'വ്യത്യസ്തമായ ആവിഷ്ക്കാരം'.
നായകന്‍ എന്നത് സംവിധായകന്‍ തന്നെക്കുറിച്ച് തന്നെയാണോ പറഞ്ഞത്? തീര്‍ച്ചയായും ഭാവിയിലെ മലയാള സിനിമക്ക് പുതുമകള്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ള സംവിധായകന്‍ എന്ന് നിസ്സംശയം ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് പറയാം. നല്ല കഥകള്‍ സമ്മാനിക്കുവാന്‍ കെല്‍പ്പുള്ളവര്‍ കൂടി വേണം എന്ന് മാത്രം.
ചിത്രം കണ്ടിറങ്ങിയ ശേഷം ഇപ്പോഴും മായാതെ നില്‍ക്കുന്ന ചിലതുണ്ട്, സംവിധായകനും ചായാഗ്രഹകനും ചേര്‍ന്ന് നല്‍കുന്ന മിഴിവുറ്റ കുറെ ദ്രിശ്യങ്ങളും അതിനൊത്ത കലാസംവിധാനവും. എന്നിരുന്നാലും ഇതിനെ പൂര്‍ണമായി ഒരു നല്ല സിനിമ എന്ന് വിശേഷിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ചില ഘടകങ്ങളുമുണ്ട്. ചിത്രത്തിന്റെ ഏറ്റവും മികച്ചതെന്നു പറയാവുന്നത് സിദ്ധിക്ക് എന്ന കലാകാരന്‍ അതിമനോഹരമായി ചെയ്ത ചെകുത്താന്റെ പ്രതിരൂപമായ മെജീഷ്യന്‍ തന്നെ. പിന്നൊന്ന് മികച്ച സ്ടണ്ട് രംഗങ്ങള്‍. പിന്നൊന്ന് ഇരുട്ടിനെ സിനിമയില്‍ സമര്‍ത്ഥമായി ഉപയോഗിച്ച രീതി(ഇത് സിനിമ കാണുമ്പോള്‍ മനസ്സിലാവും).
പിന്നെയും ഒരുപാടു അതിശയിപ്പിച്ച ചില ദ്രിശ്യങ്ങളുണ്ട്. ക്ലൈമാക്സിലെ ചില സീനുകള്‍ അത്തരത്തിലൊന്നാണ്. പിന്നൊന്ന്;മജീഷ്യന്‍ വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ തന്റെ ഭാര്യയെ വട്ടം ചുറ്റിപ്പിടിച്ചു ആലിംഗനം ചെയ്യുന്നത്. ഈയൊരു സീന്‍ വിഷ്വലും സിദ്ധിക്കിന്റെ അഭിനയ പ്രതിഭയും ഒന്ന് ചേരുമ്പോള്‍ മറക്കാനാവത്തതാവുന്നു. മറ്റൊന്ന്; ചെകുത്താനെ നീ കണ്ടോ എന്ന് ചോദിച്ചു വരുന്ന വിജയ രാഘവന്റെ കഥാപാത്രത്തിന്റെ മുന്നില്‍ ഒരു തൂക്കുവിളക്കിന്റെ താഴെയായി അരണ്ടവെളിച്ചത്തില്‍ പ്രത്യക്ഷനാവുന്ന വരദനുണ്ണി എന്ന കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്ന രീതി. അങ്ങനെ പലതും.
വരദനുണ്ണി എന്ന കഥകളി നടന്‍ തന്റെ സാത്വിക ഭാവങ്ങള്‍ വെടിഞ്ഞു രൌദ്ര ഭാവത്തിലൂടെ സഞ്ചരിക്കുന്നതാണ് ഇവിടെ ഇതിവൃത്തം. സിനിമയില്‍ ജഗതിയുടെ കഥാപാത്രം പറയുന്ന ഒരു സംഭാഷണമുണ്ട്. ഒരു കഥകളിക്കാരന് കൈമുതലായുള്ളതു സാത്വിക ഭാവം മാത്രമാണ് രൌദ്രഭാവങ്ങള്‍ അണിയറയില്‍ മാത്രം. എന്നാല്‍ നീയിനി രൌദ്രഭാവങ്ങള്‍ കേട്ടിയാടെണ്ടത് ജീവിതത്തിലാണ്. ഇവിടെ കഥാപാത്രത്തിന്റെ ഒരു ട്രാന്സിഷനെ സൂചിപ്പിക്കുന്നു. സാത്വികനായിരുന്ന തന്റെ അച്ഛനെയും അനിയത്തിയെയും വകവരുത്തിയ മനുഷ്യനോടുള്ള പ്രതികാരത്തിനു വേണ്ടിയുള്ള യാത്രകളാണ് ചിത്രത്തില്‍. കഥ പഴകിയതും മറ്റും തന്നെ. നേരത്തെ പറഞ്ഞ സംവിധായകന്റെ ഒരു സിഗ്നേച്ചര്‍ തന്നെയാണ് ഇവിടെ സിനിമയ്ക്ക് വ്യത്യസ്ഥത നല്‍കുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും കഥ പറച്ചിലുകളില്‍ ആണ് ഏറ്റവും വലിയ പോരായ്മകള്‍ കണ്ടത്. ചിലത് ചില സ്ഥലങ്ങളില്‍ ചേരാത്ത പോലെ. പൊതുവേ മെല്ലെപ്പോക്കാണ് സംവിധായകന്‍ പടത്തിലുടനീളം സ്വീകരിക്കുന്നത്. എന്നാല്‍ ചില ഭാഗങ്ങളില്‍ വേഗതയായിരുന്നു നല്ലത് എന്ന് തോന്നിപ്പോകും. ഒരു പക്ഷെ ശരാശരി നിലവരത്തിനടുത് മാത്രം നില്‍ക്കുന്ന തിരക്കഥ ചിലപ്പോളൊക്കെ ഒരു നല്ല സിനിമയെ നശിപ്പിക്കുന്നത് പോലെ തോന്നി.
അഭിനയത്തിന്റെ കാര്യമെടുത്താല്‍ സിദ്ദിക്കും ഇന്ദ്രജിത്തും മികച്ചു നിന്നു. ഇന്ദ്രജിത്തിന്റെയും ഏറ്റവും മികച്ച കഥാപാത്രം എന്ന് പറയാം. കഥാപാത്രത്തിന് വേണ്ടി നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് മനസ്സിലാവും. തീരെ ഇഷ്ട്ടപ്പെടത്തത് ധന്യ മേരി കുര്യന്‍ എന്ന നായികയുടെ അഭിനയം മാത്രം. പതിവ് പോലെ ഇത്തവണയും മോശമാക്കി.
ഇംഗ്ലീഷ് സിനിമ 'പ്രസ്ടീജ്' എന്നതിന്റെ ഒരു നേരിയ അംശം ഇതില്‍ സംവിധായകന്‍ കടമെടുത്തിട്ടുണ്ട്. മജീഷ്യന്‍മാരെക്കുറിച്ചുള്ള സിനിമയായിരുന്നു അത്. ഇവിടെയും ആ ഭാഗങ്ങള്‍ മികവുറ്റ രീതിയില്‍ ചെയ്തിട്ടുണ്ട്.
വ്യത്യസ്ഥത ഇഷ്ട്ടപ്പെടുമെങ്കില്‍ കാണാം.പിന്നെ കഥ ക്ലീഷേ ആണെന്ന് പരാതി പറയരുതെന്ന് മാത്രം!.