8

ഉറുമി | Urumi (2011)














ഉറുമി :-

ഒരു വര്‍ഷം മുന്‍പ് വളരെ കൊട്ടിഘോഷിച്ചു ഒരു മലയാള സിനിമ ഇറങ്ങിയിരുന്നു . പേര് പഴശ്ശിരാജ . ശരത് കുമാര്‍ എന്നൊരു മസില്‍ കാണിക്കാന്‍ മാത്രം ഇപ്പോഴും അറിയാവുന്ന ഒരു നടനെ മലയാളിക്ക് സമ്മാനിച്ചു എന്നല്ലാതെ ഒരു ഗുണവും സിനിമയില്‍ കണ്ടില്ല. ഞാന്‍ കാണാത്ത പലതും സിനിമയില്‍ കണ്ടതു കൊണ്ടാവണം പലരും അതിനെ വാഴ്ത്തിയത് . ഇന്നിതാ ചരിത്രത്തെക്കുറിച്ച് പറയുവാന്‍ ഉറുമി. സന്തോഷ്‌ ശിവന്റെ ചായാഗ്രഹണത്തിനു അനന്തഭദ്രത്തെക്കാളോ തൊട്ടുമുന്‍പിറങ്ങിയ ബിഫോര്‍ ദി റെയിന്‍ എന്ന സിനിമയേക്കാളോ മികവുണ്ടോ എന്ന് പറയാന്‍ ഞാന്‍ ആളല്ലെങ്കിലും സംവിധാനത്തില്‍ ഒരു ശരാശരി പോലും അല്ലെന്നു തെളിയിക്കാന്‍ ഈ സിനിമയിലൂടെ അദ്ദേഹത്തിനു കഴിയുന്നുണ്ട് എന്ന് എനിക്ക് പറയാന് കഴിയും. എങ്കിലും ഫ്രെയിമുകളുടെ മനോഹാരിത അതൊന്നു മാത്രം ഈ സിനിമയെ നല്ലൊരു ദ്രിശ്യാനുഭവം ആക്കി മാറ്റുന്നുണ്ട് .ഒപ്പം അതുകൊണ്ട് മാത്രം പഴശ്ശിരാജയെ കാതങ്ങള്‍ പിന്നിലാക്കുന്നുമുണ്ട്. സിനിമ നല്‍കുന്ന ദ്രിശ്യാനുഭവം അതിന്റെ വൈഡ്‌ ആംഗിള്‍ ക്യാമറാവര്‍ക്കില്‍ മാത്രം ഒതുങ്ങുന്നതല്ല .അതിനു കടപ്പാട് സിനിമയുടെ ആഫ്റ്റര്‍ എഫക്റ്റ്സിനു കൂടി നല്‍കേണ്ടതുണ്ട് . സിനിമ ഒരു ബോറടി അല്ലെങ്കില്‍ കൂടിയും ശിഥിലമായ തിരക്കഥയും അത് ചേര്‍ത്തു വെക്കാന്‍ ഉള്ള സംവിധാന മികവില്ലായ്മയും നല്ല രീതിയില്‍ തന്നെ കല്ലു കടിയാവുന്നുണ്ട് എന്നതാണ് വാസ്തവം. എടുത്തു പറയാവുന്ന ഒന്ന് സിനിമയുടെ പാശ്ചാത്തല സംഗീതമാണ് .അത് വളരെ ചേര്‍ന്ന് പോകുന്നതായി തോന്നി.

ആരുടെ അഭിനയവും പ്രത്യേകിച്ച് എടുത്തു പറയാന്‍ മാത്രം ഇല്ല. വിദ്യാ ബാലന്‍റെ the so called glamour show വള്‍ഗര്‍ മാത്രം എന്നേ പറയേണ്ടു.

പിന്നെ ഈ സിനിമ കാണണം എന്നുണ്ടെങ്കില്‍ അത് തീയേറ്ററില്‍ തന്നെ പോയി വേണം കാണാന്‍ . നല്ല ദൃശ്യാനുഭവങ്ങളുടെ പേരില്‍ കാണേണ്ടുന്ന ഒരു സിനിമ.സിനിമ നല്‍കുന്ന ദൃശ്യാനുഭവങ്ങള്‍ ഇഷ്ട്ടപ്പെടുന്നുവെങ്കില്‍ ഈ സിനിമ കാണേണ്ടുന്നത് തന്നെ. ചുരുക്കത്തില്‍ സിനിമയുടെ സാങ്കേതിക (ക്യാമറ ,എഡിറ്റിംഗ് ,സംഗീതം etc...) തുടങ്ങിയ ഡിപ്പാര്‍ട്ടുകള്‍ക്ക് ഒരു കയ്യടി .

ഒരു രസത്തിന് ഒരു പിരിച്ചു വച്ചൊരു റേറ്റിംഗ് :-

ടെക്നിക്കല്‍ :- 9/10 -> ഈയൊരു പെര്‍ഫെക്ഷന്‍ ഒരു നല്ല മലയാള സിനിമയില്‍ കാണണം എന്നുണ്ട് . ടെക്നിക്കല്‍ ഗിമ്മിക്ക് കാണിക്കാന്‍ വേണ്ടി കാണിക്കുന്നത് ആവാതെ.
സംവിധാനം :- 4/10.
കഥ/തിരക്കഥ/കഥാപാത്രങ്ങള്‍ :- 4/10.
25

ട്രാഫിക്‌ | Traffic (2011)













കൊച്ചിയിലെ ഒരു ട്രാഫിക് ഐലന്റില്‍ ഒരു ദിവസം ഉണ്ടാവുന്ന വാഹനാപകടം . ആ അപകടം നേരിട്ടും അല്ലാതെയും ഒരുപാട് ജീവിതങ്ങളെ കൂട്ടിച്ചേര്‍ക്കുന്നു . ആ കൂട്ടിച്ചേര്‍ക്കലില്‍ നഷ്ട്ടപ്പെടലുണ്ട് , അതിന്റെ വേദനയുണ്ട് , തിരിച്ചറിവുണ്ട് , പ്രതികാരമുണ്ട് , തെറ്റുതിരുത്തലുണ്ട് . ഈ ജീവിതങ്ങളിലൂടെ രണ്ടു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ഇവയെല്ലാം കാണാം കേള്‍ക്കാം ഒപ്പം മറ്റു കാണികള്‍ക്ക്‌ ഒപ്പം ചേര്‍ന്ന് സിനിമ കഴിഞ്ഞു ഒരു കയ്യടി പാസ്സാക്കുകയും ചെയ്യാം ; സംവിധായകന് ,തിരക്കഥാകൃത്തുക്കള്‍ക്ക് , എഡിറ്റര്‍ക്ക്‌ , അഭിനേതാക്കള്‍ക്ക് , എന്ന് വേണ്ട ഈ സിനിമയെ ഒരു മികച്ച സിനിമയാക്കി മാറ്റുന്നതില്‍ പങ്കു വഹിച്ച എല്ലാവര്‍ക്കു വേണ്ടിയും. മലയാളിയുടെ അയല്‍പക്കക്കാരന്‍ തമിഴന്‍ പുതുമയാര്‍ന്ന പരീക്ഷണങ്ങളുമായി വരുമ്പോഴും മലയാളി കാലങ്ങളായി ഒരു 'ക്ലീഷേ' എന്ന ചട്ടക്കൂടിനുള്ളില്‍ ആയിരുന്നു . ഇനി വരുന്ന പരീക്ഷണങ്ങളായ ചില സിനിമകളാകട്ടെ ഹോളിവുഡില്‍ നിന്ന് കടമെടുത്തു വരുന്നവയും. ഒപ്പം മലയാളി പ്രേക്ഷകനെ സംബന്ധിച്ച് ത്രില്ലര്‍ എന്നാല്‍ നായകന്‍റെ വാചകമടിയും , ആക്ഷന്‍ രംഗങ്ങളും മാത്രമായി ഒതുങ്ങിക്കൂടി . അതിനൊരപവാദം ആയി വന്നത് ഈയിടെ ഇറങ്ങിയ പാസഞ്ചര്‍ മാത്രം ആയിരുന്നു . ഇതാ മറ്റൊരു സിനിമ; ഒരു ദശാബ്ദ കണക്കെടുപ്പില്‍ ഏറ്റവും മികച്ച മലയാള സിനിമകളുടെ കൂട്ടത്തില്‍ സ്ഥാനം പിടിക്കുവാന്‍ കഴിയുന്ന ഒന്ന് .

മലയാള സിനിമയില്‍ ഈയൊരു ത്രെഡ് ആദ്യമായി ആണ് കൈകാര്യം ചെയ്യുന്നത് എന്ന് വേണം പറയാന്‍ . ബാബേല്‍ ഉള്‍പ്പെടുന്ന ത്രയം, കഥകളുടെ ഈ രീതിയിലുള്ള കൂടിച്ചേരല്‍ മുന്‍പ് പരീക്ഷിച്ചിട്ടുണ്ട് . എങ്കിലും ത്രെഡിന്റെ പുതുമയും ബ്രില്ല്യന്‍റ്റ് എന്ന് പറയാവുന്ന സ്ക്രിപ്റ്റും , സംവിധാന മികവും , പ്രേക്ഷകന്റെ പള്‍സ് ഉയര്‍ത്താന്‍ പോകുന്ന തരത്തിലുള്ള പാശ്ചാത്തല സംഗീതവും സിനിമയെ പുതിയ ഒരു അനുഭവം ആക്കി മാറ്റും എന്ന് തീര്‍ച്ച . സിനിമയുടെ ഏതെങ്കിലും ഒരു വിഭാഗത്തെക്കുറിച്ചു പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല; കാരണം പുതുമുഖ താരങ്ങളുടെ അഭിനയം മുതല്‍ സിനിമയുടെ ഓരോ വിഭാഗവും വളരെ മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു .

കഥയെക്കുറിച്ച് എന്തെങ്കിലും എഴുതുന്നത്‌ ഈ സിനിമയെ നശിപ്പിക്കുന്നതിന് തുല്യമാണ് . അതുകൊണ്ട് അത് വേണ്ട.

സിനിമയുടെ കുറവുകള്‍ക്ക് നേരെ കണ്ണടച്ചു കൊണ്ട് ചുരുക്കത്തില്‍ , 7.5/10(Edited)

Miss this film at your own risk :)