28

അന്‍വര്‍ (2010) | Anwar














അമല്‍ നീരദ്‌ അന്‍വര്‍ ഉള്‍പ്പെടെ സംവിധാനം ചെയ്ത സിനിമകള്‍ മൂന്ന്‍ . തന്റെ ആദ്യ രണ്ടു സിനിമകളില്‍ നിന്ന് തന്നെ തന്റെതായ ഒരു കയ്യൊപ്പ് മലയാള സിനിമയില്‍ അമല്‍ നീരദ്‌ ഉണ്ടാക്കിയിട്ടുണ്ട് . ആദ്യ സിനിമയായ ബിഗ്‌ ബി യില്‍ കൊണ്ടുവന്ന സ്റ്റൈലിഷ് രംഗങ്ങള്‍ ഒരുപടി കൂടെ സാങ്കേതികത്തികവില്‍ മുന്നിലേക്ക്‌ കടന്നു സാഗര്‍ ഏലിയാസ്‌ ജാക്കിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവയുടെ വിവേചനരഹിതമായ ഉപയോഗം സിനിമയെ പൂര്‍ണമായും തളര്‍ത്തി. പക്ഷെ അന്‍വര്‍ സാങ്കേതികതയിലും അവയുടെ വിവേചന പൂര്‍ണമായ ഉപയോഗത്തിലും ഒരുപടി മുന്നില്‍ നില്‍ക്കുന്നു.


അന്‍വര്‍ കാണാന്‍ പോകുന്ന സിനിമാ പ്രേമികളില്‍ പ്രധാനമായും മൂന്നു തരം ആളുകളെ ആണ് കാണുവാന്‍ കഴിയുക. ഒന്ന് , നല്ലൊരു അടിത്തറ(കഥ, തിരക്കഥ ) ഉണ്ടെങ്കില്‍ ഒരുപക്ഷെ ഞരമ്പുകളെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ ഒരുക്കുവാന്‍ അമല്‍ നീരദിന് കഴിഞ്ഞേക്കും എന്ന് കരുതുന്ന ഒരു കൂട്ടം .ഞാനുള്‍പ്പെടുന്ന ഇത്തരം ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു ട്രെയിലര്‍ എന്ന് പറയേണ്ടതില്ലല്ലോ അല്ലെ?. രണ്ടു, ഒരു പ്രിഥ്വിരാജ് ആക്ഷന്‍ സിനിമ എന്ന രീതിയില്‍ സമീപിക്കുന്നവര്‍ . പുതിയ മുഖത്തെ പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ചത് എന്ന് കരുതി വരുന്ന ആളുകള്‍ ഇവയില്‍പ്പെടും. ഇനി മൂന്നാമത് വിഭാഗം ഒരു കൂട്ടം വിഭാഗങ്ങള്‍ ആണ് . ഇത്തരം ആളുകളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന സിനിമകള്‍ ഒരുക്കുക ബുദ്ധിമുട്ട് തന്നെയാണ് . അന്‍വര്‍ കണ്ടിറങ്ങിയ ശേഷം ഞാന്‍ കേട്ട വാചകങ്ങളിലൊന്നു , പ്രിഥ്വിരാജിന് പകരം ഒരു വയ്ക്കൊലിനെ വെച്ചാലും ഈ സിനിമക്ക് പ്രശ്നമില്ല; മറ്റൊന്ന് ഇത്രയും മോശം സിനിമ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നത് . ഇവരെല്ലാം മൂന്നാം തരത്തില്‍ വരും.

ഞാന്‍ കണ്ട അന്‍വര്‍ എന്ന സിനിമ എന്നിലെ പ്രേക്ഷനെ ഏതാണ്ട് പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ഒന്നായിരുന്നു. ചിത്രത്തില്‍ ഏറ്റവും പരാമര്‍ശമാര്‍ഹിക്കുന്നത് ഇതിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തവര്‍ തന്നെയാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ കാണിക്കുമ്പോള്‍ കാണുന്ന സാങ്കേതികതയുടെ കയ്യൊപ്പ്‌ ചിത്രത്തിലുടനീളം പ്രകടമാണ് . ചിത്രത്തിന്‍റെ ചില ഷോട്ടുകള്‍ ചായാഗ്രാഹകന്‍ ഒരു രാം ഗോപാല്‍ വര്‍മ്മ സിനിമക്ക് വേണ്ടി പഠിക്കുകയാണോ എന്ന് തോന്നിച്ചുവെങ്കിലും പല ഷോട്ടുകളും അത്യുഗ്രന്‍ എന്ന് തന്നെ പറയാതെ തരമില്ല. ചിത്രത്തിലെ നായകന്‍റെ രംഗപ്രവേശം അമല്‍ നീരദിന്റെ സിനിമകളില്‍ വെച്ചു മികച്ചത് തന്നെയായിരുന്നു. പ്രിഥ്വിരാജ് എന്ന നടന്റെ ബോഡി ലാംഗ്വേജ് അതിനു സഹായകമായി എന്നും പറയാം.

മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്തമായി വെളിച്ചത്തെയും ഇരുട്ടിനെയും വളരെക്കൂടുതല്‍ എന്നാല്‍ സമര്‍ത്ഥമായി തന്നെ സിനിമയില്‍ ഉടനീളം ഉപയോഗിക്കുന്നുണ്ട് . തന്റെ ട്രേഡ്‌ മാര്‍ക്കായ 'അള്‍ട്രാ' സ്ലോ മോഷന്‍ രംഗങ്ങളെ ഇത്തരം വെളിച്ചവിന്യാസങ്ങളുമായി കൂട്ടിയോജിപ്പിക്കുക വഴി ചില ഷോട്ടുകള്‍ ഗംഭീരമാക്കുവാനും അമല്‍ നീരദിന് കഴിഞ്ഞിട്ടുണ്ട്. സ്ലോ മോഷന്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നു എങ്കില്‍ അത് സിനിമക്ക് ഒരു അധികപ്പറ്റല്ല . അന്‍വര്‍ എന്ന സിനിമയില്‍ അത് വേണ്ട രീതിയില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട് .

ഓരോ സിനിമകള്‍ കഴിയുന്തോറും തന്റെ മികവ് കൂട്ടുവാന്‍ പ്രിഥ്വിരാജ് എന്ന നടന് കഴിയുന്നുണ്ട് . താന്തോന്നി , പോക്കിരി രാജ തുടങ്ങിയ അടുത്തിറങ്ങിയ സിനിമകള്‍ പ്രിഥ്വി രാജ് എന്ന നടന്റെ മാര്‍ക്കറ്റ്‌ ആണ് ചൂഷണം ചെയ്തതെങ്കില്‍ അന്‍വര്‍ പ്രിഥ്വിരാജ് എന്ന നടനെ ചൂഷണം ചെയ്യുന്ന സിനിമയാണ് . ഒരു പടി കൂടി കടന്നു പറഞ്ഞാല്‍ പ്രിഥ്വിരാജ് എന്ന നടന്റെ ശരീര മികവിനെ ചൂഷണം ചെയ്യുന്നു എന്ന് പറയാം . ഇതിലെ ആക്ഷന്‍ രംഗങ്ങള്‍ പ്രിഥ്വിക്ക് പകരം മറ്റൊരു നടനെ സങ്കല്‍പ്പിക്കുക പ്രയാസം എന്ന രീതിയില്‍ തന്നെയാണ് എടുത്തിട്ടുള്ളത്. ഇത്തരം മാര്‍ഷ്യല്‍ ആര്‍ട്ട് ആക്ഷന്‍ രംഗങ്ങളില്‍ ഉള്ള ടൈമിംഗ് എടുത്തു പറയേണ്ട മറ്റൊന്നാണ് . ഒപ്പം അന്തരീക്ഷത്തിലൂടെയുള്ള ആളുകളുടെ 'പറക്കല്‍ ' സിനിമക്ക് ദൂഷണം ആവാത്ത രീതിയില്‍ ഉപയോഗിക്കുന്ന എഡിറ്റിങ്ങും എടുത്തു പറയേണ്ടത് തന്നെ . ഒപ്പം പറയാമല്ലോ , പാട്ടില്‍ താളത്തിനൊത്ത് മുറിച്ചു മാറ്റി എഫക്ട്സ് കൊണ്ട് വരുന്നത് വളരെ ബോറിംഗ് ആയാണ് തോന്നിയത്.

വര്‍ത്തമാന കാലത്തില്‍ പറഞ്ഞു പോകുന്ന ആദ്യ പകുതി, പിന്നീട് ഫ്ലാഷ് ബാക്കുകളിലൂടെ പുരോഗമിക്കുന്ന രണ്ടാം പകുതി. ഇതിലൂടെ കേരളത്തിലെ അല്ലെങ്കില്‍ ലോകത്തില്‍ എവിടെയും നടക്കുന്ന തീവ്രവാദത്തിന്റെ ഒരു എസന്‍സ്‌ കൊണ്ട് വരാന്‍ ശ്രമിക്കുന്ന അമല്‍ നീരദ്‌ തീവ്രവാദത്തിനു എതിരെ എന്ന രീതിയില്‍ സിനിമയില്‍ കഥയില്‍ അല്‍പ്പം കോമ്പ്രമൈസ് കൊണ്ട് വരുന്നുണ്ട് . അങ്ങനെ നോക്കിയാല്‍ കഥയുടെ ക്ലൈമാക്സ് സിനിമയുമായി ഒരു ചേര്‍ച്ചക്കുറവ് തോന്നിപ്പിച്ചു എന്നതാണ് സത്യം .
--------------------------------------------------------------
ഇനി മറ്റു ചിലത്; സിനിമയുടെ കഥയ്ക്ക് ട്രെയിട്ടര്‍ എന്ന ഇംഗ്ലീഷ് സിനിമയുമായി കഥയില്‍ സാമ്യം ഉണ്ടെന്നു പറഞ്ഞു കേട്ടു . ഉണ്ടാവട്ടെ .

മൊബൈല്‍ ഉള്ള എല്ലാവര്‍ക്കും എസ്എംഎസ് ആയി ഇതിന്റെ കഥയെന്നു പറയുന്ന ഒന്ന് കിട്ടിക്കാണും . അതിന്റെ ബാക്കിപത്രമാണ് എന്ന് തോന്നുന്നു ചില തീയേറ്ററുകളില്‍ ഓരിയിട്ട കുറുക്കന്മാര്‍.

സിനിമയില്‍ അഞ്ചു മിനിറ്റിന്റെ ഇടവേളയില്‍ രണ്ടു പാട്ടുകള്‍ വന്നത് കല്ല്‌കടിയായെങ്കിലും രണ്ടാമത് പാട്ടിന്റെ ലൊക്കേഷന്‍ ശരിക്കും എക്സോട്ടിക് തന്നെയായിരുന്നു . ഈ എക്സോട്ടിക് ലൊക്കേഷന്‍ ക്ലൈമാക്സില്‍ വീണ്ടും കൊണ്ട് വന്നത് സുഖകരമായി തോന്നി

അമല്‍ നീരദ്‌ എന്ന സംവിധായകന്‍ സാങ്കേതികമായി മലയാള സിനിമയെ ഒരു വലിയ ക്യാന്‍വാസില്‍ അവതരിപ്പിക്കുന്നുണ്ട് . മലയാളം എന്ന ചെറിയ ഇട്ടാ വട്ടത്തു നിന്ന് കൊണ്ട് അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്നത് മോശമല്ലേ. അപ്പൊ എങ്ങനെയാ തീയേറ്ററിലേക്കില്ലേ ....
കഥയെ പരിഗണിച്ചു ഒരു റേറ്റിംഗ് ഈ സിനിമക്ക് കൊടുക്കുക ബുദ്ധിമുട്ട് തന്നെ ...കാരണം കഥയില്‍ പുതുമയില്ല.

എന്തായാലും ഒരു 7/10 ഇരിക്കട്ടെ

....