25

ട്രാഫിക്‌ | Traffic (2011)













കൊച്ചിയിലെ ഒരു ട്രാഫിക് ഐലന്റില്‍ ഒരു ദിവസം ഉണ്ടാവുന്ന വാഹനാപകടം . ആ അപകടം നേരിട്ടും അല്ലാതെയും ഒരുപാട് ജീവിതങ്ങളെ കൂട്ടിച്ചേര്‍ക്കുന്നു . ആ കൂട്ടിച്ചേര്‍ക്കലില്‍ നഷ്ട്ടപ്പെടലുണ്ട് , അതിന്റെ വേദനയുണ്ട് , തിരിച്ചറിവുണ്ട് , പ്രതികാരമുണ്ട് , തെറ്റുതിരുത്തലുണ്ട് . ഈ ജീവിതങ്ങളിലൂടെ രണ്ടു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ഇവയെല്ലാം കാണാം കേള്‍ക്കാം ഒപ്പം മറ്റു കാണികള്‍ക്ക്‌ ഒപ്പം ചേര്‍ന്ന് സിനിമ കഴിഞ്ഞു ഒരു കയ്യടി പാസ്സാക്കുകയും ചെയ്യാം ; സംവിധായകന് ,തിരക്കഥാകൃത്തുക്കള്‍ക്ക് , എഡിറ്റര്‍ക്ക്‌ , അഭിനേതാക്കള്‍ക്ക് , എന്ന് വേണ്ട ഈ സിനിമയെ ഒരു മികച്ച സിനിമയാക്കി മാറ്റുന്നതില്‍ പങ്കു വഹിച്ച എല്ലാവര്‍ക്കു വേണ്ടിയും. മലയാളിയുടെ അയല്‍പക്കക്കാരന്‍ തമിഴന്‍ പുതുമയാര്‍ന്ന പരീക്ഷണങ്ങളുമായി വരുമ്പോഴും മലയാളി കാലങ്ങളായി ഒരു 'ക്ലീഷേ' എന്ന ചട്ടക്കൂടിനുള്ളില്‍ ആയിരുന്നു . ഇനി വരുന്ന പരീക്ഷണങ്ങളായ ചില സിനിമകളാകട്ടെ ഹോളിവുഡില്‍ നിന്ന് കടമെടുത്തു വരുന്നവയും. ഒപ്പം മലയാളി പ്രേക്ഷകനെ സംബന്ധിച്ച് ത്രില്ലര്‍ എന്നാല്‍ നായകന്‍റെ വാചകമടിയും , ആക്ഷന്‍ രംഗങ്ങളും മാത്രമായി ഒതുങ്ങിക്കൂടി . അതിനൊരപവാദം ആയി വന്നത് ഈയിടെ ഇറങ്ങിയ പാസഞ്ചര്‍ മാത്രം ആയിരുന്നു . ഇതാ മറ്റൊരു സിനിമ; ഒരു ദശാബ്ദ കണക്കെടുപ്പില്‍ ഏറ്റവും മികച്ച മലയാള സിനിമകളുടെ കൂട്ടത്തില്‍ സ്ഥാനം പിടിക്കുവാന്‍ കഴിയുന്ന ഒന്ന് .

മലയാള സിനിമയില്‍ ഈയൊരു ത്രെഡ് ആദ്യമായി ആണ് കൈകാര്യം ചെയ്യുന്നത് എന്ന് വേണം പറയാന്‍ . ബാബേല്‍ ഉള്‍പ്പെടുന്ന ത്രയം, കഥകളുടെ ഈ രീതിയിലുള്ള കൂടിച്ചേരല്‍ മുന്‍പ് പരീക്ഷിച്ചിട്ടുണ്ട് . എങ്കിലും ത്രെഡിന്റെ പുതുമയും ബ്രില്ല്യന്‍റ്റ് എന്ന് പറയാവുന്ന സ്ക്രിപ്റ്റും , സംവിധാന മികവും , പ്രേക്ഷകന്റെ പള്‍സ് ഉയര്‍ത്താന്‍ പോകുന്ന തരത്തിലുള്ള പാശ്ചാത്തല സംഗീതവും സിനിമയെ പുതിയ ഒരു അനുഭവം ആക്കി മാറ്റും എന്ന് തീര്‍ച്ച . സിനിമയുടെ ഏതെങ്കിലും ഒരു വിഭാഗത്തെക്കുറിച്ചു പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല; കാരണം പുതുമുഖ താരങ്ങളുടെ അഭിനയം മുതല്‍ സിനിമയുടെ ഓരോ വിഭാഗവും വളരെ മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു .

കഥയെക്കുറിച്ച് എന്തെങ്കിലും എഴുതുന്നത്‌ ഈ സിനിമയെ നശിപ്പിക്കുന്നതിന് തുല്യമാണ് . അതുകൊണ്ട് അത് വേണ്ട.

സിനിമയുടെ കുറവുകള്‍ക്ക് നേരെ കണ്ണടച്ചു കൊണ്ട് ചുരുക്കത്തില്‍ , 7.5/10(Edited)

Miss this film at your own risk :)