഓരോ കളിക്കാര്‍ക്കും വേദനാജനകമായിരുന്നു. പലരും മോര്‍ഫിന്‍ കുത്തി വെച്ചായിരുന്നു തങ്ങളുടെ വികാര വിചാരങ്ങളെയും മാനുഷ്യത്വത്തെയും ബലി കഴിക്കാന്‍ തയ്യാറായത്. ഇരകളും വേട്ടക്കാരും മനുഷ്യരാവുമ്പോള്‍, ഇരയും വേട്ടക്കാരനും മാറി മാറി വരുന്ന ഈ ഗെയിമില്‍ വിധി നിര്‍ണ്ണയിക്കാന്‍ തയ്യാറായി നിന്നത് മരണം.ഓരോ റൌണ്ട് പിന്നിടുമ്പോഴും അറ്റ് വീഴുന്ന ജീവനേക്കാള്‍ കുമിഞ്ഞു കൂടുന്ന പണത്തിനായിരുന്നു അവിടെ പ്രാധാന്യം. കളിക്കാര്‍ക്ക്‌ മാനസിക വേദനയെങ്കില്‍ കളി നടത്തുന്നവര്‍ക്ക് അവന്റെ കളിക്കാരന്റെ ജീവന്‍ നില നില്‍ക്കേണ്ടത് കുമിഞ്ഞു കൂടുന്ന പണത്തിനു മുകളില്‍ ഒരട്ടി കൂടി വെക്കാന്‍ വേണ്ടി മാത്രം.സിനിമയില്‍ പന്തയം വെക്കുന്നതില്‍ നിന്നും ഒരാളെ വിലക്കിക്കൊണ്ട് മറ്റുള്ളവര്‍ പറയുന്നതിതാണ്, 'നിനക്ക് ഭാഗ്യമില്ല'. കാരണം അയാള്‍ കളിക്കാന്‍ നിര്‍ത്തിയതും പന്തയം വെച്ചതുമായ കളിക്കാര്‍ എല്ലാവരും മരണത്തിലേക്ക് വേഗം നടന്നു നീങ്ങിയവര്‍.

ആദ്യ പകുതിയില്‍ ഒരു സാധാരണ സിനിമയുടെ പ്രതീതി ഉണര്ത്തുന്നുവെങ്കിലും, രണ്ടാം പകുതിയില്‍ ഒരു ത്രില്ലെര്‍ എന്ന രീതിയിലേക്ക് സിനിമ പതുക്കെ മാറുന്നു. അതേസമയം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ വൈകാരികതലങ്ങളെ ഉദ്ദീപിപ്പിക്കുന്ന രീതിയിലാണ് കഥയുടെ പോക്ക്. ഒരേ സമയം കഥയില്‍ എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസ തോന്നുമ്പോള്‍ തന്നെ ഈ കളിയൊന്നു പെട്ടെന്ന് കഴിഞ്ഞെങ്കില്‍ എന്നും തോന്നിയേക്കാം. ഹോസ്റ്റല്‍ എന്ന രണ്ടു ഭാഗങ്ങള്‍ ആയി ഇറങ്ങിയിട്ടുള്ള സിനിമ വയലന്‍സിന്റെ അതിപ്രസരമായിരുന്നു. അവിടെ പണം മുടക്കി ആളുകളെ കൊല്ലാനെത്തിയെരുന്നെങ്കില്‍, ഇവിടെ നേരെ തിരിച്ചാണ്. മാത്രമല്ല നിലവാരം വച്ച് നോക്കിയാല്‍ അതിനേക്കാള്‍ ഏറെ മുന്നിലും. സിനിമ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ എടുത്തത് കൊണ്ട് ചോരയുടെ കടുത്ത നിറം ഒഴിവായി എന്ന് മാത്രമേ ഉള്ളു. എത്രത്തോളം വയലന്‍സ് ഉണ്ട് സീനുകളില്‍ എന്ന് കാണിക്കുവാന്‍ ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. അവസാന നിമിഷം വരെ കഥയില്‍ എന്ത് സംഭവിക്കുവാന്‍ പോകുന്നു എന്നറിയാനുള്ള ഒരു ജിജ്ഞാസ നില നിര്‍ത്താന്‍ സിനിമക്ക് കഴിയുന്നു.

ഒരു ത്രില്ലെര്‍ എന്നാല്‍ കാര്‍ ചെയ്സും ക്രിസ്പ് എഡിറ്റിങ്ങും വിറപ്പിച്ചുകൊണ്ടുള്ള ക്യാമറയുടെ ചലനങ്ങളും വന്‍ മാന്‍ ഷോയും ഒന്നും വേണമെന്നില്ല എന്ന് മനസ്സിലാക്കിത്തരുന്ന മറ്റൊരു ചിത്രം. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആണെന്ന് വിചാരിച്ചു സിനിമ കാണാത്തവര്‍ കാണാതിരിക്കരുത്.വളരെ നല്ല സിനിമകളുടെ വിഭാഗത്തില്‍ എന്തായാലും പെടുത്താം.

വാല്:- നല്ലൊരു വിദേശ സിനിമ ഇറങ്ങിയാല്‍ അതിനെ റീമെയ്ക് ചെയ്യുക എന്ന രീതി ഹോളിവുഡില്‍ പണ്ട് മുതലേ ഉണ്ട്. ചിലത് നന്നാവാറുണ്ടെങ്കില്‍ക്കൂടിയും മിക്കവാറും സിനിമകള്‍ മോശമാവുകയാണ് പതിവ്. 'Il Mare','Shutter' തുടങ്ങിയവയുടെ റീമേക്കുകള്‍ ഇത്തരത്തില്‍ മോശമായവയാണ്. '13 Tzameti' എന്ന ഈ സിനിമക്കും റീമേക്ക് വരുന്നു. പേര് '13' . പക്ഷെ ഇവിടെ സംവിധായകന്‍ ആകുന്നതു ഈ സിനിമയുടെ സംവിധായകന്‍ തന്നെയാണ് എന്ന വ്യത്യാസമുണ്ട്. അത് അല്‍പ്പം പ്രതീക്ഷ നല്‍കുന്നുണ്ട്.

4 comments:

വിനയന്‍ said...

online transiliterion and inline transiliterion. ഇത് രണ്ടും കോണ്‍ഫ്ലിക്റ്റ്‌ ആക്കിയതുകൊണ്ട് പബ്ലിഷ് ചെയ്തപ്പോ ചില്ലറ പ്രശനങ്ങളുണ്ടായിരുന്നു. ഒക്കെ എഡിറ്റ്‌ ചെയ്തു ശരിയാക്കിയിട്ടുണ്ട്.വാല്ല തെറ്റുകളും ഉണ്ടെങ്കില്‍ പറയണേ...

Wash'Allan JK | വഷളന്‍ ജേക്കെ said...

വിനയാ, നല്ല വിവരണം. കഥയുടെ ഒരു ഏകദേശ രൂപം കിട്ടി. പറഞ്ഞതു പോലെ ത്രില്ലെര്‍ ആകാന്‍ കാര്‍ ചെയ്സും അടിയും ഇടിയും വേണ്ട.

കുറച്ചു transliteration തെറ്റുകള്‍ കണ്ടത്
** യാദ്രിശ്ചിക (യാദൃശ്ചിക)
** സമ്പാതിക്കാന്‍ (സമ്പാദിക്കാന്‍)
** ഹോളിവുഡ്ല്‍ (ഹോളിവുഡില്‍)

വിനയന്‍ said...

അതൊക്കെ ശരിയാക്കിയിട്ടുണ്ട്. അഭിപ്രായത്തിന് നന്ദി...

സാദാ പ്രേക്ഷകന്‍ said...

am a new comer in blogging.
if u gt free time pls visit and gv me valuable suggestions to ma cinema blog
http://cinedooshanam.blogspot.com/2010/04/std-6-b.html

Post a Comment