Tulpaan(2009)

'Life in the steppes of Kazakhistan'

പച്ചയായ കഥ എന്ന് ടുല്പാനെക്കുരിച്ചു ചുരുക്കിപ്പറയാം. മൈലുകളോളം പൊടിപടലങ്ങള്‍ നിറഞ്ഞു ജനവാസം തീരെയില്ലാത്ത കസാക്കിസ്ഥാനിലെ ഒരു പ്രദേശത്തു ജീവിക്കുന്ന കുറച്ചു പേരുടെ കഥ. ടുല്പാന്‍ എന്നത് ഈ സിനിമയില്‍ ചെറുപ്പക്കാരനായ നാവികന്‍ അസ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ പേരാണ്. ഇടക്കിടെ അടിക്കുന്ന ചുഴലിക്കാറ്റില്‍ ആകാശം മുട്ടെ ഉയരുന്ന പൊടിപടലങ്ങളുടെ ഇടയില്‍ ഒരു കൂടാരം കെട്ടിയുണ്ടാക്കി ജീവിക്കുന്ന ഒരു കുടുംബം. അസ ഇവിടുത്തെ ഗൃഹനാഥന്റെ ഭാര്യയുടെ അനിയനാണ്. അവര്‍ക്ക് മൂന്നു മക്കളുണ്ട്.

എപ്പോഴും പാട്ട് പാടി നടക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയാണ് അതിലൊരാള്‍. അച്ഛന്‍ ചീത്ത പറയുമ്പോള്‍ മാറിയിരുന്നു ഉച്ചത്തില്‍ പാടാനാണ് അവള്‍ക്കിഷ്ട്ടം. മുന്‍പിലെ വാതില് പകരം മരം കൊണ്ടുണ്ടാക്കിയ ജനലിനു അടിയിലെ വിടവിലൂടെ പുറത്തേക്കു കടക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു ചെറിയ ആണ്‍കുഞ്ഞാണ് മറ്റൊരാള്‍. അച്ഛന്‍ ചെമ്മരിയാടുകളെ മേയ്ക്കനായി പോയിക്കഴിയുമ്പോള്‍ അച്ഛന് വേണ്ടി റേഡിയോയിലൂടെ വാര്‍ത്തകളും മറ്റും കേട്ട് കാണാതെ പഠിച്ചു വെക്കുക്ക, എന്നിട്ട് അച്ഛന്‍ തിരിച്ചെത്തുമ്പോള്‍ വള്ളിപുള്ളി വിടാതെ അത് പറഞ്ഞു കേള്പ്പിക്കുകയുമാണ് പിന്നെയുള്ള ആണ്‍കുട്ടിയുടെ ഒരേ ഒരു വിനോദം.

നൂറു കണക്കിന് ചെമ്മരിയാടുകളെയാണ് അയാള്‍ നോക്കിയിരുന്നത്. അയാളെ സഹായിക്കുക എന്നതായിരുന്നു അസയുടെ ജോലി. ചെമ്മരിയാടുകള്‍ക്കും ഇവര്‍ക്കും പുമേ കുറെ ഒട്ടകങ്ങളും കുറച്ചു നായ്ക്കളും രണ്ടോ മൂന്നോ കഴുതകളുമെല്ലാം ഇവിടെയുണ്ട്. ഇവയെ കൂടാതെ ഇവരെ കാണാന്‍ ഇടക്കെത്തുന്ന ചെമ്മരിയാടുകളുടെ യജമാനനും, അയാളുടെ കൂടെയും അല്ലാതെയും അവിടെയെത്തുന്ന മറ്റൊരാളും ഒഴിച്ചാല്‍ മൈലുകള്‍ നീണ്ടു കിടക്കുന്ന ആ പ്രദേശം ശൂന്യം. പച്ചപ്പ്‌ തീരെയില്ലാതെ വെള്ളം പോലും തീരെയില്ലാതെ ദേഹത്ത് മുഴുവന്‍ എപ്പോഴും പൊടിയും കൊണ്ട് നടക്കുന്ന കുറേപ്പേര്‍. വാക്കുകളേക്കാള്‍ കൂടുതല്‍ കാഴ്ചക്ക് ചിത്രം പ്രാധാന്യം നല്‍കുന്നു. ജീവിതം പ്രേക്ഷകന്‍ അനുഭവിച്ചറിയുന്ന പോലെ.

അസക്ക് ചെമ്മരിയാടുകളെ മേയ്ക്കണമെന്നുണ്ട്. ഇതിനായി അയാള്‍ യജമാനനോട് അഭ്യര്തിക്കുകയും ചെയ്യുന്നു. ഒരു വിവാഹം കഴിക്കുകയാണെങ്കില്‍ സമ്മതിക്കാം എന്ന് പറയുന്നു അയാള്‍. ഭാര്യാസഹോദരനും വിട്ടുവീഴ്ചക്ക് തയ്യാറല്ലായിരുന്നു. ആ സ്റ്റെപ്പയില്‍ കുറെ ദൂരത്തായി ആകെയുള്ളത് ഒരു കുടുംബത്തിലെ കല്യാണപ്രയമായ ഒരു പെണ്‍കുട്ടി(ടുല്പാന്‍) മാത്രമായിരുന്നു. എന്നാല്‍ ജോലിയില്ലാത്ത അവനെ കല്യാണം കഴിക്കാന്‍ അവള്‍ക്കോ അതിനു സമ്മതം മൂളാന്‍ അമ്മയോ തയ്യാറാകുന്നില്ല. പിന്നീട് അവളെ ഇംപ്രസ് ചെയ്യാനായി അയാളുടെ ശ്രമങ്ങള്‍. എങ്കിലും എല്ലാം പാഴാവുന്നു. ഇതിനിടെ പ്രസവിക്കുന്ന ചെമ്മരിയാടുകളുടെ കുഞ്ഞുങ്ങളെല്ലാം മരിച്ചു പോകുന്നു. രക്ഷിക്കാന്‍ കഴിയാതെ വിഷമിക്കുന്ന അസയുടെ ഭാര്യാസഹോദരനോട് യജമാനന്‍ എന്തെങ്കിലും ചെയ്തെ പറ്റൂ എന്നും കഴിഞ്ഞ വര്‍ഷം കിട്ടിയ കുട്ടികളെക്കാള്‍ ഒരു കുറവും വരരുത് എന്നും പറയുന്നു.

പിന്നീടു തന്റെ ജോലി എങ്ങനെയും സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാവുന്നു അയാള്‍. ഇതിനിടയില്‍ ഗര്‍ഭിണിയായ മറ്റൊരു ചെമ്മരിയാടിന്റെ കുഞ്ഞിനെ അയാള്‍ ശ്വാസം കൊടുത്തു ജീവന്‍ നല്‍കുന്നു. ഒടുവില്‍ തന്റെ ജോലി സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ അസക്ക് സ്വന്തമായി ഒരു ചെമ്മരിയാടിന്റെ പ്രസവം എടുക്കേണ്ടി വരുന്നു. അറപ്പോടും വെറുപ്പോടും കൂടി അയാള്‍ അത് ചെയ്യുന്നെങ്കിലും ഒടുവില്‍ കുഞ്ഞിനെ പ്രസവിച്ചു അത് ജീവനോടെ ഇരിക്കുന്നെന്നറിയുമ്പോള്‍ അയാള്‍ വളരെ സന്തോഷവാനവുന്നു. ഇവിടെ ഏകദേശം ഒരു 10 മിനിറ്റ് നീളമുള്ള ഒരു ഷോട്ടിലാണ് ചെമ്മരിയാടിന്റെ പ്രസവം കാണിക്കുന്നത്. പല സീനുകളും ഇത്തരത്തില്‍ എഡിറ്റിംഗ് തീരെ ഇല്ലാതെയാണ് കാണിച്ചിരിക്കുന്നത്.

ഒരു ചെമ്മരിയാടിന്‍ കുട്ടിയെ ജീവനോടെ കിട്ടിയ സന്തോഷത്തില്‍ ടുല്പാനെ കാണാന്‍ അസ വീണ്ടും ചെല്ലുന്നു. ഇവിടെ നിന്നും സിനിമ അതിന്റെ ക്ലൈമാക്സിലേക്ക് നീങ്ങുന്നു. ഒരിക്കല്‍ പോലും കാണുന്ന പ്രേക്ഷകനെ ബോറടിപ്പിക്കാത്ത രീതിയാണ് പടത്തിനുള്ളത്. രസകരമായ നര്‍മ്മത്തിന്റെ മേന്പൊടിയോടുകൂടിയാണ് കഥ പറയുന്നു. ഒരു ചെറിയ കഥ അതിനെ അതിന്റെ രസം ഓര്‍ത്തുമ ചോരാതെ സംവിധായകന്‍ പകര്‍ത്തിയിരിക്കുന്ന. സിനിമയില്‍ വരുന്ന എല്ലാവരും അഭിനേതാക്കള്‍ ഒന്നും അല്ല. ഒരു സിനിമ കാണുന്നതിനു പകരം ഒരു ജീവിതം മുന്നില്‍ കാണുന്ന പോലെയാണ് എടുത്തിരിക്കുന്നത്. അതുകൊണ്ട് സിനിമാട്ടോഗ്രാഫി പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. മുന്നില്‍ കാണുന്നത് എന്താണോ അതിനെ പകര്‍ത്തുക എന്ന രീതി. ഇത് പടം കാണുമ്പോള്‍ മനസ്സിലാവും.


0 comments:

Post a Comment