Welcome to Dongmakgol(2005)
രണ്ടു ദേശങ്ങള്‍ക്കു വേണ്ടി അണിനിരന്നു പോരടിക്കുന്ന പരസ്പരം കണ്ടാല്‍ കൊല്ലാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകള്‍ അവര്‍ക്ക് ചുറ്റും ഉള്ളത് അവര്‍ അറിഞ്ഞിരുന്നില്ല. ചുറ്റിലും നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി അറിയാവുന്നവരില്‍ ചിലരാകട്ടെ അതിനെക്കുറിച്ചു കൂടുതല്‍ തിരക്കാന്‍ ശ്രമിച്ചുമില്ല. അങ്ങനെ തീര്‍ത്തും കൊറിയന്‍ ജനസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുന്നവരായിരുന്നു ഡോങ്കുമാക്കലിലെ വാസികള്‍. അങ്ങനെയൊരു സ്ഥലം ഭൂപടത്തില്‍ ഉണ്ടെന്നു തന്നെ കൊറിയക്കാര്‍ പലര്‍ക്കും അറിയാത്ത അവസ്ഥ. കൊറിയകള്‍ തമ്മില്‍ യുദ്ധം നടന്നിരുന്ന അമ്പതുകളിലെ കാലഘട്ടങ്ങളില്‍ രണ്ടു ചേരികളില്‍ ആയുള്ള അഞ്ചു പട്ടാളക്കാര്‍ ഡോംഗ്മാക്കലിള്‍ എത്തിച്ചേരുന്നതോടെ അവിടത്തെ കാലാവസ്ഥക്ക് അല്‍പ്പം ഉലച്ചില്‍ സംഭവിക്കുന്നു. ഇവിടെ നിന്നും നര്‍മ്മം നിറഞ്ഞ സന്ദര്‍ഭങ്ങളിലൂടെ മുന്നോട്ട് പോവുന്ന കഥ യുദ്ധം പശ്ചാത്തലമായി അതിനെതിരെ സംസാരിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. പതിവ് കൊറിയന്‍ മെലോഡ്രാമയുടെ ശൈലികള്‍ ചെറിയ തോതില്‍ സിനിമയില്‍ വരുന്നുണ്ട്. യുദ്ധത്തെ അധികം കാണിക്കാതെ തന്നെ(മൊത്തം സിനിമയുടെ ഒരു മുപ്പതു ശതമാനം പോലും വരില്ല യുദ്ധരംഗങ്ങള്‍) യുദ്ധത്തിന്റെ വിനാശകരമായ മുഖത്തെ സ്പര്‍ശിക്കുകയാണു സിനിമ ചെയ്യുന്നത്.
അന്‍പതുകളില്‍ തെക്കന്‍ കൊറിയയും വടക്കന്‍ കൊറിയയിലെ കമ്മ്യൂണിസ്റ്റ് പടയും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. ബാഹ്യശക്തികളായ അമേരിക്ക, റഷ്യ, ചൈന എന്നിവരുടെ ഇടപെടല്‍ നിമിത്തം യുദ്ധം വെറുമൊരു ആഭ്യന്തരകലാപം എന്നതില്‍ ഒതുങ്ങാതെ വളര്‍ന്നു പോവുകയായിരുന്നല്ലോ. ഈ സമയത്ത് യുദ്ധത്തില്‍ നിന്നും രക്ഷ നേടി മൂന്നു കമ്മ്യൂണിസ്റ്റ് പടയാളികള്‍ ഡോംഗ്മാക്കലിലേക്ക് എത്തിച്ചേരുന്നു. ഇവര്‍ക്ക് മുന്‍പേ രണ്ടു വടക്കന്‍ കൊറിയന്‍ പടയാളികളും ഒരു അമേരിക്കന്‍ ബോംബര്‍ വിമാനത്തിന്റെ പൈലറ്റും അവിടെ എത്തിച്ചേര്‍ന്നിരുന്നു.
സിനിമ തുടങ്ങുന്നത് ബോംബര്‍ വിമാനം ഇടിച്ചിറങ്ങുന്ന രംഗത്തോടു കൂടിയായിരുന്നു. വെളുത്ത വലിയ പൂക്കള്‍ തലയില്‍ ചൂടിയ വെളുത്ത വസ്ത്രമണിഞ്ഞ ഒരു പെണ്‍കുട്ടി കൌതുകത്തോടുകൂടി മുകളിലേക്ക് നോക്കി നില്‍ക്കുന്നു . പതിയെ അവളുടെ കണ്ണുകള്‍ വിടരുവാന്‍ തുടങ്ങുകയും മുഖം പ്രകാശിതമാവുകയും ചെയ്തു. അവളുടെ തലയ്ക്കു മുകളിലൂടെ തൊട്ടു തൊട്ടില്ലെന്ന വിധത്തില്‍ ഒരു ബോംബര്‍ വിമാനം പറന്നു പോവുകയായി. പിന്നീടുള്ള ഷോട്ടുകള്‍ വൈമാനികനെ കേന്ദ്രീകരിച്ചായിരുന്നു. തകരാറില്‍ ആയ വിമാനത്തെ എങ്ങനെയും രക്ഷിച്ചെടുക്കാനും സ്വയം രക്ഷപ്പെടാനും ഉള്ള അയാളുടെ പരിശ്രമങ്ങള്‍ നടക്കവേ വിമാനത്തിന് ചുറ്റും ഡോംഗ്മാക്കലിലെ മരിച്ചവരുടെ ആത്മാക്കളുടെ പ്രതീകമായ വെള്ള പൂമ്പാറ്റകള്‍ ഉയര്‍ന്നു വരുന്നു. സമയം പതിയെ നിശ്ചലമാവുകയും പച്ചപ്പുല്ലുകള്‍ നിറഞ്ഞ മൈതാനത്ത് വിമാനം ഇടിച്ചിറങ്ങുകയും ചെയ്യുന്നു. പരിക്ക് പറ്റിയ വൈമാനികനെ ഡോംഗ്മാക്കലിലെ ആളുകള്‍ പരിചരിക്കുന്നു. ഡോംഗ്മാക്കലിലെ ഒരേയൊരു അദ്ധ്യാപകന്‍ മുഖേന അവര്‍ അയാളുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ അത്യന്തം രസകരമായിരുന്നു.
തെക്കന്‍ കൊറിയന്‍ സൈന്യത്തിലെ ഒരാള്‍ യുദ്ധത്തെ പേടിച്ച് കാട്ടിലേക്ക് കയറിയതായിരുന്നു. മറ്റൊരാളാവട്ടെ സാധാരണക്കാരെ യുദ്ധത്തിന്റെ പേരില്‍ കൊല്ലാന്‍ കഴിയില്ലെന്നും പറഞ്ഞു സൈന്യത്തില്‍ നിന്നും മാറി അവിടെയെത്തുകയായിരുന്നു. ചുവപ്പന്‍ സൈന്യത്തിലെ മൂവരും ഉള്ള ജീവനും കൊണ്ട് രക്ഷപ്പെട്ടു പോരുകയായിരുന്നു. ഇതിനിടക്ക് ഇവരുടെ എല്ലാവരുടെയും തോക്കിലെ തിരകളും കഴിഞ്ഞിരുന്നു. അങ്ങനെ ഒരു അഭയസ്ഥാനം എന്ന നിലക്കാണ് ഇവര്‍ ഡോംഗ്മാക്കലില്‍ എത്തിച്ചേര്‍ന്നത്. ഡോംഗ്മാക്കലില്‍ വെച്ചു പരസ്പരം കാണുന്നതോടെ തെക്കന്‍ സൈന്യത്തിലെ രണ്ടു പേരും മറു ചേരിയിലെ മൂന്നു പേരും തോക്ക് ചൂണ്ടി കൊല്ലാന്‍ തയ്യാറെടുക്കുന്നു. ഗ്രാമവാസികളോടെല്ലാം അവര്‍ തങ്ങള്‍ക്കു മധ്യത്തിലായി കൈപൊക്കി നില്‍ക്കുവാനും ആജ്ഞാപിക്കുന്നു. ഒരു ആജ്ഞയെ അനുസരിക്കുക എന്നതില്‍ കവിഞ്ഞു എന്തോ രസകരമായ കാര്യം പറഞ്ഞതായി തോന്നി അവര്‍ എല്ലാവരും അനുസരിക്കുന്നു. എന്നാല്‍ ഒരു ദിവസം മുഴുവന്‍ പരസ്പരം തോക്ക് ചൂണ്ടി നിന്നിട്ടും ഇവര്‍ പരസ്പരം വെടിവെക്കുന്നില്ല. ഇവര്‍ക്കിടയില്‍ ഉറങ്ങാതെ കൈപൊക്കി നിന്ന ഗ്രാമീണരാവട്ടെ രാവിലെ തങ്ങളുടെ പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി വീടുകളിലേക്ക് പോവുകയും ചെയ്യുന്നു. പട്ടാളക്കാര്‍ ആവട്ടെ പരസ്പ്പരം വെടി വെക്കില്ലെന്ന ഉറപ്പില്‍ പിരിയുവാനും തുടങ്ങുന്നു. എന്നാല്‍ ഇതിനിടയില്‍ ഉറങ്ങിപ്പോകുന്ന ഒരു സൈനികന്റെ കയ്യില്‍ നിന്നും ഗ്രനേഡ് തെറിച്ചു പോവുകയും ഒടുവില്‍ ഗ്രാമവാസികള്‍ ഭാവിയിലേക്ക് കരുതി വെച്ച ധാന്യപ്പുര കത്തി നശിക്കുന്നതിനു ഇടയാവുകയും ചെയ്യുന്നു.
തുടക്കത്തില്‍ ഇവരുടെ പ്രവൃത്തികള്‍ ഗ്രാമവാസികള്‍ക്ക് ബുദ്ധിമുട്ടാവുന്നുവെങ്കിലും പതിയെ അവരും ഗ്രാമവാസികളും ഒരു കുടുംബം പോലെ ഒരുമിച്ചു ചേരുന്നു. ധാന്യപ്പുരയിലേക്ക് കൂടുതല്‍ വിഭവങ്ങള്‍ എത്തിക്കുക തുടങ്ങി പല കാര്യങ്ങളിലും പിന്നീട് ഇവര്‍ ഗ്രാമത്തിന് സഹായമായി മാറുന്നു . ഒടുവില്‍ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ഡോംഗ്മാക്കലിനെ ലക്‌ഷ്യം വെക്കുന്നത് വരെ.
ഡോംഗ്മാക്കലിലെ പച്ചപ്പും, വെളുത്ത പൂമ്പാറ്റകളും,പുല്‍മേടുകളും, അല്‍പ്പം ഫാന്റസി നിറഞ്ഞു കാണിക്കുന്ന ചില രംഗങ്ങളും,റൊമാന്‍സും,സിംബോളിസവും ഉള്‍പ്പെടെ നല്ലൊരു അനുഭവമാണ് സിനിമ സൃഷ്ട്ടിക്കുന്നത്. നല്ല ലൊക്കേഷനുകളും ഫോട്ടോഗ്രാഫിയും പാശ്ചാത്തല സംഗീതവും ചിത്രത്തിന്‍റെ മറ്റു സവിശേഷതകളാണ് .ഞാനിവിടെ പറഞ്ഞത് കഥയുടെ പത്തു ശതമാനം പോലും വരില്ല. കൂടുതല്‍ എഴുതുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല. സിനിമ കണ്ടു തന്നെ അറിയണം. ഞാന്‍ കണ്ട മികച്ച കൊറിയന്‍ സിനിമകളില്‍ ഒന്ന്.