അന്‍വര്‍ (2010) | Anwar














അമല്‍ നീരദ്‌ അന്‍വര്‍ ഉള്‍പ്പെടെ സംവിധാനം ചെയ്ത സിനിമകള്‍ മൂന്ന്‍ . തന്റെ ആദ്യ രണ്ടു സിനിമകളില്‍ നിന്ന് തന്നെ തന്റെതായ ഒരു കയ്യൊപ്പ് മലയാള സിനിമയില്‍ അമല്‍ നീരദ്‌ ഉണ്ടാക്കിയിട്ടുണ്ട് . ആദ്യ സിനിമയായ ബിഗ്‌ ബി യില്‍ കൊണ്ടുവന്ന സ്റ്റൈലിഷ് രംഗങ്ങള്‍ ഒരുപടി കൂടെ സാങ്കേതികത്തികവില്‍ മുന്നിലേക്ക്‌ കടന്നു സാഗര്‍ ഏലിയാസ്‌ ജാക്കിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവയുടെ വിവേചനരഹിതമായ ഉപയോഗം സിനിമയെ പൂര്‍ണമായും തളര്‍ത്തി. പക്ഷെ അന്‍വര്‍ സാങ്കേതികതയിലും അവയുടെ വിവേചന പൂര്‍ണമായ ഉപയോഗത്തിലും ഒരുപടി മുന്നില്‍ നില്‍ക്കുന്നു.


അന്‍വര്‍ കാണാന്‍ പോകുന്ന സിനിമാ പ്രേമികളില്‍ പ്രധാനമായും മൂന്നു തരം ആളുകളെ ആണ് കാണുവാന്‍ കഴിയുക. ഒന്ന് , നല്ലൊരു അടിത്തറ(കഥ, തിരക്കഥ ) ഉണ്ടെങ്കില്‍ ഒരുപക്ഷെ ഞരമ്പുകളെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ ഒരുക്കുവാന്‍ അമല്‍ നീരദിന് കഴിഞ്ഞേക്കും എന്ന് കരുതുന്ന ഒരു കൂട്ടം .ഞാനുള്‍പ്പെടുന്ന ഇത്തരം ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു ട്രെയിലര്‍ എന്ന് പറയേണ്ടതില്ലല്ലോ അല്ലെ?. രണ്ടു, ഒരു പ്രിഥ്വിരാജ് ആക്ഷന്‍ സിനിമ എന്ന രീതിയില്‍ സമീപിക്കുന്നവര്‍ . പുതിയ മുഖത്തെ പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ചത് എന്ന് കരുതി വരുന്ന ആളുകള്‍ ഇവയില്‍പ്പെടും. ഇനി മൂന്നാമത് വിഭാഗം ഒരു കൂട്ടം വിഭാഗങ്ങള്‍ ആണ് . ഇത്തരം ആളുകളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന സിനിമകള്‍ ഒരുക്കുക ബുദ്ധിമുട്ട് തന്നെയാണ് . അന്‍വര്‍ കണ്ടിറങ്ങിയ ശേഷം ഞാന്‍ കേട്ട വാചകങ്ങളിലൊന്നു , പ്രിഥ്വിരാജിന് പകരം ഒരു വയ്ക്കൊലിനെ വെച്ചാലും ഈ സിനിമക്ക് പ്രശ്നമില്ല; മറ്റൊന്ന് ഇത്രയും മോശം സിനിമ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നത് . ഇവരെല്ലാം മൂന്നാം തരത്തില്‍ വരും.

ഞാന്‍ കണ്ട അന്‍വര്‍ എന്ന സിനിമ എന്നിലെ പ്രേക്ഷനെ ഏതാണ്ട് പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ഒന്നായിരുന്നു. ചിത്രത്തില്‍ ഏറ്റവും പരാമര്‍ശമാര്‍ഹിക്കുന്നത് ഇതിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തവര്‍ തന്നെയാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ കാണിക്കുമ്പോള്‍ കാണുന്ന സാങ്കേതികതയുടെ കയ്യൊപ്പ്‌ ചിത്രത്തിലുടനീളം പ്രകടമാണ് . ചിത്രത്തിന്‍റെ ചില ഷോട്ടുകള്‍ ചായാഗ്രാഹകന്‍ ഒരു രാം ഗോപാല്‍ വര്‍മ്മ സിനിമക്ക് വേണ്ടി പഠിക്കുകയാണോ എന്ന് തോന്നിച്ചുവെങ്കിലും പല ഷോട്ടുകളും അത്യുഗ്രന്‍ എന്ന് തന്നെ പറയാതെ തരമില്ല. ചിത്രത്തിലെ നായകന്‍റെ രംഗപ്രവേശം അമല്‍ നീരദിന്റെ സിനിമകളില്‍ വെച്ചു മികച്ചത് തന്നെയായിരുന്നു. പ്രിഥ്വിരാജ് എന്ന നടന്റെ ബോഡി ലാംഗ്വേജ് അതിനു സഹായകമായി എന്നും പറയാം.

മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്തമായി വെളിച്ചത്തെയും ഇരുട്ടിനെയും വളരെക്കൂടുതല്‍ എന്നാല്‍ സമര്‍ത്ഥമായി തന്നെ സിനിമയില്‍ ഉടനീളം ഉപയോഗിക്കുന്നുണ്ട് . തന്റെ ട്രേഡ്‌ മാര്‍ക്കായ 'അള്‍ട്രാ' സ്ലോ മോഷന്‍ രംഗങ്ങളെ ഇത്തരം വെളിച്ചവിന്യാസങ്ങളുമായി കൂട്ടിയോജിപ്പിക്കുക വഴി ചില ഷോട്ടുകള്‍ ഗംഭീരമാക്കുവാനും അമല്‍ നീരദിന് കഴിഞ്ഞിട്ടുണ്ട്. സ്ലോ മോഷന്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നു എങ്കില്‍ അത് സിനിമക്ക് ഒരു അധികപ്പറ്റല്ല . അന്‍വര്‍ എന്ന സിനിമയില്‍ അത് വേണ്ട രീതിയില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട് .

ഓരോ സിനിമകള്‍ കഴിയുന്തോറും തന്റെ മികവ് കൂട്ടുവാന്‍ പ്രിഥ്വിരാജ് എന്ന നടന് കഴിയുന്നുണ്ട് . താന്തോന്നി , പോക്കിരി രാജ തുടങ്ങിയ അടുത്തിറങ്ങിയ സിനിമകള്‍ പ്രിഥ്വി രാജ് എന്ന നടന്റെ മാര്‍ക്കറ്റ്‌ ആണ് ചൂഷണം ചെയ്തതെങ്കില്‍ അന്‍വര്‍ പ്രിഥ്വിരാജ് എന്ന നടനെ ചൂഷണം ചെയ്യുന്ന സിനിമയാണ് . ഒരു പടി കൂടി കടന്നു പറഞ്ഞാല്‍ പ്രിഥ്വിരാജ് എന്ന നടന്റെ ശരീര മികവിനെ ചൂഷണം ചെയ്യുന്നു എന്ന് പറയാം . ഇതിലെ ആക്ഷന്‍ രംഗങ്ങള്‍ പ്രിഥ്വിക്ക് പകരം മറ്റൊരു നടനെ സങ്കല്‍പ്പിക്കുക പ്രയാസം എന്ന രീതിയില്‍ തന്നെയാണ് എടുത്തിട്ടുള്ളത്. ഇത്തരം മാര്‍ഷ്യല്‍ ആര്‍ട്ട് ആക്ഷന്‍ രംഗങ്ങളില്‍ ഉള്ള ടൈമിംഗ് എടുത്തു പറയേണ്ട മറ്റൊന്നാണ് . ഒപ്പം അന്തരീക്ഷത്തിലൂടെയുള്ള ആളുകളുടെ 'പറക്കല്‍ ' സിനിമക്ക് ദൂഷണം ആവാത്ത രീതിയില്‍ ഉപയോഗിക്കുന്ന എഡിറ്റിങ്ങും എടുത്തു പറയേണ്ടത് തന്നെ . ഒപ്പം പറയാമല്ലോ , പാട്ടില്‍ താളത്തിനൊത്ത് മുറിച്ചു മാറ്റി എഫക്ട്സ് കൊണ്ട് വരുന്നത് വളരെ ബോറിംഗ് ആയാണ് തോന്നിയത്.

വര്‍ത്തമാന കാലത്തില്‍ പറഞ്ഞു പോകുന്ന ആദ്യ പകുതി, പിന്നീട് ഫ്ലാഷ് ബാക്കുകളിലൂടെ പുരോഗമിക്കുന്ന രണ്ടാം പകുതി. ഇതിലൂടെ കേരളത്തിലെ അല്ലെങ്കില്‍ ലോകത്തില്‍ എവിടെയും നടക്കുന്ന തീവ്രവാദത്തിന്റെ ഒരു എസന്‍സ്‌ കൊണ്ട് വരാന്‍ ശ്രമിക്കുന്ന അമല്‍ നീരദ്‌ തീവ്രവാദത്തിനു എതിരെ എന്ന രീതിയില്‍ സിനിമയില്‍ കഥയില്‍ അല്‍പ്പം കോമ്പ്രമൈസ് കൊണ്ട് വരുന്നുണ്ട് . അങ്ങനെ നോക്കിയാല്‍ കഥയുടെ ക്ലൈമാക്സ് സിനിമയുമായി ഒരു ചേര്‍ച്ചക്കുറവ് തോന്നിപ്പിച്ചു എന്നതാണ് സത്യം .
--------------------------------------------------------------
ഇനി മറ്റു ചിലത്; സിനിമയുടെ കഥയ്ക്ക് ട്രെയിട്ടര്‍ എന്ന ഇംഗ്ലീഷ് സിനിമയുമായി കഥയില്‍ സാമ്യം ഉണ്ടെന്നു പറഞ്ഞു കേട്ടു . ഉണ്ടാവട്ടെ .

മൊബൈല്‍ ഉള്ള എല്ലാവര്‍ക്കും എസ്എംഎസ് ആയി ഇതിന്റെ കഥയെന്നു പറയുന്ന ഒന്ന് കിട്ടിക്കാണും . അതിന്റെ ബാക്കിപത്രമാണ് എന്ന് തോന്നുന്നു ചില തീയേറ്ററുകളില്‍ ഓരിയിട്ട കുറുക്കന്മാര്‍.

സിനിമയില്‍ അഞ്ചു മിനിറ്റിന്റെ ഇടവേളയില്‍ രണ്ടു പാട്ടുകള്‍ വന്നത് കല്ല്‌കടിയായെങ്കിലും രണ്ടാമത് പാട്ടിന്റെ ലൊക്കേഷന്‍ ശരിക്കും എക്സോട്ടിക് തന്നെയായിരുന്നു . ഈ എക്സോട്ടിക് ലൊക്കേഷന്‍ ക്ലൈമാക്സില്‍ വീണ്ടും കൊണ്ട് വന്നത് സുഖകരമായി തോന്നി

അമല്‍ നീരദ്‌ എന്ന സംവിധായകന്‍ സാങ്കേതികമായി മലയാള സിനിമയെ ഒരു വലിയ ക്യാന്‍വാസില്‍ അവതരിപ്പിക്കുന്നുണ്ട് . മലയാളം എന്ന ചെറിയ ഇട്ടാ വട്ടത്തു നിന്ന് കൊണ്ട് അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്നത് മോശമല്ലേ. അപ്പൊ എങ്ങനെയാ തീയേറ്ററിലേക്കില്ലേ ....
കഥയെ പരിഗണിച്ചു ഒരു റേറ്റിംഗ് ഈ സിനിമക്ക് കൊടുക്കുക ബുദ്ധിമുട്ട് തന്നെ ...കാരണം കഥയില്‍ പുതുമയില്ല.

എന്തായാലും ഒരു 7/10 ഇരിക്കട്ടെ

....

28 comments:

വിനയന്‍ said...

ഒരു അര മണിക്കൂറില്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു എഴുത്താണ് ഇത് ...അതിന്റെ അപാകതകള്‍ കാണാം .... :)

Unknown said...

Appo pothuve moshamallathaa padam alle. DVD varumbolo naattilethiyaalo kaanam :) Aashamsakal!!

ചാണ്ടിച്ചൻ said...

ട്രെയിലര്‍ കണ്ടപ്പോ പടം കാണണമെന്ന് തോന്നിയിരുന്നു...ഇനിയിപ്പേ എന്തായാലും കണ്ടേ പറ്റൂ...അടുത്തയാഴ്ചയോ മറ്റോ ആണ് ദോഹ റിലീസ്...

വിനയന്‍ said...

ഒരു കാര്യം കൂടി...സിനിമയുടെ ടെക്നിക്കല്‍ ബ്രില്ല്യന്‍സ് മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ഒരു റേറ്റിംഗ് കൊടുത്തത് ... സിനിമയെ പൂര്‍ണമായി വിലയിരുത്തി ഒരു റേറ്റിംഗ് നല്‍കിയാല്‍ അത് അമല്‍ നീരദ്‌ സിനിമകളെ മോശം സിനിമകള്‍ ആയി ചിത്രീകരിക്കുന്ന പോലെയാവും ... സാഗര്‍ ഏലിയാസ്‌ ജാക്കി മോശമാണ് എന്ന് തുറന്നു പറയാം എങ്കിലും :)

Shaji T.U said...
This comment has been removed by the author.
Shaji T.U said...

:) ഞാനും ശരിവെക്കുന്നു. ചിത്രത്തിലെ രണ്ടാമത്തെ പാട്ട് തീര്‍ത്തും അനാവശ്യമായ സംഗതിയായിരുന്നു. പാട്ട് മുറിച്ചിട്ടതും മോശം. പക്ഷേ, ആദ്യ ഗാനത്തിലെ റിഥമിക് എഡിറ്റിംഗ് നന്നായി തന്നെ തോന്നിയിരുന്നു. സമാനമായ മറ്റൊരു ചിത്രസംയോജനം പ്രിയദര്‍ശന്റെ 'സാത് രംഗ് കെ സപ്നേ'. എന്ന ചിത്രത്തില്‍ നിന്ന്. ചിത്രം ഞാന്‍ കണ്ടിട്ടില്ല.
http://www.youtube.com/watch?v=bIrVGD0a1R4&p=BD253E55DF88DD4E&playnext=1&index=83

മുന്‍ കമന്റില്‍ ലിങ്കാന്‍ മറന്നു :)

aneezone said...

delhi release??

b Studio said...

ഈ സിനിമയ്ക്ക് ആദ്യ ദിവസം അത് അർഹിക്കുന്നതിൽ കൂടുതൽ നെഗറ്റീവ് റിപ്പോർട്ടുകൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും ഇത് പിടിച്ചു നിന്നു എന്നതാണു വലിയ വിജയം.

വിനയൻ മൂന്നു വിഭാഗമായി തിരിച്ചത് വളരെ ഇഷ്ടപ്പെട്ടു. ശരിയാണു ആ മൂന്നാമത്തെ വിഭാഗം ആളുകളെ തൃപ്തിപെടുത്താൻ ബുദ്ധിമുട്ട് തന്നെയാണു.

എല്ലായിടത്തു നിന്നും ഈ സിനിമക്ക് ഇപ്പോൾ മികച്ച പ്രതികരണം ലഭിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണു.

അനൂപ് :: anoop said...

കാണേണ്ട പടം തന്നെയാണ്‌. എനിക്കും ശരിക്ക് ഇഷ്ടപ്പെട്ടു. ഒരു പോസ്റ്റിടണമെന്നു കരുതിയിരിയ്ക്കുകയായിരുന്നു

Anoop said...

'സാഗര്‍ എലിയസ് ജാക്കി'യില്‍ പലതരം കാറുകളും പ്ലെയിനുമൊക്കെ നമുക്ക് കാണിച്ചു തന്ന അമല്‍ നീരദ് ഇത്തവണ തോക്കുകള്‍ കാണിച്ചു തരുന്നുവെന്നു ട്രെയിലര്‍ കണ്ടപ്പോള്‍ തോന്നി. :)

Traitor കണ്ടത് കൊണ്ടും സ്ലോ മോഷന്‍ സീനുകള്‍ സഹിക്കാന്‍ മേലാത്തത് കൊണ്ടും തീയേറ്ററില്‍ പോകാനൊരു മടി.

ഇതേ പേരില്‍ ഹിന്ദിയില്‍ ഒരു പടമിറങ്ങിയിരുന്നു. കണ്ടിരുന്നോ?

Satheesh Haripad said...

എനിക്ക് പടം ഇഷ്ടമായി.
"ഇതിലെ ആക്ഷന്‍ രംഗങ്ങള്‍ പ്രിഥ്വിക്ക് പകരം മറ്റൊരു നടനെ സങ്കല്‍പ്പിക്കുക പ്രയാസം" വിനയന്‍ പറഞ്ഞതിനോട് 100% യോജിക്കുന്നു.

അമല്‍നീരദ് ഹോളിവുഡ്ഡ് ചിത്രങ്ങളില്‍ നിന്ന് സിനിമ പിടിക്കുന്നതൊകൊണ്ടു മാത്രം പടം കാണാന്‍ കൊള്ളില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയെങ്കില്‍ ഗജനി പോലുള്ള ചിത്രങ്ങളൊക്കെ പരാജയപ്പെട്ടു പോയേനെ. എന്തൊക്കെയായാലും 4 brothers നേക്കാളും ബിഗ് ബി യാണ് എനിക്ക് നന്നായി തോന്നിയത്.

ഇത്രയേറെ അപവാദപ്രചാരണങ്ങള്‍ ഉണ്ടായിട്ടും പടത്തിന് ഇപ്പോഴും ആള് കയറുന്നത് അതിനുള്ള ക്വാളിറ്റി ഉള്ളതൊകൊണ്ട് തന്നെയാണ്. തമിഴ്-ഹിന്ദി ചിത്രങ്ങളുടെ നിരയിലേക്ക് മലയാളത്തിന് എടുത്ത് കാണിക്കാവുന്ന ഒരു ചിത്രമാണ് അന്‍വര്‍ എന്ന് നിസ്സംശയം പറയാം.

nandakumar said...

സംഗതി എനിക്കും ഇഷ്ടപ്പെട്ടു. മലയാളത്തിലെ ഉദാത്ത ചിത്രം എന്ന നിലക്കല്ല. ഇപ്പോഴും പഴഞ്ചന്‍ രീതികള്‍ പിന്തുടരുന്ന കുറേ കിളവ താര-സാങ്കേതിക കൂട്ടങ്ങളില്‍ നിന്ന് യുവത്വവും പുതിയ കാഴ്ചപ്പടുള്ളവുരുമായ ആളുകളിലേക്കും അവരുടേ രീതികളിലേക്കും സിനിമ വന്നതില്‍. കഥയില്ല/തിരക്കഥയില്ല എന്ന വിമര്‍ശനത്തിനു നേരെ കണ്ണടക്കാം. ഈയ്യടുത്ത് കൊട്ടിഘോഷിക്കപ്പെട്ട/സൂപ്പര്‍ ഹിറ്റായ ഏതു സിനിമകളിലാണു ഇതുണ്ടായിരുന്നത് ??

വിനയന്‍ said...

@Anoop, സാഗര്‍ എലിയസ് ജാക്കി ഒരു ചീറ്റിപ്പോയ പടക്കം അല്ലെ... അതുപോലുള്ള ചില ശ്രമങ്ങള്‍ ഇതിലും ഇല്ലാതെയില്ല ... പിന്നെ തോക്ക് , അതിന്റെ ഉപയോഗം അവസാനം മാത്രമേ വരുന്നുള്ളൂ. പേടിക്കേണ്ട. പക്ഷെ ആ ഷോട്ടുകളും വെരി സ്റ്റൈലിഷ് ആയിരുന്നു... സാഗറിലെ പോലെ എല്ലായ്പ്പോഴും നായകന് മാത്രം അടി കിട്ടാത്ത പ്രവണതയും ഇവിടെയില്ല. പിന്നെ ട്രെയിട്ടര്‍ ആണ് ഇത് എന്ന് വിചാരിച്ചു കാണരുത് ...

@അനൂപ് :: anoop എങ്കില്‍ ഒരു പോസ്റ്റ്‌ തന്നെ പോരട്ടെ :)

@b Studio പ്രതികരണങ്ങള്‍ ഇപ്പോഴും മിക്സഡ്‌ ആണ് :(

@അനീസ്‌ എടേ അവിടെ മലയാളം പടങ്ങള്‍ ഒക്കെ ഇറങ്ങാറുണ്ടോ? ഇറങ്ങിയാല്‍ മിസ്സാക്കണ്ട

@Shaji T.U ആദ്യ ഗാനത്തിലെ റിഥമിക് എഡിറ്റിംഗ് എനിക്കും രസിച്ചു ...രണ്ടാമത്തെ ഗാനത്തിലെ ലൊക്കേഷന്‍ ശരിക്കും എക്സോടിക് ആയിരുന്നു ,പക്ഷെ അതൊഴിച്ചാല്‍ ഒരു ഫാഷന്‍ പരേഡ്‌ എന്നും പറയേണ്ടി വരും ... ആ സിനിമ തേന്മാവിന്‍ കൊമ്പത്തിന്റെ റീമേക്ക്‌ ...എത്ര പ്രാവശ്യം കേട്ട പാട്ടാണതു

@ചാണ്ടിക്കുഞ്ഞ് അപ്പോള്‍ തീയേറ്ററിലെക്ക് തന്നെ അല്ലെ :)

@ഞാന്‍ അമ്പട ഞാനേ , ഡിവിഡിയില്‍ സിനിമക്ക്‌ ഈ സുഖം കിട്ടുമോ എന്ന കാര്യം സംശയമാണ് :)

@സതീഷ്‌ ഹരിപ്പാട്‌ ഹോളിവുഡിനെ ആധാരമാക്കുന്നതില്‍ തെറ്റില്ല പക്ഷെ അത് തന്റെ സൃഷ്ട്ടിയാണ് എന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കരുത്‌ ...അമല്‍ ആ ആ വകുപ്പില്‍ പെടില്ല
>തമിഴ്-ഹിന്ദി ചിത്രങ്ങളുടെ നിരയിലേക്ക് മലയാളത്തിന് എടുത്ത് കാണിക്കാവുന്ന ഒരു ചിത്രമാണ് അന്‍വര്‍<< ഇന്നത്തെ ഹിന്ദി സിനിമകളെക്കാള്‍ ക്വാളിറ്റി ഉണ്ട് (രാവണന്‍ ഓര്‍ത്ത്‌ പോവുന്നു :( )... :)
@നന്ദകുമാര്‍ സിനിമക്ക് കഥ വേണം എന്ന് എനിക്ക് യാതൊരു താല്പര്യവും തോന്നിയിട്ടില്ല...ഉണ്ടെങ്കില്‍ അത് ബോറാക്കരുത് ...ഇവിടെ ഒരു അനാവശ്യ പ്രണയം പോലും കുത്തി നിറക്കാന്‍ ശ്രമിച്ചിട്ടില്ല. പകരം ഒരു പാട്ടില്‍ ഒതുക്കിയല്ലോ ... ആ ബോംബ്‌ ബ്ലാസ്റ്റ് സീന്‍ എപ്പടി ? രണ്ടു ആംഗിളുകളില്‍ കാണിച്ചത്‌ എനിക്കിഷ്ട്ടപ്പെട്ടു

Mansoor said...

pleas change your back ground it is very difficult to read

shaji.k said...

അപ്പൊ എങ്ങനാ തീയറ്ററിലേക്കില്ലേ ? അതെ ഒന്ന് കണ്ടു കളയാം എന്ന് തീരുമാനിച്ചു, ഒട്ടു മിക്ക ആള്‍ക്കാരും തരക്കേടില്ല എന്ന് പറയുമ്പോള്‍ മുഖം തിരിക്കുന്നതെങ്ങിനെ:))

shaji.k said...

ആക്രോശ് കണ്ടോ ??

വിനയന്‍ said...

മന്‍സൂര്‍ , വേറെ ആരെങ്കിലും കൂടെ പറയട്ടെ അപ്പോള്‍ മാറ്റാം ...അല്ലാ, എല്‍സിഡിയില്‍ ആണോ വായിക്കാറു ? :) വായിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നവര്‍ കൈ പൊക്കുക
@ഷാജിഖത്തര്‍ ആക്രോശ് അടുത്ത ആഴ്ച കാണണമെന്നുണ്ട് നോക്കട്ടെ... നന്നായിട്ടുണ്ട് എന്ന് കേട്ടിരുന്നു ...കണ്ടോ?

nandakumar said...

കറൂത്ത പ്രതലത്തിലെ വെളുത്ത കുഞ്ഞു അക്ഷരങ്ങള്‍ എന്നും പ്രശ്നം തന്നെയാണ് വിനയാ :) കാണാന്‍ നല്ല ചന്തമൊക്കെയുണ്ട്. എന്നാലും സുഖമായ റീഡിങ്ങിനു (പറ്റില്ലെന്നല്ല) വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരത്തിനോടൊപ്പം വരില്ല. പ്രത്യേകിച്ച് കമന്റിലെ പോയന്റ് കുറഞ്ഞ അക്ഷരങ്ങള്‍. ഭയങ്കര കുഞ്ഞ്യേ അക്ഷരമാണത് ;)
പോസ്റ്റിനു മാത്രം ബാഗ്രൌണ്ട് ഇടാന്‍ പറ്റുമോ എന്നു നോക്കു. ടെമ്പ്ലേറ്റ് നല്ലതാണ്. മാറ്റാന്‍ പറയാനും തോന്നുന്നില്ല :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ന്നാപിന്നെ കണ്ടേക്കാം... :)

(നന്ദേട്ടാ, ഇതിനും മറ്റേ മണിബാക്ക് ഓഫറുണ്ടോ നന്ദൂസ് വക? )

------

വിനയാ വായിക്കാനിച്ചിരി പാടുപെട്ടു..അല്ലേൽ തന്നെ കണ്ണു പോക്കാ...ഈ ടെമ്പ്ലേറ്റ് തീരെ റീഡബിളല്ല

വിനയന്‍ said...

@Anoop >>ഇതേ പേരില്‍ ഹിന്ദിയില്‍ ഒരു പടമിറങ്ങിയിരുന്നു. കണ്ടിരുന്നോ?<< അന്‍വര്‍ എന്ന പേരിലോ? ഇല്ല. സത്യം പറഞ്ഞാല്‍ കേട്ടിട്ടുമില്ല
ടെമ്പ്ലേറ്റ് മാറ്റാന്‍ നല്ല മടിയുണ്ട്...അതിനോടുള്ള ഇഷ്ട്ടക്കൂടുതല്‍ ആണ് കാരണം :)

ഗന്ധർവൻ said...

ഈ സിനിമയിൽ പ്രിഥ്വീരാജിന്റെ അഭിനയത്തിന് അത്ര കണ്ട് മികവ് അവകാശപ്പെടാനുണ്ടോ എന്ന് സം‌ശയമാണ്?ചിത്രത്തിന്റെ സാങ്കേതികമികവിന് ഞാൻ 100 മാർക്ക് നൽകും.പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങൾ.പക്ഷെ ഈ ക്ലൈമാക്സിനു വേണ്ടിയാണോ ചിത്രം എടുത്തതെന്ന് തോന്നിപ്പോയി.മാ‍ത്രവുമല്ല ഒരൽ‌പ്പം അതിഭാവുകത്വം കടന്നുവന്നില്ലേ എന്നും തോന്നി.ബിഗ് ബിയുടെ പ്രത്യേകത സംഘട്ടനരം‌ഗങ്ങളുടെ ക്രമീകരണമാണ്.അത് അൻ‌വർ-ൽ നഷ്ടപ്പെട്ടതുപോലെ തോന്നി.
‘ടെക്നികലി’ വളരെ പ്രതീക്ഷ നൽകുന്ന അമൽ നീരദ് ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന സംവിധായകനാണ്.അദ്ദേഹത്തിൽ കൂടുതൽ മികച്ച ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.അത് അസ്ഥാനതല്ല തന്നെ

വിനയന്‍ said...

താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു ... ഞാനും അത്ര തന്നെയാണ് പറഞ്ഞത്. പിന്നെ വര്‍ത്താമാനകാല രംഗങ്ങളില്‍ നിന്നും ഭൂതകാലത്തിലെ സീനുകളിലേക്ക് ചിത്രം കടക്കുമ്പോള്‍ പ്രിത്വിരാജിനു വരുന്ന മേയ്ക്ഓവര്‍, അത് നടന്റെ മികവ് കൂടിയല്ലേ. പിന്നെ അമല്‍ നീരദ്‌ സിനിമകളില്‍ നടന്‍മാര്‍ മസില്‍ പിടിച്ചഭിനയിക്കുന്നു എന്നൊരു കാര്യവും തമാശയായി പറയാം ...ഒരു സാങ്കേതികത്തികവുള്ള അല്ലെങ്കില്‍ അത്തരം സാങ്കേതികത മലയാളത്തില്‍ കൊണ്ടുവരുന്ന വരുന്ന ഒരു ചിത്രം രീതിയില്‍ അന്‍വര്‍ പരാമര്‍ശമര്‍ഹിക്കുമ്പോഴും താങ്കള്‍ പറഞ്ഞ കുറവുകള്‍ നിരത്താം ...പക്ഷെ സിനിമ കണ്ടു ഇറങ്ങി വരുമ്പോള്‍ സിനിമയുടെ കുറവുളെക്കാള്‍ അതിന്റെ മികവ് നിരത്താനാണ് ഞാനിഷ്ട്ടപ്പെട്ടത്‌. ഒരു സുഹൃത്ത് എന്റെ ബസ്സില്‍ കമന്റിയത് പോലെ അമല്‍ നീരദിന് ഒരു നല്ല കഥ/തിരക്കഥ കൂടി കിട്ടിയാല്‍... :)

Unknown said...

പടം കണ്ടു...എനിക്കും ഇഷ്ടപ്പെട്ടു...പൂര്‍ണ്ണമായും ഇവിടെ പറഞ്ഞതിനോടൊക്കെ യോജിക്കുന്നു...പിന്നെ റേറ്റിംഗ് ഞാന്‍ ഒരു 6.5 മാര്‍ക്ക് കൊടുക്കും...

പിന്നെ ഇവിടെ പറയാത്ത ചില കുറ്റങ്ങള്‍...
- ഫ്ലാഷ് ബാക്കില്‍ ഉള്ള വോയിസോവര്‍ യുക്തിരഹിതമായിരിന്നു.
- പഴയ സീനുകള്‍ വീണ്ടും കാണിച്ചുതന്ന് കാര്യങ്ങളോര്‍മ്മിപ്പിക്കുന്ന സ്ഥിരം മലയാളസിനിമ ഭാഷ അമല്‍ നീരദും കൈവിടുന്നില്ല.

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തിരക്കഥയാണ് ഇതിന്റെ ഏകപാളിച്ച..അത് ഇത്തിരിക്കൂടി നന്നാക്കിയിരുന്നു എങ്കില്‍ അമലിന്റെ ഏറ്റവും നല്ല ചിത്രം അന്‍വര്‍ എന്നു പറയാമായിരിന്നു...

പിന്നെ ഈ ടെമ്പ്ലേറ്റിനെക്കുറിച്ച്: അത് മാറ്റെണ്ട..തല്‍ക്കാലം ഫോണ്ട് കളര്‍ വെള്ളയില്‍ നിന്നും ഒന്ന് മാറ്റി നോക്ക്..

വിനയന്‍ said...

@രാകേഷ്‌, വോയിസോവറിന്റെ കാര്യം ഞാന്‍ ഇവിടെ ഒരു കമന്റില്‍ പറഞ്ഞിട്ടുണ്ട് ...അത്തരം കുറവുകള്‍ പോസ്റ്റില്‍ തന്നെ ചൂണ്ടിക്കാണിച്ചു ഒരു സിനിമയുടെ മാറ്റ് കുറക്കണ്ട എന്ന് കരുതി :)
പഴയ സീനുകള്‍ കാണിച്ചു തരുന്നുണ്ടെങ്കിലും ഇവിടെ അത് വലിച്ച് നീട്ടുന്നില്ല എന്നത് ആശ്വാസം അല്ലെ... പിന്നെ റേറ്റിംഗ് , ഒരു സിനിമയെന്ന് മാത്രം പരിഗണിച്ചാല്‍ ആറരയില്‍ കൂടുതല്‍ കൊടുക്കുക ബുദ്ധിമുട്ട് ; അതിന്റെ ടെക്നിക്കല്‍ ബ്രില്ലിയന്‍സ് മാത്രം നോക്കിയാണ് അങ്ങനെ റേറ്റിയത് ...ടെമ്പ്ലേറ്റ്...ഹും എന്തെങ്കിലും ചെയ്യണം ...

nikhimenon said...

me too loved this movie.....

nikhimenon said...

puthiya padam onnum kandille...btw happened to see the korean film 'classic'..its a very good one....

shaji.k said...

ഫിലിം ഫെസ്റ്റിവല്‍ വിശേഷങ്ങളും, കണ്ട സിനിമകളുടെ വിശേഷങ്ങളും ഇങ്ങോട്ട് പോരട്ടേ വിനയന്‍ ഭായ്‌ :))

വിനയന്‍ said...

ചെറിയ രീതിയില്‍ ഞാന്‍ ബസ്സില്‍ സിനിമയെക്കുറിച്ച് ഇടാറുണ്ട് ...ഇവിടെ കാണാം
http://www.google.com/buzz/vinayan.ur/K36cToGfNXg/IFFK-%E0%B4%AF-%E0%B4%B2-%E0%B4%95%E0%B4%B4-%E0%B4%9E-%E0%B4%9E-%E0%B4%B0%E0%B4%A3-%E0%B4%9F-%E0%B4%A6

Post a Comment