


ഞാന്‍ വെറുതെ ഒരു രസതിനാണ് ഒരു ബ്ലോഗ് തുടങ്ങാം എന്ന് വെച്ചത്. എന്തെഴുതണം എന്ന് അറിയില്ല എന്ന് മാത്രം. പക്ഷെ പരിചയമുള്ള ഏതെങ്കിലും മേഖലയാവണം. സിനിമകള്‍ ധാരാളം കാണാറുണ്ട്. ഒരുതരം ആവേശത്തോടുകൂടി കണ്ടു തീര്‍ക്കാറുമുണ്ട്. അതാണ് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയത്. മലയാളത്തില്‍ എഴുതാനുള്ള ഒരു ധൈര്യം ഇല്ലാത്തതുകൊണ്ടാണ് ഇംഗ്ലീഷില്‍ തുടങ്ങിയത്. അല്ലാതെ ഇംഗ്ലീഷ് അറിഞ്ഞിട്ടല്ല. ഇടയ്ക്കു ചില പരീക്ഷണങ്ങള്‍ മലയാളത്തില്‍ നടത്തി നോക്കി. പക്ഷെ പോര. ഒരു ശ്രമം കൂടി നടത്തി നോക്കുന്നു.
സ്വിംഗ് സംവിധാനം ചെയ്തത് ടോണി ഗാട്ളിഫ് . ഒരു വികിപീടിയയോ ഐഎംഡിബിയോ എടുത്താല്‍ സംവിധായകനെ കുറിച്ച് കൂടുതല്‍ മനസിലാക്കാം എന്നെനിക്കറിയാം. എന്നാലും ഒരു വാക്ക് ഇവിടെ. ടോണി ഗാട്ളിഫ് ജിപ്സീസ് എന്ന വിഭാഗത്തെ മുന്‍നിര്‍ത്തിയാണ് പടങ്ങള്‍ എടുക്കാറുള്ളത്. അത്കൊണ്ടുതന്നെ എല്ലാ സിനിമകളിലും കാണാവുന്ന ഒരു പൊതുവായ സ്വഭാവം ഈ സിനിമകളിലെ സംഗീതവും അവരുടെ ഭാഷയും പിന്നെ കാഴ്ചയുടെ തീവ്രതയ്ക്ക് വേണ്ടി ചില ഫ്രെയിമുകളില്‍ ഉപയോഗിക്കുന്ന അതിമനോഹരമായ സ്ഥലങ്ങളുമാണ്.അതുകൊണ്ട് തന്നെ ഒരു സിനിമ കണ്ടു കഴിഞ്ഞാല്‍ അതിലെ പാട്ടുകളുടെ ഈണവും ലോകേഷനുകളും മനസ്സില്‍ മായാതെ കിടക്കും. അതാണ് വീണ്ടും വീണ്ടും ഗാട്ളിഫിന്റെ പടങ്ങള്‍ കാണാനുള്ള പ്രേരണ. ജിപ്സികളെക്കുറിച്ചുള്ള ഒരു വിവരണം ഇവിടെ വായിക്കാം.
കഥ മുഴുവനായി പറയുന്നത് ഒരു നല്ല സിനിമയുടെ രസച്ചരട് പോട്ടിക്കുകയോന്നുമില്ല. എന്നിരുന്നാലും ഒരു മുഴുവന്‍ കഥ പറയാന്‍ തല്പര്യമില്ലാത്തതുകൊണ്ട് അങ്ങനെ പറയുന്നില്ല. ഇവിടെ മാക്സ് തന്റെ വേനലവധിക്കാലം ചിലവഴിക്കാന്‍ വരുമ്പോള്‍ കണ്ടു മുട്ടുന്ന സ്വിംഗ് എന്ന പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയത്തെയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. രണ്ടു കുട്ടികള്‍ക്കിടയില്‍ മൊട്ടിടുന്ന പ്രണയത്തെ ഒട്ടും അതിഭാവുകത്വമില്ലാതെ സംവിധായകന്‍ അവതരിപ്പിക്കുന്നു. തീര്‍ച്ചയായും പടം ഒരു മെലോഡ്രാമ അല്ല. മാക്സിനു സ്വിങ്ങിനോട് തോന്നുന്ന പ്രണയം ആണ് വിഷയമെന്ന് തോന്നാമെങ്കിലും ജിപ്സികളുടെ സംസ്കാരത്തെക്കുറിച്ച് പരിചയപ്പെടുത്തുക തന്നെയാണ് ചെയ്യുന്നത്. ഒരു പക്ഷെ അവര്‍ക്കും അസ്തിത്വമുണ്ട് യൂറോപ്പില്‍ എന്ന് വിളിച്ചു പറയാതെ പറയുന്നു എന്നതു പോലെ തോന്നി.
തന്റെ വേനലവധിക്കാലത്ത് നാട്ടിലെത്തിയ മാക്സിനു ഗിറ്റാര്‍ വാങ്ങണമെന്നും പഠിക്കണമെന്നും തോന്നുന്നു. മാക്സിനെ കണ്ടാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഒരെണ്ണം സംഘടിപ്പിക്കാം എന്ന് അറിഞാവണം അവന്‍ സ്വിങ്ങിനെ തേടി ജിപ്സികള്‍ തങ്ങുന്ന സ്ഥലത്തെത്തുന്നു. സ്വിംഗ് അവളുടെ അച്ഛന്റെ അടുത്ത് നിന്നും ഒരു കമ്പി പൊട്ടിയ ഗിറ്റാര്‍ എടുത്തു കൊണ്ട് വന്നു കൊടുക്കുന്നു. പൊട്ടിയ കമ്പിക്കു പകരം സൈക്കിളില്‍ നിന്നും പൊട്ടിച്ചെടുത്ത ഒരു കമ്പി വെച്ച് കൊടുക്കുന്നു. ഇതിനു പകരമായി അവന്‍ ഉപയോഗിക്കുന്ന വാക്മാന്‍ അവള്‍ക്കു കൊടുക്കുന്നു. ഗിറ്റാര്‍ പഠിക്കാന്‍ വേണ്ടി നടക്കുന്ന മാക്സ് പിന്നീടു സ്വിങ്ങിന്റെ അച്ഛന്‍ ഒരു ആള്കൂട്ടത്തിനു മുന്‍പില്‍ ഗിറ്റാര്‍ അവതരിപ്പിക്കുന്നത് കണ്ടു തന്റെ ആവശ്യവുമായി ചെല്ലുന്നു. ഫ്രഞ്ച് ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നത് തനിക്കു സഹായമാവും എന്ന് കരുതി അയാള്‍ അങ്ങനെ അവനെ ഗിറ്റാര്‍ പഠനത്തിനായി തങ്ങളുടെ ഇടയിലേക്ക് ക്ഷണിക്കുന്നു. അങ്ങനെ വീണ്ടും സ്വിങ്ങിന്റെ വീട്ടിലേക്കു. ഇവിടെ സ്വിങ്ങിന്റെ അച്ഛന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ജിപ്സി ജാസ് ഗിട്ടാറിസ്റ്റ് 'Tchavolo Schmitt'.
ഇവിടെ വെച്ചാണ് മാക്സ് ജിപ്സികളെപ്പറ്റി മനസ്സിലാക്കുന്നത്. അവരുടെ ചില സംഗീത സായാഹ്നങ്ങളില്‍ അവനും സംഗീതം കേള്‍ക്കാന്‍ പോകുന്നു. അവരുടെ ഭാഷയിലെ സംഗീതവും മറ്റും അവനെ ആകര്‍ഷിക്കുന്നു. ഇതിനിടയില്‍ അവനു സ്വിങ്ങിനോട് പ്രണയം തോന്നുന്നു. ചില കള്ളങ്ങള്‍ പറഞ്ഞു ക്ലാസ്സില്‍ നിന്നും വിട്ടു നില്‍ക്കുന്ന അവന്‍ സ്വിങ്ങിന്റെ കൂടെ സമയം ചിലവഴിക്കുന്നു. ഒരു കുടുംബത്തിന്റെ ചട്ടക്കൂടുകളില്‍ കുടുങ്ങിയുള്ള നിയന്ത്രങ്ങള്‍ അവനു അവളോടൊത്ത് കറങ്ങി നടക്കുവാനുള്ള ആഗ്രഹത്തിന് വിലക്കിടുന്നു. എന്നാല്‍ പിന്നീടു തന്റെ നിയന്ത്രണങ്ങള്‍ പൊട്ടിച്ചെറിഞ്ഞു അവളോടൊത്ത് അവന്‍ സഞ്ചരിക്കുന്നു. ചളി നിറഞ്ഞ വഴികളില്‍ നടന്നും , വെള്ളം ചീറ്റിയടിക്കുന്ന സ്ഥലങ്ങളില്‍ വെള്ളത്തില്‍ നനഞ്ഞും, തോണിയില്‍ ഗ്രാമഫോണില്‍ പാട്ടുവെച്ചു തടാകത്തിലൂടെ സഞ്ചരിച്ചും ദിവസങ്ങള്‍ പോയപ്പോള്‍ അവന്റെ ഒഴിവു ദിനങ്ങള്‍ പുതുമയര്‍ന്നത് പോലെ അവനു തോന്നി. ഈ ഫ്രെയിമുകളിലെല്ലാം കാണിച്ചു തരുന്ന സ്ഥലങ്ങള്‍ ഒരു നോസ്ടാല്‍ജിക്ക് ഫീല്‍ ഉണര്‍ത്താന്‍ പോന്നവയാണ്. ഒരു നിമിഷനേരത്തെക്കെങ്കിലും 'freewheeling' ആയി മാറാന്‍ തോന്നുന്ന തരത്തില്‍.
കഥയുടെ അവസാന സീനുകളില്‍ കാണുന്നത് സ്വിങ്ങിന്റെ അച്ഛന്റെ നേത്രിത്വത്തില്‍ നടത്താനിരുന്ന ഒരു പരിപാടിയെ കുറിച്ചാണ് . വൈകാരികമായ രീതിയില്‍ ആ പരിപാടിയോട് ഇടപെടുന്ന സ്വിങ്ങിന്റെ അച്ഛനെ കാണാം. ഈ അവസാന സന്ദര്ഭങ്ങലെല്ലാം മുഴുവനായും സംഗീതത്തിലൂടെ മാത്രമാണ് പലപ്പോഴും സഞ്ചരിക്കുന്നത്. 'French','Arabic','Algerian' ഭാഷകിലുള്ള സംഗീതമാണെന്ന് ഇടകലര്‍ന്നു വരുന്നത്. പാട്ടിനു വേണ്ടി അവര്‍ ചില ഫ്രഞ്ച് ഗായികകളെ 'Arabic' അതോ 'Algerian' ഭാഷയില്‍ സംഗീതം പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്നത് രസകരമായ ഒരു സീനായി തോന്നി. സീനിനോപ്പം പാടി ഞാനും കുറച്ചു പഠിച്ചു! .
ഇത്രയും പറഞ്ഞത് കഥയുടെ ഒരു ചുരുങ്ങിയ രൂപം മാത്രം. ജിപ്സികലെക്കുരിച്ചു കൂടുതല്‍ കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. രസകരമയവയോടൊപ്പം തന്നെ വേദനയോട് കൂടി അവരെപ്പറ്റി പറയുന്ന കാര്യങ്ങളുമുണ്ട്. കഥയുടെ അവസാനം ലേശം വിഷമം വരുമോ എന്നൊരു സംശയം.
8/10.
0 comments:
Post a Comment