വ്യാളിയെ പച്ചകുത്തിയവള്‍ ...















സ്റ്റീഗ് ലാര്‍സന്‍ എഴുതിയ മില്ലേനിയം ത്രയത്തില്‍ വരുന്ന മൂന്നു നോവലുകളും മൂന്നു ഭാഗങ്ങളായി സ്വീഡനില്‍ സിനിമയാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. അദ്ദേഹത്തിന്‍റെ മരണശേഷം ആണ് ഈ മൂന്നു നോവലുകളും പബ്ലിഷ് ചെയ്യപ്പെടുന്നത്. ഈ ത്രയത്തില്‍ വരുന്ന മൂന്നു സിനിമകളും പല രാജ്യങ്ങളിലായി ഇപ്പോഴും തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു വരുന്നു. ഈ ത്രയത്തിന്റെ ഹോളിവുഡ് വെര്‍ഷനും ചിത്രീകരണത്തിന് തയ്യാറെടുക്കുന്നുണ്ട് . മിസ്റ്ററി/ത്രില്ലെര്‍ വിഭാഗത്തില്‍ വരുന്ന ഈ മൂന്നു സിനിമകളും ഒരുപോലെ പ്രേക്ഷകനെ സ്ക്രീനിനു മുന്‍പില്‍ പിടിച്ചിരുത്താന്‍ കഴിവുള്ളവയാണ്. ലിസ്ബെത് സലാണ്ടെര്‍ എന്നു പേരുള്ള, വ്യാളിയെ തന്റെ പുറം ശരീരം മുഴുവനും പച്ച കുത്തിയ പെണ്‍കുട്ടിയാണ് കഥയുടെ കേന്ദ്രബിന്ദു. ഒരു ജേര്‍ണലിസ്റ്റ്‌ ആയ ബ്ലോംകൊവിസ്റ്റിനെ അയാളുടെ അന്വേഷണത്തില്‍ സഹായിച്ചുകൊണ്ട് ആദ്യ നോവലില്‍ കടന്നു വരുന്ന ലിസ്ബെത്ത് എന്ന കഥാപാത്രം മറ്റു നോവലുകളിലൂടെ പോകുന്തോറും രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിക്കുന്ന ഒട്ടേറെ തെളിവുകളുടെ ഉറവിടമായി മാറുന്ന കാഴ്ച്ചയാണ് പ്രേക്ഷകന്‍ കാണുക. അതോടൊപ്പം തന്നെ ഒരുപാട് വ്യക്തിത്വങ്ങളെ കാണിക്കുന്ന സിനിമ, മനുഷ്യന്റെ ഇരുണ്ട വശങ്ങളായ സാഡിസം,ചൈല്‍ഡ്‌ അബുസ്മെന്റ്, ലൈംഗിക പീഡനങ്ങള്‍ ,ഇന്‍സെസ്റ്റ്‌ തുടങ്ങിയവയെ സിനിമയുടെ ഫ്രെയിമുകളില്‍ പച്ചയായി കാണിക്കുന്നുണ്ട്. തീര്‍ച്ചയായും കുട്ടികള്‍ക്ക് പറ്റിയ സിനിമയല്ല...

The girl with the dragon tattoo(2009):-

ഏതാണ്ട് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങര്‍ എന്ന ബിസിനസ്സുകാരന് തന്‍റെ പേരക്കുട്ടിയെ(ഹാരിയറ്റ്) നഷ്ട്ടപ്പെടുന്നു. യാതൊരു തെളിവും അവശേഷിപ്പിക്കാതെ ആയിരുന്നു അവളുടെ തിരോധാനം. സംഭവ ദിവസം ഇവരുടെ കുടുംബം താമസിക്കുന്ന ദ്വീപിനെ ബന്ധിപ്പിക്കുന്ന പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ ഒരു ജനലിലൂടെ കണ്ട അവളുടെ മുഖം, അതാണ്‌ മുത്തച്ഛന്റെ കയ്യിലുള്ള അവളുടെ അവസാനത്തെ ചിത്രം. സംഭവം വെറുമൊരു തിരോധാനം അല്ലെന്നും അതൊരു കൊലപാതകം ആണെന്നും കൊന്നവര്‍ തന്റെ കുടുംബത്തിലെ ആരെങ്കിലും ആയിരിക്കും എന്നും അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ പലരും ഈ കേസ് അന്വേഷിച്ചു തെളിവില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.

മില്ലേനിയം എന്ന മാഗസിനില്‍ ജോലി ചെയ്യുന്ന ബ്ലോംകൊവിസ്റ്റിനെ ഏതാനും മാസങ്ങള്‍ കോടതി തടവിനു ശിക്ഷിക്കുന്നു. ശിക്ഷ ഒരു മൂന്ന് മാസം കൂടി കഴിഞ്ഞു അനുഭവിച്ചു തുടങ്ങിയാല്‍ മതി. ഒരു ബിസിനസ്സുകാരനെതിരെ ബ്ലോംകൊവിസ്റ്റ് തന്റെ മാഗസിനിലൂടെ ആരോപങ്ങള്‍ ഉന്നയിക്കുന്നു. ഇവ തെളിയിക്കാന്‍ ഉള്ള തെളിവുകള്‍ അയാള്‍ക്ക്‌ ഹാജരാക്കാന്‍ കഴിയാതെ വരുന്നതും അയാള്‍ക്ക്‌ ഈ ശിക്ഷ ലഭിക്കുന്നതിനു കാരണം ആവുകയായിരുന്നു. വിധി വന്നതോട് കൂടി മാഗസിനില്‍ നിന്നും രാജിവെക്കാന്‍ അയാള്‍ സന്നദ്ധനാവുന്നു. ഇതേ സമയം വാങ്ങര്‍ ഒരു ഹാക്കര്‍ കൂടിയായ സലാണ്ടറിന്റെ സഹായത്തോടുകൂടി ബ്ലോംകോവിസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും അയാളെ ഈ അന്വേഷണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ബ്ലോംകോവിസ്റ്റിനെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ സഹായം നല്‍കിക്കൊണ്ട് സാലാണ്ടറും അന്വേഷണത്തില്‍ പങ്കാളിയാവുന്നു. അന്വേഷണം സൂചനകളില്‍ നിന്ന് സൂചനകളിലേക്കും അവിടെ നിന്നും തിരോധാനത്തിനു പിന്നിലെ രഹസ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന രഹസ്യങ്ങളിലെക്കും എത്തുന്നതോടെ വാങ്ങര്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പലരുടെയും ഇരുണ്ട മുഖങ്ങള്‍ വെളിച്ചത്തു വരുന്നു. ബ്ലോംകോവിസ്റ്റിനു വാങ്ങറുടെ കുടുംബവുമായി കുട്ടിക്കാലത്തുള്ള പരിചയം ഉണ്ട്. ഈ പരിചയം ഒന്ന് രണ്ടു സന്ദര്‍ഭങ്ങളില്‍ അന്വേഷണത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നുണ്ട്‌. ഒരിക്കല്‍ അത് അയാളുടെ ജീവന് വരെ ഭീഷണിയാവുന്നുമുണ്ട്. ക്ലൈമാക്സില്‍ ഒരു ട്വിസ്റ്റ്‌ ഉണ്ട്. സത്യത്തില്‍ ഒരു ട്വിസ്റ്റ്‌ എന്ന് പറയാന്‍ പറ്റില്ല, എന്നാല്‍ ഒരു സര്‍പ്രൈസ് തന്നെ ആണ്.

സാലണ്ടര്‍ എന്ന കഥാപാത്രത്തിന്റെ സവിശേഷത തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്‌. ശരീരത്തില്‍ തുളകളിട്ട് അവയില്‍ റിങ്ങുകള്‍ കൊളുത്തിയിട്ടു നടക്കുന്ന പുറം മുഴുവനായും വ്യാളിയെ പച്ച കുത്തിയ, കറുത്ത ജാക്കറ്റും ജീന്‍സും ധരിച്ചു, അളന്നു മുറിച്ച രീതിയില്‍ നടക്കുന്ന,നന്ദി പ്രകടിപ്പിക്കാന്‍ അറിയാത്ത, തന്റേടിയായ ഒരു പെണ്‍കുട്ടി. അവളുടെ ചിരികള്‍ പോലും വളരെ മിതമാണ്. അവളെ ചിരിച്ചു കാണുന്നത് സിനിമാ ത്രയത്തിന്റെ അവസാന ഭാഗത്ത്‌ മാത്രമാണ്. കുട്ടിക്കാലത്ത് തന്റെ അച്ഛന്റെ മുഖത്ത് തീ കൊളുത്തിയ ഇവള്‍ കുറേക്കാലം ഒരു ഡോക്ടറുടെ കീഴില്‍ മാനസിക പരിചരണത്തിലായിരുന്നു. അവിടെ അവള്‍ക്കു ഒരുപാട് ലൈംഗിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. അവിടെ നിന്ന് ഇറങ്ങിയ ശേഷം കോടതി അവള്‍ക്കു വിധിച്ച സംരക്ഷകന്റെ അടുത്തു നിന്നും പീഡനങ്ങള്‍ അവള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇവരെല്ലാം തന്നെ ഒരു രഹസ്യം പേറുന്ന ചങ്ങലയിലെ കണ്ണികളാണെന്ന് മറ്റു രണ്ടു സിനിമകളും കാണിക്കുന്നുണ്ട്‌.

The girl who played with fire(2009):-

ആദ്യ സിനിമയില്‍ നിന്നും വ്യത്യസ്തമായി അന്വേഷണമാണ് ഈ സിനിമയില്‍ അധികവും. ലിസ്ബെത്തിനു എതിരായി ചില ആരോപണങ്ങള്‍ വരുന്നു. ഈ ആരോപങ്ങള്‍ക്ക് അവളുടെ പേരിലെ സലാണ്ടാര്‍ എന്ന ഭാഗവുമായി ഒരു ബന്ധം ഉണ്ട്. സലാണ്ടറിന്റെ പിതാവും അവരുള്‍പ്പെട്ടിരുന്ന ഒരു രഹസ്യ സംഘവും മറ നീക്കി പുറത്തു വരുന്നു. ഇത്തവണ ലിസ്ബെത്തിനെ സഹായിച്ചു കൊണ്ട് ബ്ലോംകൊവിസ്റ്റ്‌ ആണ് വരുന്നത് . സിനിമ മുഴുവനായും ഒരു ത്രില്ലെര്‍ തന്നെയാണ്. ആദ്യ ഭാഗം അല്‍പ്പം ഡ്രാമ കൂടി ഉണ്ടായിരുന്നു എന്ന് പറയാം.

The girl who kicked the Hornet's nest(2009):-

പൂര്‍ണമായും ലിസ്ബെത്ത് എന്ന കഥാപാത്രത്തെ ചുറ്റിയാണ് ഇത്തവണ കഥയുടെ പോക്ക്. രണ്ടാം ഭാഗത്തില്‍ നായിക നിയമത്തിനു മുന്‍പില്‍ അദൃശ്യയായിരുന്നെന്കില്‍ ഇത്തവണ അവള്‍ ജയിലിലാണ്. അവള്‍ക്കെതിരെ നീക്കവുമായി ഉള്ളത് സ്വീഡനിലെ രഹസ്യാന്വേഷണവിഭാഗങ്ങളില്‍ മുന്‍നിരയില്‍ ജോലി ചെയ്തിരുന്നവരും. ആദ്യ രണ്ടു സിനിമകള്‍ കണ്ടാല്‍ തീര്‍ച്ചയായും ഇത് കണ്ടിരിക്കണം. മറ്റു സിനിമകളിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ ചുരുളഴിയുന്നത് ഇവിടെയാണ്‌.

-----------
ഇവിടെ കഥ ഒരിക്കല്‍പ്പോലും അനാവശ്യമായ വേഗതയില്‍ പോകുന്നില്ല. ക്യാമറയുടെ ചലനങ്ങളും അങ്ങനെ തന്നെ. സിനിമയില്‍ ഇടയ്ക്കു വരുന്ന കാര്‍ ചെയ്സ് പോലും വളരെ കയ്യടക്കത്തോട് കൂടിയാണ് കാണിക്കുന്നത്. സാധാരണ മനുഷ്യരുടെ കഥകള്‍ ആയത്കൊണ്ട് തന്നെ അമാനുഷികമായതോ സങ്കല്‍പ്പിക്കാന്‍ പ്രയാസമുള്ളതോ ഒന്നും തന്നെ ഇവര്‍ ചെയ്യുന്നില്ല. ഓരോ ക്യാരക്ടറിനും പ്രത്യേക അസ്ഥിത്വം ഉണ്ട്. ചിലരുടെ ഇരുണ്ട വശങ്ങള്‍ മൂടി വയ്ക്കപ്പെട്ടിട്ടുണ്ട് എന്ന് മാത്രം. നല്ലൊരു കഥ അതിനൊത്ത തിരനാടകം ഒപ്പം കഥയുടെ ആത്മാവ് കൈവിടാതെയുള്ള സംവിധാനവും. അഭിനേതാക്കളെ തിരഞ്ഞെടുത്തതില്‍ പോലും പ്രശംസയര്‍ഹിക്കുന്നു. സിനിമ കണ്ടു കഴിഞ്ഞ ആര്‍ക്കാണ് ലിസ്ബെത്തിനെ അവതരിപ്പിച്ച നൂമി റാപെസിനെ മറക്കാന്‍ കഴിയുക. സിനിമക്ക് വേണ്ടി ആറു മാസത്തിലധികം നീണ്ടു നിന്ന കഠിനപ്രയത്നം തന്നെ നടത്തിയിരുന്നു ഈ നടി. മറ്റു കഥാപാത്രങ്ങളുടെ അഭിനയവും അങ്ങനെ തന്നെ. ലിസ്ബെത്തിന്റെ ഗാര്‍ഡിയന്‍ ആയി വരുന്ന കഥാപാത്രം തുടക്കത്തില്‍ ലിസ്ബെത്തിനെ തന്റെ കാല്‍ക്കീഴില്‍ ചവിട്ടിയരക്കുന്നതായാണ് കാണിക്കുന്നത്. കഥയുടെ പിന്നീടുള്ള മാറ്റത്തില്‍ ലിസ്ബെത്തിനെ പേടിക്കുന്നയാളായുള്ള അയാളുടെ സ്വഭാവ മാറ്റം വളരെ കണ്‍വിന്‍സിംഗ് ആയിരുന്നു.

വാല്:- പതിവ് തെറ്റുന്നില്ല. ഈ സിനിമകള്‍ക്കും ഒരു ഹോളിവുഡ് വേര്‍ഷന്‍ വരുന്നു. എന്നാല്‍ ഇത് ഈ സിനിമാ ത്രയത്തെ ബേസ് ചെയതല്ല മറിച്ചു മില്ലേനിയം ത്രയത്തെ ആധാരമാക്കിയാണ്. ചിലപ്പോള്‍ കൂടുതല്‍ ആയുധങ്ങള്‍, കാര്‍ ചെയ്സ് അങ്ങനെയൊക്കെ ആകുമോ?!. എന്തായാലും ഹോളിവുഡ് സിനിമകളുടെ ബഡ്ജറ്റിനു ഒരു സിനിമയെ നന്നാക്കാനും കൊല്ലാനും കഴിവുണ്ടല്ലോ. കാത്തിരുന്നു കാണാം.

തീര്‍ച്ചയായും കണ്ടിരിക്കേണ്ടുന്ന ഒരു ത്രില്ലര്‍.

10 comments:

വിനയന്‍ said...

തീര്‍ച്ചയായും 2009 ലെ ഒരു നല്ല സിനിമ.

anarchy said...

hi vinayan,

I've seen The girl with the dragon tattoo..can't wait to see the next two.

വിനയന്‍ said...

ഞാനും അങ്ങനെ തന്നെയായിരുന്നു... ശരിക്കും tempting ആണ് സിനിമ.

Wash'Allan JK | വഷളന്‍ ജേക്കെ said...

Good review! Thanks for introducing these movies.

വിനയന്‍ said...

Loved ur name change :) ...And thanks 4 the comment. I sincerely don't think i have written any good reviews in this blog yet(may be a maximum 5 if i could pick)...Coz my writing skills are still flawed :(. But my intention is to introduce some really nice films. And nowadays am trying to put more exclusive or acclaimed foreign films.

ശ്രീനാഥന്‍ said...

a nice intro.good enough for someone like me who is not so familiar with good films.

ദീപുപ്രദീപ്‌ said...

വളരെ നല്ലൊരു ബ്ലോഗ്‌, മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.താങ്കളുടെ ബ്ലോഗില്‍ ഒരുപാടു വായിക്കാന്‍ ഉണ്ട്. ഓരോന്നായി വായിച് അഭിപ്രായം പറയാം .

വിനയന്‍ said...

ദീപുപ്രദീപ്‌ :- അഭിപ്രായത്തിന് നന്ദി...

വിനയന്‍ said...

ശ്രീനാഥന്‍, ക്ഷമിക്കണം ഇപ്പോഴാണ് കമന്റ് ശ്രദ്ധിച്ചതു. അഭിപ്രായത്തിന് നന്ദി...

പാച്ചു said...

ഞാനും കണ്ടൂ ഈ പടം :) ഇവിടുന്നു കിട്ടിയ പേരു ആയിരുന്നു, അതു പതുക്കെ മറന്നു വരുന്നതിനിടയിൽ കഴിഞ്ഞ ദിവസം വീണ്ടും ഓർത്തു, അങ്ങനെ ഉടനെ സാധനം സംഘടിപ്പിച്ചു കാണാനിരുന്നു.

എനിക്കിഷ്ടായി പടം :) ബാക്കി രണ്ടും കാണാൻ വെയിറ്റ് ചേയ്യുന്നു.. :)

Post a Comment